ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 50 ശതമാനം തീരുവകൾ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കു മേൽ പ്രാബല്യത്തിലായതോടെ എങ്ങനെയും പിടിച്ചുനിൽക്കാൻ നെട്ടോട്ടത്തിലാണ് രാജ്യത്തെ കയറ്റുമതിമേഖല . വിവിധ മേഖലകളിലെ കമ്പനികൾ നിലനിൽപ്പിനായി പുതിയ തന്ത്രങ്ങൾ പരീക്ഷിക്കാനൊരുങ്ങുമ്പോഴും എങ്ങനെ മുന്നോട്ട് പോകും എന്നതാണ് ഇപ്പോൾ കയറ്റുമതി മേഖലയെ അലട്ടുന്ന ചോദ്യം.
മുന്നിലെ വഴി കടുത്ത പ്രതിസന്ധി നിറഞ്ഞതാണെന്നാണ് വ്യവസായ രംഗം വിലയിരുത്തുന്നത്. പ്രത്യേകിച്ച് ചെറുകിട കയറ്റുമതിക്കാർക്ക് പൊരുതി നിലനിൽക്കാൻ ശേഷി പരിമിതമായതിനാൽ തൊഴിൽ നഷ്ടങ്ങളുടെ കണക്കുകളും പുറത്ത് വന്ന് തുടങ്ങി.
ഇതിനിടെ തീരുവ വർധനവിനെ തുടർന്ന് കയറ്റുമതികൾക്കുണ്ടായ പ്രതിസന്ധി മറികടക്കാൻ ഇന്ത്യ വ്യാപകമായ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. യൂറോപ്പിലെ മുൻഗണനാ വിപണികളായ ബ്രിട്ടൻ, സ്പെയിൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി എന്നിവിടങ്ങളിൽ വ്യാപാരമേളകൾ, ബയർ–സെല്ലർ മീറ്റുകൾ, മേഖലാപരമായ പ്രമോഷൻ പരിപാടികൾ എന്നിവ സംഘടിപ്പിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നെതർലാൻഡ്സ്, പോളണ്ട്, കാനഡ, മെക്സിക്കോ, റഷ്യ, ബെൽജിയം, തുർക്കി, യുഎഇ, ഓസ്ട്രേലിയ എന്നിവിടങ്ങളിലും ഇത്തരം പരിപാടികൾ നടത്താൻ ലക്ഷ്യമിടുന്നു.
ഇന്ത്യൻ കയറ്റുമതികൾ സമ്മർദ്ദം നേരിടുന്ന സാഹചര്യത്തിൽ വാണിജ്യമന്ത്രാലയം ഈ ആഴ്ച വിവിധ മേഖലകളിലെ കയറ്റുമതിക്കാരുമായി കൂടിക്കാഴ്ചകൾ നടത്തുമെന്ന് ഒരു സീനിയർ ഉദ്യോഗസ്ഥൻ അറിയിച്ചു. വസ്ത്രം, രാസവസ്തു, രത്നാഭരണ മേഖലകളിലെ വ്യവസായ പ്രതിനിധികൾ പങ്കെടുക്കുന്ന ഈ ചർച്ചകൾ ഇന്ത്യയുടെ കയറ്റുമതി സാധ്യതകൾ വൈവിധ്യമാർന്നതാക്കുകയും ആഗോള വിപണികളിൽ ഇന്ത്യയുടെ സാന്നിധ്യം ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണെന്ന് സ്രോതസ്സുകൾ വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തിൽ പുതിയ വിപണികളും വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും കണ്ടെത്താൻ മേഖല ശ്രമിച്ചുകൊണ്ടിരിക്കുകയാണെങ്കിലും, അധിക തീരുവ സാഹചര്യങ്ങൾ മൂലം ഉണ്ടായ വെല്ലുവിളികളെ മറികടക്കാൻ സർക്കാർ സഹായം പ്രതീക്ഷിക്കുന്നതായി എഞ്ചിനീയറിംഗ് എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ (ഇ പി സി ഇന്ത്യ) അറിയിച്ചു.
യുഎസിന്റെ തീരുവ നടപടികൾ മൂലം എഞ്ചിനീയറിംഗ് കയറ്റുമതികൾക്ക് ആഘാതമുണ്ടാകാമെന്ന് അറിയിച്ച ഇ പി സി ഇന്ത്യ പ്രതിസന്ധി മറികടക്കാൻ സർക്കാർ സഹായം അനിവാര്യമാണെന്നും മേഖലയ്ക്ക് പിന്തുണ നൽകണമെന്നും ആവശ്യപ്പെട്ടു.
യുഎസ് ഇന്ത്യയുടെ എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങളുടെ ഏറ്റവും വലിയ വിപണിയാണെന്നും 50 ശതമാനം തീരുവ ചുമത്തിയത് മേഖലയിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണെന്നും ഇ പി സി ഇന്ത്യ ചെയർമാൻ പങ്കജ് ചദ്ദ പറഞ്ഞു . ട്രംപ് അധികാരത്തിലേറ്റതുമുതൽ പരസ്പര തീരുവകൾ പ്രഖ്യാപിച്ചതോടെ അനിശ്ചിതത്വം വർധിച്ചിരുന്നെങ്കിലും, തീരുവ 50 ശതമാനമായി ഉയരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ–യുഎസ് ഇടക്കാല വ്യാപാര കരാർ ഉടൻ ഒപ്പിടുമെന്ന പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും, യുഎസിന്റെ പുതിയ വ്യാപാര നടപടികൾ നിരാശാജനകവും ആശങ്കാജനകവുമാണെന്ന് ചദ്ദ കൂട്ടിച്ചേർത്തു.
“ഇന്ത്യൻ എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ചുമത്തുന്നത്, അമേരിക്കൻ വിപണിയിൽ മത്സരത്തിൽ നിന്ന് ഞങ്ങളെ പിന്നിലാക്കും. നേരത്തെ 25 ശതമാനം തീരുവ ചുമത്തിയപ്പോൾ, എങ്ങനെയെങ്കിലും ചൈന ഉൾപ്പെടെയുള്ള പ്രധാന എതിരാളികളെ നേരിടാമെന്ന് കരുതിയിരുന്നു. എന്നാൽ തീരുവ ഇരട്ടിയായതോടെ, വളരെ പ്രതികൂല സാഹചര്യമാണ് നിലവിലുള്ളത് ,” അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ഇതിനിടെ 50 മുൻനിര ഇറക്കുമതി രാജ്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുത്ത് കയറ്റുമതി വിപുലീകരിക്കാനായും സർക്കാർ നീക്കം തുടങ്ങി. ഇതിനായി കയറ്റുമതി പ്രോത്സാഹന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും വിവിധ പദ്ധതികൾ നടപ്പാക്കുമെന്നും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
വാണിജ്യ–വ്യവസായ മന്ത്രാലയം ഇതിനൊപ്പം ₹25,000 കോടി രൂപയുടെ സഹായപദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. WTO മാനദണ്ഡങ്ങൾ പാലിക്കുന്ന തരത്തിലുള്ള ഈ പദ്ധതി, പ്രധാനമായും ചെറുകിട കയറ്റുമതിക്കാരെ സഹായിക്കാനാണ് ലക്ഷ്യമിടുന്നത്.