സഹപ്രവര്‍ത്തകയായ മലയാളി കണ്ണുരുട്ടി പേടിപ്പിച്ചുവെന്ന പരാതിയില്‍ നഴ്സിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് തൊഴില്‍ ട്രൈബ്യൂണല്‍. ലണ്ടനിലാണ് സംഭവം.
ഒരു സഹപ്രവര്‍ത്തകയില്‍ നിന്ന് നിരന്തരമായ കണ്ണുരുട്ടലും താഴ്ത്തിക്കെട്ടലും നേരിട്ട ഡെന്റല്‍ നഴ്‌സ് മോറിന്‍ ഹോവിസണിനാണ് നഷ്ടപരിഹാരം വിധിച്ചത്. കണ്ണുരുട്ടല്‍ പോലുള്ള വാക്കേതര പ്രവര്‍ത്തികളും ജോലിസ്ഥലത്തെ പീഡനമായി കണക്കാക്കുമെന്ന് തൊഴില്‍ ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം മോശം പെരുമാറ്റങ്ങള്‍ക്ക് തൊഴിലുടമകളും ഉത്തരവാദികളായിരിക്കുമെന്നും ട്രൈബ്യൂണല്‍ വിധിച്ചു.
40 വര്‍ഷത്തിലേറെ പരിചയസമ്പത്തുള്ളവരാണ് 64 വയസ്സുകാരിയായ മോറിന്‍ ഹോവിസണ്‍. എഡിന്‍ബര്‍ഗിലെ ഗ്രേറ്റ് ജംഗ്ഷന്‍ ഡെന്റല്‍ കേന്ദ്രത്തില്‍വച്ച് ഏറ്റവും പരുഷവും ഭീഷണിപ്പെടുത്തുന്നതും വിലകുറച്ച് കാണിക്കുന്നതുമായ പെരുമാറ്റമാണ് സഹപ്രവര്‍ത്തകയില്‍ നിന്ന് നഴ്‌സ് നേരിട്ടതെന്ന് എഡിന്‍ബര്‍ഗ് ട്രൈബ്യൂണല്‍ അന്വേഷണത്തില്‍ കണ്ടെത്തി.
കേന്ദ്രത്തില്‍ പുതിയ ഡെന്റല്‍ തെറാപ്പിസ്റ്റായി മലയാളിയായ ജിസ്ന ഇക്ബാലിനെ നിയമിച്ചതിന് പിന്നാലെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. ഇന്ത്യയില്‍ ദന്തഡോക്ടറായിരുന്നെങ്കിലും യുകെയില്‍ പ്രാക്ടീസ് ചെയ്യാന്‍ ജിസ്നയ്ക്ക് യോഗ്യതയുണ്ടായിരുന്നില്ല. തുടര്‍ന്ന് ക്ലിനിക്കില്‍ ഹോവിസണ്‍ വര്‍ഷങ്ങളായി ചെയ്തുവന്നിരുന്ന റിസപ്ഷനിസ്റ്റ് ജോലികള്‍ ജിസ്നയ്ക്ക് ചെയ്യേണ്ടിവന്നു.
തന്റെ സഹപ്രവര്‍ത്തക ജിസ്ന തന്നെ ആവര്‍ത്തിച്ച് അവഗണിക്കുകയും സംസാരിക്കുമ്പോള്‍ കണ്ണുരുട്ടുകയും ചെയ്തു എന്നതായിരുന്നു ഹോവിസണിന്റെ പരാതി. ജോലിസ്ഥലത്തുവച്ച് കരയുന്ന സ്ഥിതി വരെ ഉണ്ടായി. തുടര്‍ന്ന് കാര്യങ്ങള്‍ ക്ലിനിക്ക് ഉടമ ഡോ. ഫാരി ജോണ്‍സണ്‍ വിതയത്തിനെ അറിയിച്ചു. പിന്നീടാണ് കാര്യങ്ങള്‍ നിയമത്തിന്റെ വഴിയ്ക്ക് പോയത്.