'നിന്റെ തൂലികയിൽ നിന്നും
അടർന്നു വീണതെല്ലാം
എന്റെ ഇരുട്ട് വീണ വഴികളിലെ
വെളിച്ചമായിരുന്നു..
ഒന്നിച്ചൊരു പൂത്താലമേന്തിയില്ല,
ഒരുമിച്ചൊരു ഉത്രാടസന്ധ്യയെ
എതിരേറ്റില്ല..
എന്നിട്ടും ആവണിമുറ്റത്തെ
പൂക്കളെല്ലാം നിനക്കായി
വിരുന്നൊരുക്കി കാത്തുനിൽക്കുന്നു.
ഓരോ ചിങ്ങപുലരികളും
നിന്റെ പുഞ്ചിരിക്കായി
സാമിപ്യത്തിനായി കൊതിക്കുന്നു.
ആമ്പൽ കുളങ്ങളും
സർപ്പക്കാടുകളും
എകാന്തതയെ പ്രണയിനിയാക്കിയ
തോട്ടിറമ്പിലെ ചെമ്പരത്തിക്കാടുകളും
താറാവിൻ കുഞ്ഞുങ്ങളെപ്പോലെ
വരി വരിയായൊഴുകിയ
ശീമക്കൊന്ന പൂക്കളും
നിറഞ്ഞ നിന്റെ നാട്
അല്ല നമ്മുടെ നാട് വെമ്പൽ
കൊള്ളുന്നു.. നിനക്കായ്..
ഒരു വട്ടം വരുമെങ്കിൽ
ഒന്ന് നിറയെ കാണുമ്പോൾ
നിനക്ക് നിന്നെ
നഷ്ടപ്പെടാതിരിക്കാൻ
ഞാനെന്നെ കാത്തുവയ്ക്കുന്നു...
നിന്റെ ചുംബനമേറ്റുവാങ്ങുവാൻ
ഒരു ജൻമ്മത്തിൽ
വിടർന്നുല്ലസിക്കുമൊരു
ചെന്താമരയെ ഹൃദയത്തിൽ
സൂക്ഷിക്കുന്നു..
എനിക്കെന്നെ
നഷ്ടപ്പെടാതിരിക്കാൻ.!!