Image

ഓർമ്മകളിലെ ഊഞ്ഞാൽ .....(ശ്രീകുമാർ ഉണ്ണിത്താൻ)

Published on 06 September, 2025
ഓർമ്മകളിലെ ഊഞ്ഞാൽ .....(ശ്രീകുമാർ ഉണ്ണിത്താൻ)

ഓണത്തിനെക്കുറിച്ച് പലർക്കും പലരീതിയിലുള്ള ഓർമ്മകൾ ആയിരിക്കും. എന്നാലും എല്ലാവർക്കും ഓണത്തിന് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് ഊഞ്ഞാൽ. ഊഞ്ഞാലില്ലാതെ എന്ത് ഓണം. ഓണത്തിന്റെ താളമാണ് ഊഞ്ഞാല്‍. ഊഞ്ഞാലിടാത്ത വീട്ടില്‍ ഓണമെത്തില്ലെന്ന് പറയുമായിരുന്നു പഴമക്കാർ.  ഇന്ന് പഴയ തലമുറ പറഞ്ഞുകൊടുക്കുന്ന ഓണക്കാലകഥകളിലൂടെയാണ് കൂടുതല്‍ കുട്ടികളും ഊഞ്ഞാലിനെ അറിയുന്നത്.

പണ്ട് ഓണം പടിവാതില്‍ക്കലെത്തിയാലുടന്‍ വീടുകളില്‍ ഊഞ്ഞാലിടും. തൊടിയിലെ വീട്ടുമുറ്റത്തെ  നാട്ടുമാവിന്റെയോ ,പ്ലാവിന്റെയോ, പറങ്കി മാവിന്റെയോ  ഏറ്റവും ഉയരമുള്ള മരത്തിന്റെ ചില്ലയിൽ   ഊഞ്ഞാൽ കെട്ടാൻ ഞങ്ങൾ  നിർബന്ധം  പിടിക്കുമായിരുന്നു . പോക്കറ്റ് നിറയെ ഉപ്പേരിയുമായി ഊഞ്ഞാലിൽ പോയിരുന്നു കൊറിക്കുന്നതും, കൂട്ടുകാർ ഒരുമിച്ച് ഊഞ്ഞാലാടുന്നതും പരസ്പരം ഊഞ്ഞാലിൽ ഇരുത്തി ആട്ടുന്നതും അതിൽ നിന്ന് മറിഞ്ഞു വീഴുന്നതുമൊക്കെ ഇപ്പോൾ മധുരമുള്ള ഓർമകളാണ്. ഊഞ്ഞാലുമായി ബന്ധപ്പെട്ട് പണ്ട് കാലത്ത് ധാരാളം പാട്ടുകളും മത്സരങ്ങളും ഉണ്ടായിരുന്നു. ഊഞ്ഞാലിലിരുന്ന് ഏറ്റവും കൂടുതല്‍ സമയം ആടി പറക്കുക ഏറ്റവും ഉയരത്തിലെത്തി ഇലതൊട്ടുവരിക, ചില്ലാട്ടം പറക്കുക   തുടങ്ങിയവ ഓർമ്മകളിൽ ഓടിയെത്തുന്നു.

ഇന്ന് നാട്ടിന്‍ പുറങ്ങളിലെ അപൂര്‍വം ചില വീടുകളില്‍ മാത്രമാണ് ഓണത്തിന് ഊഞ്ഞാലുകള്‍ കാണാന്‍ കഴിയുക. പറമ്പില്‍ നിന്ന് മരങ്ങള്‍ വെട്ടി മാറ്റി മണ്ണായ മണ്ണിലെല്ലാം കോണ്‍ക്രീറ്റ് സൗധങ്ങളുയര്‍ന്നപ്പോള്‍ വീട്ടുമുറ്റത്തുനിന്ന് ഊഞ്ഞാലും പടിയിറങ്ങി.കുട്ടികള്‍ക്ക് മത്സരിച്ച് ആടാനും പാടാനുമായി. ഇന്നത്തെ തലമുറ പേരിനെങ്കിലും ഊഞ്ഞാലാടുന്നത് കോളേജുകളിലും സ്‌കൂളുകളിലും , ജോലിസ്ഥലങ്ങളിലും, ക്ലബ്ബുകളിലും  തട്ടിക്കൂട്ടുന്ന ഓണാഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ വേണ്ടി മാത്രമാണ്. അതിന് കാണുവാൻ ഭംഗി മാത്രമേയുള്ളു.

പ്ലാസ്റ്റിക് ചരടില്‍ കൂട്ടിയിണക്കിയ ഊഞ്ഞാലുകള്‍ ലഭ്യമാണെങ്കിലും വീട്ടുപറമ്പില്‍ ഓണക്കാലത്ത് മരച്ചില്ലയില്‍ കെട്ടിയാടുന്ന ഊഞ്ഞാലിന്റെ അനുഭവം അതിന് പകര്‍ന്ന് നല്‍കാന്‍ കഴിയില്ല.ഇപ്പോൾ എല്ലാവർക്കും തിരക്കേറിയ ജീവിതത്തിൽ ഊഞ്ഞാലിനുള്ള കയർ,തടി ഒക്കെ ഓരോന്നായി വാങ്ങുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ റെഡിമെയ്ഡ് ഊഞ്ഞാലുകൾ റെഡിയാണ്. ഏതളവിലുമുള്ള ഊഞ്ഞാലുകളും കടകളിൽ റെഡിയാണ്.

കാലത്തിനൊപ്പം ഇപ്പോൾ ഊഞ്ഞാലും ഓർമ്മകളായായി.  വയലേലകളും തൊടിയും , കൊയ്ത്തും , വിളവെടുപ്പും ,ഓണത്തുമ്പികളും ഓണക്കളികളും പോലെ മലയാളിയുടെ ഓര്‍മച്ചെപ്പില്‍ സൂക്ഷിച്ചുവെക്കാം ആയത്തില്‍  പറന്നുയരുന്ന ഊഞ്ഞാലിനേയും.  കാലം മാറുന്നതിനൊപ്പംതന്നെ ഓണത്തിന്റെ ട്രെന്‍ഡുകളും മാറും. എല്ലാവര്‍ക്ക അവരവരുടെ കാലത്തെ ആഘോഷമാണ് ഏറ്റവും പ്രിയപ്പെട്ടത്. ഇന്നത്തെ കുട്ടികൾക്ക് ആ പഴയ ഊഞ്ഞാലിൽ ഇരുന്നു പഴയ കാലത്തെ കുട്ടികൾ ആടിയത് പോലെ ആടാനും പറ്റില്ല.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക