Image

ഷി ജിന്‍പിങ്ങുമായും പുടിനുമായുമുള്ള മോദിയുടെ 'ചൈനാ ചര്‍ച്ച'യ്ക്ക് കാതോര്‍ത്ത് ലോകം (എ.എസ് ശ്രീകുമാര്‍)

Published on 30 August, 2025
ഷി ജിന്‍പിങ്ങുമായും പുടിനുമായുമുള്ള മോദിയുടെ 'ചൈനാ ചര്‍ച്ച'യ്ക്ക് കാതോര്‍ത്ത് ലോകം (എ.എസ് ശ്രീകുമാര്‍)

ഇന്ത്യയ്‌ക്കെതിരെ അമേരിക്ക വ്യാപാര യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനാ സന്ദര്‍ശനത്തിന് അതീവ പ്രാധാന്യമുണ്ട്. മേഖലയിലെ രാഷ്ട്രീയ-സാമ്പത്തിക ശക്തികള്‍ക്കിടയില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ്.സി.ഒ) ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോദി ചൈനയിലെത്തിയിരിക്കുന്നത്.  ജപ്പാന്‍ സന്ദര്‍ശനത്തിന് ശേഷമാണ് മോദി ചൈനീസ് തുറമുഖ നഗരമായ ടിയാന്‍ജിനിലെത്തിയത്. ചൈനയിലേക്കുള്ള യാത്രക്ക് മുന്നോടിയായി ജപ്പാനില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍, ഇന്ത്യയും ചൈനയും തമ്മിലുള്ള സൗഹൃദം മേഖലയെ സമാധാനത്തിലേക്കും സമൃദ്ധിയിലേക്കും നയിക്കുമെന്ന് മോദി പറഞ്ഞിരുന്നു.

ഏഴ് വര്‍ഷത്തിന് ശേഷമാണ് പ്രധാനമന്ത്രി ഉഭയകക്ഷി സന്ദര്‍ശനത്തിനായി ചൈനയിലെത്തുന്നത്. 2020-ല്‍ ലഡാക്കിലെ ഗാല്‍വന്‍ അതിര്‍ത്തിയിലെ ഇന്ത്യ-ചൈന പോരാട്ടത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഗാല്‍വനിലെ പോരാട്ടം രക്തരൂഷിതമായിരുന്നു. ഇന്ത്യയുടെ 20 ജവാന്മാരും നിരവധി ചൈനീസ് പട്ടാളക്കാരും കൊല്ലപ്പെടുകയുണ്ടായി. എന്നാല്‍ ചൈനയുമായുള്ള നയതന്ത്രബന്ധങ്ങളില്‍ പുതിയ തുടക്കം കുറിച്ചത് ഇക്കൊല്ലമാണ്. ഗാല്‍വന്‍ താഴ്‌വരയില്‍ 2020 ജൂണിലുണ്ടായ സംഘര്‍ഷത്തിന് മുമ്പ് 2019-ലായിരുന്നു മോദി ചൈന സന്ദര്‍ശിച്ചത്. 2024-ല്‍ ജി-20 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയും ഷി ജിന്‍പിങും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും അതിര്‍ത്തിയില്‍ സേന പിന്‍മാറ്റത്തിന് അടക്കം ധാരണയുണ്ടാക്കിയിരുന്നു.

ബ്രിക്‌സ് രാജ്യങ്ങളോട് ഡോണള്‍ഡ് ട്രംപ് നിലപാട് കടുപ്പിക്കുമ്പോഴാണ് ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ നരേന്ദ്ര മോദിയുടെ നീക്കങ്ങള്‍. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനും ഡോളറിന്റെ ആധിപത്യത്തെ വെല്ലുവിളിക്കുന്ന ഒരു കൂട്ടായ്മയാണ് എസ്.സി.ഒ എന്നാണ് ട്രംപിന്റെ നിലപാട്. കാരണം റഷ്യയെയും ചൈനയെയും  ഒരുപോലെ എതിര്‍ക്കുന്ന വ്യക്തിയാണ് ട്രംപ്. ബ്രിക്‌സ് രാജ്യങ്ങളെയും അദ്ദേഹം ലക്ഷ്യം വയ്ക്കുന്നു. ഇന്ത്യയ്ക്ക് 50 ശതമാനമാണ് താരീഫ് എങ്കില്‍ ചൈനയ്ക്ക് 30 ശതമാനം തീരുവയാണ് യു.എസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എസ്.സി.ഒ  ഉച്ചകോടിയില്‍ മോദി, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, മറ്റ് ഏഷ്യന്‍, മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

സെപ്റ്റംബര്‍ ഒന്ന് വരെ ചൈനയിലുള്ള മോദിയുടെ ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയാണ് ഉച്ചകോടിയിലെ ഹൈലൈറ്റ്. ഇരു നേതാക്കളും തങ്ങളുടെ രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങള്‍ അവലോകനം ചെയ്യുകയും അതിര്‍ത്തിയിലെ തര്‍ക്കങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സാധാരണ നിലയിലേക്ക് ബന്ധങ്ങള്‍ എത്തിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്യും. ഈ ചര്‍ച്ചകള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഭാവി ബന്ധങ്ങള്‍ എങ്ങനെയായിരിക്കുമെന്ന് തീരുമാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കും. ട്രംപും ഇതര രാഷ്ട്രത്തലവന്‍മാരും ശ്രദ്ധയോടെ വീക്ഷിക്കുന്നതായിരിക്കും ഈ കൂടിക്കാഴ്ച.

ചൈനയുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ ജൂലൈ 13 മുതല്‍ 15 വരെ  ചൈന സന്ദര്‍ശിച്ചിരുന്നു. പ്രസിഡന്റ് ഷീ ജിന്‍പിങ്, വൈസ് പ്രസിഡന്റ് ഹാന്‍ ഷെങ്, വിദേശമന്ത്രി വാങ് യീ എന്നിവരുമായി അദ്ദേഹം നടത്തിയ  ചര്‍ച്ചകളെ തുടര്‍ന്ന് കൈലാസ് മാനസരോവര്‍ തീര്‍ത്ഥയാത്രയും വിമാന സര്‍വീസുകളും പുനരാരംഭിക്കാന്‍ തീരുമാനമായി. എസ്.സി.ഒ രാജ്യങ്ങളായ ചൈന, ഇന്ത്യ, ഇറാന്‍, റഷ്യ, കസാഖ്‌സ്താന്‍, കിര്‍ഗിസ്താന്‍, ഉസ്‌ബെക്കിസ്താന്‍, തജിക്കിസ്താന്‍, പാകിസ്താന്‍, ബെലാറൂസ് എന്നിവിടങ്ങളിലെ വിദേശ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് ജയശങ്കര്‍ എത്തിയതെങ്കിലും ചൈനയുമായുള്ള ബന്ധങ്ങള്‍ സാധാരണവത്കരിക്കാനുള്ള ശ്രമങ്ങളും സന്ദര്‍ശനത്തിലുണ്ടായി.

നയതന്ത്ര ബന്ധത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ മഞ്ഞുരുക്കത്തിന്റെ അവസാന തെളിവാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 18-ന് ഇന്ത്യയിലെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും നടത്തിയ കൂടിക്കാഴ്ച. ഗാല്‍വാന്‍ ഏറ്റുമുട്ടലിനുശേഷം ആദ്യമായിട്ടാണ് ഒരു ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദര്‍ശിച്ചത്. ട്രംപിന്റെ വ്യാപാര, താരിഫ് നയങ്ങളെച്ചൊല്ലി ഇന്ത്യ-യുഎസ് ബന്ധത്തിലുണ്ടായ അകല്‍ച്ചയും മാറുന്ന ലോകക്രമങ്ങളുമൊക്കെ കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയെ അവഗണിക്കാനാകില്ലെന്ന തിരിച്ചറിവ് ചൈനയില്‍ ഉണ്ടായിട്ടുണ്ട്.

അമേരിക്കയുടെ ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ക്കുള്ള കൃത്യമായ മറുപടി കൂടിയായിരിക്കും മോദി-ഷീ ജിന്‍പിങ് കൂടിക്കാഴ്ച. ഇന്ത്യ ശക്തമായ ലോക സാമ്പത്തിക ശക്തിയായി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്നു. ജി.ഡി.പിയുടെ കാര്യത്തില്‍ അമേരിക്ക, ചൈന, ജര്‍മനി എന്നീരാജ്യങ്ങള്‍ക്ക് പിന്നില്‍, ജപ്പാന് തൊട്ടു മുന്നിലായി 4-ാം സ്ഥാനത്താണ് ഇന്ത്യ. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 6.5 ശതമാനത്തോടെ ഇന്ത്യ ജി.ഡി.പി വളര്‍ച്ച നിലനിര്‍ത്തുന്നു. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ നോമിനല്‍ ജി.ഡി.പി 4.187 ട്രില്യണ്‍ ഡോളര്‍ ആയി ഉയരുമെന്നാണ് വേള്‍ഡ് എക്കണോമിക് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ടിലുള്ളത്.

ചൈനയുമായുള്ള ആരോഗ്യകരമായ ബന്ധം ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് സ്ഥിരത നല്‍കുമെന്നും കഴിഞ്ഞ വര്‍ഷം കസാനില്‍ നടന്ന എസ്.സി.ഒ ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി നടത്തിയ കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ക്രിയാത്മകമായ പുരോഗതിക്ക് വഴിയൊരുക്കിയെന്നും മോദി വ്യക്തമാക്കുന്നു. ട്രംപ് പ്രഖ്യാപിച്ച അധികത്തീരുവ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയെ സാരമായി ബാധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ വിപണികള്‍ കണ്ടെത്താനും നിലവിലുള്ള വാണിജ്യ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും വേണ്ടിയുള്ള നയതന്ത്ര നീക്കങ്ങള്‍ക്കാണ് മോദിയുടെ സന്ദര്‍ശനം വഴി തുറക്കുന്നത്. ടംപിന്റെ വിലപേശലുകള്‍ക്ക് വഴങ്ങാത്ത ഇന്ത്യ ശക്തവും സുപ്രധാനവുമായ ഒരു രാഷ്ട്രീയ തീരുമാനം എടുത്തിരിക്കുകയാണിപ്പോള്‍.

ബ്രിട്ടീഷ് അധിനിവേശത്തില്‍ നിന്നും 1947-ല്‍ ഇന്ത്യ സ്വതന്ത്രരാജ്യമായതിനു പിന്നാലെ ഏറ്റവും നല്ല അയല്‍പക്ക രാജ്യമായിരുന്നു ചൈന. 1949 ല്‍ അധികാരത്തിലെത്തിയ ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തെ അംഗീകരിച്ച ആദ്യ രാജ്യങ്ങളിലൊന്നും ഇന്ത്യയായായിരുന്നു. അന്‍പതുകള്‍ പഞ്ചശീലതത്വങ്ങളുടേയും 'ഹിന്ദി ചീനി ഭായ് ഭായ്' (ഇന്ത്യ ചൈന ഭായ് ഭായ്) മുദ്രാവാക്യത്തിന്റെയും നാളുകളായിരുന്നു. ഇന്ത്യയും ചൈനയും വെറും അയല്‍പക്കക്കാര്‍ മാത്രമല്ല, സഹോദരങ്ങള്‍ കൂടിയാണെന്ന കാഴ്ചപ്പാടാണ് ഉണ്ടായിരുന്നത്. ടിബറ്റുമായി ബന്ധപ്പെട്ട് 1959-ലാണ് ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ ആദ്യമായി അസ്വാരസ്യമുണ്ടായത്. ടിബറ്റിന്റെ ആത്മീയാചാര്യനായ ദലൈ ലാമയ്ക്ക് ഇന്ത്യ അഭയം നല്‍കിയതാണ് ചൈനയെ അന്ന് ചൊടിപ്പിച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക