ഹൈദരാബാദ്: “ശ്രീ നാരായണഗുരു ദി പെർഫെക്റ്റ് യൂണിയൻ ഓഫ് ബുദ്ധ ആൻഡ് ശങ്കര” എന്ന പേരിൽ അശോകൻ വേങ്ങശ്ശേരി ആംഗലേയ ഭാഷയിൽ രചിച്ച ജീവചരിത്ര ഗ്രൻഥത്തിന്റെ തെലുങ്ക് പരിഭാഷ ആഗസ്റ് 28-നു ഹൈദരാബാദ് രവീന്ദ്രഭാരതി ഹാളിൽ നടന്ന സമ്മേളനത്തിൽ പ്രകാശനം ചെയ്തു. ശ്രീനാരായണഗുരുവിനെ ആഴത്തിൽ പഠിച്ചിട്ടുള്ള തെലുങ്ക്-കന്നഡ സിനിമതാരം സുമൻ തൽവാർ പ്രകാശനകർമ്മം നിർവഹിച്ചു
പത്മശ്രീ ഡോ. സായിബാബ ഗൗഡ അധ്യക്ഷത വഹിച്ചു. പ്രശസ്ത തെലുങ്ക് പണ്ഡിത ലക്ഷ്മി നാഗേശ്വർ പുസ്തകം പരിചയപ്പെടുത്തി. പുസ്തക പരിഭാഷകനായ മുരളീധര ഇസനാക്ക, കേന്ദ്ര സാഹിത്യഅക്കാദമി അവാർഡു നേടിയിട്ടുള്ള കന്നഡ-മലയാള സാഹിത്യകാരൻ സുധാകരൻ രാമന്തളി, വൈ. സത്യനാരായണ, എഴുത്തുകാരനും കൊച്ചി ഫിഷറീസ് യൂണിവേഴ്സിറ്റി മുൻ അസി.രജിസ്ട്രാറുമായിരുന്ന പി. ആർ ശ്രീകുമാർ, പ്രഭാഷകനായ ജയരാജ് ഭാരതി തുടങ്ങിയവർ സംസാരിച്ചു. അശോകൻ വേങ്ങശ്ശേരി മറുപടി പ്രസംഗം നടത്തി. ഉപേന്ദ്ര ഗൗഡ സ്വാഗതവും എസ്. രാമലിംഗം നന്ദിയും പറഞ്ഞു.
ഗുരുദേവകൃതികളുടെ നൃത്ത- നാടക ആവിഷ്കാരങ്ങൾ വിദ്യാർഥികൾ അവതരിപ്പിച്ചു. ഇംഗ്ളീഷിലും കന്നടയിലും നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുള്ള ഡോ. സത്യഭായി ശിവദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചടങ്ങു സംഘടിപ്പിച്ചത്.
ഇംഗ്ളീഷ് ജീവചരിത്രത്തിൻ്റെ പരിഭാഷകൾ ഹിന്ദി, മറാത്തി, തമിഴ് എന്നീ ഭാഷകളിൽ നേരത്തെ പ്രകാശനം ചെയ്യപ്പെട്ടിട്ടുണ്ട്. കന്നഡ, ബംഗാളി, സംസ്കൃതം എന്നീ പരിഭാഷകൾ പൂർത്തിയായിട്ടുണ്ട്. മലയാളം പരിഭാഷ പുരോഗമിക്കുന്നു.