Image

അനുസരണം എന്ന വ്രതം (ഒരു അവലോകനം: ചാക്കോ കളരിക്കൽ)

Published on 30 August, 2025
അനുസരണം എന്ന വ്രതം (ഒരു അവലോകനം: ചാക്കോ കളരിക്കൽ)

സി എം സി സന്ന്യാസസമൂഹത്തിൻറെ ഉടമസ്ഥതയിലുള്ള ഞാറക്കൽ ഗേൾസ് ഹൈസ്കൂൾ പ്രാദേശിക ഇടവക പിടിച്ചെടുക്കാൻ ശ്രമിച്ചതിനെതിരായി ആ മഠത്തിലെ കന്ന്യാസ്ത്രികൾ നിലകൊണ്ടതിൻറെ പേരിലും ഫ്രാങ്കോ മെത്രാൻറെ ലൈംഗിക കുറ്റകൃത്യത്തോട് ബന്ധപ്പെട്ട് കുറവിലങ്ങാട് എം ജെ മഠത്തിലെ അന്തേവാസികളായ കന്ന്യാസ്ത്രികൾ വഞ്ചി സ്‌ക്വയറിൽ സമരം ചെയ്‌തതിൻറെ പേരിലും ആ സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് ലൂസി കളപ്പുര എന്ന കന്ന്യാസ്ത്രി വഞ്ചി സ്‌ക്വയറിൽ പോയതിൻറെ പേരിലും എർണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരും അല്മായരും മെത്രാൻ സിനഡ് തീരുമാനപ്രകാരമുള്ള ബലിയർപ്പണരീതി അംഗീകരിക്കില്ലെന്ന നിലപാടിൻറെ അടിസ്ഥാനത്തിലും അവർക്കെല്ലാമെതിരായി സഭാധികാരം ശിക്ഷാ നടപടികൾ സ്വീകരിച്ച വിവരം നമുക്ക് അറിവുള്ളതാണല്ലോ. ശിക്ഷാ നടപടികളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അനുസരിക്കാൻ കടമയില്ലെന്ന് എർണാകുളത്തെ വൈദികരും അല്മായരും ഒരേസ്വരത്തിൽ പറയുകയും, കന്ന്യാസ്ത്രികളുടെ വിഷയത്തിൽ  സന്ന്യാസത്തിലെ അനുസരണവ്രതവുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ലെന്നും അത് അനുസരിക്കാൻ അവർ കടപ്പെട്ടവരല്ലെന്നുമുള്ള നിലപാടിൽ ആ സന്ന്യസിനികൾ ഉറച്ചു നിൽക്കുകയുമായിരുന്നു. ഈ അവസരത്തിൽ, പട്ടക്കാർ പട്ടം സ്വീകരിക്കുന്ന വേളയിൽ പട്ടം നൽകുന്ന മെത്രാനോടെടുക്കുന്ന പ്രതിഞ്ജയെപ്പറ്റിയും സന്ന്യസിക്കുന്നവർ സ്വമനസാ സ്വീകരിക്കുന്ന മൂന്ന് വ്രതങ്ങളിൽ (ദാരിദ്യം, കന്ന്യാവ്രതം, അനുസരണം) സാധാരണക്കാർക്ക് മനസിലാക്കാൻ പ്രയാസമുള്ളതും എന്നാൽ എളുപ്പത്തിൽ തെറ്റിദ്ധരിക്കാൻ സാധ്യത ഏറെ ഉള്ളതുമായ അനുസരണം എന്ന വ്രതത്തിൻറെ അന്തസത്ത എന്തെന്നും ഈ ലേഖനത്തിൽ ചുരുക്കമായി പ്രതിപാദിക്കാൻ ആഗ്രഹിക്കുന്നു.

യേശുവിനെ അനുഗമിക്കുന്ന എല്ലാ ക്രിസ്ത്യാനികൾക്കും ദാരിദ്യം, കന്ന്യാവ്രതം, അനുസരണം എന്നീ വ്രതങ്ങൾ അടിസ്ഥാനപരമായി  നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും സന്ന്യാസ ജീവിതത്തിൻറെ സൃഷ്ടിപരമായ ഘടകങ്ങളാണ് ദൈവമുമ്പാകെ എടുക്കുന്ന പരസ്യ വ്രതങ്ങൾ. യേശു ദരിദ്രനായി ജീവിച്ചു; അവിവാഹിതനായി ജീവിച്ചു; സ്വർഗസ്ഥനായ പിതാവിന് വിധേയനായി ജീവിച്ചു. പിതാവായ ദൈവത്തിൻറെ സ്നേഹത്തെയും സ്വർഗരാജ്യത്തെയുംപ്പറ്റി പ്രസംഗിക്കാൻവേണ്ടി സ്വതന്ത്രനാകാനായിരുന്നു യേശു ആ ജീവിതരീതി തെരെഞ്ഞെടുത്തത്. അതുപോലെ, വ്രതവാഗ്‌ദാനം വഴി സന്ന്യാസികൾ ദൈവസേവനത്തിന് പരിപൂർണമായി സമർപ്പിക്കുന്നു. കൂടാതെ, സന്ന്യാസ ജീവിത അന്തസ്സ് ദൈവത്തോട് അടുക്കുന്നതിനുള്ള തടസ്സങ്ങളെ ഇല്ലാതാക്കി അവരെ സ്വതന്ത്രരാക്കുന്നു. ചുരുക്കത്തിൽ ക്രിസ്താനുകരണമാണ് സന്ന്യാസ ജീവിതം.

നാലാം നൂറ്റാണ്ടിലാണ് സമർപിത ജീവിതരീതി രൂപം കൊള്ളുന്നത്. ആദ്യമൊക്കെ അത് വ്യക്തിപരമായ ഒരു നിലപാടായിരുന്നെങ്കിലും ഏഴാം നൂറ്റാണ്ടോടെ അത് ഒരു വാഗ്‌ദാനമായി മാറി. അന്നൊക്കെ അനുസരണം ആയിരുന്നു വാഗ്‌ദാനം ചെയ്‌തിരുന്നത്‌. സന്ന്യാസ സമൂഹത്തിൻറെ തീരുമാനങ്ങളെ തലവൻ നടപ്പിലാക്കിയിരുന്നു. തലവന്  സ്വന്തമായി തീരുമാനങ്ങളെടുക്കാൻ അധികാരം ഉണ്ടായിരുന്നില്ല. സഭ കർക്കശമായ സ്ഥാപനമായപ്പോൾ സുവിശേഷ മൂല്യങ്ങളെക്കാൾ പ്രധാനം സഭാധികാരികളോടുള്ള അനുസരണമായി. അപ്പോഴും മനഃസാക്ഷിയോടുള്ള വിധേയത്വത്തിനും സ്വന്തം ദൗത്യത്തിനുമായിരുന്നു പ്രാധാന്യം. മദർ തെരേസ അവരുടെ മഠത്തിൻറെ നിയമങ്ങളെ അല്ല അവരുടെ മനഃസാക്ഷി അനുസരിച്ചാണ്  പ്രവർത്തിച്ചത്. ഈശോസഭാംഗങ്ങൾ മാർപാപ്പയോട് അനുസരണം വ്രതം ചെയ്യുന്നത് അദ്ദേഹം പറയുന്നതെല്ലാം അനുസരിച്ചുകൊള്ളാമെന്നല്ല; മറിച്ച്, അവരുടെ ദൗത്യനിർവഹണത്തിനുള്ള മനസ്സൊരുക്കത്തെയാണ് പ്രകടമാക്കുന്നത്. അനുസരണയെ യേശുവിൻറെ കല്പനയായി സുവിശേഷത്തിൽ കാണാൻ സാധിക്കുകയില്ല. യേശുവിൻറെ അനുയായികൾ ആകണമെങ്കിൽ മറ്റൊരു മനുഷ്യന് സമർപണം ചെയ്യണമെന്നും സുവിശേഷത്തിൽ ഇല്ല. എങ്കിലും സന്ന്യാസ അനുസരണവ്രതവും പന്ത്രണ്ടാം നൂറ്റാണ്ടോടുകൂടി സ്ഥാപിതമായി.
അനുസരണം എന്ന പദം ലത്തീൻ ഭാഷയിലെ 'ob-odiere' - ശ്രദ്ധയോടെ കേൾക്കുക - എന്ന പദത്തിൽനിന്നാണ് ഉത്ഭവിച്ചത്. പലവിധ ദൈവസാന്നിധ്യങ്ങളെ തിരിച്ചറിഞ്ഞ് മനഃസാക്ഷിയുടെ പ്രചോദനത്തോടെ സ്വന്തം ദൗത്യം നിർവഹിക്കലാണ് അനുസരണത്തിൻറെ അടിത്തറ. തുല്യമായി ശിഷ്യത്വമെന്ന നിലയിലാണ് അനുസരണത്തെ കാണേണ്ടത്. ഇന്നത്തെ ചുറ്റുപാടിൽ വളരെ പ്രയാസമുള്ള വ്രതമാണ് അനുസരണം. മേലധികാരികളുടെ കല്പനകൾ ദൈവതിരുമനസ്സാണെന്നുള്ള വ്യാഖ്യാനം അതിരു കടന്നതുതന്നെ. കാരണം മേലധികാരികളുടെ ബന്ധം പ്രായപൂർത്തിയായ വ്യക്തികളുമായാണ്. അത്  മാതാപിതാക്കളും കുട്ടികളും പോലെയുള്ള ബന്ധമല്ല. അനുസരണം ആശ്രയത്വമല്ല. അത് മുതിർന്നവരുടെ ഗുരുതരമായ ഉത്തരവാദിത്വ നിർവഹണമാണ്. ദൈവം ദാനമായി തന്ന സ്വാതന്ത്ര്യത്തെ ആർക്കും അടിയറവ് വയ്‌ക്കേണ്ട കാര്യമില്ല. അധികാരം ഉപയോഗിച്ച് കുട്ടികളെയും സ്ത്രീകളെയും  ബലാൽസംഗം ചെയ്യുന്നത് അധികാര ദുർവിനയോഗമാണ്. പ്രായമായവർക്കും അധികാരികൾക്കും എല്ലാം അറിയാം എന്ന സംസ്കാരം സന്ന്യാസാശ്രമങ്ങളിലും കടന്നുകൂടും. എന്നാൽ ഇന്നത്തെ ദൗത്യത്തെ ആധാരമാക്കി വേണം അനുസരണവ്രതത്തെ നോക്കിക്കാണാൻ. അതുകൊണ്ടാണല്ലോ റോമിൽനിന്നുള്ള ചില നിർദേശങ്ങളെ “ക്രൂശിക്കുന്ന അനുസരണം” (crucifying obedience) എന്ന് കർദിനാൾ വർക്കി വിതയത്തിൽ വിശേഷിപ്പിക്കാൻ ഇടയായത്. ഞാറക്കൽ കന്ന്യാസ്ത്രികളുടെ സ്‌കൂൾ അനധികൃതമായി പള്ളി മേലധികാരികൾ പിടിച്ചെടുത്തപ്പോൾ അതിന് എതിരായി കന്ന്യാസ്ത്രികൾ കോടതിയിൽ കേസിനുപോയി. സഭയിലെ പരമോന്നത അധികാരിക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല. ഫ്രാങ്കോയുടെ ലൈംഗിക അതിക്രമങ്ങൾക്ക് കന്ന്യാസ്ത്രികൾ സഭയിൽത്തന്നെ നീതിയ്ക്കായി അലഞ്ഞു നടന്നു. അത് കിട്ടാതെ വന്നപ്പോൾ അവർ പോലീസിൽ കേസുകൊടുക്കുകയും സമരം ചെയ്യുകയും ഉണ്ടായി. ഞാറയ്ക്കൽ കേസിലും വഞ്ചി സ്‌ക്വയർ സമരത്തിലും ലൂസി കളപ്പുര സിസ്റ്റർ വിഷയത്തിലും അനുസരണവൃത്തത്തിൻറെ അർത്ഥമെന്ത് എന്ന ചോദ്യത്തിന് വളരെ പ്രാധാന്യമുണ്ട്. നിർഭാഗ്യവശാൽ സഭയിലെ ഭരണമെല്ലാം അധികാരശ്രേണിയിൽ അധിഷ്ടിതമാണ്. അത് സൈനിക മാതൃകയിലോ സ്വേച്ഛാധിപതി മാതൃകയിലോ രാജകീയ മാതൃകയിലോ ആയിരിക്കാൻ പാടില്ലാത്തതാണ്. എങ്കിലും, തലപ്പത്തിരിക്കുന്നവർ തങ്ങളെ ഏൽപിച്ചിരിക്കുന്നവരെ നിയമനിർമാണ, നിയമനിർവാഹക, ന്യായതീർപ്പ് അധികാരങ്ങളോടെ ഭരിക്കുന്നത് തികച്ചും അക്രൈസ്തവമാണ്. യേശുവിൻറെ മാതൃക - ശിഷ്യരെ സ്നേഹിതർ എന്നു വിളിച്ച മാതൃക (യോഹ.15: 15) - അധികാരികളിൽ കാണാറില്ല.  
കുട്ടികൾ മാതാപിതാക്കളെയോ  അധ്യാപകരെയോ അനുസരിച്ചില്ലെങ്കിൽ ശിക്ഷയായി അവരുടെ നിതംബങ്ങളിൽ തല്ലുകൊടുത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന്  അത്തരം പ്രവർത്തികൾ കുട്ടികളുടെ അവകാശലംഘനങ്ങളിൽ പെടുന്നവയാണ്. പോലീസിൽ കേസുകൊടുക്കാം; ജയിൽ ശിക്ഷ വിധിച്ചെന്നിരിക്കാം; വമ്പിച്ച നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നെന്നിരിക്കാം. അനുസരണം എന്ന വിഷയം സിവിൽ സൊസൈറ്റിയിൽ ഗണ്യമായ പരിവർത്തനത്തിന് വിധേയമായിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ ഈ ഒരു ഉദാഹരണം മാത്രം മതി. നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, നാസി ജർമനിയിൽ ജൂതരെ കൊന്നൊടുക്കിയതിൻറെ കാരണം സൈനിക മേധാവികളുടെ ഉത്തരവുകളാണെന്ന് വിശദീകരണം നൽകി. സൈനിക മേധാവികളുടെ മനഃസാക്ഷി വിരുദ്ധമായ ഉത്തരവുകളെ കീഴുദ്യോഗസ്ഥർ അനുസരിക്കണോ? ചോദ്യം ഉന്നയിക്കാതെ അനുസരിക്കുക എന്ന അന്ധമായ അനുസരണം (blind obedience) പട്ടാളച്ചിട്ടയാണ്. സന്ന്യാസ പരിശീലനകാലത്ത് അർത്ഥികളെ അന്ധമായ അനുസരണം അഭ്യസിപ്പിക്കുന്നത് അവരുടെ ധാർമിക ഉത്തരവാദിത്തത്തെ അട്ടിമറിക്കലാണ്. അത് അതിൽത്തന്നെ അധാർമികവുമാണ്. സന്ന്യാസ അനുസരണം ഇന്ന് പ്രവചനികമായിരിക്കണം. സന്ന്യാസാശ്രമങ്ങളിലെ അനുസരണം സൈനിക അച്ചടക്കം പോലെയല്ല. മേലധികാരി ഒരു ചെടി തലകീഴായി നടാൻ പറഞ്ഞാൽ അത് അനുസരിക്കേണ്ട ആവശ്യമുണ്ടോ?

 ‘ഞാൻഭാവ’ത്തിന് തടയിടാൻ എന്തും അനുസരിക്കണമെന്ന് ചിന്തിക്കുന്നവരും ഉണ്ട്. മുൻകാലങ്ങളിൽ യൂറോപ്പിൽ സൈനിക ശൈലിയിൽ, മെത്രാന്മാരും സന്ന്യാസാശ്രമ അധിപരുമാണ് സാമ്പത്തിക കാര്യങ്ങളിലെ തീരുമാനങ്ങൾ എടുത്തിരുന്നത്. രാജകീയ ഭരണകാലത്തെ അനുസരണവ്രത കാഴ്ച്ചപ്പാടിന് വലിയ മാറ്റങ്ങൾ രണ്ടാം വത്തിക്കാൻ കൗൺസിലിനുശേഷം സംഭവിച്ചു. പാശ്ചാത്യ രാജ്യങ്ങളിൽ പല മഠങ്ങളിലെയും സിസ്റ്റർമാർ സഭാവസ്ത്രത്തിനു പകരം സാധാരണ വസ്ത്രം ധരിക്കാൻ ആരംഭിച്ചു. മേലധികാരികളുമായി ആലോചിച്ച് സ്വന്തം സേവന വഴികൾ കണ്ടുപിടിച്ചു. കമ്മ്യൂണിറ്റി ജീവിതത്തിനു പകരം ഒറ്റയ്ക്കും പെട്ടെയ്ക്കുമായി ജീവിക്കാൻ ആരംഭിച്ചു. നേതൃത്വം കല്പന നൽകൽ അവസാനിപ്പിച്ചു. പകരം സിസ്റ്റർമാരെ നേതൃത്വത്തിൻറെ ഉപദേശം തേടാൻ പ്രോത്സാഹിപ്പിച്ചു. ഞാറക്കൽ, ഫ്രാങ്കോ, ലൂസി, എർണാകുളം  വിഷയങ്ങളിൽ സഭാനേതൃത്വം പാടേ പരാജയപ്പെട്ടു. കാരണം പരാതിക്കാരുടെ പരാതികൾ കേൾക്കാൻ ചെവികൊടുക്കാതെ അധികാര ധാർഷ്ട്യംകൊണ്ട് സൈനിക ശൈലിയിലുള്ള ഭരണം ഈ  ഇരുപത്തൊന്നാം നൂറ്റാണ്ടിലും നടപ്പിലാക്കാമെന്ന് അവർ വ്യാമോഹിച്ചു. വിവരദോഷമെന്നല്ലാതെ അതേപ്പറ്റി എന്തുപറയാൻ. സമത്വത്തിൻറെ ഒരു കൂട്ടായ്‌മയാണ്‌ ക്രിസ്തീയ ജീവിതം. അവിടെ പട്ടംകിട്ടിയവരുടെ മേൽക്കോയ്മ ഉണ്ടാകാൻ പാടില്ല. അധികാരം സേവനമാണ്. പഴയകാലത്തെ അനുസരണവ്രത ആശയമല്ലാ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അനുസരണവ്രതം.

അപ്പോൾ അനുസരണവ്രതത്തിൻറെ കാതൽ എന്താണ്? അത് മറ്റൊന്നുമല്ല. ഒരു പ്രത്യേക സാഹചര്യത്തെ പഠിച്ചശേഷം സ്വന്തം മനഃസാക്ഷിയോട് വിശ്വസ്തത പുലർത്തിക്കൊണ്ട് എടുക്കുന്ന തീരുമാനമാണ് അനുസരണവ്രതത്തിൻറെ കാതൽ. ഇവിടെ നമുക്ക് ലൂസി കളപ്പുര സിസ്റ്ററിൻറെ പുസ്‌തകം അച്ചടിച്ച് പബ്ലിഷ് ചെയ്‌ത സംഭവം ഒന്ന് വിശകലനം ചെയ്യാം. സിസ്റ്റർ ആ പുസ്തകം അച്ചടിക്കാൻ സഭാമേലധികാരികളോട് പലപ്രാവശ്യം അനുവാദം ചോദിച്ചു. ആ മഠത്തിലെ പല സിസ്റ്റർമാരുടെയും പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ, ആ സന്ന്യാസ സമൂഹത്തിനുതന്നെ അച്ചടിശാല സ്വന്തമായിട്ടുണ്ട്‌. എന്നിരിക്കെ, വിശദീകരണം ഒന്നുമില്ലാതെ ലൂസി സിസ്റ്ററിൻറെ അഭ്യർത്ഥനയെ സഭാധികാരം നിരസിച്ചു. അത് പഴയ പട്ടാള ശൈലിയാണ്. എന്നാൽ ലൂസി സിസ്റ്ററിന് ആ പുസ്‌തകം അവരുടെ സുവിശേഷ ജീവിതത്തിൻറെ ഭാഗമാണ്. ആ സിസ്റ്ററിൻറെ മനഃസാക്ഷിയുടെ വിളിയെ അവർ പിന്തുടരുമ്പോൾ, സിസ്റ്റർ ചോദിക്കുന്നതുപോലെ, പുസ്‌തകം അച്ചടിപ്പിക്കുന്നത് എങ്ങനെ അനുസരണവ്രതത്തിന് എതിരാകും? ഉത്തരവാദിത്വത്തോടെയുള്ള ചർച്ചകൾ വഴി പ്രശ്‍നത്തെ സഭാധികാരം പരിഹരിക്കേണ്ടതായിരുന്നു. പകരം ഏകപക്ഷീയമായി ലൂസി സിസ്റ്ററിൻറെ അഭ്യർത്ഥന വിലക്കിയതാണ് പ്രശ്‍നത്തെ വഷളാക്കിയത്. അധികാരികളുടെ ഹൃദയ കാഠിന്യംകൊണ്ടാണ് സഹപ്രവർത്തകരെ മനസ്സിലാക്കാൻ കഴിയാതെ പോകുന്നത്. ലൂസി സിസ്‌റ്ററിന് സംഭവിച്ച ക്ഷതം ആരറിയാനാണ്? പട്ടാള ഭരണ ശൈലി ഇന്നും മുറുകെ പിടിക്കുന്നതുകൊണ്ടാണ് ലൂസി സിസ്റ്ററിൻറെ മേലധികാരി അവരോട് വിശദീകരണം ചോദിച്ചുകൊണ്ട് കത്ത് അയച്ചത്. ലൂസി സിസ്റ്ററിൻറെ കഴിവിനെ പ്രോത്സാഹിപ്പിക്കുകയായിരുന്നു ആ സന്ന്യാസിനീസഭ ചെയ്യേണ്ടിയിരുന്നത്. ആറുലക്ഷത്തില്പരം വിശ്വാസികളുള്ള എർണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരെയോ സമർപ്പിതരെയോ അല്മായരെയോ ശ്രവിക്കാൻ സീറോ മലബാർ മെത്രാൻസിനഡ് കൂട്ടാക്കിയില്ല. എല്ലാ അധികാരവും തങ്ങളിലാണെന്നുള്ള വികല ദൈവശാസ്ത്രം അവരെ അന്ധരാക്കി. മെത്രാന്മാരും വൈദിക-സന്ന്യസ്ത- അല്മായ പ്രതിനിധികളും ഒന്നിച്ചുള്ള സഭയുടെ മഹായോഗമാണ് കുർബ്ബാന വിഷയത്തിൽ തീരുമാനമെടുത്തിരുന്നത് എങ്കിൽ സഭയിലെ കുർബ്ബാനപ്രശ്ന അനിഷ്ടസംഭവം ഒഴിവാക്കാമായിരുന്നു. അനുസരണവ്രതത്തെ വിശദീകരിക്കാൻ ഫ്രാൻസിസ് പാപ്പ അവതരിപ്പിച്ച ഉദാഹരണം, പത്രോസ് പ്രധാനപുരോഹിതനോടു പറഞ്ഞ മറുപടിയാണ്. "മനുഷ്യരെക്കാൾ ദൈവത്തെയാണ് അനുസരിക്കേണ്ടത് (അപ്പൊ. പ്രവ. 5: 27-33). അനുസരണവ്രതത്തെ സംബന്ധിച്ചിടത്തോളം വളരെ അർത്ഥവത്തായ ഒരു ഉദാഹരണമാണത്. പണ്ടത്തെ കീഴ്വണക്കം, കീഴ്പെടൽ എല്ലാം ഇന്ന് സ്വയംഭരണം, സ്വാതന്ത്ര്യം തുടങ്ങിയ യാഥാർത്ഥ്യങ്ങളെ സഭയും സന്ന്യാസാശ്രമങ്ങളും അഭിമുഖീകരിക്കേണ്ടിവരുന്നു. കുട്ടികളെപ്പോലെ അന്ധമായി ഉത്തരവാദിത്വമില്ലാതെ ആരും അനുസരിക്കുകയില്ല, ഈ കാലഘട്ടത്തിൽ. അനുസരണം ഉത്തരവാദിത്വമുള്ളതും ആരോഗ്യപരവും ആദ്ധ്യാത്മികമായ പ്രതിഫലം ലഭിക്കുന്നതുമാണ്. ഒരു സന്ന്യാസിയുടെ അകത്തും പുറത്തുമുള്ള ചിന്തയിലും വചനത്തിലും പ്രവർത്തിയിലും പൂർണവും അന്ധവുമായ വിധേയത്വം ഉണ്ടായിരിക്കണം എന്നാണ് അനുസരണവ്രതത്തെ അധികാരശ്രേണി നിർവചിക്കുന്നത്. അതിൽനിന്നുള്ള നിസാര വ്യതിയാനംപോലും വിയോജിപ്പും പാപവും നടപടി സ്വീകരിക്കേണ്ട കാര്യവുമാണ്. എന്നാൽ കാലത്തിൻറെ അടയാളങ്ങളെ മനസ്സിലാക്കി സുവിശേഷവെളിച്ചത്തിൽ ദൈവജനത്തിനുവേണ്ടി സ്വന്ത മനഃസാക്ഷിയുടെ വിവേചനാധികാരത്തിൽ ചിലപ്പോൾ സഭാധികാരത്തോട് വിയോജിക്കേണ്ടിവരും. അത് അനുസരണവ്രത ലംഘനമല്ലെന്ന് നാം മനസിലാക്കണം. വൈദികരുടെയോ സന്ന്യാസികളുടെയോ അല്മായരുടെയോ അനുസരണജീവിതം ബുദ്ധിഹീനമായ സമർപ്പണമല്ല. അത് സ്‌പഷ്ടമായ വിവേചനാധികാരത്തോടുകൂടിയ പ്രതിജ്ഞാബദ്ധതയാണ്.

എർണാകുളം-അങ്കമാലി അതിരൂപത, ഞാറക്കൽ, വഞ്ചി സ്‌ക്വയർ, ലൂസി സിസ്റ്റർ വിഷയങ്ങളിൽ പുരുഷാധിപത്യത്തിൻറെ കടന്നുകയറ്റം വളരെ വ്യക്തമാണ്. യേശു ഒരിക്കലും പത്രോസിനോടോ യോഹന്നാനോടോ മഗ്‌ദല മാറിയമിനോടോ തൻറെ മുമ്പിൽ കമഴ്ന്നു കിടന്ന് ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം എന്നീ വ്രതങ്ങൾ എടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. അതിനർത്ഥം യേശുവിൻറെ പഠനങ്ങളിലെ കാതലായ ഒരു ഇനമല്ല ഇന്നീ കൊട്ടിഘോഷിക്കുന്ന സന്ന്യാസ ജീവിതം. "വന്ന് എന്നെ അനുഗമിക്കക" (മർക്കോ. 1: 17) എന്ന യേശുവിൻറെ ക്ഷണം എല്ലാ ക്രിസ്ത്യാനികൾക്കുമുള്ള ക്ഷണമാണ്. ശിക്ഷ്യരുടെ കാലുകഴുകിയ യേശുവിന് (യോഹ. 13:) റോമൻ ശതാധിപനെപ്പോലെ (മത്താ. 8: 9) എങ്ങനെ കൽപ്പിക്കാൻ കഴിയും? ‘കാരണം കാണിക്കൽ’ നോട്ടീസൊക്കെ പുരുഷാധിപത്യം കൊടികുത്തിവാഴുന്ന അരമനകളിൽ നിന്നേ വരൂ. നഷ്ടപ്പെട്ട ആടിനെ അന്വഷിക്കുന്നതും (ലൂക്കാ. 15: 4-7) നാണയം നഷ്ടപ്പെട്ട സ്ത്രീയുടെ ഉപമയും (ലൂക്കാ. 15: 8-10) തിരിച്ചുവന്ന ദൂർത്തപുത്രനെ ആശ്ലേഷിച്ച് സ്വീകരിക്കുന്നതും (ലൂക്കാ. 15: 11-32) സഭാധികാരികളുടെ ബൈബിളിൽ കാണില്ല. വിശുദ്ധഗ്രന്ഥത്തെ പരമാവധി ഉപയോഗിച്ച്‌ അനുസരണവ്രതത്തെ വ്യാഖ്യാനിക്കുന്നത് അവരുടെ അധികാരത്തെ നിലനിർത്താൻവേണ്ടി മാത്രമാണ്. സ്വന്തം കാര്യലാഭത്തിനുവേണ്ടി അധികാരം ഉപയോഗിക്കുന്നത് അധികാര വഞ്ചനയാണ്. ഒരു കന്ന്യാസ്‌ത്രിയെയോ പുരോഹിതനെയോ സ്ഥലംമാറ്റുമ്പോൾ അവരോടാലോചിക്കാതെ ചെയ്യുന്നത് തെറ്റാണ്. അധികാരികൾ ഇടയന്മാരാണ്. അവർ ആടുകൾക്കുവേണ്ടി ജീവൻ അർപ്പിക്കാൻവരെ കടപ്പെട്ടവരാണ് (യോഹ. 10: 11). മലയാളി ക്രിസ്ത്യാനികളുടെ  സ്വർഗത്തിലേക്കുള്ള വഴിയിൽ നരകം വിതയ്ക്കലാണ് ജനാധിപത്യത്തിൻറെ ശത്രുക്കളും രാജാധിപത്യത്തിൻറെ വക്താക്കളുമായ സഭാധികാരികൾ ചെയ്തുകൊണ്ടിരിക്കുന്നത്. സമരംചെയ്‌ത കന്ന്യാസ്ത്രികളും അല്മായരും വൈദികരും അനുസരണമില്ലാത്ത തോന്ന്യാസക്കാരാണെന്ന് മുദ്രകുത്തുന്നത് വിശ്വാസികളെ ഭീഷണിപ്പെടുത്തി വിരട്ടിനിറുത്താൻ വേണ്ടിക്കൂടിയാണ്. കേരളത്തിലെ വിശ്വാസികൾ അഭിമുഖീകരിക്കുന്ന സമകാലിക  ദുരന്തമാണത്. സഭാധികാരികളുടെ യേശുവിരുദ്ധ നിലപാടാണത്. വിശ്വാസികൾ അനുസരണമില്ലാതെ പെരുമാറുന്നുയെന്ന് ചിന്തിക്കുന്നവർ എന്തുകൊണ്ട് സഭാധികാരികൾ നീതിരഹിതമായി അവരോട് പെരുമാറിയെന്നുകൂടി ചിന്തിക്കുന്നില്ല.
സഭാമേലധികാരികളുടെ നോട്ടത്തിൽ ആരാണീ നല്ല കന്ന്യാസ്ത്രികൾ? അച്ചന്മാരുടെ സഹായികൾ, അച്ചന്മാർക്ക് ഭക്ഷണം പാകംചെയ്യുന്നവർ,  അവരുടെ വസ്ത്രം അലക്കിത്തേച്ച് നൽകുന്നവർ, പള്ളിയൾത്താരയിൽ പൂക്കൾ വെച്ച് അലങ്കരിക്കുന്നവർ, മനഃസാക്ഷി വിരുദ്ധമായ കാര്യമായാൽപോലും സുപ്പീരിയറോട് അഭിപ്രായവ്യത്യാസമോ വിയോജിപ്പോ  പ്രകടിപ്പിക്കാത്തവർ, സഭയിലെ ഏത് അനീതിക്കും കൂട്ടുനിൽക്കുന്നവർ, വൈദികർക്കുവേണ്ടി ലൈംഗിക സഹായസഹകരണങ്ങൾ ചെയ്തുകൊടുക്കുന്നവർ, വൈദികർക്കു ജനിക്കുന്ന കുട്ടികളെ യാതൊരു ശങ്കയുമില്ലാതെ അനാഥാലയങ്ങളിൽ സ്വീകരിക്കുന്നവർ, രാപകലില്ലാതെ അദ്ധ്വാനിച്ച്‌ ആശ്രമത്തിനുവേണ്ടി സ്വത്ത് സമ്പാദിക്കുന്നവർ, സഭാധികാരികളോട് ഒട്ടിനിൽക്കുന്നവർ. ഇങ്ങനെ പോകുന്നു ആ ലിസ്റ്റ്. സഭാധികാരത്തിൻറെ നോട്ടത്തിൽ അത്തരം കന്ന്യാസ്ത്രികളെല്ലാം അനുസരണവ്രതം കൃത്യമായി പാലിക്കുന്നവരത്രെ! ആരാണീ നല്ല വൈദികർ? മെത്രാൻറെ ഏതു കല്പനയും ചോദ്യം ചെയ്യാതെ അനുസരിക്കുന്നവർ. ആരാണീ നല്ല കുഞ്ഞാടുകൾ? മെത്രാനെയും വൈദികരെയും ചോദ്യം ചെയ്യാതെ പള്ളിയ്ക്ക് പൈസ നൽകുന്നവർ! സ്വന്തം മനഃസാക്ഷിയോട് വിശ്വസ്തത പുലർത്തിക്കൊണ്ട് എടുക്കുന്ന തീരുമാനമാണ് അനുസരണത്തിൻറെ കാതൽ എന്ന സുപ്രധാന കാര്യത്തെ സഭാധികാരികൾ അവഗണിക്കുന്നതിൻറെ ആപത്താണ് ഇന്ന് സഭയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. 
"അവൻ.............ജനങ്ങളെ ഇളക്കിവിടുന്നു" ലൂക്കാ. 23: 5) എന്ന കുറ്റമാണ് യഹൂദ പുരോഹിതർ യേശുവിൽ ആരോപിച്ചത്. അത് യഹൂദ ദേവാലയത്തിൻറെയും റോമാ സാമ്രാജ്യത്തിൻറെയും നിലനില്പ്പിനെ അട്ടിമറിക്കുമെന്ന് അവർ കരുതി. അപ്പോൾ അവനെ ക്രൂശിക്കുക. വഞ്ചി സ്‌ക്വയർ സമരം പൂർണമായ പുരുഷ മേധാവിത്വത്തിനും ദൈവസ്ഥാപിത രാജവാഴ്ചക്കും ഭീഷണിയാണെന്ന് സഭാധികാരത്തിന് നല്ലതുപോലെ അറിയാം. അപ്പോൾ കന്ന്യാസ്ത്രികളെ ക്രൂശിക്കുക. കേരളത്തിൽ ആയിരക്കണക്കിന് കന്ന്യാസ്ത്രികൾ ഉണ്ട്. എൻറെ ഏക സഹോദരിയും ഒരു കന്ന്യാസ്ത്രിയാണ്. പ്രപഞ്ചസ്രഷ്ടാവിൻറെ മണവാട്ടികളെ നമുക്കെങ്ങനെ സ്നേഹിക്കാതിരിക്കാൻ കഴിയും? ഞാനും അവരെ സ്നേഹിക്കുന്നു. പക്ഷെ, കന്ന്യാസ്ത്രികളേ, നിങ്ങൾ ഉണരുവിൻ. നിങ്ങൾ നിങ്ങളുടെ കൂട്ടുസഹോദരികളോട് കരുണ കാണിക്കുവിൽ. നീതിയുടെ പക്ഷത്തു നില്കുവിൽ. തുല്ല്യതയുടെ ശിഷ്യത്വമാണ് നിങ്ങൾക്കുവേണ്ടത്. അനുസരണയുടെ പേരിൽ അടിമത്വമല്ല. ദൈവജനമേ നിങ്ങൾ ഉണരുവിൻ. മേലധികാരികളുടെ ദുഷ്പ്രഭുത്വത്തെ നിങ്ങൾ ചോദ്യം ചെയ്യുവിൻ. സ്വന്തം മനഃസാക്ഷിയോട് വിശ്വസ്തത പാലിക്കുവിൻ. യേശുശിഷ്യരുടെ വഴികാട്ടി യേശുതന്നെയെന്ന് നിങ്ങൾ തിരിച്ചറിയുവിൻ. യേശു നിങ്ങളെ കൈവിടുകയില്ല.

 

Join WhatsApp News
George Neduvelil 2025-08-31 03:25:32
ആയിരക്കണക്കിലുള്ള ആഗോള ക്രിസ്സ്തുമതവിഭാഗങ്ങളുടെ മേലാളന്മാർ-പ്രത്യേകിച്ചും കത്തോലിക്കാ സഭാമേധാവികൾ - അതിൽ വിശേഷിച്ചും കൊച്ചു കേരളത്തിലെ തലക്കനംമുറ്റിയ രൂപതാതന്തയാന്മാർ - തങ്ങളുടെ അടിമകളായ വിശ്വാസികൾ (സഭാംഗങ്ങൾ എന്നവർ അവകാശപ്പെടുന്നില്ലല്ലോ) ഒരു വ്രതമെന്നപോലെ തങ്ങളോട് അനുസരണം പാലിക്കണമെന്ന് അനുശാസിക്കുന്നു. സഭയുടെ ഈ അനുശാസനത്തിന് ശക്തിയും, യുക്തിയും, ദൈവികതയും പകരുവാൻ ചില സഭാമേലാളന്മാർ 'അനുസരണ'ത്തിന് ശ്രേഷ്ഠതരമായ പല വിശേണങ്ങളും ചാർത്തിക്കൊടുത്തിട്ടുണ്ട് അനുസരണം പുണ്യമാണ്, കടമയാണ്, അലങ്കാരകിരീടമാണ് എന്നൊക്കെയാണ് ദൈവശാസ്ത്രപാരംഗതനായ ഈശോസഭാ വൈദീകനായ ജെ. എ ഹാർഡൻ സമർത്ഥിക്കുന്നത്. കത്തോലിക്കാസഭയുടെ മതതത്വബോധനം അനുസരണം ഒരു ശ്രേഷ്ഠപുണ്യമായി ഉയർത്തിക്കാട്ടുന്നു. കടമയെന്നനിലയിൽ, വിശ്വാസികൾ, മേലധികാരികക്ക്‌ അനുയോജ്യവും സ്വീകാര്യവുമായ വിധത്തിൽ ഭയഭക്തിബഹുമാനത്തോടും, നന്ദിയോടും നല്ലമനസ്സോടും കീഴ്വഴങ്ങി അനുസരിക്കണമെന്നും സഭാനേതൃത്വം അനുശാസിക്കുന്നു. ഇപ്രകാരം പുണ്യപ്പെട്ടതും, അലങ്കാരമായതും, അതേസമയം കടമയായി അനുഷ്ഠിക്കേണ്ടതും വ്രതംപോലെ അലംഘനീയമായതുമെന്ന് സഭാധികാരികൾ വിശേഷിപ്പിക്കുന്ന ക്രിസ്തീയ അനുസരണത്തെ അവലംബമാക്കി ശ്രീ. ചാക്കോ കളരിക്കൻ കേരളക്രൈസ്തവികതയെ ആഴത്തിൽ അപഗ്രഥിക്കുന്നു. മാതാപിതാക്കളുടെ ക്രൈസ്തവികത പിൻതുടരുന്ന ഏവരുടേയും ശ്രദ്ധാപൂർവ്വമായ പഠനം ഈ അവലോകനം അർഹിക്കുന്നു. സാമ്പത്തികനേട്ടത്തിൽ കണ്ണുനട്ട്,ഞാറയ്ക്കൽ മഠം നടത്തിയിരുന്ന സ്ക്കൂൾ കൈക്കലാക്കാനുള്ള സംരഭം നടത്തിയ സഭാധികൃതർക്കെതിരെ കോടതിയിൽപോയ കന്യാസ്ത്രികൾക്കെതിരെ സഭാധികാരികൾ അനുസരണത്തിൻറെ വാൾ വീശി. വഞ്ചിസ്‌ക്വയറിലെ സമരത്തിനോട് അനുഭാവം പ്രകടിപ്പിച്ച സന്യസ്തരുടെ തലക്കുമീതെയും അതേവാൾ ഉയർത്തപ്പെട്ടു. സിസ്റ്റർ ലൂസി കളപ്പുരയേയും അനുഭാവികളെയും ആ വാൾ മിന്നിച്ചു കാണിച്ചു നിലക്കുനിറുത്താൻ വൃഥാ ശ്രമംനടത്തി. സഭാതലവന്മാർ, കന്യാസ്ത്രീകളെ പീഡിപ്പിച്ചാലും, സഭാംഗങ്ങളെ പീഡിപ്പിച്ചാലും, സഭയുടെ സ്വത്തുക്കൾ കട്ടുമുടിച്ചാലും, പെടുവിലക്കുവിറ്റാലും, അനുസരണം വ്രതവും, കടമയും, പുണ്യവും, അലങ്കാരവുമെന്ന് മസ്തിഷ്‌ക്കപ്രക്ഷാളനം ചെയ്യപ്പെട്ടിരിക്കുന്ന മൊണ്ണ വിശ്വാസികൾക്ക് വായ്‌ തുറക്കാൻ അവകാശമില്ല. വായ് തുറക്കുന്നവൻ സഭാശത്രുവാണ്‌. പരിശുദ്ധാരൂപിയുടെ ഇഷ്ടങ്ങളും ആശയങ്ങളുമാണ് റോബിനച്ചനും, ഫ്രാങ്കോ മുളക്കനും, മാർ ആലഞ്ചേരിയും നടപ്പാക്കാൻ ശ്രമിച്ചത്. അവരെ തടഞ്ഞാൽ, അവർക്കെതിരെ ശബ്‌ദിച്ചാൽ, അത് പരിശുദ്ധാരൂപിക്കെതിരായുള്ള പാപമായി ഗണിക്കപ്പെടു!. പരിശുദ്ധാരൂപിക്കെതിരായുള്ള തെറ്റുകൾ ഒരിക്കലും ക്ഷമിക്കപ്പെടുകയില്ലെന്ന് സഭാധികാരം മുൻ‌കൂർ തെര്യപ്പെടുത്തിയിട്ടുള്ളതാണല്ലോ? അതുകൊണ്ട്, അനുസരണം വ്രതമാക്കൂ, കടമയാക്കൂ, പുണ്യമാക്കൂ, അലങ്കാരമാക്കൂ! മൊണ്ണവിശ്വാസികളെ നിങ്ങൾ ലോകാവാസാനത്തോളം മൊണ്ണകളായി മരുവുക. മരണശേഷം സ്വർഗരാജ്യം നിങ്ങൾക്ക് സ്വന്തമാകും!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക