കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ ധര്‍മ്മസ്ഥലയില്‍ കാണാതായതോ കൊല്ലപ്പെട്ടതോ ആയ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നീതി ആവശ്യപ്പെട്ട് കര്‍ണാടകയിലുടനീളമുള്ള വനിതാ സംഘടനകളും സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളും സംസ്ഥാന വ്യാപകമായി പ്രചാരണം ആരംഭിച്ചു.
''കൊണ്ടവരു യാരു- ധര്‍മ്മസ്ഥലയില്‍ സ്ത്രീകളെ കൊന്നതാര്” എന്ന് പേരിട്ടിരിക്കുന്ന ഈ പ്രചാരണം വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്. കര്‍ണാടക സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ ഡോ. നാഗലക്ഷ്മി ചൗധരിക്ക് സംഘടനകള്‍ നിവേദനം സമര്‍പ്പിക്കുകയും ചെയ്തു.
ധര്‍മ സ്ഥലയില്‍ കൂട്ടക്കുഴിമാങ്ങളുണ്ടെന്ന് ആരോപിച്ച ശുചീകരണ തൊഴിലാളിയെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അറസ്റ്റ് ചെയ്തിരുന്നു. വ്യാജമായ തെളിവുകള്‍ ഹാജരാക്കി എന്നാരോപിച്ചാണ് പരാതിക്കാരനെതിരേ കേസെടുത്തത്. ഇയാള്‍ കുഴിച്ചെടുത്തതാണെന്ന് പറഞ്ഞ് ഹാജരാക്കിയ തലയോട്ടി വ്യാജമാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. എന്നാല്‍, ഉന്നത ഇടപെടലില്‍ അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്ന് പൗരാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്.
2012-ല്‍ സൗജന്യയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതും, 1986-ല്‍ പത്മതലതയെ കൊലപ്പെടുത്തിയതും, 1979-ല്‍ അധ്യാപികയായ വേദവള്ളിയെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്നതുമടക്കം തീര്‍പ്പാക്കാത്ത കേസുകളുടെ ഒരു നിര തന്നെയുണ്ടെന്ന് വനിതാ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. പോലീസിന്റെ അനാസ്ഥ, രാഷ്ട്രീയ ഇടപെടല്‍, പൊതുജനങ്ങളുടെ നിസ്സംഗത എന്നിവ കാരണം കുറ്റവാളികള്‍ പതിറ്റാണ്ടുകളായി ശിക്ഷിക്കപ്പെടാതെ പോകാന്‍ ഇടയാക്കിയെന്നും അവര്‍ ആരോപിച്ചു.
”ഇത് വ്യക്തിഗതമായ കേസുകളെക്കുറിച്ചുള്ളതല്ല. മറിച്ച് സ്ത്രീകളുടെ അന്തസ്സും സുരക്ഷയും നീതിയും ഉറപ്പാക്കുന്നതിനെക്കുറിച്ചാണ്,” വനിതാ സംഘടനാ പ്രതിനിധികള്‍ പ്രസ്താവനയില്‍ അറിയിച്ചു. ”നിഷ്പക്ഷവും ഇരകളെ കേന്ദ്രീകരിച്ചുള്ളതുമായ അന്വേഷണത്തിനായി ഞങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് തുടരും, സര്‍ക്കാരിനെ ഇക്കാര്യത്തില്‍ മറുപടി പറയേണ്ടി വരും’
രാഷ്ട്രീയ ഇടപെടലുകളില്ലാതെ അന്വേഷിക്കാനും ധര്‍മ്മസ്ഥലയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഉള്‍പ്പെടുത്താനും ഈ വര്‍ഷം ആദ്യം രൂപീകരിച്ച സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനോട് (SIT) നിവേദനത്തില്‍ ആവശ്യപ്പെട്ടു. കൂടാതെ സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കുക, മന്ത്രിമാര്‍ പക്ഷപാതപരമായ പ്രസ്താവനകള്‍ പിന്‍വലിക്കുക, മതപരവും പൊതുവുമായ സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
മാധ്യമ വിചാരണകള്‍, സാക്ഷികളെ ഭീഷണിപ്പെടുത്തല്‍, SITയുടെ നിഷ്പക്ഷതയെ തുരങ്കം വെക്കാനുള്ള ശ്രമങ്ങള്‍ എന്നിവയെക്കുറിച്ച് സംഘടനാ പ്രതിനിധികള്‍ ആശങ്ക പ്രകടിപ്പിച്ചു. പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെടെ ഉന്നതരുടെ കേസുകളില്‍ മുന്‍പ് ഇടപെട്ടിട്ടുള്ള വനിതാ കമ്മീഷന്‍ അധ്യക്ഷ ഡോ. നാഗലക്ഷ്മി ചൗധരി ഈ കേസുകളില്‍ ഉത്തരവാദിത്തം ഉറപ്പാക്കുമെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
നാവെദ്ദു നില്ലടിദ്രെ, ജനവാദി മഹിളാ സംഘടനെ, മാനസ ബലഗ, കര്‍ണാടക സ്റ്റേറ്റ് വിമന്‍സ് ആന്റി-അട്രോസിറ്റി ഫോറം, ഉള്‍പ്പെടെ നിരവധി സംഘടനാ പ്രതിനിധികള്‍ കമ്മീഷനെ സന്ദര്‍ശിച്ച സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു.
ബുധനാഴ്ച, സംഘടനാ പ്രതിനിധികള്‍ കര്‍ണാടക ഡി.ജി.പിയെ കണ്ട്, കേസുകളിലെ സാക്ഷികളെ ലക്ഷ്യമിടുന്ന മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.