കേരളാ പോലീസിലെ ഒരു അധമ വിഭാഗത്തിന്റെ ഗുണ്ടായിസവും ക്രിമിനല്‍ ആക്ടിവിസവും വെളിപ്പെടുത്തുന്ന രണ്ട് കസ്റ്റഡി മര്‍ദനങ്ങളുടെ ഭീകര ദൃശ്യങ്ങള്‍ പൊതുജനം കണ്ടുകഴിഞ്ഞിരിക്കുന്നു. തൃശൂര്‍ കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്‌വി.എസ് സുജിത്തിനെ പോലീസ് സ്റ്റേഷന്റെ ഇടിമുറിയിലിട്ട് മര്‍ദിച്ചവശനാക്കിയ ക്രൂരകൃത്യത്തിന്റെയും തൃശൂര്‍ പീച്ചി പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ മാനേജര്‍ റോണി ജോണിയെയും ഡ്രൈവര്‍ ലിതിന്‍ ഫിലിപ്പിനെയും അകാരണമായി പോസീസ് മര്‍ദിക്കുന്നതിന്റെയും സി.സി.ടി.വി ഫുട്ടേജുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നത്.
2023 ഏപ്രില്‍-മെയ് മാസങ്ങളില്‍ പോലീസ് സ്റ്റേഷനുകളിലെ കൊലമുറികളില്‍ നടന്ന ഈ കൊടിയ മൂന്നാം മുറയുടെ ദൃശ്യങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് ലഭ്യമായത് വിവരാവകാശ കമ്മിഷന്റെ അവസരോചിതമായ ഇടപെടലും ജാത്രതയും ഒന്നുകൊണ്ടു മാത്രമാണ്. സ്ത്രീസുരക്ഷയെന്ന തൊടുന്യായത്തിന്റെ പേരില്‍ ഫുട്ടേജുകള്‍ നല്‍കാന്‍ പോലീസ് വിസമ്മതിച്ചെങ്കിലും മര്‍ദനത്തിനിരയായവര്‍ക്കുവേണ്ടി നിലകൊണ്ട വിവരാവകാശ കമ്മിഷന്റെ കര്‍ശന നിര്‍ദേശമാണ് അവര്‍ക്ക് തുണയായത്. കുന്നംകുളത്തെയും പീച്ചിയിലെയും പോലീസ് കാടത്തം പുറത്തായതോടെ നരഭോജികളായ പോലീസിനെതിരെ നിരവധി പരാതികള്‍ പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്.
സി.സി.ടി.വി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പരാതികളാണ് ഭൂരിഭാഗവും. എന്നാല്‍ ദൃശ്യങ്ങള്‍ നല്‍കാതെ കൊടും കുറ്റവാളികള്‍ക്ക് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സംരക്ഷണ കവചമൊരുക്കുകയാണെന്ന ആക്ഷേപവും പരക്കെ ഉയര്‍ന്നിട്ടുണ്ട്. മര്‍ദനവും മൂന്നാം മുറയും കാടത്തവും കൊണ്ടുനടക്കുന്ന പോലീസ് ഓഫീസര്‍മാര്‍ സേനയുടെ തലപ്പത്ത് മാന്യന്‍മാര്‍ ചമഞ്ഞ് നടക്കുകയാണെന്ന പരാതിയുമായി എസ്.എഫ്.ഐ പത്തനംതിട്ട ജില്ല മുന്‍ പ്രസിഡന്റ് ജയകൃഷ്ണന്‍ തണ്ണിത്തോട് രംഗത്തെത്തി. കേരളത്തില്‍ ഏകപക്ഷീയമായ ഭരണം നടത്തുന്ന സി.പി.എമ്മിലും പോലീസ് വിളയാട്ടത്തിനെതിരെ അസ്വാരസ്യങ്ങള്‍ പുകയുന്നുണ്ടെന്ന് ജയകൃഷ്ണന്റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്നു.
കേരളാ പോലീസിലെ കാപാലികരുടെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. വാസ്തവത്തില്‍ ഇത്തരം നെറികേടുകള്‍ ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഭരണഘടനാ സ്ഥാപനമാണ് വിവരാവകാശ കമ്മിഷനും വിവരാവകാശ നിയമവും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. മനുഷ്യാവകാശ ലംഘനങ്ങള്‍ ഒന്നിനപിറകെ ഒന്നായി അരങ്ങേറുമ്പോള്‍ പുറം തിരിഞ്ഞ് നില്‍ക്കുന്നതാണ് മനുഷ്യാവകാശ കമ്മിഷനും മറ്റ് മുഴുത്ത ഏജന്‍സികളും എങ്കില്‍ ജനങ്ങളുടെ അഭയ കേന്ദ്രമായിരിക്കുകയാണ് വിവരാവകാശ കമ്മിഷന്‍. ഇനി അതിനും നവഹിറ്റ്‌ലര്‍മാര്‍ മൂക്കുകയറിട്ടാല്‍ ഒട്ടും അത്ഭുതപ്പെടേണ്ടതില്ല.
ഇന്ത്യയുടെ ഭരണഘടനയ്ക്ക് ശേഷം നിര്‍മ്മിക്കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട നിയമമാണ് 2005-ലെ വിവരാവകാശ നിയമം എന്ന് പറയുന്നതില്‍ ഒട്ടും അപാകതയില്ല. വിവരാവകാശ നിയമത്തിന്റെ പ്രാധാന്യമെന്തെന്നും, ഇതുപയോഗിച്ച് വിവരങ്ങള്‍ എങ്ങനെ നേടാമെന്ന കാര്യവും പലര്‍ക്കും അറിയില്ലെന്നതാണ് വാസ്തവം. ഇപ്പോഴത്തെ പോലീസ് പൈശാചികത സുപ്രധാനമായ ഈ നിയമത്തെക്കുറിച്ച് പൊതുജനത്തിന് അറിവ് പകരാന്‍ സഹായകരമാവുമെന്ന് കരതാം. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭരണ നിര്‍വ്വഹണം സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശം നല്‍കുന്നതിനായി 2005 ജൂണ്‍ 15-ന് പാര്‍ലമെന്റ് പാസ്സാക്കിയ വിവരാവകാശ നിയമം 2005 ഒക്ടോബര്‍ 12-ന് പ്രാബല്യത്തില്‍ വന്നു.
വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനായി എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുവിവരാധികാരികളെ നിയമിക്കണമെന്നും മേല്‍നോട്ടത്തിനായി, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കമ്മീഷനുകളെ നിയമിക്കണമെന്നും, ഏതൊരു ഭാരതീയപൗരനും, വിലക്കപ്പെട്ട ചുരുക്കം ചില വിവരങ്ങള്‍ ഒഴിച്ച്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയോ, സര്‍ക്കാര്‍സഹായം പറ്റുന്ന മറ്റു സ്ഥാപനങ്ങളുടെയോ, കൈവശമുള്ള ഏതൊരു രേഖയും, നിശ്ചിത തുകയടച്ച് അപേക്ഷിച്ചാല്‍ നിശ്ചിത സമയത്തിനുള്ളില്‍ നല്‍കണമെന്നും ഈ നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത പിഴശിക്ഷകളാണ് വ്യവസ്ഥചെയ്തിരിക്കുന്നത്.
ലോകത്ത് ആദ്യ വിവരാവകാശ കമ്മീഷന്‍ സ്ഥാപിതമായത് സ്വീഡനിലാണ്. എന്നാല്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആദ്യമായി വിവരാവകാശ നിയമം നിലവില്‍ വന്നത് 1997-ല്‍ തമിഴ്‌നാട്ടിലാണ്. മസ്ദൂര്‍ കിസാന്‍ ശക്തി സംഘതന്‍ ആണ് വിവരാവകാശ കമ്മീഷന്‍ വരാന്‍ വേണ്ടി പ്രവര്‍ത്തിച്ച സംഘടന. ചെയര്‍മാന്‍ അടക്കം 11 അംഗങ്ങള്‍. കാലാവധി ആറു വര്‍ഷം. വിവരാവകാശ കമ്മീഷന്‍ ഒരു അപേക്ഷ കൊടുത്താല്‍ മറുപടി കിട്ടിയില്ലെങ്കില്‍ 250 മുതല്‍ 25,000 രൂപ പിഴ കൊടുക്കണം. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ 30 ദിവസത്തിനുള്ളില്‍ മറുപടി കൊടുക്കണം. ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് 35 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം. ജീവനും സ്വത്തിനും മറുപടി 48 മണിക്കൂറിനുള്ളില്‍ നല്‍കണം.
പൊതു താല്പര്യങ്ങള്‍ക്ക് ഹാനികരമാവാതെ, ഭരണകാര്യ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനും രഹസ്യകാര്യങ്ങള്‍ സംരക്ഷിക്കുന്നതിനും പരിമിതമായ പൊതുസമ്പത്ത്, യുക്തമായി ഉപയോഗിച്ച് ഒരു സംവിധാനം ഏര്‍പ്പെടുത്തുക, ഭരണകാര്യങ്ങളില്‍, സുതാര്യതയും സര്‍ക്കാര്‍ ഉത്തരവാദിത്തവും പ്രോത്സാഹിപ്പിച്ച്, അഴിമതി നിയന്ത്രിക്കുക തുടങ്ങിയവയാണ് വിവരാവകാശ നിയമത്തിന്റെ ലക്ഷ്യങ്ങള്‍. ഇന്ത്യയില്‍ എല്ലായിടത്തും ഈ നിയമം ബാധകമാണ്. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും പൊതുസ്ഥാപനങ്ങളും ഈ നിയമപരിധിയില്‍ പെടും. എന്നാല്‍, കേന്ദ്ര രഹസ്യാന്വേഷണ സംഘടനയടക്കം പതിനെട്ട് രഹസ്യാന്വേഷണ-സുരക്ഷാ സ്ഥാപനങ്ങളെ ഈ നിയമപരിധിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. പോലീസും കോടതികളുമടക്കം യാതൊരു സ്ഥാപനത്തേയും ഒഴിവാക്കിയിട്ടില്ലെന്നതാണ് ശ്രദ്ധേയം.
വിവരവകാശ നിയമത്തിന്റെ അധികാരങ്ങള്‍ പ്രയോഗിക്കാനും ചുമതലകള്‍ നിറവേറ്റാനും പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് വിവരാവകാശ കമ്മീഷന്‍. കേന്ദ്രതലത്തിലും സംസ്ഥാനങ്ങളിലും വിവരാവകാശ കമ്മീഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഏതൊരാളില്‍ നിന്നും പരാതികള്‍ സ്വീകരിക്കാന്‍, പരാതി അന്വേഷിക്കുവാന്‍, തെളിവെടുപ്പിന് ഒരാളെ വിളിച്ചു വരുത്തുവാന്‍ സത്യവാക്കായി തെളിവുകള്‍ സ്വീകരിക്കുവാന്‍, രേഖകള്‍ കണ്ടെടുക്കുവാന്‍, അവ പരിശോധിക്കുവാന്‍, സര്‍ക്കാര്‍ നിശ്ചയിക്കുന്ന മറ്റേതൊരു നടപടിയും സ്വീകരിക്കുവാന്‍ കമ്മീഷന് അധികാരമുണ്ട്. കൂടാതെ, കേന്ദ്ര-സംസ്ഥാന നിയമസഭകള്‍ നിര്‍മ്മിച്ച ഏതൊരു നിയമത്തിലും എന്തുതന്നെ ആയിരുന്നാലും, യാതൊരുകാരണവശാലും ഒരു രേഖയും കമ്മീഷനോട് നിരസിക്കാന്‍ പാടില്ല എന്നും വ്യവസ്ഥയുണ്ട്.
എന്നാല്‍ അപേക്ഷകള്‍ സ്വീകരികാതിരിക്കുകയോ, നിശ്ചിത സമയത്തിനുള്ളില്‍ വിവരം നല്‍കാതിരിക്കുകയോ, മനപൂര്‍വം വിവരം നിരസിക്കുകയോ, അറിഞ്ഞുകൊണ്ട് തെറ്റായതോ അപൂര്‍ണ്ണമായതോ ആയ വിവരം നല്‍കുകയോ, വിവരരേഖകള്‍ നശിപ്പിക്കുകയോ, വിവരം നല്‍കുന്നത് തടസ്സപ്പെടുത്തുകയോ ചെയ്താല്‍ പ്രതിദിനം 250 രൂപാ നിരക്കില്‍ പരമാവധി 25,000 രൂപ വരെ പിഴശിക്ഷ ലഭിക്കും. കൂടാതെ, വകുപ്പുതലത്തില്‍ അച്ചടക്കനടപടിയും ഉണ്ടായേക്കാം. ശിക്ഷാധികാരം കമ്മീഷനാണ്. വിവരാധികാരി, വിവരം നല്‍കുന്നതിന് ആവശ്യപ്പെട്ട മറ്റേതൊരു ഉദ്യോഗസ്ഥനും ഇവ ബാധകമാണ്.
ജനാധിപത്യ ഭരണ സംവിധാനത്തിന്റെ ജീവവായുവായതുമായ അവകാശമാണ് അറിയാനുള്ള അവകാശം. ഇത് ഭരണഘടനയുടെ മൂന്നാം ഭാഗം നല്‍കുന്ന മൗലികാവകാശങ്ങളിലൊന്നാണ്. എന്നാല്‍ വിവരങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതു നേടിയെടുക്കാന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ ഉണ്ടായിരുന്നില്ല. ഈ നടപടി ക്രമമാണ് വിവരാവകാശ നിയമം വഴി ലഭിക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിന് പുതിയ ജീവന്‍ നല്‍കാനും മൗലികാവകാശത്തിന് അര്‍ത്ഥം നല്‍കാനും ഈ നിയമത്തിന് സാധിക്കുന്നു. വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു നിയമവിഭാഗമാണിത്. പൗരന്മാരുടെ സജീവമായ ഇടപെടല്‍ ഇതിന്റെ പൂര്‍ണതക്ക് ആവശ്യമാണ്. കേരളാ പോലീസിലെ ഒരു വിഭാഗം ഗുണ്ടകളുടെയും വെറിയന്‍മാരുടെയും നിഷ്ഠൂരമായ തേര്‍വാഴ്ച ഈ ഇടപെടലിന് കരുത്തേകും.