Image

പെണ്ണുങ്ങടെ ഓണം (ജിസ ജോസ്)

Published on 08 September, 2025
പെണ്ണുങ്ങടെ ഓണം  (ജിസ ജോസ്)

കേരളത്തിൽ പലേടത്തും ഓണസദ്യ ബുക്ക് ചെയ്തു സമയത്ത് കിട്ടാത്തതു കൊണ്ടു കഷ്ടപ്പെട്ട ആൾക്കൂട്ടത്തിൻ്റെ വീഡിയോകൾക്കു താഴെ വന്ന കമൻ്റുകളിൽ ഭൂരിപക്ഷവും വർഷത്തിലൊരിക്കൽ വരുന്ന ഓണത്തിനെങ്കിലും വീട്ടിലുണ്ടാക്കിക്കൂടേ ,വീട്ടിലുണ്ടാക്കാൻ മടിച്ചവർക്ക് ഇങ്ങനെത്തന്നെ വേണം , നന്നായിപ്പോയി എന്ന ടോണിലുള്ളതായിരുന്നു. ഓണസദ്യ ഓർഡർ ചെയ്യുന്നതിലെ ശരികേടാണ് എല്ലാവരെയും വിഷമിപ്പിച്ചത്.ഓർഡറെടുത്തവരുടെ വീഴ്ച വിഷയമേയല്ല.....

(വീട്ടിൽ സദ്യ ആരുണ്ടാക്കും?
വീട്ടിൽ പെണ്ണുങ്ങളില്ലേ?
നല്ലൊരുദിവസം ഭർത്താവിനും മക്കൾക്കും വെച്ചുവിളമ്പാൻ പോലും പറ്റാത്ത പെണ്ണുങ്ങളോ?
കേരളത്തിലെ പെണ്ണുങ്ങളത്ര  ഹൃദയശൂന്യകളോ ..?)

ഓണവും വിഷുവുമൊക്കെ വെറുത്തുപോയ ഒരു സ്നേഹിത പറഞ്ഞ അനുഭവം.

കല്യാണം കഴിച്ചു ചെന്ന
വീട് കൂട്ടുകുടുംബ സമ്പ്രദായത്തിലായിരുന്നു.
ഭർത്താവടക്കം കുറെ ആണുങ്ങൾ, ഏതാണ്ടത്രയും
പെണ്ണുങ്ങൾ, കുട്ടികൾ ....
രാവിലെ ചായയുമായി ആണുങ്ങളെ വിളിച്ചുണർത്തണം.പിന്നെ അവർ പത്രവായന ,വിശ്രമം .. എട്ടുമണിയോടെ പ്രാതൽ ഉണ്ടാക്കി വിളമ്പി കഴിക്കാൻ ആനയിക്കണം..

പിന്നെ സദ്യ ഒരുങ്ങുന്നതു വരെ ആണുങ്ങൾ ഉടുത്തൊരുങ്ങി ഉമ്മറത്തിരിക്കും. ചിലർ കിടക്കും .. മറ്റു ചിലർ കറങ്ങാനിറങ്ങും. ..

പ്രഥമൻ മാത്രം അച്ഛൻ ഉണ്ടാക്കും.
എന്നുവെച്ചാൽ പുറത്ത് അടുപ്പുകൂട്ടി ഉരുളി കേറ്റി വെച്ചു കൊടുക്കണം ,പരിപ്പ് വറ്ത്തു വേവിച്ചുടച്ചു കൊടുക്കണം ,പത്തിരുപതു തേങ്ങ ചിരവി പാലെടുത്തു ഒന്നാം പാൽ ,രണ്ടാംപാൽ  ,മൂന്നാംപാൽ.... എന്നിങ്ങനെ  കൈനീട്ടുമ്പോൾ പല പാത്രങ്ങളിലായി വെച്ചുകൊടുക്കണം. ശർക്കര ഉരുക്കി അരിച്ചു കൊടുക്കണം. അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യിൽ വറുത്തുകോരി നീട്ടിക്കൊടുക്കണം... ഏലക്കായ പഞ്ചസാര ചേർത്തുപൊടിച്ചു കൊടുക്കണം. കൈനീട്ടുമ്പോൾ എന്തെങ്കിലും കാലതാമസം വന്നാൽ അച്ഛൻ പൊട്ടിത്തെറിക്കും.

( ഇത്രേം ചെയ്യാമെങ്കിൽ എല്ലാം കൂട്ടിച്ചേർത്തു  ഇളക്കുന്നതും കൂടി നമുക്കു ചെയ്തൂടേ എന്നു പെണ്ണുങ്ങൾക്കു സംശയം തോന്നും. പക്ഷേ പാടില്ല ,പായസം അച്ഛനേ ഉണ്ടാക്കാൻ പാടൂ ,അച്ഛനുണ്ടാക്കുന്ന പ്രഥമൻ പോലൊന്ന് പെണ്ണുങ്ങൾക്കുണ്ടാക്കാൻ പറ്റില്ലത്രേ. )

സദ്യയിലേറ്റവും പ്രധാനം പ്രഥമനാണ് ,ചുമ്മാതല്ല ആ പേര്. അതുണ്ടാക്കാനുള്ള വല്ല ഭാരവും പെണ്ണുങ്ങൾക്കുണ്ടോ? എല്ലാം അച്ഛൻ ചെയ്തുതന്നില്ലേ? പിന്നെ കുറച്ച് സാമ്പാറും അവിയലും പച്ചടീം ഓലനും അതും ഇതും ... അതൊക്കെയൊരു പണിയാണോ..
എന്തൊരാശ്വാസം!! ഭാഗ്യവതികളായ പെണ്ണുങ്ങൾ !!( ഒരു പണീമില്ല)

ഉണ്ണാറാകുമ്പോ കറങ്ങാൻ പോയ പുരുഷ ശ്രേഷ്ഠ രിൽ രണ്ടുപേരെങ്കിലും തിരിച്ചുവരാനുണ്ടാവും ... നല്ലൊരുദിവസമായിട്ട് എല്ലാരും വരാതെ ഇലയിടാനോ?  വിളീം കാത്തിരിപ്പുമൊക്കെയായി ഒടുക്കം എല്ലാരുമെത്തി മിക്കവാറും രണ്ടു രണ്ടരമണിക്ക് ഉണ്ണാൻ ഇരിക്കും. ഇരിക്കുംമുന്നേ ഭവ്യതയോടെ വിളമ്പി വിളമ്പിക്കൊടുത്ത് ആത്മനിർവൃതിയടയണം. എല്ലാവരും വിസ്തരിച്ചുണ്ട് വേണ്ടത്ര കുറ്റവും പറഞ്ഞ്  ഇല മടക്കിയെണീറ്റാൽ അതെടുത്തുകളഞ്ഞ് വൃത്തിയാക്കി പെണ്ണുങ്ങൾക്കിരിക്കാം. മിക്കവാറും
ഉണ്ടെണീക്കും മുന്നേ ചായയ്ക്കു വിളി വരും...
പിന്നെ പാത്രംകഴുകൽ ,ബാക്കി വന്ന വിഭവങ്ങൾ ഫ്രിഡ്ജിൽ വെക്കൽ etc etc.. രാത്രി ഇതെല്ലാം വീണ്ടുമെടുത്തു ചൂടാക്കൽ ... വിളമ്പൽ ... കഴുകൽ ...

അങ്ങനെ മൂന്നാലോണവും വിഷുവും  കഴിഞ്ഞതോടെ ഏറ്റവും ഇഷ്ടമില്ലാത്ത ദിവസമേതെന്ന ചോദ്യത്തിന് അവൾ വിഷു ,ഓണംന്നു പറഞ്ഞുതുടങ്ങി ....

(കേരളത്തിൽ ഓണസദ്യ ,വിഷുസദ്യ ബിസിനസിന് മാർക്കറ്റുകൂടുകയേ ഉള്ളൂ. കുലസ്ത്രീധർമ്മവും ഉദ്ധരിച്ച് പെണ്ണുങ്ങളെ ബോധവൽക്കരിക്കാൻ പറ്റുംന്ന് തോന്നുന്നില്ല)
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക