Image

യു.എസ് തീരുവ പ്രതിസന്ധി വന്‍സാധ്യതയാക്കാന്‍ ഇന്ത്യ പുതിയ ലോക വിപണികള്‍ തേടുന്നു

എ.എസ് ശ്രീകുമാര്‍ Published on 31 August, 2025
യു.എസ് തീരുവ പ്രതിസന്ധി വന്‍സാധ്യതയാക്കാന്‍ ഇന്ത്യ പുതിയ ലോക വിപണികള്‍ തേടുന്നു


''മികച്ച നേതൃത്വം കടുത്ത പ്രതിസന്ധികളെ നല്ല അവസരങ്ങളാക്കി മാറ്റും...'' എന്നൊരു ചൊല്ലുണ്ട്. അമേരിക്ക ചുമത്തിയ ഉയര്‍ന്ന താരിഫ് മൂലം ഉണ്ടായ വ്യാപാര പ്രതിസന്ധികളെ നേരിടാന്‍ ഇന്ത്യ പുതിയ ലോക വിപണികള്‍ തേടിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയുടെ ഭീഷണിക്കു മുമ്പില്‍ വഴങ്ങില്ല എന്ന് ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യം. തിരിച്ചടി നേരിടുന്ന ഇന്ത്യന്‍ വ്യവസായികള്‍ യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളാണ് ലക്ഷ്യമാക്കുന്നത്. കൂടാതെ ആഭ്യന്തര വിപണിയിലേക്കും അവര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

ടെക്‌സ്റ്റൈല്‍സ്, രത്‌നങ്ങള്‍ മേഖലകളെയാണ് താരീഫ് വര്‍ദ്ധനവ് ഏറെ ബാധിക്കുന്നത്. തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ മാത്രം എട്ട് ലക്ഷത്തിലധികം പേര്‍ വസ്ത്രകയറ്റുമതി മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ കിറ്റെക്‌സിന്റെ വലിയ വസ്ത്ര വിപണിയാണ് അമേരിക്ക. ഇറക്കുമതി ചെയ്ത ഡയമണ്ട് നിശ്ചിത അളവില്‍ കട്ടും പോളീഷും ചെയ്ത് കയറ്റുമതി ചെയ്യുന്നത് വലിയൊരു ബിസിനസ്സാണ്. ഈ മേഖലയില്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയുടെ ഭൂരിഭാഗവും അമേരിക്കയിലേക്കാണ്. ഗുജറാത്തിലെ സൂററ്റില്‍ മാത്രം ഒമ്പത് ലക്ഷം പേര്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു. അവരൊക്കെ പുതിയ വിപണികള്‍ തേടിക്കൊണ്ടിരിക്കുകയാണ്.

ലോകത്തെ ഏറ്റവും പഴക്കമേറിയ ജനാധിപത്യ രാജ്യമാണ് അമേരിക്കയെങ്കില്‍ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ. ഇരു രാജ്യങ്ങളും കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെയായി ഒന്നിച്ചാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്ക മുന്നോട്ടു വയ്ക്കുന്ന ആഗോള രാഷ്ട്രീയ സമീപനത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഒരു രാഷ്ട്രീയമായി ഇന്ത്യയുടെ വിദേശ നയം കൊണ്ടു പോകുന്ന അവസരത്തിലാണ് 25 ശതമാനം അധിക പിഴച്ചുങ്കം ട്രംപ് ചുമത്തിയത്. ഇത് ഇന്ത്യയുടെ ആത്മാഭിമാനത്തെ വെല്ലുവിളിക്കുന്ന സമീപനമാണ്. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി പുതിയ വിപണികളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി യു.കെയ്ക്ക് പുറമെ ദക്ഷിണ കൊറിയ, ജപ്പാന്‍, മറ്റു യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, ഓസ്‌ട്രേലിയ തുടങ്ങി 40-ലധികം രാജ്യങ്ങളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്.

ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നതാണ് ട്രംപിന് ഹിതകരമല്ലാത്ത കാര്യം. മാത്രമല്ല, അമേരിക്കന്‍ വിരുദ്ധമെന്ന് ട്രംപ് അവകാശപ്പെടുന്ന ബ്രിക്‌സ് രാജ്യങ്ങളുടെ കൂട്ടായ്മയിലുള്ള ഇന്ത്യയുടെ അംഗത്വവും ട്രംപിനെ വല്ലാതെ ചൊടിപ്പിക്കുന്നു. എന്നാല്‍ ഇന്ത്യയെ പോലുള്ള ഒരു സ്വതന്ത്ര പരമാധികാര രാജ്യം ആരുടെ കൈയില്‍ നിന്ന് എന്തൊക്കെ വാങ്ങണം, ഏതൊക്കെ അന്തര്‍ദേശീയ സംഘടനകളില്‍ അംഗത്വം സ്വീകരിക്കണം തുടങ്ങിയ കാര്യങ്ങളൊക്കെ ആ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തില്‍ പെട്ട കാര്യങ്ങളാണ്.

ഈ പശ്ചാത്തലത്തില്‍ ഇത്തരം കാര്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ട്രംപ് ഏര്‍പ്പെടുത്തിയ 25 ശതമാനം അധിക പിഴച്ചുങ്കത്തിന് യാതൊരു നീതീകരണവും ഇല്ല. എന്നാല്‍ അതിവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യയുടേത്. ലോകത്തിലെ ഏറ്റവും വലിയ മാര്‍ക്കറ്റുകളില്‍ ഒന്നാണ് ഇന്ത്യ. ആ യാഥാര്‍ത്ഥ്യത്തെ അവഗണിക്കാന്‍ ഒരു രാജ്യത്തിനും ആവില്ല. തന്റെ പിടിവാശിയില്‍ നിന്ന് ട്രംപ് താഴേക്ക് ഇറങ്ങി വരികയും നിലവിലുള്ള വ്യാപാര പ്രതിസന്ധി പരിഹരിക്കപ്പെടുകയും ചെയ്യുമെന്ന് പ്രതീക്കുന്നവരുണ്ട്. ഇന്ത്യ-യു.എസ് ബന്ധം നിലവില്‍ ഏറെ സങ്കീര്‍ണ്ണമാണെങ്കിലും, അവസാനം ഞങ്ങള്‍ ഒന്നിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പ്രതികരിച്ചു.

ചൈന അടക്കമുള്ള രാജ്യങ്ങള്‍ അമേരിക്കയിലേക്ക് കയറ്റുമതി നടത്തി പണം കൊയ്യുന്നുണ്ടെന്നുള്ള കാര്യം ഇവിടെ വിസ്മരിക്കുന്നില്ല. 3.8 ട്രില്ല്യണ്‍ ഡോളറാണ് അമേരിക്കന്‍ മാര്‍ക്കറ്റിന്റെ ഇന്‍പുട്ട്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കുറഞ്ഞ താരീഫ് നിരക്കിലാണ് യു.എസിലേക്ക് കയറ്റുമതി ചെയ്തുകൊണ്ടിരുന്നത്. അമേരിക്ക കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി, 27 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന യൂറോപ്യന്‍ യൂണിയന്‍ ആണ്. അമേരിക്കയില്‍ നിന്ന് യൂറോപ്യന്‍ യൂണിയനിലേക്ക് സീറോ താരീഫിലാണ് സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതെങ്കില്‍ അവിടെ നിന്ന് അമേരിക്കയിലേക്കുള്ള ഇറക്കുമതിക്ക് 15 ശതമാനം താരീഫാണ് ചുമത്തപ്പെടുന്നത്.

ഇന്ത്യയ്ക്കുമേല്‍ തങ്ങള്‍ ഏര്‍പ്പെടുത്തിയതിന് സമാനമായ ഉപരോധങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളോടും സ്വീകരിക്കാന്‍ വൈറ്റ് ഹൗസ് ആവശ്യപ്പെട്ടിരിക്കുകയാണ്. റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങി യുക്രെയ്ന്‍ യുദ്ധത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഇന്ത്യ മോസ്‌കോയുടെ യുദ്ധത്തിന് ധനസഹായം നല്‍കുന്നുണ്ടെന്ന് അമേരിക്ക ആരോപിക്കുന്നു. പക്ഷേ, റഷ്യന്‍ എണ്ണയുടെ ഏറ്റവും കൂടുതല്‍ വാങ്ങുന്ന രാജ്യം ചൈനയാണെന്നും യൂറോപ്പും മോസ്‌കോയില്‍ നിന്ന് നിരന്തരം ഊര്‍ജ്ജ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നുണ്ടെന്നും ഇന്ത്യ മറുപടി കൊടുത്തിട്ടുണ്ട്.

അതേസമയം, യു.എസ് സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള ഉപകരണമെന്നുപറഞ്ഞ് വിദേശ രാജ്യങ്ങള്‍ക്കുമേല്‍ ട്രംപ് ചുമത്തിയ തീരുവകളില്‍ മിക്കതും നിയമപരമല്ലെന്ന് വാഷിങ്ടണിലെ ഫെഡറല്‍ സര്‍ക്കീറ്റ് അപ്പീല്‍ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അന്താരാഷ്ട്ര അടിയന്തര സാമ്പത്തികാധികാര നിയമം (ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്‌സ് ആക്ട്-ഐ.ഇ.ഇ.പി.എ) ഉപയോഗിച്ച് ട്രംപ് ചുമത്തിയ തീരുവകള്‍ നിയമവിരുദ്ധമാണെന്നാണ് കഴിഞ്ഞ ദിവസം കോടതി വിധിച്ചത്. നിലവിലെ തീരുവകള്‍ ഒക്ടോബര്‍ 14 വരെ തുടരാന്‍ കോടതി അനുവാദം നല്‍കി. ട്രംപ് സര്‍ക്കാരിന് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനുവേണ്ടിയാണ് ഈ സമയം.

ട്രംപിന്റെ താരിഫ് ഭീഷണികള്‍ക്കിടയിലും ഇന്ത്യയുടെ ജി.ഡി.പി ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ (ഏപ്രില്‍-ജൂണ്‍) അപ്രതീക്ഷിത കുതിപ്പ് നടത്തിയിരിക്കുന്നു. 7.8 ശതമാനം വളര്‍ച്ചയാണ് രാജ്യം കൈവരിച്ചത്. കഴിഞ്ഞ അഞ്ച് പാദങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. റിസര്‍വ് ബാങ്കിന്റെ 6.5 ശതമാനം വളര്‍ച്ചാ പ്രവചനത്തെ മറികടക്കുന്നതാണ് ഈ കണക്ക്. കഴിഞ്ഞ വര്‍ഷം ഇതേ ക്വാര്‍ട്ടറില്‍ ജി.ഡി.പി വളര്‍ച്ച 6.7 ശതമാനം ആയിരുന്നു. ശരാശരി 6.7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു മറ്റ് സാമ്പത്തിക വിദഗ്ധരുടെ അനുമാനം. 2025-26 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ക്വാര്‍ട്ടറില്‍ ജി.ഡി.പി 47.89 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 44.42 ലക്ഷം കോടി രൂപയായിരുന്നു. ഇത് സൂചിപ്പിക്കുന്നത് 7.8 ശതമാനം വളര്‍ച്ചയാണ്. ഇനി യു.എസ് താരിഫ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
 


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക