ഫുട്‌ബോളില്‍ പെലെയ്ക്കും ബോക്‌സിങ്ങില്‍ മുഹമ്മദ് അലിക്കും ക്രിക്കറ്റില്‍ ബ്രാഡ്മാനുമുള്ള സ്ഥാനമാണ് ഹോക്കിയില്‍ ധ്യാന്‍ ചന്ദിന്റേത്. ഇന്ത്യന്‍ ഹോക്കിക്ക് ആഗോളതലത്തില്‍ അംഗീകാരം നേടിത്തന്ന മഹാപ്രതിഭയെ ഹോക്കി മാന്ത്രികന്‍ ആയി കായികലോകം വിശേഷിപ്പിച്ചു. 1928 ലും 32 ലും 36ലും നടന്ന ഒളിംപിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീം സ്വര്‍ണം നേടിയപ്പോള്‍ പ്ലേ മേക്കര്‍ ആയിരുന്നു ധ്യാന്‍ ചന്ദ്. 1936 ല്‍ ബെര്‍ലിനില്‍ നായകനും. ധ്യാന്‍ചന്ദിന്റെ ജന്മദിനമായ ഓഗസ്റ്റ് 29 ദേശീയ കായികദിനമായി ആചരിച്ചു തുടങ്ങിയത് 2012ല്‍ ആണ്.
അതിനും 12 വര്‍ഷം മുമ്പ്, അതായത് 2000ത്തില്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ നൂറ്റാണ്ടിലെ ഇന്ത്യന്‍ കായക താരത്തെ തിരഞ്ഞെടുത്തപ്പോള്‍ ഉയര്‍ന്നുവന്ന ഏക പേര് ധ്യാന്‍ ചന്ദിന്റേതായിരുന്നു. അദ്ദേഹം നേടിയ ഗോളുകളുടെയോ അതിമനോഹരമായ നീക്കങ്ങളുടെയോ വീഡിയോ ക്ലിപ്പിങ് ഇല്ലാതെ പോയി. പെലെയുടെ ആദ്യകാല ഗോളുകള്‍ പോലെ ധ്യാന്‍ചന്ദിന്റെ ഗോളുകളും കമ്പ്യൂട്ടര്‍ ആനിമേഷനിലൂടെ പുനര്‍ ആവിഷ്‌കരിച്ചാല്‍ ഇന്ത്യന്‍ ഹോക്കിക്ക് നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ സഹായകമാകും. ദേശീയ കായികദിനത്തില്‍ രാജ്യം ഇക്കാര്യം ചിന്തിക്കേണ്ടതാണ്.
1905 ഓഗസ്റ്റ് 29ന് അലഹബാദില്‍ ആണ് ധ്യാന്‍ചന്ദ് ജനിച്ചത്. ധ്യാന്‍ സിങ് എന്നായിരുന്നു ആദ്യ പേര്. പട്ടാളത്തില്‍ ചേര്‍ന്നതോടെയാണ് ധ്യാന്‍ ചന്ദ് ആയത്. ചന്ദ് അഥവാ ചന്ദ്രനെപ്പോലെ അദ്ദേഹം കളിയില്‍ തിളങ്ങി. ഫ്‌ളഡ് ലൈറ്റ് ഇല്ലായിരുന്നു കാലത്ത് നിലാവുള്ള രാത്രികളില്‍ അദ്ദേഹം ഒറ്റയ്ക്ക് ഗ്രൗണ്ടില്‍ പരിശീലനം നടത്തിയിരുന്നു. ചന്ദ്രന്റെ പ്രകാശത്തില്‍ പരിശീലനം നടത്തിയതിന്റെ അംഗീകാരമായാണ് ധ്യാന്‍ ചന്ദ് എന്ന പേരു കൈവന്നതെന്നാണു പറയുന്നത്.
പട്ടാളക്കാരനായിരുന്ന പിതാവ് സുമേഷ്വാര്‍ ദത്ത് സിങ്ങിനൊപ്പം ആര്‍മി ടീമുകളുടെ ഹോക്കി മത്സരം കാണാന്‍ പോയതാണ് വഴിത്തിരിവായത്. പതിനഞ്ചാം വയസ്സില്‍, 1922ല്‍ ഇന്ത്യന്‍ സേനയിലെ കുട്ടിപ്പട്ടാളത്തില്‍ ചേര്‍ന്ന ധ്യാന്‍ 1956 ല്‍ മേജര്‍ ആയിരിക്കെയാണ് വിരമിച്ചത്. രണ്ടാം ലോക യുദ്ധമാണ് ധ്യാന്‍ ചന്ദിന്റെ മാന്ത്രികക്കുതിപ്പിനു തടസ്സമായത്.
ധ്യാന്‍ചന്ദിനു പകരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക് ഭാരത രത്‌നം നല്‍കിയത് ഏറെ വിമര്‍ശിക്കപ്പെട്ടു. എന്നാല്‍ രാജ്യത്ത് കായികതാരങ്ങള്‍ക്കു നല്‍കുന്ന പരമോന്നത ബഹുമതിക്ക് 'ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന' എന്ന പേരു നല്‍കി സര്‍ക്കാര്‍ അദ്ദേഹത്തെ അംഗീകരിച്ചു.
സ്‌പോര്‍ട്‌സിനും കായികക്ഷമതയ്ക്കും പ്രചാരം നല്‍കുക, അവയുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നിവയാണ് സര്‍ക്കാര്‍ പ്രധാനമായും ദേശീയ കായികദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. ആരോഗ്യമുള്ളൊരു ജനതയെ വാര്‍ത്തെടുക്കുക, മയക്കുമരുന്നില്‍ നിന്നും മറ്റും കൗമാരങ്ങളെയും യുവത്വത്തെയും മോചിതരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമുണ്ട്. കായിക താരങ്ങള്‍ക്കും പരിശീലകര്‍ക്കും നല്‍കുന്ന ദേശീയ പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി വിതരണം ചെയ്തിരുന്നത് ദേശീയ കായികദിനത്തിലായിരുന്നു. എന്നാല്‍ ഏഷ്യന്‍ ഗെയിംസിനും ഒളിംപിക്‌സുമൊക്കെ നടക്കുന്ന വര്‍ഷങ്ങളില്‍ ഇതില്‍ മാറ്റം സംഭവിച്ചു. ഇത്തരം മഹാകായിക മേളകള്‍ ഇല്ലെങ്കിലും ഈ വര്‍ഷവും പുരസ്‌കാര വിതരണം വൈകുമെന്ന് അറിയിക്കുന്നു.
ധ്യാന്‍ചന്ദിനെക്കുറിച്ച് വായിച്ചുള്ള അറിവ് മാത്രമാണുള്ളത്. പക്ഷേ, അദ്ദേഹത്തിന്റെ പുത്രന്‍ ഒളിംപ്യന്‍ അശോക് കുമാറിനെയും മകളുടെ പുത്രി, ഇന്ത്യന്‍താരം നേഹ സിങ്ങിനെയും കാണാനും സംസാരിക്കാനും സാധിച്ചത് ഭാഗ്യമായി കണക്കാക്കുന്നു. എല്ലാ ഇന്ത്യക്കാരും ദിവസം ഒരു മണിക്കൂര്‍ എങ്കിലും കായികക്ഷമത മെച്ചപ്പെടുത്തുവാന്‍ വിനിയോഗിക്കണമെന്നതാണ് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദ്ദേശം. ഇക്കാര്യം കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രി ഡോ.മന്‍സു ക് മാണ്ഡവ്യ വ്യക്തമാക്കിയിരുന്നു.
ഞായറാഴ്ചതോറുമുള്ള ഫിറ്റ് ഇന്ത്യ പരിപാടിയില്‍ നൂറുകണക്കിനു പേര്‍ സൈക്കിള്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ട്. ഇത് ഒട്ടേറെ നഗരങ്ങളില്‍ നടത്തപ്പെടുന്നു. ജന്‍ ആന്ധോളന്‍ അഥവാ പീപ്പിള്‍സ് മൂവ്‌മെന്റ് ആയാണ് ഇതിനെ കാണേണ്ടത്. ദേശീയ ദിനത്തോടനുബന്ധിച്ച് ത്രിദിന പരിപാടികളാണ് കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രാലയവും സായ് യുമൊക്കെ ക്രമീകരിക്കുന്നത്.
ബ്രിട്ടീഷ് ഇന്ത്യയുടെ കാലത്താണ് ധ്യാന്‍ ചന്ദ് തിളങ്ങിയത്. അക്കാലം കടന്ന് സ്വതന്ത്ര ഇന്ത്യയായെങ്കിലും ഹോക്കിക്ക് അപ്പുറം ഒളിംപിക് വിജയങ്ങള്‍ ഏറെക്കാലം ഇന്ത്യക്ക് അപ്രാപ്യമായിരുന്നു. ഇന്ന് കാലം മാറി. ഒളിംപിക്‌സില്‍ ഇന്ത്യക്കു മെഡല്‍ കിട്ടുമോ എന്ന ചോദ്യം ഭൂതകാലത്തിന്റേതായി. എത്ര മെഡല്‍ കിട്ടും എന്ന ചോദ്യം 2008 ലെ ബെയ്ജിങ് ഒളിംപിക്‌സ് മുതല്‍ മുഴങ്ങിക്കേള്‍ക്കുന്നു. അതുപോലെ 2023 ലെ ഹാങ് ചോ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ മെഡല്‍ നേട്ടത്തില്‍ സെഞ്ചുറി തികച്ചു.
ഈ അവസരത്തില്‍ കഴിഞ്ഞ കാലത്തേക്കൊന്ന് തിരിഞ്ഞുനോക്കിയിട്ട് ഭാവിയെക്കുറിച്ചു ചിന്തിക്കുന്നതാകും ഉചിതമെന്നു തോന്നുന്നു. അതുകൊണ്ടു തന്നെ പറയട്ടെ, ധ്യാന്‍ ചന്ദിന് ഭാരത് രത്‌ന നല്‍കുവാന്‍ ഇനിയും വൈകരുത്. മരണാനന്തര ബഹുമതി ആകട്ടെ.