ഇന്ത്യ-ചൈന ബന്ധങ്ങൾ പരസ്പര വിശ്വാസത്തിന്റെയും ബഹുമാനത്തിന്റെയും കരുതലിന്റെയും അടിസ്ഥാനത്തിൽ മുന്നോട്ടു കൊണ്ടുപോകുമെന്നു ചൈനയിലെ ടിയാൻജിന്നിൽ ഷാങ്ങ്ഹായ് സഹകരണ ഉച്ചകോടിക്കിടയിൽ കൂടിക്കാഴ്ച്ച നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഷി ജിൻ പിങ്ങും പ്രഖ്യാപിച്ചു. ഞായറാഴ്ച്ച നടന്ന ചർച്ചകൾക്കു ശേഷം, ആനയും വ്യാളിയും ഇനി ഒന്നിച്ചു നൃത്തം ചെയ്യുമെന്നു ഷി ഊന്നിപ്പറഞ്ഞപ്പോൾ, സമാധാനത്തിന്റെയും ഭദ്രതയുടെയും അന്തരീക്ഷം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നു മോദി ചൂണ്ടിക്കാട്ടി. അതിർത്തിയിൽ ശാന്തത കൈവന്നതാണ് അതിനു കാരണം.
2026ൽ ഇന്ത്യയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിലേക്കു ഷിയെ മോദി ക്ഷണിച്ചു. ബ്രസീലിൽ നിന്ന് ഇന്ത്യ അടുത്ത വർഷം ബ്രിക്‌സ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കും.
"എനിക്കു നൽകിയ ഊഷ്‌മളമായ സ്വീകരണത്തിനു നന്ദി പറയുന്നു," മോദി പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തുന്ന താരിഫ് ആക്രമണങ്ങൾ ഉയർത്തിയ വെല്ലുവിളികൾക്കിടയിൽ നടന്ന മോദി-ഷി ചർച്ച ലോകം ഉറ്റു നോക്കിക്കൊണ്ടിരിക്കെ, അന്താരാഷ്ട്ര സ്ഥിതിവിശേഷം നൂറ്റാണ്ടിൽ ഒരിക്കൽ ഉണ്ടാവുന്നതു പോലെ സങ്കീർണമാണെന്നു ഷി ചൂണ്ടിക്കാട്ടി. "ഇന്ത്യയും ചൈനയും കിഴക്കിന്റെ രണ്ടു പ്രാചീന നാഗരികതകളാണ്. ഏറ്റവുമധികം ജനങ്ങൾ പാർക്കുന്ന രാജ്യങ്ങൾ. ഗ്ലോബൽ സൗത്തിലെ ഏറ്റവും പുരാതന രാജ്യങ്ങൾ.
"നമ്മൾ സുഹൃത്തുക്കൾ ആയിരിക്കണം എന്നത് അനിവാര്യമാണ്. നല്ല അയൽക്കാർ ആയിരിക്കണം."
മോദി പറഞ്ഞു: "നമ്മുടെ സഹകരണം 2.8 ബില്യൺ ജനങ്ങളെ ബാധിക്കുന്നതാണ്. മനുഷ്യരാശിക്കാകെ പുരോഗതി ഉണ്ടാവാനും ഇത് സഹായിക്കും."
ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമം നമ്മുടെ ചുമതലയാണ്," ഷി പറഞ്ഞു.
ടിയാൻജിന്നിൽ എത്തിയിട്ടുള്ള റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ മോദി തിങ്കളാഴ്ച്ച കാണും.
Modi, Xi vow to stabilize relations