Image

പമ്പാ മണല്‍പ്പുറത്തെ ആഗോള അയ്യപ്പസംഗമം രാഷ്ട്രീയ ചര്‍ച്ചയ്ക്ക് വിഷയമാകുമ്പോള്‍...(എ.എസ് ശ്രീകുമാര്‍)

Published on 29 August, 2025
പമ്പാ മണല്‍പ്പുറത്തെ ആഗോള അയ്യപ്പസംഗമം രാഷ്ട്രീയ ചര്‍ച്ചയ്ക്ക് വിഷയമാകുമ്പോള്‍...(എ.എസ് ശ്രീകുമാര്‍)

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് പിണറായി വിജയന്‍ സര്‍ക്കാര്‍ പൈലറ്റ് ചെയ്യുന്ന  ആഗോള അയ്യപ്പസംഗമം ഹിന്ദുമത താത്പര്യത്തിനും ഭക്തിക്കും അപ്പുറം ചൂടുള്ള രാഷ്ട്രീയ ചര്‍ച്ചയ്ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ള 3000-ത്തോളം അയ്യപ്പ ഭക്തര്‍ വരുന്ന സെപ്റ്റംബര്‍ 20-ന് പത്തനംതിട്ട ജില്ലയിലെ പമ്പാ തീരത്ത് നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുമെന്നാണ് ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. ശബരിമല ക്ഷേത്രത്തിന്റെ സമഗ്ര വികസനവും ഭക്തരുടെ അഭിപ്രായങ്ങളുമൊക്കെ കേള്‍ക്കാനാണ് അയ്യപ്പ സംഗമം നടത്തുന്നതെങ്കിലും അതില്‍ സി.പി.എമ്മിന്റെ വോട്ട്ബാങ്ക് രാഷ്ട്രീയം ഒളിഞ്ഞിരിപ്പുണ്ട്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് അതിന്റെ ഡയമണ്ട് ജൂബിലിയുടെ ഭാഗമായി ആഗോള അയ്യപ്പ സംഗമം നടത്തുന്നതെങ്കിലും പരിപാടിയുടെ കടിഞ്ഞാണ്‍ സര്‍ക്കാരിന്റെ, പ്രത്യേകിച്ച് സി.പി.എമ്മിന്റെ കൈകളിലാണ്. ശ്രദ്ധേയമായ ഈ സംഗമത്തെ അതിന്റെ ലക്ഷ്യങ്ങളുടെ പേരില്‍ തീര്‍ച്ചയായും സ്വാഗതം ചെയ്യേണ്ടതുണ്ട്. പഴയ തിരുവിതാംകൂര്‍ നാട്ടുരാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്ന 1248 ഹൈന്ദവ ക്ഷേത്രങ്ങളുടെ മേല്‍നോട്ടം നിര്‍വ്വഹിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം അനുസരിച്ച് രൂപീകരിച്ചിട്ടുള്ള തിരുവനന്തപുരം ആസ്ഥാനമായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. 1949-ല്‍ സ്ഥാപിതമായ ദേവസ്വം ബോര്‍ഡിന്റെ ആദ്യ പ്രസിഡന്റ് മന്നത്ത് പദ്മനാഭന്‍ ആയിരുന്നു.

ആഗോള അയ്യപ്പ സംഗമം പ്രധാനമായും മൂന്ന് വിഷയങ്ങളിലാണ് ശ്രദ്ധ ഊന്നിയിരിക്കുന്നത്. ശബരിമലയുടെ വികസനമാണ് ഒന്ന്. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതിനും വേണ്ട നിര്‍ദേശങ്ങള്‍ സംഗമം ചര്‍ച്ച ചെയ്യും. രണ്ടാമത്തേത്, ആചാരങ്ങളുടെ സംരക്ഷണമാണ്. ശബരിമലയിലെ പരമ്പരാഗത ആചാരങ്ങളെ സംരക്ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും വേണ്ട നടപടികള്‍ ആലോചിക്കും. മൂന്നാമതായി ചര്‍ച്ച ചെയ്യപ്പെടുന്നത് തീര്‍ഥാടകരുടെ സൗകര്യങ്ങളെപ്പറ്റിയുള്ള കാര്യങ്ങളാണ്. ഭക്തര്‍ക്ക് കൂടുതല്‍ സുരക്ഷിതവും സൗകര്യപ്രദവുമായ തീര്‍ഥാടനം ഉറപ്പാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതാണ്.

