കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്ന ഹിമാചൽ പ്രദേശിൽ വിനോദസഞ്ചാരത്തിന് പോയ മലയാളികളുൾപ്പെടെയുള്ള സംഘം കുടുങ്ങി. 18 മലയാളികൾ ഉൾപ്പെടെ 25 പേരാണ് സംഘത്തിലുള്ളത്. ഇവരെ തിരിച്ചെത്തിക്കാൻ ഇടപെടൽ നടത്തുന്നുണ്ടെന്ന് ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് അറിയിച്ചു.
ഓഗസ്റ്റ് 25-നാണ് ഇവർ ഡൽഹിയിൽനിന്ന് സ്പിറ്റി വാലി സന്ദർശിക്കാൻ പുറപ്പെട്ടത്. എന്നാൽ, തിരികെ യാത്ര തുടങ്ങാനിരിക്കെ ഷിംലയിലേക്കുള്ള റോഡ് മണ്ണിടിച്ചിലിൽ തകർന്നതോടെയാണ് ഇവർ കുടുങ്ങിയത്. നിലവിൽ കൽപ ഗ്രാമത്തിലെ ഒരു ഹോട്ടലിലാണ് സംഘം കഴിയുന്നത്. റോഡ് ഗതാഗതം സാധാരണ നിലയിലാകാൻ ദിവസങ്ങളെടുക്കുമെന്നാണ് പ്രാദേശിക ഭരണകൂടം അറിയിച്ചിട്ടുള്ളത്. മേഖലയിൽ ഇപ്പോഴും കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്നുണ്ട്.
English summary:
Landslide in Himachal; 25 people, including 18 Malayalis on a leisure trip, trapped.