ഞങ്ങള്‍ കുട്ടികള്‍ക്ക് ഓണം സ്വാതന്ത്ര്യത്തിന്റെ നാളുകളായിരുന്നു. ചെയ്തതിനും ചെയ്യാത്തതിനുമൊക്കെ വഴക്കും അടിയും ഏറ്റുവാങ്ങേണ്ടിവരുന്ന ബാല്യമനസുകള്‍ക്ക് ഓണപ്പരീക്ഷ കഴിഞ്ഞുള്ള പത്തുനാള്‍ ആനന്ദത്തോടൊപ്പം സുഖദമായ സ്വാതന്ത്ര്യവും പ്രദാനം ചെയ്തിരുന്നു. വീട്ടുകാരുടെ അകാരണമായ കുറ്റപ്പെടുത്തലും ശ്രദ്ധയും പതിയാത്ത നാളുകള്‍. ചുരുക്കം ചില സമ്പന്ന ഗൃഹങ്ങളൊഴിച്ച് നാട്ടുകാരില്‍ ഭൂരിപക്ഷവും ദാരിദ്ര്യത്തോട് മല്ലടിച്ചാണ് ജീവിതം നയിച്ചിരുന്നത്. അതുകൊണ്ട് ഓണം സുഭിക്ഷമായ ഊണിന്റെയും നാളുകളായിരുന്നു.
പൂക്കളമിടലിനേക്കാള്‍ കൂട്ടുചേര്‍ന്ന് പൂപറിക്കുന്നതിലായിരുന്നു ഞങ്ങള്‍ക്ക് താത്പര്യം. തുമ്പപ്പൂവും ചെമ്പരത്തിമൊട്ടും തലേന്നേ ഇറുത്തുവയ്ക്കും. ചേമ്പില കോട്ടി പൂക്കൂട തീര്‍ക്കും. പറമ്പില്‍ ധാരാളം കാശിത്തുമ്പയും വേലിപ്പടര്‍പ്പില്‍ ശംഖുപുഷ്പവുമുണ്ട്. കാക്കപ്പൂ, മുക്കുറ്റി, നന്ത്യാര്‍വട്ടം, ചെണ്ടുമല്ലി തുടങ്ങി പൂക്കള്‍ സുലഭം. എല്ലാ ദിനവും പൂക്കളത്തിന് ഒരേ ആകൃതിയായിരുന്നു. പൂക്കളും ഒന്നുതന്നെ. ഇന്നത്തെപ്പോലെ പൂക്കളമത്സരം നാട്ടുനടപ്പായിട്ടില്ല. എന്നാല്‍ പൂപറിക്കലില്‍ മത്സരമുണ്ടായിരുന്നു.
എന്തെങ്കിലും കഴിച്ചെന്നുവരുത്തി ഓട്ടമാണ് പിന്നെ. കൂട്ടുകാരൊക്കെ എത്തിയിട്ടുണ്ടാകും. വള്ളിട്രൗസറിന്റെ കീശയില്‍ കായ ഉപ്പേരിയും (ചിപ്‌സ്) നിറച്ചുകൊണ്ടാണ് മിക്കവരും കളിക്കാന്‍ വരിക. ഓണാവധി തീരുമ്പോഴേക്കും ഉപ്പേരിയും പഴംപുഴുക്കും മടുത്തിട്ടുണ്ടാകും. പഴംനുറുക്കിന്റെ മണമടിക്കുമ്പൊഴേ ഓക്കാനം വരും.
ഓണപ്പുടവയണിഞ്ഞ ഗമയിലായിരിക്കും കുട്ടികള്‍. ഞാനടക്കം ചിലര്‍ക്കൊക്കെ ഓണട്രൗസറും ഷര്‍ട്ടുമൊക്കെ കിട്ടാന്‍ വൈകും. കൂലി കടം പറയുന്നവരുടെ തുണി ഏറ്റവും അവസാനമേ തയ്യല്‍ക്കാരന്‍ തയ്ക്കാനെടുക്കൂ. മിക്കവാറും തിരുവോണനാള്‍ ഉച്ചയ്‌ക്കേ അതു കയ്യിലെത്താറുള്ളൂ. ചിലപ്പോള്‍ ബട്ടന്‍സ് പിടിപ്പിക്കാന്‍ ബാക്കി കാണും. സൂചി കുത്തിയാണ് അതിനെ മറികടക്കുക.
നാട്ടുകളികള്‍ പലവിധമുണ്ട്. അടിയില്‍ കലാശിക്കുന്നതുവരെ അതു തുടരും.
ഓണാവധിക്കു മുമ്പുള്ള സ്‌കൂള്‍ യാത്രകളില്‍ ഞങ്ങള്‍ പലപ്പോഴും മസ്താനെ കണ്ടുമുട്ടണേ എന്നു പ്രാര്‍ത്ഥിക്കാറുണ്ട്. മസ്താന്‍ ആരാണെന്നോ, എവിടെനിന്നുവരുന്നെന്നോ ഞങ്ങള്‍ക്കറിയില്ല. നരച്ച താടിയുമായി തൂവെള്ളവേഷമണിഞ്ഞ് വശ്യമായ പുഞ്ചിരിയുമായി മസ്താന്‍ നടവഴിയില്‍ പ്രത്യക്ഷപ്പെടുന്നത് പൊടുന്നനെയായിരിക്കും. വായനശാലയ്ക്കു സമീപമോ അയ്യപ്പന്‍ കാവിന്റെ വളവിലോ സ്‌കൂള്‍ കയറ്റത്തിലോ എവിടെയുമാവാമത്. കീശ നിറയെ മിഠായിയുമായിട്ടായിരിക്കും വരവ്. അത് എല്ലാവര്‍ക്കുമായി വീതിച്ചുനല്‍കും. ചിലപ്പോള്‍ തരുന്നത് ചില്ലറത്തുട്ടുകളായിരിക്കും.
ചില്ലറയാണ് കിട്ടുന്നതെങ്കില്‍ ഉച്ചയൂണുകഴിഞ്ഞ് സ്‌കൂളിനടുത്തുള്ള പീടികകളില്‍ നിന്ന് ഇഷ്ടപ്പെട്ട സാധനം വാങ്ങിക്കഴിക്കാനോ, ഓണത്തിന് അനുവദിച്ചിട്ടുള്ള സിനിമയുടെ ഇടവേളയില്‍ ഗോലിയിട്ട കുപ്പിയിലെ സോഡ കുടിക്കാനോ അതുപകരിക്കും. ആ സോഡ പൊട്ടിക്കുമ്പോഴുള്ള ശബ്ദം ഒരു ഹരമാണ്. കടല, കപ്പലണ്ടി, പുളിങ്കുരു, വട്ടുമിഠായി, കാരയ്ക്ക തുടങ്ങി വിഭവങ്ങളുടെ കലവറയാണ് സ്‌കൂള്‍ സമീപത്തെ പീടികകള്‍. പറഞ്ഞിട്ടെന്ത്? ചില്ലുഭരണിയില്‍ മയങ്ങുന്ന മിഠായികളെ നോക്കി വെള്ളമിറക്കുകയേ നിര്‍വാഹമുള്ളൂ. പോക്കറ്റ്മണി പോയിട്ട് പുസ്തകത്തിനുള്ള കാശുതന്നെ ഒപ്പിക്കുന്നതിന്റെ പാട് എത്രയെന്നോ? വേണ്ടെന്നുവന്നിച്ചിട്ടല്ല തരാത്തത്, ഇല്ലാഞ്ഞിട്ടാണ്. പുസ്തകം സൗജന്യമായി കിട്ടുമെന്നതുകൊണ്ട് അഞ്ചാംക്ലാസു തൊട്ട് സംസ്‌കൃതം പഠിക്കാന്‍ പോയ അനുഭവവുമുണ്ട്.
അടയ്ക്കയും കോഴിമുട്ടയുമൊക്കെ അടിച്ചുമാറ്റി മിഠായി വാങ്ങുന്ന വിരുതന്മാരുണ്ട് കൂട്ടത്തില്‍. അവരുടെ കൂടെ ചേര്‍ന്നാല്‍ ഓഹരി പറ്റാം. പക്ഷേ രണ്ടുവട്ടം ആലോചിക്കണം. അതില്‍ ഒരു അപകടമുണ്ട്. ഇടയ്ക്ക് നമ്മളും അടയ്ക്കയോ കോഴിമുട്ടയോ കൊണ്ടുവരണം. അയല്‍പക്കത്തെ കോഴിയെങ്ങാന്‍ വഴി തെറ്റി വന്ന് വീട്ടില്‍ മുട്ടയിട്ടാലേ എനിക്കതു തരപ്പെടൂ. വീട്ടിലെ കോഴിക്കും അതിടുന്ന മുട്ടയ്ക്കുമൊക്കെ കൃത്യമായ കണക്കുണ്ട്. കോഴിക്കാകട്ടെ ഒരു വൃത്തികെട്ട സ്വഭാവവുമുണ്ട്. മുട്ടയിട്ടാല്‍ അത് ലോകത്തെ മുഴുവന്‍ കൊക്കിയറിയിച്ചിട്ടേ കക്ഷി മറ്റു പണി നോക്കൂ. ആകെക്കൂടിയുള്ള പത്തിരുപത് കവുങ്ങാണെങ്കിലോ ഒരിക്കലും എനിക്കു മുന്നില്‍ പ്രസാദിച്ചിട്ടുമില്ല.
സ്‌കൂളിലേക്കുള്ള രണ്ടര മൈല്‍ ദൂരം (തിരിച്ചും) ഞങ്ങളെ ഒരിക്കലും ബോറടിപ്പിച്ചിട്ടില്ല. മാവിലും കശുമാവിലും ഞാവലിലുമെറിഞ്ഞും വഴിയില്‍ കെട്ടിക്കിടക്കുന്ന വെള്ളം തെറിപ്പിച്ചും അതില്‍ പാര്‍ക്കുന്ന തവളകളെ പീഡിപ്പിച്ചും വേലിപ്പടര്‍പ്പിലുണ്ടാകുന്ന ചില ചെറുകായ്കള്‍ പറിച്ചുതിന്നുമൊക്കെ ആനന്ദകരമായിരുന്നു ആ യാത്രകള്‍. വഴിയരികിലെ പുല്ലില്‍ ചവിട്ടിയുള്ള ഒരു കളിയുമുണ്ട് കൂട്ടത്തില്‍. കാലിനടിയില്‍ പുല്ലില്ലാത്തപ്പോള്‍ എതിര്‍കക്ഷി തൊട്ടാല്‍ ഔട്ട്.
ഇത്തരം യാത്രകളില്‍ ഞങ്ങളെ അത്ഭുതപ്പെടുത്തിയ പ്രതിഭാസമാണ് കുട്ടന്‍.
മാനസികാസ്വാസ്ഥ്യത്താല്‍ വീട്ടില്‍ നിന്ന് പുറന്തള്ളപ്പെട്ട വ്യക്തിയാണ്. നാട്ടുഭാഷയില്‍ പറഞ്ഞാല്‍ കുട്ടനു വട്ടാണ്. എന്നാല്‍ ഞങ്ങള്‍ക്കങ്ങനെ തോന്നിയിട്ടില്ല. ആരെയും ഉപദ്രവിക്കില്ല. വഴിയില്‍ വെറുതെ കുത്തിയിരിക്കും. കണ്ടാല്‍ ഒരു പ്രതിഷ്ഠപോലെ. ദൈവികമായ ചൈതന്യം വേണമെങ്കില്‍ മുഖത്തു വായിച്ചെടുക്കാം. അരോഗദൃഢഗാത്രന്‍. വിശക്കുമ്പോള്‍ ഏതെങ്കിലും കടയുടെ മുന്നില്‍ ചെന്ന് കൈ നീട്ടും. ഉപദ്രവമില്ലാത്തതുകൊണ്ട് കുട്ടന് ഭക്ഷണം നല്‍കാന്‍ ആര്‍ക്കും മടിയില്ലായിരുന്നു. ചായയും പലഹാരവും കൊടുത്താല്‍ അതു കഴിച്ച് ഗ്ലാസും പ്ലെയ്റ്റുമൊക്കെ സൂക്ഷ്മതയോടെ തിരിച്ചുനല്‍കും.
രണ്ടുകാര്യത്തില്‍ മാത്രമേ കുട്ടന് ദേഷ്യം വരാറുള്ളൂ. കുളി, വസ്ത്രംമാറല്‍. ഇതു രണ്ടും കുട്ടന് സഹിക്കാന്‍ കഴിയില്ല. ഓണം തുടങ്ങിയ വിശേഷദിവസങ്ങളിലോ, സമീപത്തുള്ള ആരുടെയെങ്കിലും വീട്ടില്‍ കല്യാണമോ മറ്റോ ഉണ്ടാകുമ്പോഴോ ആണ് കുട്ടനെ പുതിയ വെള്ളമുണ്ട് ഉടുപ്പിക്കുക. അതിനു മുമ്പ് കുളിപ്പിക്കും. നാലഞ്ചാളുകള്‍ ബലമായി പിടിച്ചാണ് ഇതു ചെയ്യിക്കുക. കുട്ടന്‍ കുറെ കുതറിനോക്കുമെങ്കിലും ഒടുവില്‍ കീഴടങ്ങും. പിന്നെ, വയറു നിറച്ച് ഭക്ഷണം കൊടുത്ത് കുട്ടനെ കുട്ടന്റെ പാട്ടിനു വിടും.
രണ്ടുമൂന്നു ദിവസങ്ങള്‍ക്കകം ആ മുണ്ടും ചെമ്മണ്ണു കലര്‍ന്ന് ചോപ്പുനിറമാകും. ഞങ്ങള്‍ സ്‌കൂളില്‍ പോകുമ്പോഴും വരുമ്പോഴുമൊക്കെ കുട്ടനെ കുറച്ചുനേരം നോക്കിനില്‍ക്കും. ചിലപ്പോള്‍ ഇരിക്കുന്നിടം മാറിയിട്ടുണ്ടാകും. എന്നാല്‍ കുട്ടന് ഒരു മാറ്റവുമുണ്ടാകില്ല.
മഴയും വെയിലും മഞ്ഞും രാപ്പകല്‍ഭേദമില്ലാതെ ഏറ്റിട്ടും കുട്ടന് അസുഖമൊന്നും വന്നില്ല. രോഗങ്ങള്‍ കുട്ടനെ കണ്ട് പേടിച്ചോടി. മഴയത്ത് കളിക്കാനിറങ്ങിയാല്‍ ''കേറിപ്പോടാ അകത്ത്, പനി പിടിക്കും'' എന്ന ശകാരവര്‍ഷം കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ കുട്ടനെക്കുറിച്ചോര്‍ത്ത് അസൂയപ്പെട്ടു. പക്ഷേ, കുട്ടനെക്കുറിച്ചു പറയാന്‍ ഞങ്ങള്‍ക്ക് പേടിയായിരുന്നു.
ഏതോ ഓണ തുടര്‍ച്ചയില്‍ മസ്താനും കുട്ടനുമൊക്കെ അപ്രത്യക്ഷരായി. അവരുടെ വേര്‍പാട് കുറച്ചുനാളൊക്കെ നൊമ്പരമായി അവശേഷിച്ചെങ്കിലും ഞങ്ങള്‍ കുട്ടികള്‍ക്ക് ഓര്‍ക്കാനും താലോലിക്കാനും എന്നും പുതിയ മയില്‍പീലിതുണ്ടുകള്‍ കിട്ടിക്കൊണ്ടിരുന്നു. സ്‌കൂളിലേക്കുള്ള രണ്ടര മൈല്‍ നീളുന്ന നടവഴി ഞങ്ങള്‍ക്കായി പുതുകുതൂഹലങ്ങള്‍ പലതും കരുതിവച്ചു.
ഓണത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ എല്ലാവരിലും കുട്ടിക്കാലമാണ് മനസ്സിലേക്ക് ആദ്യം ഓടിയെത്തുക. ഇന്നത്തെ കുട്ടികള്‍ക്ക് നാളെ ഓര്‍ക്കാന്‍ ഇത്തരമൊരു ഓണക്കാലം ഉണ്ടാകില്ലല്ലോ എന്നത് മനസ്സിനെ വേദനിപ്പിക്കുന്നു. എന്നാല്‍ ഇത് നമ്മുടെ മാത്രം വേദനയാണെന്നും പറഞ്ഞുകൊള്ളട്ടെ.