സാമൂഹ്യ മാധ്യമ നിരോധനത്തിനു പിന്നാലെ നേപ്പാളിൽ യുവാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭത്തെ തുടർന്ന് തലസ്ഥാനമായ കഠ്മണ്ഡു അടക്കമുള്ള നഗരങ്ങളിൽ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. പാർലമെന്റ് മന്ദിരത്തിനും പ്രസിഡന്റ് രാംചന്ദ്ര പൗഡേലിന്റെയും പ്രധാനമന്ത്രി കെ.പി.ശർമ ഒലിയുടെയും ചില മന്ത്രിമാരുടെയും സ്വകാര്യ വസതികൾക്കും തീയിട്ട പ്രക്ഷോഭകാരികൾ, നേപ്പാളിൽ അരാജകത്വം സൃഷ്‌ടിച്ചിരിക്കുന്നു .
ചൂണ്ടിക്കാണിക്കാന്‍ വ്യക്തമായ നേതൃത്വമോ അണിചേരാന്‍ പ്രത്യയശാസ്ത്ര പിന്‍ബലമോ, പതാകയോ ഒന്നുമില്ലാതെ ജനങ്ങള്‍, പ്രത്യേകിച്ച് യുവാക്കള്‍ തെരുവിലിറങ്ങിയതാണ് പ്രശ്നങ്ങൾക്ക് കാരണം. ജനങ്ങള്‍ക്കിടയില്‍ ഭരണകൂടത്തോടുള്ള അതൃപ്തിയെ ആളിക്കത്തിക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ ഉണ്ടായതിനൊപ്പം സമൂഹമാധ്യമ നിരോധനം കൂടി വന്നപ്പോഴേക്കും അത് പുതു തലമുറയെ വിറളി പിടിപ്പിക്കുകയും വിദ്യാർത്ഥി പ്രക്ഷോഭമായി ആളിപ്പടരുകയും ചെയ്തു .
നമ്മുടെ ലോകം വിവര സാങ്കേതിക വിദ്യയുടെ വിപ്ലവകരമായ മാറ്റത്തിലൂടെ കടന്നുപോകുകയാണ്. അത് ലോകത്തിന്റെ അതിരുകൾ തന്നെ ഇല്ലാതാക്കി. ഒരുകാലത്തു അചിന്തനീയമായിരുന്ന ആശയ വിനിമയ സാദ്ധ്യതകൾ വിരൽതുമ്പിൽ ഒതുക്കുമ്പോളും, ഇതിന്റെ പിന്നിലെ ദൂഷ്യ ഫലങ്ങൾ ദൂരവ്യാപകമാണ് . ലോകത്തെല്ലായിടത്തും സോഷ്യല്‍ മീഡിയ സംവിധാനങ്ങളും അതിന്റെ സന്ദേശങ്ങളും ലഭ്യമാണ്. എന്നാല്‍ ഇത്തരം സംവിധാനങ്ങള്‍ മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവയിലൂടെ മനുഷ്യന് സൗകര്യമൊരുക്കുന്നതിലൂടെ അതിന്റെ നല്ല വശമാണ് നാം മനുഷ്യനില്‍ നിന്ന് പ്രതീക്ഷിക്കുന്നത് . പക്ഷേ പലപ്പോഴും ഇത് നമ്മുടെ സമയം പാഴാക്കുകയും നമ്മുടെ അജ്ഞതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് നമ്മളില്‍ പലരും അറിയാതെ പോകുന്നു.
സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും കണക്റ്റുചെയ്യാനും വിഡിയോ കാണാനും വെറുതെ സമയം തള്ളിനീക്കുവാനുമായാണ് നാം ഇതിന്റെ ഉപയോഗം തുടങ്ങുന്നത്. പിന്നീട് നാം ഇതിന്റെ അടിമകൾ ആയി. ആഹാരം കഴിക്കാൻ ഒരുമിച്ചിരിക്കുന്ന ദമ്പതികളും കുട്ടികളും പോലം സോഷ്യൽ മീഡിയയിൽ നോക്കിയിരുന്നാണ് ആഹാരം കഴിക്കുന്നത്. ഇത് വ്യക്തി ബന്ധങ്ങളിലെ ഊഷ്മളത നഷ്ടപ്പെടുത്തുക മാത്രമല്ല, ബന്ധങ്ങളിൽ വിള്ളലുണ്ടാക്കുകയും വ്യക്തികളെ ഒറ്റപ്പെടുത്തുകയും ചെയ്യുന്നു.
ഏറെ തിരക്ക് പിടിച്ച നമ്മുടെ ജീവിതത്തില്‍ ഫോണിനും കമ്പ്യൂട്ടറിനും ഉള്ള സ്ഥാനം വളരെ വലുതാണ് . ഒരു മണിക്കൂർ ഫോൺ ഇല്ലാതെ അയാൽ നമുക്ക് ഭ്രാന്ത് പിടിക്കും. നാം കുടുംബമോ കൂട്ടുകാരോ ഒക്കെയായി വെക്കേഷന് പോകുബോൾ ഇന്റര്‍നെറ്റ് കിട്ടാതാകുബോൾ ഉണ്ടാകുന്ന ഫോണില്‍ റേഞ്ച് തപ്പി പായുന്നത് സ്ഥിരം സംഭവമാണ്. ഇത് നമ്മളൊക്കെ എത്രമാത്രം ഓണ്‍ ലൈന്‍ ലോകത്തോട് ആസക്തി ഉള്ളവരായി മാറിക്കഴിഞ്ഞുവെന്നതിന്റെ തെളിവ് കൂടിയാണ്. അത് തന്നയാണ് നേപ്പാളിൽ യുവാക്കളുടെ ഇടയിലും സംഭവിച്ചത്. താൽക്കാലിക സമൂഹമാധ്യമ നിരോധനം യുവാക്കളെ വിറളി പിടിപ്പിക്കുകയും അതിൽ നിന്നുള്ള ഫ്രസ്ട്രേഷൻ അക്രമമായി മാറുകയുമാണ് ഉണ്ടായത്.
അമിതമായ സമൂഹമാധ്യമ ഉപയോഗം ശാരീരികവും മാനസികവുമായ ഒട്ടനവധി പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് നിരവധി പഠനങ്ങൾ വ്യക്തമാക്കുന്നു. സമൂഹത്തിൽ നിന്നുള്ള ഒറ്റപ്പെടൽ, താരതമ്യം ചെയ്യൽ, സൈബർ ബുള്ളിയിംഗ് എന്നിവയെല്ലാം ഉത്കണ്ഠയ്ക്കും വിഷാദത്തിനും കാരണമാകാം. ലൈക്കുകളും കമന്റുകളും ലഭിക്കാൻ വേണ്ടി മാത്രം സ്വന്തം ജീവിതം അഭിനയിക്കുമ്പോൾ, വ്യക്തിത്വം നഷ്ടപ്പെടുകയും ആത്മാഭിമാനം കുറയുകയും ചെയ്യുന്നു. ഇത് വ്യക്തികളെ കൂടുതൽ ഒറ്റപ്പെട്ടവരാക്കി മാറ്റുന്നു. അടുത്തിടെ റിപ്പോർട് ചെയ്ത ആത്മഹത്യകളിൽ ഏറിയ പങ്കും സോഷ്യൽ മീഡിയയുടെ അതിപ്രസരം മൂലമായിരുന്നു. മൊബൈൽ ഫോൺ കിട്ടാത്തതിന്റെ പേരിൽ ആത്മഹത്യ ചെയ്യുന്ന കുട്ടികളുടെ എണ്ണവും വർധിച്ചു വരികയാണ്.
മനുഷ്യന് ഒഴിവാക്കാനാവാത്ത വിധം ജീവിതത്തിന്റെ സകല മേഖലകളിലും സോഷ്യല്‍ മീഡിയ ഉപയോഗം മനുഷ്യനെ കീഴടക്കിയിരിക്കുന്നു. നാം അറിയാതെ സോഷ്യല്‍ മീഡിയക്ക് അടിമകൾ ആയി മാറുന്ന കാഴ്ചയാണ് കാണുന്നത് . പല ഗുണങ്ങളും സോഷ്യല്‍ മീഡിയ ഉപയോഗത്തിലൂടെ ലഭിക്കുമ്പോഴും അതിലെ തിന്മകള്‍ നമ്മൾ തിരിച്ചറിയുന്നത് ഇത്തരം പ്രവർത്തനങ്ങൾ നമുക്ക് ചുറ്റും നടക്കുബോഴാണ്. നിയന്ത്രിതവും ലക്ഷ്യബോധത്തോടെയുമുള്ള ഉപയോഗത്തിലൂടെ സമൂഹമാധ്യമങ്ങളുടെ ഗുണപരമായ സാധ്യതകൾ പ്രയോജനപ്പെടുത്താൻ നമുക്ക് കഴിയും. യഥാർത്ഥ ലോകത്തിലെ ബന്ധങ്ങൾക്കും ജീവിതത്തിലെ സന്തോഷങ്ങൾക്കും പ്രാധാന്യം നൽകി, സമൂഹമാധ്യമങ്ങളെ ഒരു സഹായ ഉപാധിയായി മാത്രം കാണാൻ നമുക്ക് സാധിക്കണം. "സോഷ്യൽ മീഡിയ നമ്മളെ കണ്ട്രോൾ ചെയ്യുന്നതിന് പകരം നമുക്ക് ജീവിത്തിൽ സോഷ്യൽ മീഡിയയെ കോൺട്രാൾ ചെയ്യുവാൻ കഴിയട്ടെ "!!