പ്രകൃതിയുടെ വരദാനമായ സൗന്ദര്യത്താൽ അനുഗ്രഹീതമായ നാടാണ് കേരളം. മലനിരകളും, കായലുകളും, നീലക്കടലിന്റെ സൗന്ദര്യവും, ഇടതൂർന്ന വനങ്ങളും കേരളത്തെ ലോകത്തിന്റെ മുന്നിൽ ഒരു പറുദീസയായി അവതരിപ്പിക്കുന്നു.
'ദൈവത്തിന്റെ സ്വന്തം നാട്' എന്ന വിശേഷണം പോലും ഈ സൗന്ദര്യത്തിന് മുന്നിൽ ചെറിയൊരു പദമാണ്. പക്ഷേ, ഈ സൗന്ദര്യത്തിനുമപ്പുറം, കേരളം അതിന്റെ പൂർണ്ണമായ സാധ്യതകൾ ഉപയോഗിക്കുന്നതിൽ പരാജയപ്പെടുന്നുണ്ടോ എന്ന് നാം ആഴത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം, വർദ്ധിച്ചു വരുന്ന തൊഴിലില്ലായ്മയും. വിദേശത്തേക്കുള്ള യുവജനങ്ങളുടെ ഒഴുക്കും, രാഷ്ട്രീയ അസ്ഥിരതയും ഈ മനോഹരമായ നാടിന്റെ യഥാർത്ഥ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുന്നു.
ഒരു നാടിന്റെ വികസനത്തിന് ഏറ്റവും അത്യാവശ്യമായ ഘടകമാണ് സുസ്ഥിരമായ രാഷ്ട്രീയ നേതൃത്വം. എന്നാൽ, കേരളത്തിൽ പലപ്പോഴും രാഷ്ട്രീയ പോരാട്ടങ്ങളാണ് വികസനത്തെക്കാൾ മുൻതൂക്കം നേടുന്നത്. നിസ്സാരമായ രാഷ്ട്രീയ ആരോപണങ്ങൾ സ്ഥിരീകരിക്കാൻ നമ്മുടെ രാഷ്ട്രീയക്കാരും, മാധ്യമങ്ങളും, പോലീസ് സേനയും വലിയ ഊർജ്ജം ചെലവഴിക്കുന്നത് നാം കാണുന്നു. (ഈയിടെ ഒരു യുവ നേതാവിനെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന തെളിവില്ലാത്ത ആരോപണങ്ങൾ ഒരു ഉദാഹരണമായെടുക്കാം). ചർച്ച ചെയ്തു പരിഹരിക്കേണ്ടാ യൂണിവേഴ്സിറ്റി പ്രശ്നങ്ങളിൽ ഈഗോ' സംരക്ഷിക്കാൻ നിയമ സഹായത്തിനായി ഇരു വിഭാഗവും ലക്ഷങ്ങൾ ചിലവഴിക്കുന്നു, ഇങ്ങനെ പോകുന്നു കാര്യങ്ങൾ. ഈ ഊർജ്ജവും, കഴിവും, സമയവും, പണവും ജനങ്ങളുടെ ക്ഷേമത്തിനും, സംസ്ഥാനത്തിന്റെ മുന്നേറ്റത്തിനും വേണ്ടി ഉപയോഗിച്ചിരുന്നെങ്കിൽ നമ്മുടെ നാട് എത്രയോ മുന്നേറുമായിരുന്നു.
അഴിമതി രഹിതമായ ഒരു ഭരണസംവിധാനം നിക്ഷേപകരെ ആകർഷിക്കാൻ അത്യന്താപേക്ഷിതമാണ്. ശക്തവും സത്യസന്ധവുമായ ഭരണനേതൃത്വം ഉണ്ടെങ്കിൽ മാത്രമേ നിക്ഷേപകർക്ക് സുരക്ഷിതത്വം അനുഭവപ്പെടുകയുള്ളൂ. ഇത് കൂടുതൽ വ്യവസായങ്ങളെയും തൊഴിലവസരങ്ങളെയും കേരളത്തിലേക്ക് ആകർഷിക്കാൻ സഹായിക്കും.
കേരളത്തിൽ ധാരാളം പ്രകൃതിവിഭവങ്ങളും, ലോകോത്തര നിലവാരത്തിലുള്ള മാനവ വിഭവശേഷിയുമുണ്ട്. എന്നാൽ,തൊഴിലിനോടുള്ള മനോഭാവത്തിലെ ചില പാളിച്ചകളും, അനാവശ്യമായ രാഷ്ട്രീയ ഇടപെടലുകളും വ്യവസായങ്ങളെ പിന്നോട്ട് വലിക്കുന്നു.
കിറ്റെക്സ് പോലുള്ള വൻകിട വ്യവസായ സ്ഥാപനങ്ങൾ സംസ്ഥാനം വിടാൻ തീരുമാനിച്ച സംഭവങ്ങൾ ഈ വിഷയത്തിന്റെ ഗൗരവം എടുത്തുകാണിക്കുന്നു. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ പ്രതിപക്ഷവും ഭരിക്കുന്നവരും ഒന്നിച്ചിടപ്പെട്ടു വ്യവസായിയുടെ പ്രശനങ്ങൾ പരിഹരിക്കേണ്ടതായിരുന്നു. ഇതിന് ശ്രമിക്കാതിരുന്നത് മൂലം കേരളത്തിന് നഷ്ടമായത് ആയിരക്കണക്കിന് തൊഴിൽ അവസരങ്ങൾ. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണം. വ്യവസായങ്ങൾ തുടങ്ങാൻ അനുകൂലമായ സാഹചര്യം സൃഷ്ടിക്കുകയും, നിക്ഷേപകർക്ക് സുരക്ഷ ഉറപ്പാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. തൊഴിലവസരങ്ങൾ വർദ്ധിക്കുന്നതോടെ യുവതലമുറക്ക് സ്വന്തം നാട്ടിൽ പ്രതീക്ഷ കണ്ടെത്താൻ സാധിക്കും, ഇത് അവരുടെ വിദേശത്തേക്കുള്ള ഒഴുക്ക് കുറയ്ക്കാൻ സഹായിക്കും.
കേരളത്തിന്റെ പേരിന് കളങ്കം ചാർത്തുന്ന ഒന്നാണ് 'നോക്കുകൂലി' എന്ന സാമൂഹിക വിപത്ത്. അധ്വാനിക്കാതെ കൂലി വാങ്ങുന്ന ഈ സമ്പ്രദായം, നമ്മുടെ രാഷ്ട്രീയ നേതാക്കൾക്ക് ഒരു നാണക്കേടാണ്. അടുത്തിടെ ഒരു സ്ത്രീ, സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്ന ടൈലുകൾ ട്രക്കിൽ നിന്ന് ഇറക്കാൻ കൂലിത്തൊഴിലാളികൾ സമ്മതിക്കാത്തതിനാൽ അവരെല്ലാം നോക്കി നിൽക്കേ ഒറ്റയ്ക്ക് ഇറക്കേണ്ടി വന്ന സംഭവം നമ്മുടെ സമൂഹത്തിന്റെ തൊഴിലിനോടുള്ള മനോഭാവത്തിന്റെ നേർചിത്രമാണ്. 'നോക്കുകൂലി' എന്ന നിയമവിരുദ്ധമായ ഈ പ്രവണത ഇപ്പോഴും തുടരുന്നത് കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിനും ഭരണകൂടത്തിനും വലിയ അപമാനമാണ്.
ഇതിന് കൂടുതൽ ഉദാഹരണങ്ങൾ നമുക്ക് കാണാൻ സാധിക്കും. കൊച്ചിയിലെ ഒരു ഗ്ലാസ് ബിസിനസ്സ് നടത്തുന്ന യുവസംരംഭകർക്ക് വലിയ ഗ്ലാസ് പാനലുകൾ ഇറക്കാൻ യൂണിയൻ തൊഴിലാളികൾ ആവശ്യപ്പെട്ടത് 'നോക്കുകൂലി'യാണ്. ഗ്ലാസ് കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ച ജീവനക്കാരെ ജോലി ചെയ്യാൻ അവർ അനുവദിച്ചില്ല. സുരക്ഷാ ഉപകരണങ്ങളോ, നൈപുണ്യമോ ഇല്ലാത്ത തൊഴിലാളികൾ ഗ്ലാസ് പൊട്ടിയാൽ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും തയ്യാറായില്ല. ഈ തർക്കം ഒടുവിൽ വലിയൊരു തുക നൽകി ഒത്തുതീർപ്പാക്കേണ്ടി വന്നു.
മറ്റൊരു ഉദാഹരണം, 'ഇസ്രോ'യുടെ ട്രക്ക് തടഞ്ഞ സംഭവമാണ്. 2021-ൽ തിരുവനന്തപുരത്ത് ഐ.എസ്.ആർ.ഒയുടെ ഭാരമേറിയ ഉപകരണങ്ങളുമായി വന്ന ട്രക്ക് തടഞ്ഞത് യൂണിയൻ തൊഴിലാളികളാണ്. ഈ ഉപകരണങ്ങൾ ഇറക്കാൻ ഹൈഡ്രോളിക്
സംവിധാനങ്ങൾ ആവശ്യമായിരുന്നിട്ടും, 'നോക്കുകൂലി' ലഭിക്കാതെ അവർ ട്രക്ക് വിടാൻ തയ്യാറായില്ല. ഈ സംഭവം വലിയ വിമർശനങ്ങൾക്ക് കാരണമാവുകയും, ഇത്തരം പ്രവൃത്തികൾ നിക്ഷേപകരെ കേരളത്തിൽ നിന്ന് അകറ്റുമെന്ന് ഹൈക്കോടതി പോലും ചൂണ്ടിക്കാട്ടുകയും ചെയ്തു.
കേരളത്തിന്റെ ടൂറിസം സാധ്യതകൾ അതിരുകളില്ലാത്തതാണ്. മനോഹരമായ തീരപ്രദേശങ്ങൾ ലോകോത്തര നിലവാരത്തിലുള്ള റിസോർട്ടുകൾക്ക് അനുയോജ്യമാണ്. എന്നാൽ, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഈ സാധ്യതകളെ പരിമിതപ്പെടുത്തുന്നു. മെച്ചപ്പെട്ട റോഡുകളും, സുരക്ഷിതമായ യാത്രാ സൗകര്യങ്ങളും ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ നിർണായകമാണ്. ഹവായ് പോലുള്ള അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രങ്ങൾ ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിക്കുന്നത് അവരുടെ മികച്ച അടിസ്ഥാന സൗകര്യങ്ങൾ കൊണ്ടാണ്. ടൂറിസ്റ്റുകൾക്ക് സുഖപ്രദമായ യാത്രാനുഭവം നൽകുന്നതിലൂടെ കൂടുതൽ വിദേശനാണ്യം നേടാനും, ടൂറിസം മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കേരളത്തിന് സാധിക്കും. പുതിയ വ്യവസായങ്ങൾ തുടങ്ങാൻ വരുന്നവർക്ക് എല്ലാ പിന്തുണയും നൽകുകയും, അനാവശ്യ സമരങ്ങൾ, യൂണിയൻ പ്രശ്‌നങ്ങൾ തുടങ്ങിയവ കാരണം അവരുടെ സംരംഭങ്ങൾ തടസ്സപ്പെടില്ലെന്ന് ഉറപ്പുനൽകുകയും ചെയ്യണം.
കേരളം ഇന്ന് നേരിടുന്ന ചില സാമൂഹിക പ്രശ്നങ്ങളും 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന സങ്കൽപ്പത്തിന് മങ്ങലേൽപ്പിക്കുന്നുണ്ട്. അമിതമായ മദ്യപാനം സമൂഹത്തിൽ വലിയ ആരോഗ്യപരവും, സാമ്പത്തികവുമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. കുടുംബ ബന്ധങ്ങളെയും അത് ദോഷകരമായി ബാധിക്കുന്നു. അതുപോലെ, അനധികൃത ഖനനം, വനനശീകരണം, മാലിന്യ സംസ്കരണത്തിലെ അപാകതകൾ എന്നിവ പാരിസ്ഥിതിക നാശത്തിന് വഴിവെക്കുന്നു. പ്രളയങ്ങളും ഉരുൾപൊട്ടലുകളും പോലുള്ള ദുരന്തങ്ങൾ ഈ പാരിസ്ഥിതിക പ്രശ്നങ്ങളുടെ പരിണിതഫലങ്ങളാണെന്ന് നാം തിരിച്ചറിയണം. മെച്ചപ്പെട്ട മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ അഭാവം നഗരങ്ങളെയും ഗ്രാമങ്ങളെയും ഒരുപോലെ മലിനമാക്കുന്നു. ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചാൽ മാത്രമേ നമ്മുടെ നാടിന് അതിന്റെ മഹത്വം പൂർണ്ണമായി നിലനിർത്താൻ സാധിക്കൂ.
കേരളം യഥാർത്ഥത്തിൽ ഒരു ദൈവത്തിന്റെ സ്വന്തം നാട് ആയി മാറണമെങ്കിൽ, നമുക്ക് രാഷ്ട്രീയമായ പക്വതയും ദീർഘവീക്ഷണവും ആവശ്യമാണ്. വ്യക്തിപരമായ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കപ്പുറം സംസ്ഥാനത്തിന്റെ വികസനത്തിനായി ഒന്നിച്ചു പ്രവർത്തിക്കാൻ തയ്യാറാകണം. യുവതലമുറക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും,സ്വകാര്യ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഒപ്പം, സാമൂഹികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങൾ പരിഹരിക്കാൻ കൂട്ടായ ശ്രമങ്ങൾ നടത്തണം. അങ്ങനെ, ഈ മനോഹരമായ നാടിനെ അതിന്റെ പൂർണ്ണമായ സാധ്യതകളിലേക്ക് ഉയർത്താനും, ലോകത്തിന് മുന്നിൽ ഒരു മാതൃകയായി അവതരിപ്പിക്കാനും നമുക്ക് സാധിക്കും.
ഇതിനായി രാഷ്ട്രീയ ഭേതമെന്ന്യേ പ്രവർത്തിക്കാൻ ഇടയുണ്ടാകട്ടെയെന്നു പ്രത്യാശിക്കുന്നു.