നബിതിരുമേനിയെക്കുറിച്ച് ആൻമേരി ഷിമ്മൽ രചിച്ച ഒരു പുസ്തകമുണ്ട്. 'And Muhammad is his Messenger' എന്നാണ് അതിൻ്റെ പേര്. പ്രിയ തൂലികക്കാരൻ എ.പി കുഞ്ഞാമു ആ ഗ്രന്ഥം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. 'മുഹമ്മദ് അവന്റെ തിരുദൂതർ' എന്നാണ് അതിൻ്റെ തലക്കെട്ട്. ഒരു തവണയെങ്കിലും വായിക്കേണ്ട പുസ്തകമാണത്. സത്യത്തിൽ നമുക്ക് മുഹമ്മദ് നബിയെ അറിയാൻ ഭാഗ്യം ലഭിച്ചിട്ടില്ല, വായിച്ചറിയാൻ പോലും ഭാഗ്യം ലഭിക്കാത്തവർക്ക് വലിയ നഷ്ടമാണത്.
സ്നേഹം - ഇശ്ഖ് എന്നിവയുടെ പര്യായമാണ് മുഹമ്മദ് നബി.
നബിദിന ഓർമ്മയുടെ ഓളങ്ങൾ മനസ്സിനകത്ത് തിരമാലകൾ സൃഷ്ടിക്കുന്നു. വ്യക്തി ജീവിതത്തിൽ ആദ്യമായി മൈക്കിൽ സംസാരിച്ചതും സ്റ്റേജിൽ കയറിയതുമൊക്കെ ഒരു നബിദിനത്തിലാണ്.
നബിദിനാഘോഷം എത്തിയാൽ മദ്രസയിൽ ഞങ്ങളുടെ സീനിയർ വിദ്യാർത്ഥികൾ ഈന്ത് പട്ടകൾ കൊണ്ട് മദ്രസാങ്കണം ഭംഗിയായി അലങ്കരിക്കുമായിരുന്നു. ഞങ്ങൾ കുട്ടികൾ ഏറനാടൻ വാമൊഴിയിൽ "ചോപ്പ് കടലാസ്" എന്ന് അന്ന് വിളിച്ചിരുന്ന വ്യത്യസ്ത നിറങ്ങളിലുള്ള വർണ്ണക്കടലാസ് ഉസ്താദുമാർ വെട്ടിപാകപ്പെടുത്തി ക്ലാസ്മുറികളിലും പുറത്തും കയർ വലിച്ചു കെട്ടിയതിലും ജനൽ, വാതിൽ കട്ടിള
(door frame) കളിലും മൈദ ഉപയോഗിച്ച് ഒട്ടിക്കുമായിരുന്നു. ആ ലാളിത്യത്തിലും വർണ്ണക്കടലാസിൻ്റെ ചീന്തുകൾ മനസ്സിൽ സന്തോഷത്തിൻ്റെ ആന്തോളനങ്ങൾ സൃഷ്ടിച്ചു.
അന്ന് നബിദിനത്തിൻ്റെ ഹൈലൈറ്റ് അതൊന്നുമായിരുന്നില്ല. നബിദിന റാലിയും പട്ടിണിക്കാലത്തെ ഭക്ഷണ വിതരണവുമായിരുന്നു. നബിദിന റാലിക്ക് ധാരാളം വ്യത്യസ്ഥമായ മിഠായികൾ ഉൾപ്പടെയുള്ള ഭക്ഷ്യ പദാർത്ഥങ്ങളാലും പാനീയങ്ങളാലും ആതിഥ്യമേകപ്പെട്ടു. അവിൽവെള്ളം, കുലാവി - ഇന്നത്തെ കാലത്ത് കുട്ടികൾ പേര് പരിഷ്ക്കരിച്ചു പറയുന്നു ഗോതമ്പ് പായസം etc.. എന്നിവ ഇവയിൽ പ്രധാനമാണ്.
ഇന്നത്തെ പോലെ സുഭിക്ഷതയില്ലാത്ത അന്നത്തെ പട്ടിണിക്കാലത്ത് ഈ അവിലിൽ വെള്ളത്തിനും മറ്റു ഭക്ഷണ പദാർത്ഥങ്ങൾക്കും ഇന്നുള്ളതിന്റെ നൂറിരട്ടി രുചിയായിരുന്നു. എഴുത്തുകൊണ്ടോ വാക്കിനെക്കൊണ്ടോ അവയൊന്നും പറഞ്ഞു പൂർത്തീകരിക്കാൻ സാധ്യമല്ല - കാരണം അത് അനുഭവിച്ചറിയേണ്ട ഒന്നാണ്.
പൂങ്കുടി പാലത്തിനക്കരെ ചുങ്കത്തിനടുത്ത് ഏതോ റോഡ് സൈഡിലെ വീട്ടിൽ നിന്നും ഞങ്ങളുടെ കുട്ടിക്കാലത്ത് എല്ലാ നബിദിന റാലിക്കും അവിൽ വെള്ളം ലഭിക്കുമായിരുന്നു. പട്ടിണി സുഭിക്ഷതയ്ക്ക് വഴി മാറിയപ്പോൾ അവയെല്ലാം നിന്നു പോയെന്ന് തോന്നുന്നു. അത് ഓർക്കാൻ കാരണമുണ്ട്. അന്ന് എല്ലാ സ്ഥലങ്ങളിൽ നിന്നും നല്ല ചൂടുള്ള കുലാവി കുടിക്കാനായി ലഭിക്കുമ്പോൾ ചുങ്കത്തിനടുത്ത് നിന്നും ഞങ്ങൾക്ക് ലഭിച്ചിരുന്നത് തണുപ്പും രുചിയുമുള്ള വലിയ സ്റ്റീൽ കപ്പിലെ അവിൽ വെള്ളമായിരുന്നു. കുടിക്കാൻ അതിൻ്റെ രുചിയും സുഖവും മറ്റൊന്നിനും ലഭിക്കുമായിരുന്നില്ല.
അന്ന് രണ്ട് വരികളിലായി നബിദിന റാലി മുന്നോട്ടുപോകുമ്പോൾ ഒരു വരിയിൽ സൈക്കിളിൽ കെട്ടിയ ബാറ്ററിപ്പെട്ടിയും മൈക്ക് സെറ്റ് ഉപകരണങ്ങളും ഉണ്ടാകുമായിരുന്നു. കാളം എന്ന ഓമനപ്പേരിൽ ലൗഡ്സ്പീക്കറിൽ ഘടിപ്പിച്ച ഇലക്ട്രിക്ക് വയറ് കുട്ടികൾ നിലം തട്ടിക്കാതെ സൂക്ഷിച്ച് ഉയർത്തി പിടിക്കുമായിരുന്നു.
അന്ന് നബിദിനത്തിന് പതാക ഉയർത്തി കൊണ്ട് തന്നെയാണ് തുടക്കം കുറിച്ചിരുന്നത്. മിക്കപ്പോഴും മദ്രസയിലെ പ്രധാനാധ്യാപകനായിരുന്ന മുഹമ്മദ് മുസ്ലിയാർ ആയിരുന്നു പതാക ഉയർത്തലിന്റെ കാര്യദർശിയായി ഉണ്ടായിരുന്നത്. തുടർന്ന് നബിദിന റാലിയിൽ പങ്കെടുക്കുന്ന ആളുകളുടെ പോക്കറ്റിൽ കുത്താൻ കടലാസിന്റെ ഒരു ബാഡ്ജും ലഭിക്കുമായിരുന്നു. ഇതെല്ലാം മനസ്സിൻ്റെ ഓർമ്മച്ചിത്രത്തിൽ എന്നോ പതിഞ്ഞവയാണ്.
നബിദിന ഓർമ്മകളിൽ ഞങ്ങൾക്ക് ഒരിക്കലും മറക്കാനാകാത്ത ഒരുപാട് മനുഷ്യരുണ്ട്. ദിവസങ്ങൾക്ക് മുമ്പ് വിടപറഞ്ഞ ഹസൈനാർ ഉസ്താദും വിളഞ്ഞോത്ത് അദ്ദ്വാക്കയും അതിൽ ചിലർ മാത്രമാണ്. ഹസൈനാർ ഉസ്താദ് ഞങ്ങളുടെ മദ്രസാദ്യാപകനായി ജോലി ചെയ്തിരുന്നു. അദ്ദ്വാക്കയും വളരെ നിസ്വാർത്ഥമായി സ്രാമ്പ്യയും മദ്റസയുമായൊക്കെയായി ബന്ധപ്പെട്ട് ജീവിച്ച മനുഷ്യനായിരുന്നു. മദ്രസ വിദ്യാർത്ഥിനികൾ നബിദിന റാലിയായി അദ്ദ്വാക്കയുടെ നേതൃത്വത്തിലായിരുന്നു വീടുകളിലും മറ്റു സ്വീകരണ കേന്ദ്രങ്ങളിലേക്കും ജാഥയായി വന്നിരുന്നത്. സ്നേഹത്തിൻ്റേയും കാരുണ്യത്തിൻ്റേയും തിരുദൂതരുടെ ജൻമദിനാഘോഷത്തിൻ്റെ ഓർമ്മകൾ ആണിലും പെണ്ണിലുമൊക്കെ സുഗന്ധം വിതറിയതിൻ്റെ വഴികളിലെ വൈജാത്യമെത്ര മനോഹരം. എല്ലാം മനുഷ്യ ജീവിതത്തിന് ഉടയതമ്പുരാൻ നൽകിയ രേഖാപുസ്തകത്തിലെ ഇശ്ഖിൻ വരികളായി എഴുതപ്പെടട്ടെ.