തൃശൂര്‍, കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ ഇടിമുറിയിലിട്ട് മര്‍ദിച്ചതിന്റെ പേരില്‍ കേരളാ പോലീസ് പുലിവാല് പിടിച്ചിരിക്കെ കൊല്ലം ശാസ്താംകോട്ടയില്‍ മറ്റൊരു വിചിത്ര സംഭവമുണ്ടായി. ശാസ്താംകോട്ട മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് മുന്നില്‍ ഇട്ട 'ഓപറേഷന്‍ സിന്ദൂര്‍' എന്ന് പേരെഴുതിയ പൂക്കളമാണ് വിവാദമുണ്ടാക്കിയത്. ഇതേ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ആര്‍.എസ്.എസ് അനുഭാവികളും പ്രവര്‍ത്തകരുമായ 27 പേര്‍ക്കെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തു. കലാപം ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെ ക്ഷേത്രമുറ്റത്ത് രാഷ്ടീയപാര്‍ട്ടിയുടെ ചിഹ്നമുള്ള പൂക്കളമിട്ടെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.
ഓണാഘോഷത്തോടനുബന്ധിച്ച് മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്ര കമ്മിറ്റി എടുത്ത തീരുമാനം അനുസരിച്ച് വിവിധ ടീമുകള്‍ ക്ഷേത്ര മതില്‍ക്കെട്ടിന് പുറത്ത് പൂക്കളമിട്ടു. ഇതില്‍ ആര്‍.എസ്.എസുകാര്‍ തയ്യാറാക്കിയ പൂക്കളത്തില്‍ 'ഓപറേഷന്‍ സിന്ദൂര്‍' എന്ന് രേഖപ്പെടുത്തുകയും ചെയ്തു. ഇതിനെതിരെ ക്ഷേത്ര ഭരണ സമിതി നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് എത്തി. പൂക്കളം നീക്കം ചെയ്യണമെന്നും ഇല്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും യുവാക്കള്‍ക്കെതിരെ കേസെടുക്കുമെന്നും പോലീസ് ഭീഷണിപ്പെടുത്തി. ''ഓപ്പറേഷന്‍ സിന്ദൂര്‍ ഇതില്‍ നിന്ന് മാറ്റണം, തിരുവേണനാളിലാണോ ഓപ്പറേഷന്‍ സിന്ദൂര്‍, മാറ്റണം ഇപ്പോള്‍, എല്ലാം, മാറ്റടോ...'' എന്ന് പോലീസുകാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ യുവാക്കള്‍ പൂക്കളം മാറ്റാന്‍ തയ്യാറായില്ലത്രേ.
'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരില്‍ പൂക്കളം ഒരുക്കിയതിന് കേരള പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത നടപടി ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. ''ഇത് കേരളമാണ്. ഇന്ത്യയുടെ ഭാഗമെന്നതില്‍ അഭിമാനിക്കുന്ന നമ്മുടെ നാട്ടില്‍ ഇതൊരിക്കലും അംഗീകരിക്കാനാകില്ല. ദേശസ്‌നേഹികളായ എല്ലാ ഭാരതീയരുടെയും അഭിമാനമാണ് ഓപ്പറേഷന്‍ സിന്ദൂര്‍. നമ്മുടെ സായുധ സേനകളുടെ കരുത്തിന്റെയും പോരാട്ട വീര്യത്തിന്റെയും പ്രതീകമാണത്. സൈനിക വേഷത്തില്‍ അതിര്‍ത്തി കാക്കുകയും മൂവര്‍ണ്ണക്കൊടിക്ക് വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുകയും ചെയ്തിട്ടുള്ള ആയിരക്കണക്കിന് മലയാളികളുണ്ടെന്നത് അധികാരികള്‍ ഓര്‍മ്മിക്കണം...'' രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
അതേസമയം, പൂക്കള വിവാദത്തില്‍ രാഷ്ട്രീയം ഉണ്ടെന്നുള്ള കാര്യത്തില്‍ സംശയമില്ല. മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്ര കമ്മിറ്റിയില്‍ വിവിധ രാഷ്ട്രീയ വിശ്വാസമുള്ളവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ബി.ജെ.പിക്ക് കമ്മിറ്റിയില്‍ യാതൊരു സ്വാധീനവുമില്ല. കമ്മിറ്റിക്കാര്‍ സി.പി.എം അനുഭാവം പ്രകടിപ്പിക്കുന്ന രീതിയിലാണ് ഈ വിഷയത്തോട് പ്രതികരിച്ചത്. ക്ഷേത്രത്തില്‍ ആര്‍.എസ്.എസ് ശാഖ പ്രവര്‍ത്തിക്കുന്നില്ല. അവര്‍ പുറത്താണ് അഭ്യാസങ്ങള്‍ക്കും മറ്റുമായി സമ്മേളിക്കുന്നത്. അവര്‍ ഇട്ട പൂക്കളത്തില്‍ 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന രേഖപ്പെടുത്തിയതിന് പുറമെ ആര്‍.എസ്.എസിന്റെ കൊടിയും ആലേഖനം ചെയ്തിട്ടുണ്ട്. താമര അടയാളവും കാണാം. അതാണ് കമ്മിറ്റിക്കാരെ ചൊടിപ്പിച്ചത്.
സി.പി.എമ്മും ആര്‍.എസ്.എസും പരമ്പരാഗത വൈരികളാണ്. ശാസ്താംകോട്ടയിലെ ഈ അമ്പല പരിസരത്ത് ആര്‍.എസ്.എസുകാര്‍ അത്ര ശക്തരുമല്ല. അവരുടെ സാന്നിധ്യം പൂക്കളത്തിലൂടെ കാട്ടുന്നതിനുവേണ്ടിയാവാം അതില്‍ 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്നെഴുതിയതും ആര്‍.എസ്.എസിന്റെ കാവി കൊടി ആലേഖനം ചെയ്തതും. കേരളത്തില്‍ ഏതൊക്കെ രീതിയില്‍ ഏതെല്ലാം മേഖലയില്‍ തങ്ങളുടെ ശക്തി തെളിയിച്ച് തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനുള്ള തത്രപ്പാടിലാണ് പി.ജെ.പിയും പരിവാരങ്ങളും. പൂക്കളത്തിലെ കൊടിയുടെ രാഷ്ട്രീയം നമുക്ക് മനസിലാക്കാം. പക്ഷേ, പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂര്‍' സംഘപരിവാരുകാരുടെ തറവാട്ട് സ്വത്തായിരുന്നോ എന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം.
140 കോടി ഇന്ത്യന്‍ ജനതയുടെ അഭിമാനമായ സൈനീക നീക്കമായിരുന്നു 'ഓപ്പറേഷന്‍ സിന്ദൂര്‍'. ഭാരതത്തിന്റെ യശസ്സ് ഉയര്‍ത്തിയ യുദ്ധത്തില്‍ പാകിസ്ഥാന്‍ ആയുധം വെച്ച് കീഴടങ്ങുകയും ചെയ്തു. പഹല്‍ഗാമില്‍ ഭീകരര്‍ മായ്ച്ച് കളഞ്ഞത് 26 നിരപരാധികളായ ഭാര്യമാരുടെ സിന്ദൂരമാണ്. സീമന്തരേഖയില്‍ സിന്ദൂരം ചാര്‍ത്തുകയെന്നത് ജാതി മത ഭേദമെന്യേ ഭാരത സ്ത്രീകളുടെ അവകാശവും അഭിമാനമുമാണ്. തനിക്ക് സ്‌നേഹനിധിയായ ഒരു ഭര്‍ത്താവ് ഉണ്ടെന്നും മറ്റാരും തന്നെ നോക്കേണ്ടെന്നും പ്രതീകാത്മകമായി സൂചിപ്പിക്കുന്നതാണ് ഈ സിന്ദൂരപ്പൊട്ട്. ഭര്‍ത്താവിന്റെ ആയുരാരോഗ്യത്തിന്റേയും വിവാഹ ജീവിതത്തിലെ ഐശ്വര്യത്തിന്റേയും പ്രതീകമായാണ് നെറ്റിയില്‍ ചാര്‍ത്തുന്ന ചുവന്നപൊട്ടിനെ ഇന്ത്യന്‍ സ്ത്രീകള്‍ കണക്കാക്കുന്നത്.
പരമ്പരാഗതമായും സാംസ്‌കാരികമായും ഈ സിന്ദൂര തിലകത്തിന് വലിയ പ്രാധാന്യമുണ്ട്. എന്നാല്‍ ഭര്‍ത്താവ് മരിച്ചാല്‍, വിധവകളാക്കപ്പെട്ടാല്‍, ആ നിമിഷം തന്നെ ഭാര്യ ആ സിന്ദൂരം മായ്ച്ച് കളയും. അതുകൊണ്ടാണ് മായ്ച്ചുകളഞ്ഞ സിന്ദൂരത്തിന് മറുപടി കൊടുത്തപ്പോള്‍ ഇന്ത്യന്‍ സൈന്യം ആ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന ഏറ്റവും ഉചിതമായ പേര് കൊടുത്തത്. പ്രിയ ഭര്‍ത്താക്കന്‍മാരെ നഷ്ടപ്പെട്ട് നിത്യദുഖത്തില്‍ കഴിയുന്ന 26 വിധവകള്‍ക്കുള്ള ആദരമാണ് 'ഓപ്പറേഷന്‍ സിന്ദൂര്‍'. അതിന് ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും പേറ്റന്റ് കൊടുത്തിട്ടുമില്ല.
ഓപറേഷന്‍ സിന്ദൂറിന് ശേഷം എന്നെന്നും ഈ നേട്ടം ഓര്‍മിപ്പിക്കപ്പെടണമെന്ന് ആഗ്രഹിച്ച് സ്വന്തം കുഞ്ഞുങ്ങള്‍ക്ക് ആ നാമം കൊടുത്ത മാതാപിതാക്കള്‍ നമ്മുടെ രാജ്യത്ത് നിരവധിയാണ്. ഉത്തര്‍പ്രദേശിലെ 17 കുഞ്ഞുങ്ങള്‍ക്കാണ് അവരുടെ മാതാപിതാക്കള്‍ സിന്ദൂര്‍ എന്ന് ആ പോരാട്ട നാളുകളില്‍ പേരിട്ടത്. കഴിഞ്ഞ മെയ് 7-നാണ് ഓപറേഷന്‍ സിന്ദൂര്‍ ആരംഭിച്ചത്. മെയ് 10, 11 തീയതികളില്‍ ഉത്തര്‍പ്രദേശിലെ കുശിനഗര്‍ മെഡിക്കല്‍ കോളേജില്‍ ജനിച്ച 17 നവജാത ശിശുക്കള്‍ക്കാണ് സിന്ദൂര്‍ എന്ന പേരിട്ടത്. ''പാകിസ്ഥാന് ഉചിതമായ മറുപടി നല്‍കിയതിന്...'' എന്ന് പറഞ്ഞുകൊണ്ട് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ അര്‍ച്ചന ഷാഹി തന്റെ മകള്‍ക്ക് സിന്ദൂര്‍ എന്ന് പേരിട്ടത്.
'സിന്ദൂര്‍' എന്ന പേര് തന്റെ മകളില്‍ ധൈര്യം പകരുമെന്നാണ് ഭതാഹി ബാബു ഗ്രാമത്തില്‍ നിന്നുള്ള വ്യാസ്മുനിക്ക പറയാനുള്ളത്. തന്റെ മകള്‍ വലുതാകുമ്പോള്‍ ആ വാക്കിന്റെ അര്‍ത്ഥം അവള്‍ക്ക് മനസിലാകും. ഭാരതമാതാവിന് വേണ്ടി ഉത്തരവാദിത്തമുള്ള സ്ത്രീയായി അവള്‍ സ്വയം മാറുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹം. ഇങ്ങനെയൊക്കെയാണ് നാം അഭിമാനബോധമുള്ള ഭാരതീയരാണെന്ന് തെളിയിക്കേണ്ടതും. അല്ലാതെ ഒരമ്പലമുറ്റത്ത് സംഘപരിവാര്‍ ധ്വനിയില്‍ പൂക്കളമിടുന്നതും അതിനെ വേറൊരു കൂട്ടര്‍ അടച്ചാക്ഷേപിക്കുന്നതും കേവലമായ രാഷ്ട്രീയ താത്പര്യങ്ങളാണെന്ന് തിരിച്ചറിയാന്‍ ഹിമാലയന്‍ ബുദ്ധിയൊന്നും വേണ്ട. ശാസ്താംകോട്ടയിലെ പോലീസ് പറയുന്നതുപോലെ ഒരു പൂക്കളത്തിന്റെ പേരില്‍ ആഹ്വാനം ചെയ്യുന്ന കലാപത്തിന് ഇവിടെയാരും നിന്നു കൊടുക്കത്തുമില്ല. അതിന് നമുക്ക് നേരമില്ല സാര്‍...