Image

നന്ദി, ചന്ദ്രമതി ടീച്ചർ : ജിസ ജോസ്

Published on 10 September, 2025
നന്ദി, ചന്ദ്രമതി ടീച്ചർ : ജിസ ജോസ്

ഡിഗ്രി ക്ലാസിൽ ടോൾസ്റ്റോയിയെക്കുറിച്ച് ഒരു ലേഖനം പഠിക്കാനുണ്ടായിരുന്നു. വഴക്കാളിയും അത്യാഗ്രഹിയുമായ ഭാര്യയുടെ ശല്യം സഹിക്കവയ്യാതെ 82-മത്തെ വയസ്സിൽ വീടുവീട്ടിറങ്ങി ഏകാന്തമായൊരു റെയിൽവേ സ്‌റ്റേഷനിൽ തണുത്തു മരവിച്ചിരുന്നു മരിച്ച റഷ്യയുടെ മഹാസാഹിത്യകാരനോടു അന്നു തോന്നിയ അനുതാപത്തിനു കണക്കില്ല.  സോഫിയയോടു തോന്നിയ കടുത്ത വെറുപ്പിനും ...

പിന്നീടെപ്പോഴോ സോഫിയയുടെ ഡയറിക്കുറിപ്പുകൾ വായിച്ചു. അവരെപ്പറ്റി കൂടുതലറിയണമെന്നാഗ്രഹം തോന്നി.

ചന്ദ്രമതിടീച്ചറുടെ നോവൽ സോഫിയയെക്കുറിച്ചാണെന്ന് അറിഞ്ഞപ്പോൾ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു...

വായനയുടെരണ്ടുമൂന്നു ദിവസങ്ങൾ കടൽക്ഷോഭത്തിൽ ഇളകിയാടുന്ന ഒരു തകർന്ന കപ്പലിലിരുന്നു യാത്ര ചെയ്യുന്നതുപോലത്തെ അനുഭവം.. .. എത്രമാത്രം ദുരന്തങ്ങൾ ,ആന്തരിക ക്ഷതങ്ങൾ ,തകർച്ചകൾ ,ആത്മഹത്യാശ്രമങ്ങൾ ... എന്നിട്ടും പ്രണയത്തിലുള്ള അചഞ്ചലമായ വിശ്വാസം ..

സോഫിയയുടെ ജീവിതം ഭയപ്പെടുത്തി ,സങ്കടമുണ്ടാക്കി ,അവളനുഭവിച്ച അനിശ്ചിതത്വങ്ങളും പ്രതിസന്ധികളും ചിലപ്പോൾ തകർത്തു കളഞ്ഞു ...

18 വയസ്സിൽ ഇരട്ടിയോളം പ്രായമുള്ള പുരുഷൻ്റെ ഭാര്യ ,16 പ്രസവങ്ങൾ ,യുദ്ധവും സമാധാനവും അന്നകരനീനയുമടക്കം അദ്ദേഹത്തിൻ്റെ പുസ്തകങ്ങൾ  7 തവണയൊക്കെ വീതം  പകർത്തിയെഴുത്ത്... എസ്റ്റേറ്റ് ,വീട്ടുകാര്യങ്ങൾ ... ടോൾസ്റ്റായിയുടെ അനുനിമിഷം ചഞ്ചലപ്പെടുന്ന വിശ്വാസങ്ങളോടും നിലപാടുകളോടും പൊരുതിനിൽക്കൽ  ,സമരസപ്പെടൽ....
എഴുത്ത് ,സംഗീതം തുടങ്ങി ഉള്ളിലുള്ള ശേഷികളെല്ലാം അമർത്തിവെക്കൽ ....

നിരന്തരം തെറ്റിദ്ധരിക്കപ്പെടുന്ന സ്ത്രീ!
എഴുതിയ രണ്ടുനോവലുകളും പ്രസിദ്ധീകരിക്കാനാവാതെ വന്നത് , ലോകം മുഴുവൻ, സ്വന്തം മക്കളടക്കം  ടോൾസ്റ്റോയിയുടെ സ്വസ്ഥത നശിപ്പിച്ച സ്ത്രീയായി അവരെ മുദ്ര കുത്തിയത്, അവസാനനിമിഷങ്ങളിൽ ഭർത്താവിനെ  ഒന്നു കാണാൻപോലും മറ്റുള്ളവരുടെ ഔദാര്യത്തിനു  യാചിക്കേണ്ടിവന്നത്... സോഫിയടോൾസ് റ്റോയിയുടെ ജീവിതം സങ്കടപ്പെടുത്തിയതെത്ര ...

സോണിയ എന്നു വിളിപ്പേരുളള സോഫിയ അന്ന ദസ്തയോവ്സ്കിയോടു പറയുന്നു
"പ്രശസ്തരുടെ ഭാര്യമാരായി ജീവിക്കുക പ്രയാസമാണ്.അവരോ അവരുടെ ആരാധകരോ നമ്മുടെ നിസ്വാർത്ഥതയും അദ്ധ്വാനവും തിരിച്ചറിയില്ല.... "

18 വയസ്സിൽ ഏറ്റവും വെറുത്ത സ്ത്രീയെ പുതിയ കണ്ണുകളോടെ കണ്ടു! അവരനുഭവിച്ചതിൻ്റെ കാഠിന്യം ഹൃദയമുരുക്കി ..
നന്ദി ചന്ദ്രമതി ടീച്ചർ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക