കൊല്ലം: ഷാര്‍ജയില്‍ ജീവനൊടുക്കിയ മലയാളി യുവതി അതുല്യയെ ഭര്‍ത്താവ് സതീഷ് ഭീഷണിപ്പെടുത്തുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. ‘നിന്നെ കൊന്ന് കൊലവിളിച്ചിട്ട് ജയിലില്‍ പോകും’ എന്ന് സതീഷ് പറയുന്ന വീഡിയോയാണ് പുറത്തുവന്നത്.
തന്റെ കൂടെ ജീവിക്കുവാണെങ്കില്‍ ജീവിക്കുമെന്നും അല്ലെങ്കില്‍ നീ എവിടെയും പോകില്ലെന്നും സതീഷ് പറയുന്നുണ്ട്. വീട്ടില്‍ നിന്ന് പുറത്തുപോയാല്‍ കൊന്നിട്ടേ അടങ്ങുകയുള്ളൂ എന്നും ഇയാള്‍ ഭീഷണിമുഴക്കുന്നുണ്ട്. അതുല്യ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
അതേസമയം മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് അതുല്യ പകര്‍ത്തിയതാണ് ഈ ദൃശ്യങ്ങളെന്ന് കുടുംബം പറഞ്ഞു. അതുല്യ വീഡിയോ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ കടുത്ത അസഭ്യ വര്‍ഷമാണ് സതീഷ് നടത്തുന്നത്. അതുല്യയെ ഷാര്‍ജയിലെ വീട്ടില്‍ തളച്ചിടാനുള്ള ശ്രമമാണ് സതീഷ് നടത്തുന്നത്.
ഷാര്‍ജ വിട്ട് നീയെവിടെയും പോകില്ലെന്നും അല്ലെങ്കിലും നീ എവിടെ പോകാനാണെന്നും വീഡിയോയില്‍ ഇയാള്‍ ചോദിക്കുന്നുണ്ട്. ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി നിര്‍ദേശിച്ചു.
ജൂലൈ 19നാണ് ഷാര്‍ജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയില്‍ അതുല്യയെ കണ്ടെത്തുന്നത്. ഇതിന് പിന്നാലെ അതുല്യയെ ഭര്‍ത്താവ് സതീഷ് ശങ്കര്‍ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.