Image

അയ്യപ്പ സംഗമത്തെ ഉപാധികളോടെ പിന്തുണച്ച് എൻഎസ്എസ്

Published on 31 August, 2025
അയ്യപ്പ സംഗമത്തെ ഉപാധികളോടെ പിന്തുണച്ച് എൻഎസ്എസ്

കോട്ടയം: സർക്കാർ നേതൃത്വത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് 20ന് പമ്പയിൽ നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തെ ഉപാധികളോടെ അനുകൂലിച്ച് നായർ സർവീസ് സൊസൈറ്റി. മതേതര സർക്കാർ വിശ്വാസങ്ങളിൽ ഇടപെടുന്നുവെന്നും, സിപിഎം നേതൃത്വത്തിൽ നടത്തുന്ന പരിപാടിയാണിതെന്നും, അവിശ്വാസികളാണ് ഇതിനു നേതൃത്വം നൽകുന്നതെന്നും ആരോപിച്ച് അയ്യപ്പ സംഗമത്തെ ബിജെപിയും ഹിന്ദു ഐക്യവേദിയും മറ്റും രൂക്ഷമായി വിമർശിക്കുമ്പോഴാണ് സർക്കാരിനെ ഭാഗികമായെങ്കിലും അനുകൂലിച്ചുള്ള നിലപാട് എൻഎസ്എസ് വ്യക്തമാക്കിയത്.


ശബരിമലയിൽ നിലനിന്നുപോരുന്ന ആചാരാനുഷ്‌ഠാനങ്ങൾക്ക് കോട്ടം തട്ടാതെയും ക്ഷേത്ര പരിശുദ്ധി സംരക്ഷിച്ചുകൊണ്ടുമുള്ള വികസന പ്രവർത്തനങ്ങൾ നടത്താനാണ് ആഗോള അയ്യപ്പസംഗമം കൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ അതു നല്ലതുതന്നെയെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി.

ഇതിലേക്കു രൂപപ്പെടുന്ന സമിതിയുടെ നേതൃത്വം രാഷ്‌ട്രീയവിമുക്തവും തികഞ്ഞ അയ്യപ്പഭക്തരെ ഉൾക്കൊള്ളുന്നതും ആയിരിക്കണം. എങ്കിലേ സംഗമം കൊണ്ട് ഉദ്ദേശിക്കുന്ന ലക്ഷ്യം നേടാനാവൂ. ഇക്കാര്യത്തിൽ തങ്ങളുടെ നിലപാടിനെ വിമർശിച്ചും അല്ലാതെയുമുള്ള പല അഭിപ്രായങ്ങളും വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം നൽകേണ്ടിവരുന്നതെന്നു സുകുമാരൻ നായർ വ്യക്തമാക്കി.

അയ്യപ്പ സംഗമത്തെ പിന്തുണച്ചതിൽ എൻഎസ്എസിനെ വിമര്‍ശിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നേരത്തേ രംഗത്തെത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക