ന്യു ജേഴ്‌സി: ‘ഹൃദയപൂർവം’ സിനിമ കാണാൻ കുടുംബത്തോടൊപ്പം ന്യൂ ബ്രൺസിക്കിലെ എഎംസി തിയേറ്ററിലെത്തി മോഹൻലാൽ. ഭാര്യ സുചിത്ര
മോഹൻലാലിനൊപ്പമാണ് താരം സിനിമ കാണാനെത്തിയത്.
. അപ്രതീക്ഷിതമായി മോഹൻലാലിനെ കണ്ട സന്തോഷത്തിൽ ആർപ്പുവിളികളോടെയാണ് തങ്ങളുടെ പ്രിയതാരത്തെ ആരാധകർ സ്വീകരിച്ചത്. സിനിമ കണ്ട ശേഷം ഏവർക്കും സ്നേഹാശംസകൾ നൽകി മോഹൻലാൽ മടങ്ങുകയായിരുന്നു.
അതേസമയം മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. ഇന്ത്യയിൽ മാത്രം ചിത്രം 3.35 കോടി നെറ്റ് കലക്ഷനായി ആദ്യദിനം നേടിയെന്നാണ് സാക്സിൽക് റിപ്പോർട്ട് ചെയ്യുന്നത്.
പത്ത് വർഷത്തിനുശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. മാളവിക മോഹനാണ് ചിത്രത്തിലെ നായിക. ലാലു അലക്സ്, സംഗീത് പ്രതാപ്, സംഗീത സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങിയവരാണ് ഹൃദയപൂർവത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ഈ ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. അഖിൽ സത്യന്റേതാണ് കഥ. നവാഗതനായ ടി.പി. സോനു ആണ് തിരക്കഥ. അനൂപ് സത്യനാണ് ചിത്രത്തിന്റെ പ്രധാന സംവിധാനസഹായി. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ.രാജഗോപാൽ എഡിറ്റിങ്ങും നിർവഹിക്കുന്നു.