Image

ഓണത്തിന് ചന്ദനലേപസുഗന്ധം പരത്തി ജൂബിലേറിയന്‍ ഇവാനിയോസ് (കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 30 August, 2025
ഓണത്തിന് ചന്ദനലേപസുഗന്ധം പരത്തി  ജൂബിലേറിയന്‍ ഇവാനിയോസ് (കുര്യന്‍ പാമ്പാടി)

Photo: ഇവാനിയോസിലെ ഓണം: മഹാബലിയുടെ വലത്ത്  സംഘാടക  ഡോ. റെനി സ്‌കറിയ

കേരള യൂണിവേഴ്‌സിറ്റി പോലെയോ യൂണിവേഴ്സിറ്റി കോളേജ് പോലെയോ  സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസപുരോഗതിക്കു  വെള്ളിവെളിച്ചം പകര്‍ന്ന കലാലയമാണ് തിരുവനന്തപുരത്തെ മാര്‍ ഇവാനിയോസ് കോളേജ്. 1949ല്‍ തുറന്ന കോളജ്  75  വര്‍ഷത്തിനുളില്‍ വിശ്വമാനവരായിത്തീര്‍ന്ന നിരവധി പേരുടെ മാതൃവിദ്യാലയമായി. 

75 വര്‍ഷത്തെ ചരിത്രം തുടിക്കുന്ന മാര്‍ ഇവാനിയോസ് കാമ്പസ്

വാഷിങ്ങ്ടനില്‍  വേള്‍ഡ് ബാങ്ക്  വൈസ് പ്രസിഡന്റ് ആയിരുന്ന ഡോ. വിനോദ് തോമസ്, എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍, കാവ്യകാരനും മുന്‍ വൈസ് ചാന്‍സലറും മുന്‍ ചീഫ് സെക്രട്ടറിയുമായ  കെ. ജയകുമാര്‍, രാഷ്രപതിയുടെ സെക്രട്ടറിയായിരുന്ന ഡോ, ക്രിസ്റ്റി ഫെര്‍ണാണ്ടസ്, ക്രിക്കറ്റര്‍ സഞ്ജു  സാംസണ്‍, നടീനടന്മാരായ ജഗതി, ജഗദീഷ്, ചിപ്പി, പ്രിയങ്ക, ഗായകര്‍  ജി. വേണുഗോപാല്‍, വിധു പ്രതാപ്, ജാസി ഗിഫ്റ്റ് എന്നിങ്ങനെ നീളുന്നു ഇവാനിയോസിന്റെ താരങ്ങള്‍.

ജഗതിക്കു  ആദരവ്-കര്‍ദിനാള്‍ ക്ളീമിസ്, മാര്‍ പോളികാര്‍പസ്, എബി ജോര്‍ജ്, നന്ദുലാല്‍

തിരുവിതാംകൂര്‍  സര്‍വകലാശാലയിലെ ആദ്യത്തെ പ്രൈവറ്റ് കോളജായി 1949 ഓഗസ്‌റ് ഒന്നിന്  മാര്‍ ഇവാനിയോസ് സ്ഥാപിച്ച വിദ്യാലയം  രവീന്ദ്രനാഥ ടാഗോറിന്റെ ശാന്തിനികേതനെ മാതൃകയാക്കിയാണ് നാലാംചിറയിലെ ബഥനി ഹില്‍സില്‍ രൂപം കൊള്ളുന്നത്. അമ്പത് വര്‍ഷം  കഴിഞ്ഞു കേരള യൂണിവേഴ്സിറ്റിയില്‍ നാക് അക്രഡിറ്റേഷന്‍ നേടുന്ന ആദ്യ കോളജ് ആയി. 2004ല്‍ എ ഗ്രേഡിനേടി. 2011 ല്‍ സിപിഇ (കോളജ് വിത്ത് പൊട്ടന്‍ഷ്യല്‍ ഫോര്‍ എക്‌സലന്‍സ്) പദവി, 2014ല്‍ ഓട്ടോണമസ്.

പ്രിന്‍സിപ്പല്‍  ഡോ. മീര ജോര്‍ജ്; ആദ്യ വനിതാ പ്രിന്‍സിപ്പല്‍ ഡോ.വിക്ടോറിയ

നൂറ്റിരുപത്തഞ്ചു ഏക്കറില്‍ 2750  വിദ്യാര്‍ഥികളും 145 അദ്ധ്യാപകരുമുള്ള കലാലയം ആര്‍ട്‌സിലും സയന്‍സിലും മാസ്റ്റേഴ്സും ഡോക്ടറല്‍ ഗവേഷണവും നടത്തുന്ന സ്ഥാപനമാണ്. ഫ്രഞ്ച്, സിറിയക് വിഷയങ്ങളില്‍ കോഴ്സുകളുണ്ട്. കലയിലും കായിക മത്സരങ്ങളിലും ഉജ്ജ്വല നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ഇനി സമ്പൂര്‍ണ സര്‍വകലാശാലാ പദവിയേ ബാക്കിയുള്ളു.

എം.ടി. ചിത്രങ്ങളുടെ ഫെസ്റ്റിവല്‍

ബോട്ടണി അധ്യാപിക  ഡോ. പി.കെ. വിക്ടോറിയ കോളജിലെ പ്രഥമ വനിതാ പ്രിന്‍സിപ്പലായി നിയ മിതയായതു 2023ല്‍. സുവോളജിയിലെ ഡോ. മീര ജോര്‍ജാണ്  ഇപ്പോള്‍ ഇരുപതാമത്തെ പ്രിന്‍സിപ്പല്‍. ആ പദവിയിലേറുന്ന രണ്ടാമത്തെ  വനിത. ഇംഗ്‌ളീഷ് അദ്ധ്യാപിക ഡോ, റെനി സ്‌കറിയയാണ്  വൈസ് പ്രിന്‍സിപ്പല്‍.

പ്ലാറ്റിനം ജൂബിലി പ്രമാണിച്ചു പൂവ്വവിദ്യാര്‍ത്ഥി സംഘടന അമികോസ് (സുഹൃത്തുക്കള്‍ എന്നര്‍ത്ഥമുള്ള സ്പാനിഷ് പദം അമിഗോസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മുന്‍ പ്രിന്‍സിപ്പല്‍ റവ.ഡോ.ഗീവര്‍ഗീസ് പണിക്കര്‍ രൂപീകരിച്ച  'എന്നെ അസോസിയേഷന്‍ ഓഫ് മാര്‍ ഇവാനിയോസ് കോളേജ് ഓള്‍ഡ്  സ്റ്റുഡന്റസ്') ഒരാഗോള  സംഗമം സംഘടിപ്പിച്ചു. യുഎസ്, കാനഡ, യുഎഇ, ഖത്തര്‍, ഓസ്ട്രേലിയ തുടങ്ങിയ  രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ 6200 പേര്‍ പങ്കെടുത്തു. ജഗതി ഉള്‍പ്പെടെയുള്ള സീനിയേഴ്സിന് ആദരാഞ്ജലി അര്‍പ്പിച്ചു. ബഹുമാനിതനായ ഏറ്റവും പ്രായം കൂടിയ ആള്‍ 95  കവിഞ്ഞ ഇക്ബാല്‍,

ഭട്ടതിരിയുടെ കാലിഗ്രാഫി, സാഹിത്യ സംവാദം ഇങ്ക്‌ഫോറിയ

മുക്കാല്‍ നൂറ്റാണ്ടിനുള്ളില്‍ കാമ്പസിലൂടെ  കടന്നു പോയവര്‍ക്ക് പുതിയ ക്ലാസ്സ്മുറികളിലിരുന്നു പണ്ടത്തെ അദ്ധ്യാപകരുടെ ലക്ച്ചറുകള്‍ കേള്‍ക്കാന്‍ അവസരം ഒരുക്കി.  ലോകത്തു മറ്റൊരിടത്തും ഇങ്ങിനെയൊരു സംഗമം നടന്നതായി കേട്ടിട്ടില്ല. ഗ്ലോബല്‍ ബിസിനസ് മീറ്റ്, പൂര്‍വവിദ്യാര്ഥികളായ രാജീവ് ഒഎന്‍വി, റോണി റാഫേല്‍, വിധു പ്രതാപ് തുടങ്ങിയവയുടെ ഗാനമേള, അത്താഴ വിരുന്ന് തുടങ്ങിയവ നടന്നു.

ജൂബിലി ജനറല്‍ കണ്‍വീനര്‍ എബി ജോര്‍ജ് രചിച്ച 'ശ്രുതിലയമധുരം കലാലയ കാലം' എന്ന  അവതരണ ഗാനത്തിനു റോണി റാഫേല്‍ സംഗീതം പകര്‍ന്നു. വിധുപ്രതാപ് തുടക്കം കുറിച്ച ഗാന ചിത്രീകരണത്തില്‍  എബിയോടൊപ്പം  ജഗദീഷ്, ചിപ്പി, ജാസി ഗിഫ്റ്റ്   ഉള്‍പ്പടെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ അണിനിരന്നു. പാടാന്‍  അപര്‍ണ രാജീവ്, രേഷ്മ രാഘവേന്ദ്ര, മഞ്ജു തോമസ് തുടങ്ങിയവരും.  കണ്ണിനും കാതിനും ആഹ്‌ളാദം പകര്‍ന്ന ആറു മിനിറ്റ്.

പാലിംപ്‌സ് സെസ്‌റ്‌സ്  ഓഫ് മെമ്മറി, കാര്‍ഗില്‍ അനുസ്മരണം

ജൂബിലി പരിപാടികള്‍ കോര്‍ത്തിണക്കി 'ലെഗസി ഇന്‍ പ്രിന്റ്' എന്ന പേരില്‍ ഒരു കോഫി ടേബിള്‍ ബുക്ക് ജനുവരിയില്‍  പൂത്തിറങ്ങുമെന്നു  എബി അറിയിച്ചു. മുന്‍ പ്രൊഫസര്‍ ജോര്‍ജ് ഓണക്കൂര്‍ ജനറല്‍ എഡിറ്റര്‍. രണ്ടു പതിറ്റാണ്ടോളം പിന്‍സിപ്പല്‍ ആയിരുന്ന ഡോ. ഗീവര്‍ഗീസ് പണിക്കരുടെ ആധികാരിക  ജീവിത കഥ ഡോ. പോള്‍  മണലിലിനോടൊപ്പം രചിച്ച ആള്‍ കൂടിയാണ് എബി. സാമൂഹ്യ സേവകന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലും മികവ് തെളിയിച്ചിട്ടുണ്ട്.  

അമികോസ് അധ്യക്ഷനായ ഡോ. കെ. ജയകുമാര്‍ ഐഎഎസ് ആയിരിക്കണം പഴയ അധ്യാപകരെ പൂര്‍വ വിദ്യാത്ഥികള്‍ക്കു  മുമ്പില്‍ അവതരിപ്പിക്കുക എന്ന  അനവദ്യ സുന്ദരമായ ആശയത്തിനു പിന്നില്‍. 'തുഞ്ചന്‍ പറമ്പിലെ  തത്തേ' പാടിയ തിരൂരില്‍ എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയുടെ വൈസ്ചാന്‍സലറായി തിളങ്ങിയ അദ്ദേഹത്തിന്റെ 'ഒരു വടക്കന്‍ വീരഗാഥ'യിലെ 'ചന്ദനലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ' ആസ്വദിക്കാത്തവര്‍ ആരുണ്ട്?

അമികോസ് ആന്തം പാടിയ പൂര്‍വവിദ്യാര്‍ഥികള്‍, രചയിതാവ് എബി ജോര്‍ജ് നടുവില്‍

അമികോസിന്റെ ആദ്യ പ്രസിഡന്റ് മുന്‍ പ്രിന്‍സിപ്പല്‍ മാത്യൂസ്  മാര്‍ പോളികാര്‍പസ്. ആയിരുന്നു. എബി ജോര്‍ജ് ആറു വര്‍ഷം  പ്രസിഡന്റ്  ആയി. ഇപ്പോഴത്തെ അധ്യക്ഷന്‍ കെ. ജയകുമാര്‍ ആണ്. സെക്രട്ടറി മുന്‍ ബോട്ടണി  പ്രൊഫസര്‍ ചെറിയാന്‍ പണിക്കര്‍.

സാഹിത്യം, നൃത്തം, നാടകം, സിനിമ തുടങ്ങി സാംസ്‌കാരിക കേരളത്തിന്റെ സമസ്തമേഖലകളിലെയും  പ്രതിഭകളെ അണിനിരത്തി സംഘടിപ്പിച്ച പരിപാടികള്‍ മറക്കാനാവില്ല. ഡല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫ. ഡോ.പി. കൃഷ്ണന്‍ ഉണ്ണി നയിച്ച 'പാലിംപ്‌സ് സെറ്റ്സ്  ഓഫ് മെമ്മറി'യും കാലിഗ്രാഫിസ്റ്റ് up ഭട്ടതിരിയുടെ  ലെറ്റേഴ്‌സ് ഇന്‍ മോഷന്‍ ശില്‍പ്പ ശാലയും  അവയില്‍ ചിലതു മാത്രം. കാര്‍ഗില്‍ വിജയ് ദിവസ് ആചരണം മറ്റൊന്ന്.

ജേര്‍ണലിസം ആന്‍ഡ് മാസ്സ്  കമ്മ്യൂണികേഷന്‍ വകുപ്പ് എം.ടിയുടെ ചിത്രങ്ങള്‍ അണിനിരത്തി സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവലും അവിസ്മരണീയം.ചുരുക്കത്തില്‍ സര്‍വകലാശാലയുടെ ഏറ്റവും ഊര്‍ജസ്വലമായ ക്യാമ്പസായി മാര്‍ ഈവാനിയോസ് തിളങ്ങി.

ഇവാനിയോസിനോടു ചേര്‍ന്ന സര്‍വോദയ സ്‌കൂളില്‍ ഓണം: നടുവില്‍ പ്രിന്‍സിപ്പല്‍ ഡോ ഷെര്‍ളി

കായിക രംഗത്തും  മാര്‍ ഇവാനിയോസിന്റെ സംഭാവന ശ്രദ്ധേയമാണ്.  ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍ പൂര്‍വ വിദ്യാര്‍ത്ഥിയാണെന്നു പറഞ്ഞല്ലോ. ഇക്കൊല്ലം പാരീസില്‍ നടന്ന ലോക പാരാ അത് ലറ്റിക്‌സ് ഗ്രാന്‍പ്രീയില്‍ കോളജിലെ മഹമ്മദ് ബേസില്‍ 100 മീറ്ററില്‍ സ്വര്‍ണമെഡല്‍ നേടി. പികെ ഐശ്വര്യയും അമൃത് പി. പ്രസാദും ഗോവ നാഷണലില്‍ നെറ്റ്‌ബോളില്‍ ബ്രോണ്‍സ്  നേടി ഹോങ്കോങ്ങില്‍ മത്സരത്തിന് പോയി. അങ്ങിനെ ഒരുപാടു പ്രതിഭകളുടെ ഈറ്റില്ലമാണ് മാര്‍ ഇവാനിയോസ് എന്നു  ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വകുപ്പ് മേധാവി ലഫ്. ഡോ. ടോം  തോമസ്.

 

മാര്‍ ഇവാനിയോസുമായി എനിക്കുള്ള ബന്ധം കോട്ടയം സിഎംഎസ് കോളജില്‍  ഇംഗ്‌ളീഷ് എംഎ ചെയ്ത സ്റ്റിവരട്ട്  ജെയിംസ് മുഖേനയാണ്. സിഎംഎസില്‍ അദ്ദേഹം എസ്.സി.എം. (സ്റ്റുഡന്റ്  ക്രിസ്ത്യന്‍ മൂവ്‌മെന്റ്}  പ്രസിഡന്റും ഞാന്‍ സെക്രട്ടറിയുമായിരുന്നു. നല്ലൊരു ഗായകന്‍.  അദ്ദേഹം ഇവാനിയോസില്‍ ഇംഗ്‌ളീഷ് വകുപ്പ് അധ്യ ക്ഷനായി. മകള്‍ ഡോ. ഷെര്‍ളി സുരേഷ് ഇംഗ്‌ളീഷ് വകുപ്പ് മേധാവിയും വൈസ് പ്രിന്‍സിപ്പലുമായി റിട്ടയര്‍ ചെയ്തു. ഇപ്പോള്‍ അതേ  ക്യാമ്പസിലുള്ള സര്‍വോദയ സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍.

പാരീസില്‍ സ്വര്‍ണം നേടിയ മഹമ്മദ് ബേസില്‍, ഗോവയില്‍ ഓട് നേടിയ ഐശ്വര്യ, അമൃത

ഞാന്‍ ജീവിതകാലം മുഴുവന്‍ ആഘോഷിച്ച ജേര്‍ണലിസം  മേഖലയില്‍ ആണ് ഷെര്‍ളിയുടെ മകള്‍ കൃപ എന്നത് കൂടുതല്‍ സന്തോഷം പകരുന്നു. പാരീസിലെ സ്‌പെയോസ് സ്‌കൂളില്‍ ഫോട്ടോ ജേര്‍ണലിസം കോഴ്‌സ് പൂര്‍ത്തിയാക്കായി മടങ്ങിയെത്തിയിട്ടേ ഉള്ളു. കൃപ.  സ്വാഗതം.

മലയാള മനോരമയില്‍ എന്റെ സഹപ്രവര്‍ത്തകന്‍ ആയിരുന്ന ഡോ.പോള്‍ മണലില്‍ മാര്‍ ഇവാനിയോസിന്റെ പൂര്‍വ വിദ്യാര്‍ത്ഥിയാണ്. എന്റെ സഹോദരി ലളിതയുടെ മകന്‍ ഏബ്രഹാം ജോര്‍ജ് കല്ലൂരും അലുംനി. മദ്രാസ് ക്രിസത്യന്‍ കോളജില്‍ എംഎ ഇംഗ്ലീഷ് ചെയ്ത ഏബ്രഹാം  ഇപ്പോള്‍ സൗത്ത് ആഫ്രിക്കയിലെ ചരിത്രപ്രധാനമായ പിറ്റര്‍മാരിസ്ബഗില്‍ 'ദി വിറ്റ്‌നസ്' പത്രത്തില്‍ എഡിറ്റര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക