മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തി. നിരന്തരം അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. മുസാഫർനഗർ സ്വദേശിയായ സഞ്ജയ് കുമാറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഞ്ജയ് കുമാറിൻ്റെ രണ്ടാം ഭാര്യ കവിതയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ യുവതി കുറ്റ സമ്മതം നടത്തുകയായിരുന്നു. തന്നെ അവഗണിച്ച് ഭർത്താവ് മുൻഭാര്യയുമായി അടുക്കുന്നതാണ് പ്രകോപനമെന്നാണ് യുവതി മൊഴി നൽകിയത്.
സഞ്ജയും കവിതയും 2000 ലാണ് വിവാഹിതരായത്. ഇതിന് മുൻപ് തന്നെ സഞ്ജയ് മറ്റൊരു വിവാഹം കഴിച്ചിരുന്നു. ആ ബന്ധം നിലനിൽക്കെയായിരുന്നു രണ്ടാം വിവാഹം. വീട്ടിലെ കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സഞ്ജയ് കുമാറിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് യുവതി മൊഴി നൽകിയത്.
സഞ്ജയ് കുമാറിനെ കവിത കൊലപ്പെടുത്താൻ സാധ്യതയുണ്ടെന്ന് നേരത്തെ സഞ്ജയുടെ പിതാവ് പൊലീസിനെ അറിയിച്ചിരുന്നു. സഞ്ജയുടെ ആദ്യ ഭാര്യ അവരുടെ ജന്മനാടായ തണ്ട മജ്‌റയിലാണ് താമസിക്കുന്നത്. ഇവിടേക്ക് സഞ്ജയ് പോകുന്നതും തന്നെ അവഗണിക്കുന്നതുമാണ് കവിതയെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.