കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി മഹുവാ മൊയ്ത്ര നടത്തിയ പരാമർശം വിവാദത്തിൽ. അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരുടെ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് അമിത് ഷായുടെ തലവെട്ടി മേശപ്പുറത്തുവെക്കണമെന്ന് മൊയ്ത്ര പറഞ്ഞത്. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മൊയ്ത്ര.
‘അതിർത്തി സുരക്ഷയെക്കുറിച്ചുള്ള ഉത്തരവാദിത്വങ്ങളിൽ നിന്ന് കേന്ദ്രസർക്കാർ ഒഴിഞ്ഞുമാറുകയാണ്. അതിർത്തികൾ സംരക്ഷിക്കാൻ ആരുമില്ലെങ്കിൽ, മറ്റൊരു രാജ്യത്തുനിന്നുള്ളവർ നമ്മുടെ നാട്ടിലേക്ക് കടന്നുവരുന്നെങ്കിൽ, നുഴഞ്ഞുകയറ്റക്കാർ നമ്മുടെ ഭൂമി തട്ടിയെടുക്കുന്നുണ്ടെങ്കിൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത് അമിത് ഷായുടെ തലവെട്ടി നിങ്ങളുടെ മേശപ്പുറത്തുവെക്കുകയാണ്’എന്നാണ് മഹുവ പറഞ്ഞത്.
‘ആഭ്യന്തര വകുപ്പിനും ആഭ്യന്തര മന്ത്രിക്കും രാജ്യ അതിർത്തികൾ സംരക്ഷിക്കാൻ കഴിയാത്തപ്പോൾ, നുഴഞ്ഞുകയറ്റക്കാർ നമ്മുടെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് പ്രധാനമന്ത്രി തന്നെ പറയുന്നു. ഇതിൽ ആരുടെ ഭാഗത്താണ് തെറ്റ്. അത് നമ്മുടെ തെറ്റാണോ അതോ അവരുടേതാേ’ എന്നും മഹുവ ചോദിച്ചു. അതേസമയം പരാതി നൽകിയതിനെ കുറിച്ചോ വിവാദത്തെ കുറിച്ചോ കൃഷ്ണനഗർ എംപിയായ മഹുവ പ്രതികരിച്ചിട്ടില്ല.