Image

സിനഡൽ സഭയിലേക്കുള്ള ദൈവവിളി (ചാക്കോ കളരിക്കൽ)

Published on 08 September, 2025
സിനഡൽ സഭയിലേക്കുള്ള ദൈവവിളി (ചാക്കോ കളരിക്കൽ)

സാര്‍വ്വത്രികസഭാസിനഡ് 2023 ഒക്‌ടോബറില്‍ റോമില്‍ സമ്മേളിച്ച വിവരം നമുക്കെല്ലാവർക്കും അറിവുള്ളതാണല്ലോ. മെത്രാന്മാരുടെ ഒരു സമ്മേളനം എന്നതിലുപരി സഭയുടെ എല്ലാത്തലങ്ങളിലുമുള്ള വിശ്വാസികളെയും പങ്കുചേര്‍ത്തുകൊണ്ട് രണ്ടു വര്‍ഷം നീണ്ടുനിന്ന ഒരു പ്രക്രിയയിലൂടെയായിരുന്നു സാര്‍വ്വത്രികസഭാസിനഡ് സമ്മേളിച്ചത്. അതിനുതകിയ ഒരു രൂപരേഖ-മെത്രാന്‍ സിനഡിന്റെ നവീകൃതക്രമം-ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ 2018 സെപ്തംബര്‍ 15-ന് പ്രസിദ്ധീകരിച്ചിരുന്നു. 'മെത്രാന്മാരുടെ കൂട്ടായ്മ' (Episcopalis Communio) എന്നാണ് ആ അപ്പോസ്തലിക ലേഖനത്തിന്റെ പേര്. ഈ നവീകൃതക്രമമനുസരിച്ചു സിനഡല്‍ സമ്മേളനങ്ങള്‍ രൂപതാ തലത്തില്‍ ആരംഭിച്ച് പ്രാദേശികം, ദേശീയം, അന്തർദേശീയം എന്നീ തലങ്ങളിലെല്ലാം നടത്തപ്പെടേണ്ടതായിരുന്നു. "ഒരുമിച്ചുള്ള യാത്ര" പ്രോത്സാഹിപ്പിക്കുന്നതിനും ശ്രേണിക്ക് (hierarchy) അപ്പുറത്തേക്ക് സംഭാഷണം വിശാലമാക്കുന്നതിനുമുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ആഗോളശ്രമത്തിന്റെ ഭാഗമായിരുന്നു ആ പ്രക്രിയ. നിഭാഗ്യവശാൽ, സർവ്വജ്ഞാനികളായ സീറോ-മലബാർ മെത്രാന്മാർ രൂപതാതലത്തിലുള്ള സിനഡല്‍ സമ്മേളനങ്ങള്‍പോലും സംഘടിപ്പിക്കാതെ സാര്‍വ്വത്രികസഭാസിനഡിൽ സംബന്ധിക്കുകയാണ് ചെയ്തത്. സാര്‍വ്വത്രികസഭാസിനഡിന്റെ തയ്യാറെടുപ്പിൽനിന്നും അൽമായരെയും സന്ന്യസ്തരെയും വൈദികരെയും മെത്രാന്മാർ ഫലപ്രദമായി ഒഴിവാക്കി. എന്നാൽ, പരമാധികാരത്തിന്റെ അർത്ഥവും അതിൻറെ നാളത്തെ രൂപവും സംബന്ധിച്ച ഒരു പ്രഖ്യാപനമായിരുന്നു 2023-ലെ സിനഡ്.
 

വൈദികർ, സന്ന്യസ്തർ, അല്മായ അംഗങ്ങൾ, പ്രത്യേകിച്ച് എറണാകുളം-അങ്കമാലി അതിരൂപതയിൽ, സീറോ-മലബാർ മെത്രാന്മാരുമായുള്ള ബന്ധം വളരെ വഷളായിരിക്കുന്ന ഒരു സമയമാണിപ്പോൾ. ഏവരെയും ഉൾകൊണ്ടുകൊണ്ടുള്ള ഒരു സഭാസിനഡും തീരുമാനമെടുക്കലും അനിവാര്യമാണെന്ന് അവർ വിശ്വസിക്കുന്നു. എർണാകുളം-അങ്കമാലി അതിരൂപതയിലെ ആഭ്യന്തര പോരാട്ടങ്ങൾ, ചിലർ സിനഡാലിറ്റിയുടെ ആത്മാവിനോടുള്ള വെല്ലുവിളിയായി കണ്ടു. ആരാധന ക്രമങ്ങളെക്കുറിച്ചുള്ള തർക്കം വിഭാഗീതയിലേക്കും ആശയവിനിമയ തകർച്ചയിലേക്കും നയിച്ചു. ഇത് ശ്രവണത്തിന്റെയും വിട്ടുവീഴ്ചയുടെയും സിനഡൽ ആദർശത്തിന് വിരുദ്ധമായിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലായിരിക്കണം എറണാകുളം-അങ്കമാലി അതിരൂപതയിൽ അല്മായർ സംഘടിപ്പിച്ച അല്മായസിനഡിനെ വിലയിരുത്താൻ.

കത്തോലിക്ക സഭയാകുന്ന സ്ഥാപനം കോൺസ്റ്റൻറ്റൈൻ ചക്രവർത്തിയുടെ കാലംമുതൽ പ്രഭുവർഗ്ഗ, രാജവാഴ്ച സംവിധാനത്തിലായിരുന്നു ഭരണം നിർവ്വഹിച്ചിരുന്നത്. അപ്പോൾ സ്വാഭാവികമായി റോമൻ പാശ്ചാത്യ/പൗരസ്ത്യസഭകളുടെ ഭരണം പോപ്പിലാരംഭിക്കുന്ന  ശ്രേണിബദ്ധമായ ഒരു ഭരണസമ്പ്രദായത്തിന് രൂപമുണ്ടായി. ഇന്നും ആ ഭരണസമ്പ്രദായം റോമൻ പാശ്ചാത്യ/പൗരസ്ത്യസഭകളിൽ തുടരുന്നു. ആദ്യ നൂറ്റാണ്ടുകളിലെ സിനഡല്‍ശൈലി തുടർന്നുപോന്നത് മലങ്കരയിലെ മാർതോമ നസ്രാണിസഭ മാത്രമാണ്.

സഭയുടെ അടിസ്ഥാനഘടകം ദൈവജനമാണെന്നും ഹൈരാര്‍ക്കി സേവനത്തിന്റെ ചൈതന്യത്തില്‍ ദൈവജനത്തെ രക്ഷയുടെ മാര്‍ഗ്ഗത്തിലേയ്ക്ക് നയിക്കണമെന്നുമാണ് രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിച്ചത്.  ഒരു തീര്‍ത്ഥാടകസമൂഹമായ സഭയുടെ എല്ലാ തലങ്ങളിലും, അജപാലകരും സന്ന്യസ്തരും അല്മായരും (സഭാനേതൃത്വവും ദൈവജനവും) ഒരുമിച്ചു യാത്ര ചെയ്യുകയും പ്രവര്‍ത്തിക്കുകയും സാക്ഷ്യം നല്‍കുകയും വേണം. ഓരോ ക്രൈസ്തവനും സഭാജീവിതത്തിലെ സജീവവും ഉത്തരവാദിത്വപൂര്‍ണ്ണവുമായ പങ്കാളിത്തത്തിലൂടെയാണ് തന്റെ വിശ്വാസജീവിതപൂര്‍ണ്ണത പ്രാപിക്കേണ്ടത്. അതാണ് സിനഡല്‍ ജീവിതശൈലി.

യേശുവിൽ ഒരു സമൂഹമായി പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ട് പിതാവിന്റെ ഭവനത്തെ ലക്ഷ്യമാക്കി യാത്ര ചെയ്തുകൊണ്ടിരിക്കുന്ന വിശ്വാസികളുടെ സമൂഹമാണ് സഭ. മാമ്മോദീസവഴി വിശ്വാസമാകുന്ന ദാനവും ആത്മാവിന്റെ അഭിഷേകവും ഓരോ വിശ്വാസിക്കും നല്കപ്പെട്ടിട്ടുണ്ട്. അതുവഴി ഓരോ വിശ്വാസിയും ക്രിസ്തുവിന്റെ പ്രവാചകദൗത്യത്തില്‍ പങ്കുചേരുന്നുമുണ്ട്. ദൈവജനത്തിന്റെ കൂട്ടായ ചിന്തകളും തീരുമാനങ്ങളും ഉടലെടുക്കുന്നത് സിനഡല്‍ സമ്മേളനങ്ങളിലൂടെയാണ്. ആദ്യ ജറുസലേം സൂനഹദോസ് മുതല്‍ ഈ രീതി സഭയില്‍ എന്നും നിലനിൽക്കേണ്ടതായിരുന്നു. ആദ്യകാലങ്ങളില്‍ സജീവമായിരുന്ന ഈ സഭാഭരണശൈലി  കോൺസ്റ്റൻറ്റൈൻറെ സഭ ആയതോടെ റോമൻ പാശ്ചാത്യ/പൗരസ്ത്യസഭകളിൽ നിന്നും അപ്രത്യക്ഷമായി. സഭയുടെ എല്ലാ തലങ്ങളിലുമുള്ള തീരുമാനങ്ങളും കൂടിയാലോചനകളിലൂടെ നടപ്പില്‍ വരുത്തുവാനാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്തത്. ഇപ്രകാരമുള്ള കൂടിയാലോചനകളുടെയും, പങ്കാളിത്തശൈലികളുടെയും പ്രാധാന്യം തന്റെ ശുശ്രൂഷയുടെ ആരംഭം മുതല്‍തന്നെ ഫ്രാന്‍സിസ് പാപ്പ ഊന്നിപ്പറയുന്ന വിവരവും നമുക്കറിയാം. സിനഡിന്റെ എല്ലാ തലങ്ങളിലും ഘട്ടങ്ങളിലും ദൈവജനത്തിന്റെ സംഘാതചിന്തകളും നിര്‍ദ്ദേശങ്ങളും ഫലപ്രദമായി സഭാജീവിതത്തിൽ സ്വാംശീകരിച്ചു നവീകരണക്കാനായിരുന്നു സാര്‍വ്വത്രികസഭാസിനഡ് വഴി ഫ്രാന്‍സിസ് പാപ്പ ശ്രമിച്ചത്.

മലങ്കരയിൽ മാർതോമ സ്ഥാപിച്ച സഭ സുറിയാനിസഭയോ റോമൻപൗരസ്ത്യസഭയോ അല്ല. അത് പ്രാദേശികവും സ്വതന്ത്രവുമായ മാർതോമ നസ്രാണി സഭയാണ്. ആ സഭയ്ക്ക് റോമൻ പാശ്ചാത്യ/പൗരസ്ത്യ സഭകളെപ്പോലെ രാജകീയ പ്രൗഢിയോ ഘടനയോ നിയമങ്ങളോ അധികാരാധിഷ്ഠിതമായ ഹയരാർക്കിയോ ഉണ്ടായിരുന്നില്ല. ‘മാർതോമയുടെ മാർഗവും വഴിപാടും’ എന്ന നസ്രാണികളുടെ പ്രത്യേകമായ ദൈവശാസ്ത്ര പൈതൃകമായിരുന്നു അവരുടെ ക്രിസ്തീയ ജീവിത ശൈലി. അവരുടെ പള്ളിഭരണവും മൊത്തത്തിലുള്ള മറ്റു തീരുമാനങ്ങളും നടപ്പിലാക്കിയിരുന്നത് ഇടവകയോഗങ്ങളും പ്രാദേശികയോഗങ്ങളും മലങ്കര പള്ളിക്കാരുടെ മഹായോഗങ്ങളും വഴിയാണ്. ഈ ഭരണസമ്പ്രദായം സുവിശേഷാധിഷ്ഠിതവും ആദിമസഭാ പാരമ്പര്യത്തിലധിഷ്ഠിതവും ആയിരുന്നു. മാർതോമ ക്രിസ്ത്യാനികളുടെ കൂട്ടായ്മ, മാർതോമ മാർഗം, ആര്‍ച്ചുഡീക്കന്‍ പദവി, പള്ളിയോഗം, സഭായോഗം എല്ലാം മാർതോമക്രിസ്ത്യാനികളുടെ ചരിത്രപാരമ്പര്യങ്ങളാണ്. ജാതിക്കു കർത്തവ്യൻ (ആർക്കദ്യാക്കോൻ) ആയിരുന്നു മലങ്കരനസ്രാണികളുടെ സമുദായ നേതാവ്. സഭാപരവും രാഷ്ട്രപരവും സാമൂഹികവുമായ എല്ലാ കാര്യങ്ങളും നിർവ്വഹിച്ചിരുന്നത് മലങ്കര പള്ളിക്കാരുടെ മഹായോഗ തീരുമാനമനുസരിച്ച് ജാതിക്കു കർത്തവ്യൻ ആയിരുന്നു. കല്ദായയിൽനിന്നു വിളിച്ചുവരുത്തിയിരുന്ന കൽദായ നെസ്തോറിയൻ മെത്രാപ്പോലീത്താമാരായിരുന്നു മലബാർ സഭയ്ക്ക് ആധ്യാത്മിക ശുശ്രൂഷ ചെയ്തിരുന്നത്. അവർ സമുദായത്തിൻറെ ഭൗതികകാര്യങ്ങളിലോ സഭാഭരണകാര്യങ്ങളിലോ കൈകടത്തിയിരുന്നില്ല. പ്രേഷ്യൻ മെത്രാന്മാരുടെ സുദീർഘമായ ശുശ്രൂഷാകാലഘട്ടത്തിൽ നസ്രാണിസഭാ ഭരണസമ്പ്രദായത്തിന് മാറ്റമൊന്നും ഉണ്ടായില്ല. ഇന്ന് അല്മായർ എന്നറിയപ്പെടുന്ന വിശ്വാസികളെ അന്നറിയപ്പെട്ടിരുന്നത് 'എണങ്ങർ' എന്നാണ്. നസ്രാണി സമുദായത്തിലെ വൈദികേതരർ ഉദയമ്പേരൂർ സൂനഹദോസുവരെ എണങ്ങരാണ്. പിന്നീട് എണങ്ങർ എന്ന നല്ല മലയാളം പദത്തിനുപകരം 'അല്മായർ' എന്ന സുറിയാനിപദം കടന്നുകൂടി. നസ്രാണികളുടെ സങ്കല്പത്തിൽ പട്ടക്കാർ എണങ്ങരുടെ  ശുശ്രൂഷകർ മാത്രമാണ്. പോർച്ചുഗീസുകാരുടെ കൊളോണിയൽ ഭരണകാലം മുതൽ നസ്രാണികളുടെ പള്ളിഭരണതനിമയും മറ്റുപലതും  നഷ്ടപ്പെട്ടുതുടങ്ങിയിരുന്നു. അടുത്തകാലത്ത് നസ്രാണിസഭയ്ക്ക് സ്വയംഭരണാധികാരം റോം നൽകുകയുണ്ടായി. അപ്പോൾ സഭയുടെ നല്ല പൂർവ്വപാരമ്പര്യങ്ങളിലേയ്ക്ക് തിരികെ പോകുന്നതിനുപകരം അധികാര മോഹികളായ മെത്രാന്മാർ അല്മായരെ സഭാഭരണത്തിൽനിന്നും മാറ്റിനിർത്താൻ വേണ്ടി പള്ളിപൊതുയോഗത്തെ വികാരിയെ ഉപദേശിക്കുന്ന ഒരു നോക്കുകുത്തി സമതിയാക്കി മാറ്റി. കൂടാതെ, പൗരസ്ത്യസഭകളിൽ പെടാത്ത നമ്മുടെ സഭയ്ക്ക് പൗരസ്ത്യ കാനോൻ നിയമവും ബാധകമാക്കി. അങ്ങനെ പള്ളികളും പള്ളിസ്വത്തുക്കളും മെത്രാന്മാർ പള്ളിക്കാരിൽനിന്നും പിടിച്ചെടുത്തു. കോടതിവിധികൾപോലും മെത്രാന്മാർ അനുസരിക്കുന്നില്ലെന്നുള്ളത് നമ്മെ ഭയപ്പെടുത്തേണ്ടതാണ്. പണ്ടത്തേക്കാളധികം എണ്ണത്തിലും സഭാഭരണത്തിലും മെത്രാന്മാർ ശക്തിയാർജ്ജിച്ചുകഴിഞ്ഞിരിക്കുന്നു. പോപ്പ് ഫ്രാൻസിസിന്റെ സിനഡല്‍ശൈലിയോടുകൂടിയ സഭാഭരണസമ്പ്രദായത്തിന് ടോർപ്പിഡോവെയ്ക്കാൻ അവർ ശക്തരാണ്. ഒരുമിച്ച് തീര്‍ത്ഥാടനം ചെയ്യുന്ന വിശ്വാസികളുടെ സമൂഹമാണ് സഭയെന്ന ബോധവും ആന്തരികനവീകരണവും മാനസാന്തരവും ആധിപത്യശൈലി പിന്തുടരുന്ന അവർക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു. എല്ലാ രൂപതകളിലും അല്മായസിനഡുകൾ രൂപീകരിച്ചുകൊണ്ട് പള്ളിഭരണത്തിൽ അല്മായരുടെ നിലപാടെന്താണെന്ന് മെത്രാന്മാരെ ധരിപ്പിക്കേണ്ട കടമ എണങ്ങരിൽ ഇന്ന് വന്നുഭവിച്ചിരിക്കുകയാണ്. അല്മായസിനഡും ക്രിസ്ത്യൻ ചർച്ച്‌ പ്രോപ്പർടീസ് ആക്റ്റും മെത്രാന്മാർക്ക് പേടിസ്വപ്നങ്ങളാണെന്നുള്ളതിന് സംശയമില്ല. അല്മായ സിനഡല്‍ പ്രക്രിയ വഴി നവീകൃതവും, കാലോചിതവുമായ ക്രൈസ്തവജീവിത ശൈലികളും സഭാഭരണ സമ്പ്രദായങ്ങളും രൂപപ്പെടുകയാണ് വേണ്ടത്. എല്ലാ തട്ടിലുമുള്ള ദൈവജനത്തിന്റെ സ്വരം കേള്‍ക്കുന്ന സഭയാകണം മൂന്നാം സഹസ്രാബ്ദത്തിലെ സഭ. അപ്രകാരമൊരു സഭാഭരണശൈലി മാറ്റത്തിലേയ്ക്കുള്ള മാർഗ്ഗദീപമായിരിക്കണം അല്മായസിനഡ്.

ആഗോളസഭയിൽ പോപ്പ് ഫ്രാൻസിസ് കൊണ്ടുവരുവാൻ ഉദ്ദേശിച്ച സാര്‍വ്വത്രികസഭാ സിനഡിനു തുല്യമായ സിനഡ്, നസ്രാണിസഭയിൽ പൂർവ്വകാലം മുതൽ നിലനിന്നിരുന്ന പാരമ്പര്യമാണെന്നുള്ളതിൽ മാർതോമ നസ്രാണി ക്രിസ്ത്യാനികൾ അഭിമാന പുളകിതരാകേണ്ടതാണ്. 1599-ലെ ഉദയമ്പേരൂർ സൂനഹദോസും 1773-ൽ അങ്കമാലിയിൽ സമ്മേളിച്ച മലങ്കരപ്പള്ളിക്കാരുടെ മഹായോഗവും മാർതോമ നസ്രാണിസഭാ ഭരണപാരമ്പര്യത്തെ വിളിച്ചറിയിക്കുന്നതാണ്. അത് പാര്‍ലമെന്ററി നിയമനിർമ്മാണ രീതിയിലുള്ള ഭരണമല്ല; മറിച്ച്, കൂട്ടായ്മയുടെ പരസ്പര ശുശ്രൂഷയാണ്. ആറുലക്ഷത്തില്പരം അംഗങ്ങളും 250-ൽ പരം ഇടവകകളും 500-ലധികം രൂപത/സന്ന്യസ്ത വൈദികരുമുള്ള   എർണാകുളം-അങ്കമാലി അതിരൂപതയിലെ തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ അല്മായ മുന്നേറ്റത്തിന്റെ നേതൃത്വത്തിൽ 2025 ഓഗസ്റ്റ് 15-16 തീയതികളിൽ എറണാകുളം റിന്യൂവൽ സെന്റെറിൽ നടന്ന അല്മായസിനഡ് വമ്പിച്ച വിജയവും ചരിത്ര സംഭവവുമായിരിക്കുന്നു. അവർ ഒറ്റക്കല്ല, ഒറ്റക്കെട്ടായ സഭാസമൂഹമാണ്. മാര്തോമ നസ്രാണി ക്രിസ്ത്യാനികളുടെ പൂർവ്വ സിനഡാലിറ്റി (സഭായോഗം) അതുവഴി പുനരുദ്ധരിക്കപ്പെടുകയാണെന്നുപറയാം. അവർ കൈക്കൊള്ളുന്ന തീരുമാനങ്ങളും നയരൂപീകരണങ്ങളും അതിരൂപതയിൽ നടപ്പിൽ വരുത്താനും അവർക്കു സാധിക്കും. യാഥാർത്ഥത്തിൽ എർണാകുളം- അങ്കമാലി അതിരൂപതയിലെ ദൈവജനം ഒറ്റക്കെട്ടായി നടത്തിയ അവകാശ പ്രഖ്യാപനമായിരുന്നു ആ അല്മായസിനഡ്; ക്രിസ്തുവിൽ സ്വതന്ത്രരായതിന്റെ സാക്ഷ്യം. ഭാവിയിൽ വൈദികരും അല്മായരും മെത്രാനും കൂടിയ സിനാഡായാൽ സിനഡാലിറ്റിയുടെ പൂർത്തീകരണമാകും. എർണാകുളം- അങ്കമാലി അതിരൂപതയിലെ ദൈവജനം സംഘടിപ്പിച്ച അല്മായസമ്മേളനം സീറോ-മലബാർ സഭയിലെ മറ്റു രൂപതകളിലേക്കും വ്യാപിക്കുമെന്നും അങ്ങനെ അവരും അവരുടെ സഭയിലെ അവകാശങ്ങൾ വീണ്ടെടുക്കുമെന്നും യേശുവിൽ സ്വതന്ത്രരായ ദൈവജനമാകുമെന്നും പ്രത്യാശിക്കാം.

 

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-09-11 00:23:06
Quarms ഉണ്ടോ മൊണ്ണകളേ നിങ്ങള്ക്ക്???. ഒരൊറ്റ "എണ്ങ്ങനും" ഈ ലേഖനത്തിന്റെ ചുവട്ടിൽ ഒരു comment ഇടാനുള്ള ധൈര്യം ഇല്ലാതെ പോയല്ലോ കർത്താവേ 🫣🫣🫣. അവൻ ഇപ്പോഴും "വെള്ളം കോരിയും" "വെറക് വെട്ടിയും" ആയി തന്നെ തുടരുന്നു. ഒരു Fact based ലേഖനം. ഒരു evidence based അവലോകനം.💪💪💪
josecheripuram 2025-09-11 00:39:11
Religion is a business like politics, no capital needed, but the profit is enormous ?
Jayan Varghese 2025-09-11 15:54:37
മതവും രാഷ്ട്രീയവും മുതല്മുടക്കില്ലാത്ത കച്ചവടവും ബാലൻസ്‌ ഷീറ്റിൽ ലാഭം മാത്രം നീക്കിയിരിപ്പുണ്ടാവുന്നതുമായ ഒരു വ്യവസായമാണെന്നു സമൂഹത്തിലെ മഹാഭൂരിപക്ഷവും സമ്മതിക്കുന്നു പ്രദാംഗിക്കുന്നു എഴുതുന്നു. എന്നിട്ടും ഒരു മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ ചാവേറായി അവൻ വേഷം കെട്ടി നിൽക്കുന്നു എന്നതിന്റ ഏറ്റവും വലിയ അടയാളമായി അവന്റെ ജീവിത സഖിയുടെ കഴുത്തിൽ താലി എന്ന നമ്പർ പ്ളേറ്റും സ്വന്തം അണിവിരലിൽ വിവാഹ മോതിരം എന്ന അടയാള വളയവും അവൻ അണിഞ്ഞു നിൽക്കുമ്പോൾ ഇത്തരം വാചകമടി കൊണ്ട് യാതൊരു സാമൂഹ്യ മാറ്റവും നടപ്പിലാക്കാൻ പോകുന്നില്ല. ജയൻ വർഗീസ്.
ബുദ്ധി ഇവർക്ക് പണയം വെച്ചാൽ പണമല്ല മന്ദ ബുദ്ധിയും ആകും 2025-09-11 16:32:06
കപട വിശ്വാസികളെ പോലെ , കപട നിരീശ്വരന്മ്മാരും ഒരേ പോലെ മനുഷ്യരെ പറ്റിക്കുന്നു. ഇവരെല്ലാവരും താൻ അവതാരങ്ങൾ ആണെന്നും, മഹാന്മ്മാരെന്നും വിളിച്ചറിയിച്ചു പരസ്പരം മത്സരിക്കുന്നു.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-09-11 18:17:06
തൊട്ടുമുകളിൽ എഴുതിയിരിക്കുന്നത് പോലെ "കപട വിശ്വാസവും" , "അല്ലാത്ത വിശ്വാസവും" എന്നിങ്ങനെ വിശ്വാസത്തിന്റെ defenition -നു തരം തിരിവ് വല്ലതും ഉണ്ടോ? വിശ്വാസം എന്നു പറയുമ്പോൾ തന്നെ അത് "കപടം" തന്നെ ആണല്ലോ. Real അല്ലാത്തതെല്ലാം അന്ധവും കപടവും ആണെന്നിരിക്കെ വിശ്വാസത്തെ എങ്ങനെ ആണ് glorify ചെയ്യാൻ സാധിക്കുന്നതു? വാസ്തവത്തിൽ നിന്നുമുള്ള ഒളിച്ചോട്ടത്തെയാണ് വിശ്വാസം എന്നു വിളിക്കുന്നത്‌. ഇല്ലാത്തതു, ഉണ്ടെന്നുള്ള സങ്കൽപ്പത്തിനെ ആണല്ലോ വിശ്വസിക്കേണ്ടി വരുന്നത്. സൂര്യൻ ഉണ്ടെന്ന് ഉള്ളത് ഒരു വിശ്വാസം അല്ല, മറിച്ചു അത് നം അനുഭവിക്കുന്ന വസ്തുതയാണ്.. അപ്പോൾ വിശ്വാസത്തിന്റെ ആവശ്യമേ അവിടെ ഉദിക്കുന്നില്ല. Belief, trust, faith ഇതിനെയൊക്കെ വിശ്വാസത്തിന്റെ label -ൽ കൊണ്ട് കെട്ടിയതു കൊണ്ടുള്ള ദോഷഫലമാണ് മിത്തും, ഊഹാപോഹങ്ങളും, സങ്കൽപ്പങ്ങളും ഒക്കെ. വിശ്വസിക്കുക എന്നത് ഒരു കുറുക്കു വഴിയും brain ന്റെ ഒരു default setting ഉം ആണെന്ന് തിരിച്ചറിയുക. വിശ്വാസം നമുക്ക് അതിജീവിക്കാൻ വളരെ പ്രയോജനപ്പെട്ടിട്ടുണ്ട് പരിണാമത്തിന്റെ വഴികളിൽ. അന്ധമായി എല്ലാത്തിനെയും വിശ്വസിച്ചവരുടെ മക്കൾ മാത്രമാണ് അതിജീവിച്ചതും അടുത്ത തലമുറയെ ഉണ്ടാക്കിയതും.അവരുടെ ഇങ്ങേയറ്റത്തെ കണ്ണികളാണ് നാമെല്ലാം. വിശ്വസിക്കുന്നതിനു data വേണ്ടാ, fact check വേണ്ടാ, questioning വേണ്ടാ, reasoning വേണ്ടാ, ലോജിക്കൽ analysis വേണ്ടാ, വെറുതേ വിശ്വസിക്കുക അത്ര തന്നെ. ദൈവം ഉണ്ടെന്ന് അങ്ങ് വിശ്വസിക്കുക. ആദി മനുഷ്യരുടെ brain stem ന്റെ ബാക്കി മാത്രമാണ് നാമിന്നും ചുമ്മി കൊണ്ട് നടക്കുന്നത്. അതിനു അതിന്റെതായ ഗുണങ്ങൾ ഉണ്ട്. പക്ഷേ കള്ള നോട്ട് ഒരിക്കൽ പിടിക്കപ്പെടും, എപ്പോൾ? ഒരു ആവശ്യത്തിന് അത് ഉപയോഗിക്കാൻ ശ്രമിക്കുമ്പോൾ. അത് വരെ അത് നമുക്ക് നൽകുന്ന ആശ്വാസം ചില്ലറയല്ല. You can avoid the reality. Its' ok. But you can not AVOID the cosequences of avoiding the reality. അത് ഹോമിയോ ചികിത്സയിലോ, സിദ്ധ വൈദ്യത്തിലോ ആശ്രയിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നത് പോലെയാണ്. ശരിക്കുള്ള രോഗനിർണ്ണായത്തിനും, യഥാർത്ഥ ചികിത്സയ്ക്കും അത് തടസ്സം നിൽക്കുകയും കാലതാമസം വരുത്തുകയും ചെയ്യുന്നു. യേശു മഹാവൈദ്യനാകുന്നു എന്നും എല്ലാ രോഗങ്ങൾക്കും സൗഖ്യ ദായകനാണെന്നു നാഴികയ്ക്ക് നൽപ്പത് വട്ടം വാ കൊണ്ട് ഏറ്റു പറയുകയും, ഹൃദയം കൊണ്ട് വിശ്വസിക്കുകയും ചെയ്യുന്ന പുരോഹിതനും പാസ്റ്ററും ഒരു ചെറിയ പനിക്ക് പോലും തൊട്ടടുത്തുള്ള അമൃത ഹോസ്പിറ്റലിൽ admit ആകുന്നു. അവരുടെ ഭാര്യമാരും മക്കളും മെഡിക്കൽ ഫീൽഡിൽ വർക്ക്‌ ചെയ്യുകയും ചെയ്യുന്നു. ഇതാണ് വിശ്വാസത്തിന്റെ അവസ്ഥ. സ്വയം വഞ്ചിക്കുന്ന അവസ്ഥ. തെളിവുകളുടെ മാത്രം അടിസ്ഥാനത്തിൽ യുക്തിയോടെ ജീവിക്കുക. ഇടത്തോട്ടും വലത്തോട്ടും നല്ലതുപോലെ രണ്ടു പ്രാവശ്യം നോക്കി മാത്രം സുരക്ഷിതമായി റോഡ് cross ചെയ്യുക. ഒറ്റ ഇടിക്കു പതിനൊന്നു പേരെ നിലം പരിചാക്കുന്ന സ്ക്രീനിലെ മോഹൻലാൽ ,ജീവിതത്തിൽ ഒരു കൊതുകിനെ പോലും കൊല്ലില്ല. മമ്മൂട്ടിയുടെ കാര്യം പറയുകയും വേണ്ടാ. Evidence based medicine, fact baded politics, and humanism based society.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക