രണ്ടടി നീളമുള്ള വടിവാൾ പോലത്തെ ആയുധവുമായി തെരുവിൽ ഭീതി ഉയർത്തിയ സിഖ് വംശജനെ വെടിവച്ചു കൊന്നുവെന്നു ലോസ് ഏഞ്ജലസ് പോലീസ് സ്ഥിരീകരിച്ചു. ഗുർപ്രീത് സിംഗ് (35) ഫിഗുറേ സ്ട്രീറ്റിനും ഒളിമ്പിക് ബൊളിവാർഡിനും സമീപം തെരുവിൽ ഭീഷണി ഉയർത്തുന്നു എന്ന വിവരം കിട്ടിയപ്പോഴാണ് പോലീസ് എത്തിയത്. ജൂലൈ 13നായിരുന്നു സംഭവം.
സിംഗ് ആയുധം വഴിപോക്കരുടെ നേരെ ഓങ്ങിയെന്നു 911ൽ ലഭിച്ച പരാതികളിൽ പറഞ്ഞിരുന്നു. സിഖ് ആയോധന പരിപാടികളിൽ ഉപയോഗിക്കുന്നതാണ് 'ഗഡ്ക്ക' എന്നും 'ഖണ്ഡ' എന്നും അറിയപ്പെടുന്ന ആയുധം.
അതുപയോഗിച്ചു സിംഗ് സ്വന്തം നാവു മുറിച്ചെന്നും ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു. ആയുധം താഴെയിടാൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സിംഗ് വഴങ്ങിയില്ലെന്നു പോലീസ് പറയുന്നു. വെള്ളത്തിന്റെ കുപ്പി പോലിസിനു നേരെ വലിച്ചെറിഞ്ഞ ശേഷം അയാൾ കാറിൽ കയറി.
പോലീസ് അയാളെ പിന്തുടർന്നു. കാർ ഓടിക്കുമ്പോഴും അയാൾ ആയുധം പുറത്തേക്കിട്ടു ഭീഷണി മുഴക്കി. ഒടുവിൽ ഫിഗോറ സ്ട്രീറ്റിനടുത്തു വച്ച് സിംഗിന്റെ കാർ ഒരു പോലീസ് കാറുമായി കൂട്ടിമുട്ടി.
ഓഫിസർമാർ സമീപിച്ചപ്പോൾ അയാൾ ആയുധമെടുത്തു വീശി എന്നാണ് പോലീസിന്റെ വിശദീകരണം. അപ്പോൾ അവർക്കു വെടി വയ്‌ക്കേണ്ടി വന്നു. പരുക്കേറ്റ സിംഗിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടഞ്ഞു.
LAPD video shows shooting of armed Sikh