രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണക്കേസും തുടര്‍ന്നുള്ള സംഭവവികാസങ്ങളും കേരള രാഷ്ട്രീയത്തെ വല്ലാതെ മലീമസമാക്കിയിരിക്കുന്നു. ബി.ജെ.പിക്കും സി.പി.എമ്മിനുമെതിരെ അങ്കക്കലിപൂണ്ട പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് നേതാക്കളുടെ കാമകേളികള്‍ പുറത്തുവിടുമെന്ന സൂചന നല്‍കി വെടിപ്പുരയ്ക്ക് തീ കൊളുത്തിയത്. രാഹുലിനെതിരെ പാര്‍ട്ടി മാതൃകാപരമായ തീരുമാനമെടുത്തുവെന്ന് പറഞ്ഞ സതീശന്‍ വ്യക്തമാക്കിയത്, ബോംബുകള്‍ ഇനിയും പൊട്ടുമെന്നും കേരളം ഞെട്ടുമെന്നുമാണ്. ബി.ജെ.പിയും സി.പി.എമ്മും കരുതിയിരുന്നോ എന്ന താക്കീതും സതീശന്‍ നല്‍കിയ സതീശന്‍ സംസാരിച്ചത് ഭീഷണിയുടെ സ്വരത്തിലാണ് താനും.
എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞിട്ടും ബോംബുകള്‍ ഒന്നും കാര്യമായി പൊട്ടിയില്ല. ബി.ജെ.പി വൈസ് പ്രസിഡന്റും കഴിഞ്ഞ തവണ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടം പരാജയപ്പെടുത്തിയ വ്യക്തിയുമായ സി കൃഷ്ണകുമാറിനെതിരായ ലൈംഗിക പീഡനക്കേസാണ് മുന്‍ ബി.ജെ.പിക്കാരനും ഇപ്പോള്‍ കോണ്‍ഗ്രസിനുവേണ്ടി ഊറ്റം കൊള്ളുന്ന നേതാവുമായ സന്ദീപ് വാര്യര്‍ ഉന്നയിച്ചത്. പാലക്കാട് ഉപതിരഞ്ഞെടുപ്പു വേളയില്‍ ഈ വിഷയം പൊങ്ങി വന്നിരുന്നു. സി കൃഷ്ണകുമാറിന്റെ ബന്ധുവായ സ്ത്രീ ഉള്‍പ്പെട്ട ഈ കേസില്‍ കോടതി ആരോപണ വിധേയനെ കുറ്റ വിമുക്തനാക്കിയിരുന്നു. ആ നിലയ്ക്ക് ഈ ആക്ഷേപം നനഞ്ഞ പടക്കം പോലെയായി. പിണറായി മന്ത്രിസഭയിലെ ചിലര്‍ ലൈംഗികാരോപണം നേരിടുന്നവരാണെന്നാണ് വി.ഡി സതീശന്‍ പറയുന്നത്.
എന്നാല്‍ ആ ബോംബ് പൊട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. ബോംബുകള്‍ പൊട്ടിക്കൊണ്ടിരിക്കുന്നത് കോണ്‍ഗ്രസിലാണെന്നും ഇനി പൊട്ടാന്‍ പോകുന്നതും കോണ്‍ഗ്രസില്‍ത്തന്നെയാണെന്നുമാണ് ഗോവിന്ദന്റെ കമന്റ്. ഇതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്വന്തം പാലക്കാട് മണ്ഡലത്തില്‍ ഒരു വിവാഹ ചടങ്ങിനെത്തുന്ന സ്ഥലം എം.പി ഷാഫി പറമ്പിലിനെ തടയാനുള്ള ഡി.വൈ.എഫ്.ഐയുടെ ശ്രമം യൂത്ത് കോണ്‍ഗ്രസുമായുള്ള അടിപിടിയിലാണ് കലാശിക്കുന്നത്. ഷാഫി പാലക്കാട്ട് കൊണ്ടുവന്ന് പ്രതിഷ്ഠിച്ച രാഹുല്‍ എന്ന വേതാളത്തെ തങ്ങള്‍ക്ക് വേണ്ട എന്നാക്രോശിച്ചുകൊണ്ടാണ് സി.പി.എമ്മും ബി.ജെ.പിയും കോണ്‍ഗ്രസിനെതിരെ തെരുവിയുദ്ധം നടത്തുന്നത്.
ഇങ്ങനെ കേരളത്തിലെ മുന്ന് മുന്നണികള്‍ക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടികള്‍ നാണംകെട്ട ലൈംഗിക രാഷ്ട്രീയം കളിക്കുന്നത് സദാചാര ബോധമില്ലാതെയാണ്. മറ്റൊരുവന്റെ അപഥ സഞ്ചാര രഹസ്യങ്ങള്‍ തേടിപ്പോവുകയും അത് വലിയ മിടുക്കാണെന്ന് നെഞ്ചുവിരിച്ച് വാര്‍ത്താ സമ്മേളനം നടത്തി ഉളുപ്പില്ലാതെ പറയുന്നതുമാണിപ്പോള്‍ കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങളെ പുറംകാലിന് തൊഴിച്ച് കളഞ്ഞുകൊണ്ട് ഇന്നലെ മാത്രം ഇത്തരത്തില്‍ ലജ്ജിപ്പിക്കുന്ന നാല് വാര്‍ത്താ സമ്മേളനങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. മുഖ്യമന്ത്രി പിണരായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി ബി.ജെ.പി നേതാക്കളായ സി കൃഷ്ണകുമാര്‍. സന്ദീപ് വാര്യര്‍ എന്നിവരാണ് വാര്‍ത്താ സമ്മേളനം നടത്തിയത്.
കേരളത്തില്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ ലൈംഗികാപവാദക്കേസുകള്‍ വിവാദമുണ്ടാക്കുന്നത് ഇതാദ്യത്തെ സംഭവമാണെന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. 1964-ല്‍ ആഭ്യന്തര മന്ത്രിയായിരുന്ന പിടിചാക്കോയ്ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണം അദ്ദേഹത്തിന്റെ രാജിയിലാണ് കലാശിച്ചത്. കോണ്‍ഗ്രസിന്റെ അതികായനായ പി.ടി ചാക്കോയ്ക്കെതിരായ ആരോപണം കോണ്‍ഗ്രസിനെ രണ്ടു തട്ടിലാക്കി. അതില്‍ ഒരു വിഭാഗം രൂപംകൊടുത്ത പ്രസ്ഥാനമാണ് കേരളാ കോണ്‍ഗ്രസ്. എ നീല ഹോഹിത ദാസന്‍ നാടാര്‍, പി.കെ കുഞ്ഞാലിക്കുട്ടി, കെ.ബി ഗണേശ് കുമാര്‍, എ.കെ ശശീന്ദ്രന്‍ എന്നിവര്‍ മന്ത്രി സ്ഥാനത്തിരിക്കെ ലൈംഗികാപവാദങ്ങലുടെ പ്രില്‍ രാജിവച്ചവരാണ്.
ഇവരൊക്കെ പിന്നീട് കേരള രാഷ്ട്രീയത്തിന്റെ അധികാര സോപാനങ്ങളില്‍ തിരിച്ചെത്തിയവരുമാണ്. കെ.ബി ഗണേശ് കുമാറും എ.കെ ശശീന്ദ്രനും ഇപ്പോള്‍ മന്ത്രിമാരായി വിലസുന്നു. കുഞ്ഞാലിക്കുട്ടിയാകട്ടെ നിലവില്‍ വേങ്ങര നിയോജക മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാ അംഗവും പ്രതിപക്ഷ ഉപനേതാവുമാണ്. 1996-2001-ലെ മൂന്നാം നായനാര്‍ മന്ത്രിസഭയില്‍ അംഗമായി 2000 വരെ കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞ് നിന്ന നീലന്‍ സ്ത്രീപീഡന വിവാദങ്ങളില്‍ പെട്ടതോടെ രാഷ്ട്രീയ വനവാസത്തിലായി. ലാംഗികാരോപണങ്ങില്‍പ്പെട്ട മറ്റ് രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ ചികഞ്ഞ് പോവുകയാണെങ്കില്‍ ആ ലിസ്റ്റിന് നീളമേറെയുണ്ടാവും.
സരിത നായികയായ സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഉള്‍പ്പെട്ടിരുന്നെങ്കിലും അദ്ദേഹം കുറ്റവിമുക്തനായി കേരളത്തിന്റെ പൊതു മണ്ഡലത്തില്‍ മരണംവരെ നിറഞ്ഞു നിന്നു. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കേസ് ഇതിന്‍ നിന്നൊക്കെ വ്യത്യസ്തമാണ്. ഒരു വ്യക്തിക്കെതിരെ ഒന്നിനു പിറകെ ഒന്നായി പത്തിലധികം ആരോപണങ്ങളാണ് തുടര്‍ച്ചയായി ഉന്നയിക്കപ്പെട്ടത്. പുറത്തായ സംഭാഷണങ്ങളില്‍ ഗര്‍ഭഛിദ്രവും വധശ്രമ പരാമര്‍ശവുമുണ്ട്. എന്തായാലും സമയോജിതമായി രാഹുലിനെ യുത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവയ്പ്പിച്ചു. പിന്നെ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് അനിശ്ചിമായി സസ്പെന്റും ചെയ്തു. ഇനി എം.എല്‍.സ്ഥാനം രാജിവയ്പ്പിക്കുന്നതിനോ കേസുകള്‍ നേരിടുന്നതിനോ രാഹുലിന് കോണ്‍ഗ്രസിന്റെ യാതൊരു ഇടപെടലും ഉണ്ടാകില്ല. രാഹുലായി...രാഹുലിന്റെ പാടായി...