ആര്യനാട് പഞ്ചായത്തംഗം ശ്രീജ ആസിഡ് കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് ജയകുമാർ ഡി.ജി.പിക്ക് പരാതി നൽകി. സി.പി.എം. നേതാക്കൾ നടത്തിയ വ്യക്തിഹത്യ കാരണമുണ്ടായ മനോവിഷമമാണ് ശ്രീജയുടെ ആത്മഹത്യക്ക് കാരണമെന്നും, എന്നാൽ പോലീസ് പ്രതികൾക്കെതിരെ നടപടിയെടുക്കുന്നില്ലെന്നും പരാതിയിൽ പറയുന്നു.
സി.പി.എം. നേതാക്കളായ പഞ്ചായത്ത് പ്രസിഡൻ്റ് ബിജു മോഹൻ, മുൻ വാർഡ് മെമ്പർ ഷിജി കേശവൻ, ഡി.വൈ.എഫ്.ഐ. ഏരിയാ കമ്മിറ്റി മെമ്പർ മഹേഷ്, സി.ഡി.എസ്. ചെയർപേഴ്സൺ സുനിതകുമാരി എന്നിവർക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. മകളുടെ വിവാഹത്തിനും സ്വന്തം ചികിത്സയ്ക്കുമായി ശ്രീജ ചിലരിൽ നിന്ന് വലിയ പലിശയ്ക്ക് പണം കടം വാങ്ങിയിരുന്നു. ഏകദേശം 18-20 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്നുവെന്നും, അത് വസ്തു വിറ്റ് തീർക്കാൻ തീരുമാനിച്ചിരുന്നതായും പരാതിയിൽ പറയുന്നു.
അതിനിടയിൽ, സി.പി.എം. നേതാക്കൾ ശ്രീജയെ തേജോവധം ചെയ്യാൻ ശ്രമിച്ചുവെന്ന് ജയകുമാർ ആരോപിക്കുന്നു. മോശം ഭാഷയിലുള്ള ഫ്ലെക്സുകളും പോസ്റ്ററുകളും വെച്ച് ശ്രീജയെ അപമാനിച്ചു. ഓഗസ്റ്റ് 25-ന് ആര്യനാട് ജങ്ഷനിൽ സി.പി.എം. വിളിച്ചുചേർത്ത പൊതുയോഗത്തിൽ ശ്രീജയെ പരസ്യമായി ആക്ഷേപിച്ചതായും പരാതിയിൽ പറയുന്നു. ഇതിന്റെ മനോവിഷമത്തിൽ ഓഗസ്റ്റ് 26-ന് രാവിലെ ശ്രീജ ആസിഡ് കഴിച്ച് ജീവനൊടുക്കുകയായിരുന്നു.
English summary:
Aryanad panchayat member’s suicide; husband files complaint with DGP against CPM leaders.