അതേസമയം, ശബരിമലയുടെ പ്രാധാന്യം, പരിസ്ഥിതി സംരക്ഷണം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകളും സംഗമത്തിന്റെ ഭാഗമായി നടക്കും. ഈ സംഗമം കേരളത്തിനും തമിഴ്‌നാടിനും ഇടയിലുള്ള സാംസ്‌കാരിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും അയ്യപ്പ ഭക്തരുടെ ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ വിവാദങ്ങളും വിമര്‍ശനങ്ങളും ഉയരുന്നുണ്ടെങ്കിലും സര്‍ക്കാര്‍ മുന്നോട്ട് തന്നെയാണ്. ശബരിമലയുമായി ബന്ധപ്പെട്ട് സഹകരിക്കാന്‍ തയ്യാറുള്ള എല്ലാ സംഘടനകളെയും സഹകരിപ്പിക്കും. അതില്‍ ആരെയും ഒന്നിന്റെയും പേരില്‍ മാറ്റി നിര്‍ത്തില്ലെന്നും കേരളത്തിലെ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാത്തെ എല്ലാ ജനനേതാക്കളെയും ക്ഷണിക്കുമെന്നുമാണ് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും വ്യക്തമാക്കുന്നത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും കേരള സര്‍ക്കാരിനും ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ് ശബരിമല അയ്യപ്പ ക്ഷേത്രം. 1248 ക്ഷേത്രങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുണ്ടെങ്കിലും സ്വന്തം വരുമാനം കൊണ്ട് നിത്യനിദാന ചെലവുകള്‍ നടത്തുന്ന ക്ഷേത്രങ്ങള്‍ വെറും 58 എണ്ണം മാത്രമേയുള്ളൂ. ബാക്കി 1190 ക്ഷേത്രങ്ങളിലെ എല്ലാം ചെലവുകളും നിര്‍വഹിക്കപ്പെടുന്നത് ശബരിമലയിലെ വരുമാനം കൊണ്ടാണ്. 350 കോടി രൂപയാണ് ശബരിമലയില്‍ നിന്നുള്ള ദേവസ്വം ബോര്‍ഡിന്റെ പ്രതിവര്‍ഷ വരുമാനം. എന്നാല്‍ കെ.എസ്.ആര്‍ടി.സി, വൈദ്യുതി ബോര്‍ഡ്, വാട്ടര്‍ അതോരിറ്റി തുടങ്ങിയ വിവിധ മേഖലകളില്‍ നിന്നും ഭക്തരുടെ പര്‍ച്ചേസുകളില്‍ നിന്നുള്ള ജി.എസ്.ടി ഇനത്തിലുമൊക്കെ സര്‍ക്കാരിന് പ്രതിവര്‍ഷം ലഭിക്കുന്നത് 1500 കോടി രൂപയിലേറെയാണ്.

കേരള സര്‍ക്കാരിന്റെ സാമ്പത്തിക നട്ടെല്ലാണ് ശബരിമല. അതുകൊണ്ട് അയ്യപ്പ ഭക്തരെ ആ നിലയ്ക്ക് കണക്കിലെടുക്കണം. അതിന്റെ ഭാഗമായുള്ള ആഗോള അയ്യപ്പ സംഗമം എന്തുകൊണ്ടും ഉചിതമാണ്. പക്ഷേ ഇതിലെ രാഷ്ട്രീയമെന്തെന്നറിയാന്‍ കുറച്ചുവര്‍ഷം പിന്നോട്ട് സഞ്ചരിച്ചാല്‍ മതി. കേരളത്തെ കലാപ കലുഷിതമാക്കിയ ഒരു സുപ്രീം കോടതി വിധിയുണ്ടായത് 2018 സെപ്റ്റംബര്‍ 29-നാണ്. ആര്‍ത്തവത്തിന്റെ അടിസ്ഥാനത്തില്‍ പത്ത് വയസ് മുതല്‍ അമ്പത് വയസ് വരെയുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ നിലവിലുണ്ടായിരുന്ന പ്രവേശന വിലക്ക് അസാധുവാക്കിയ സ്‌ഫോടനാത്മകമായ വിധിയായിരുന്നു അത്. തുടര്‍ന്ന് കലാപത്തിന്റെ ഒരന്തരീക്ഷത്തില്‍ ബിന്ദു അമ്മിണി, കനകദുര്‍ഗ എന്നീ സ്ത്രീകളെ കനത്ത പോലീസ് ബന്തവസില്‍് 2019 ജനുവരി 2-ന് ശബരിമല ക്ഷേത്രദര്‍ശനം നടത്താന്‍ അനുവദിച്ച്, പിണറായി സര്‍ക്കാര്‍ 'പുരോഗമനപരം' എന്ന് വിശേഷിപ്പിച്ച് സുപ്രീം കോടതി വിധി നടപ്പാക്കി.

ഭരണഘടന അനുശാസിക്കുന്ന തുല്യതയുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചത്. ഭരണഘടനയുടെ അനുച്ഛേദം 2 പ്രകാരം സമത്വത്തിനും തുല്യതയ്ക്കുമുള്ള അവകാശത്തിനെതിരാണ് സ്ത്രീകള്‍ക്കുള്ള വിലക്കെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.  ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്ര, ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍, ജസ്റ്റിസ് എ.എം ഖന്‍വില്‍ക്കര്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരായിരുന്നു ബെഞ്ചില്‍ ഉണ്ടായിരുന്നത്. ഭൂരിപക്ഷ വിധിയോട് വിയോജിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, യുക്തിചിന്തക്കതീതമായി ആചാരങ്ങള്‍ അനുഷ്ഠിക്കാന്‍ ഓരോരുത്തര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്ന് വിയോജനക്കുറിപ്പെഴുതി.

തുല്യതയുടെ പേരിലുള്ള വിധിയായതുകൊണ്ട് ബി.ജെ.പിയും കോണ്‍ഗ്രസും ആദ്യം പ്രതികരിച്ചില്ല. പക്ഷേ, സുപ്രീം കോടതി വിധിക്കെതിരെ എന്‍.എസ്.എസ് നാമജപ യജ്ഞം സംഘടിപ്പിച്ചതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. യജ്ഞത്തിന് ലഭിച്ച വിശ്വാസികളുടെ പിന്തുണ തിരിച്ചറിഞ്ഞ് അവര്‍ക്കൊപ്പം നില്‍ക്കുന്നതാണ് ഗുണകരം എന്ന നിലപാടിലേയ്ക്ക് കോണ്‍ഗ്രസും പ്രത്യേകിച്ച് ബി.ജെ.പിയും ചുവടുമാറ്റി. സംഘപരിവാര്‍ ശക്തികളുടെ നേതൃത്വത്തില്‍ വിശ്വസസംരക്ഷണ സമര പരമ്പരകള്‍ തന്നെ കൊണ്ടുപിടിച്ച് അരങ്ങേറി. തുടര്‍ന്ന് 2019-ലെ ലോക്‌സഭാ ഇലക്ഷനില്‍ ഇടതു മുന്നണി ആകെയുള്ള 20 സീറ്റില്‍ ഒരിടത്തുമാത്രം വിജയിച്ചു. നിയമസഭാ മണ്ഡലങ്ങള്‍ തിരിച്ചുള്ള കണക്കില്‍ പാര്‍ട്ടിയുടെ അടിത്തറ ഇളകിയതായി കണ്ടെത്തി.

ശബരിമലയില്‍ തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് സി.പി.എം വിശ്വാസികളുടെ വീടുകള്‍ തോറും കയറിയിറങ്ങി ഏറ്റു പറഞ്ഞു.  എന്നാല്‍ 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 99 സീറ്റുകളുമായി പിണറായി വിജയന്‍ തുടര്‍ഭരണം നേടി. അവിടെ ശബരിമലയല്ല, കോവിഡ് കാലത്ത് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് കൊടുത്ത കരുതലാണ് വോട്ടായിമാറിയത്. എന്നാല്‍ 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഒരു നേട്ടവുമുണ്ടായില്ല. തൃശൂരില്‍ ബി.ജെ.പി അത്ഭുതം സൃഷ്ടിച്ചു. സി.പി.എമ്മിന്റെ ഹിന്ദു വോട്ടുകള്‍, പ്രത്യേകിച്ച് ബി.ജെ.പി മുന്നണിയുടെ ഭാഗമായ ബി.ഡി.ജെ.എസിലൂടെ ഈഴവ വോട്ടുകള്‍ താമരത്തളികയില്‍ വീണു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ശബരിമലയില്‍ തങ്ങള്‍ക്കേറ്റ അപമാനം ബി.ജെ.പി അവിടെയും ആയുധമാക്കി.

ഇനി തദ്ദേശ തിരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ ഇലക്ഷനും വരികയാണ്. ഒരിക്കല്‍ വിട്ടുപോയ ഹിന്ദു വോട്ടര്‍മാരെ സി.പി.എം പാളയത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരേണ്ടതുണ്ട്. പണ്ട് ശബരിമലയില്‍ പറ്റിയ തെറ്റിന് പ്രായശ്ചിത്തം ചെയ്യേണ്ടതുണ്ട്. അതിനു പറ്റിയ ഒരു രാഷ്ട്രീയ അതിജീവന പദ്ധതിയാണ് ഇടത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഈ ആഗോള അയ്യപ്പ സംഗമം. അതുകൊണ്ടാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ 75-ാം വാര്‍ഷികം പിണറായി സര്‍ക്കാരിന്റെ പരിപാടിയാക്കി മാറ്റപ്പെടുന്നത്. തിരഞ്ഞെടുപ്പുകള്‍ അടുത്തു വരുമ്പോള്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഇത്തരത്തില്‍ ചില വോട്ടുറപ്പിക്കല്‍ മേളകള്‍ സംഘടിപ്പിക്കപ്പെടാറുണ്ടല്ലോ.

രാഷ്ട്രീയത്തിനതീതമായി ആഗോള അയ്യപ്പ സംഗമം ഗംഭീരമാകണം. പമ്പാ മണല്‍പ്പുറം ശരണമന്ത്രങ്ങള്‍ കൊണ്ട് മുഖരിതമാകണം. വിശ്വാസം... അതല്ലേ എല്ലാം...

''സ്വാമിയേ... ശരണമയ്യപ്പ...''

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക