Image

ഒരിക്കല്‍ പരിഹസിക്കപ്പെട്ടവര്‍ ജെന്‍ സികള്‍; കലാപത്തിനിടെ കൊള്ളയും ജയില്‍ ചാട്ടവും (എ.എസ് ശ്രീകുമാര്‍)

Published on 10 September, 2025
ഒരിക്കല്‍ പരിഹസിക്കപ്പെട്ടവര്‍ ജെന്‍ സികള്‍; കലാപത്തിനിടെ കൊള്ളയും ജയില്‍ ചാട്ടവും (എ.എസ് ശ്രീകുമാര്‍)

കൊടിയ അഴിമതി അവസാനിപ്പിക്കണമെന്നും സമൂഹ മാധ്യമങ്ങള്‍ക്കുള്ള നിരോധനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് നേപ്പാളില്‍ ജെന്‍ സി നയിക്കുന്ന വന്‍ പ്രതിഷേധം അതിന്റെ അന്തിമഫലത്തിലേയ്ക്ക് അടുത്തുകൊണ്ടിരിക്കെ സൈന്യം നേപ്പാളില്‍ സമ്പൂര്‍ണ ആധിപത്യം സ്ഥാപിച്ചുതുടങ്ങി. നേപ്പാള്‍ ഭരണത്തില്‍ സമൂലമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരണമെന്ന് അതിശക്തമായി ആവശ്യപ്പെടുന്ന ജെന്‍ സി 'പിള്ളേര്‍'കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി രാഷ്ട്രീയക്കാര്‍ കൊള്ളയടിച്ച സ്വത്തുകളെ കുറിച്ച് അന്വേഷിക്കണമെന്നും ഭരണഘടന മാറ്റിയെഴുതണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്. ലോകം ഇതുവരെ കാണാത്ത ഒരു സമരമുറയുമായി മുന്നേറുന്ന ജെന്‍ സിയുടെ പ്രതിഷേധ ജ്വാലയില്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലിയുടെ സര്‍ക്കാര്‍ തകര്‍ന്ന് വീണുവെന്നതാണ് ശ്രദ്ധേയം.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍-യൂണിഫൈഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റിന്റെ ചെയര്‍മാന്‍ കൂടിയായ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി രാജിവച്ച് മണിക്കൂറുകള്‍ക്കകം പ്രസിഡന്റ് റാം ചന്ദ്ര പൗഡലും സ്ഥാനമൊഴിഞ്ഞു. ഇതോടെ നേപ്പാള്‍ കൂടുതല്‍ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. കൂട്ടു കക്ഷിയായ പീപ്പിള്‍സ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ നിന്നുള്ള ജലവിതരണ മന്ത്രി പ്രദീപ് യാദവ് ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്തിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് രാജിവച്ചു. സര്‍ക്കാരിലെ പ്രധാന കൂട്ടുകക്ഷിയായ നേപ്പാളി കോണ്‍ഗ്രസില്‍ നിന്നുള്ള കൃഷി-മൃഗ ക്ഷേമ മന്ത്രി രാംനാഥ് അധികാരി, ആഭ്യന്തര മന്ത്രി രമേഷ് ലേഖക് എന്നിവര്‍ നേരത്തെ രാജിവച്ചിരുന്നു.

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍, യൂട്യൂബ്, എക്സ്, റെഡ്ഡിറ്റ്, ലിങ്ക്ഡ്ഇന്‍, വാട്ട്സ്ആപ്പ്, ഡിസ്‌കോര്‍ഡ്, പിന്‍ട്രെസ്റ്റ്, സിഗ്‌നല്‍, ത്രെഡുകള്‍, വീചാറ്റ്, ക്വോറ, ടംബ്ലര്‍, ക്ലബ്ഹൗസ്, റംബിള്‍, ലൈന്‍, ഇമോ, ജലോ, സോള്‍, ഹംറോ പത്രോ, മി വീഡിയോ, മി വൈക്ക് ത്രീ എന്നിവയുള്‍പ്പെടെ 26 സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ സര്‍ക്കാര്‍ നിരോധിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച തലസ്ഥാനത്തെ തെരുവുകളിള്‍ ആരംഭിച്ച പ്രതിഷേധം അതിവേഗം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു. പ്രതിഷേധം തണുപ്പിക്കാന്‍ നിരോധനം നീക്കിയെങ്കിലും സമരത്തിന്റെ സ്വഭാവം സര്‍ക്കാരിനെതിരെ തിരിഞ്ഞു. നേപ്പാളില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന അഴിമതി ജെന്‍ സികള്‍ വിഷയമാക്കുകയും കടുത്ത പ്രക്ഷോഭത്തിലേക്ക് തിരിയുകയുമായിരുന്നു.

പ്രതിഷേധത്തിനിടെ കൊള്ള നടത്തല്‍, തീവയ്പ്പ് തുടങ്ങിയ അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 27 പേരെ നേപ്പാള്‍ സൈന്യം അറസ്റ്റ് ചെയ്തു. കാഠ്മണ്ഡുവില്‍ ഗൗസല-ചബഹില്‍-ബൗദ്ധ മേഖലയില്‍ നിന്ന് 3.37 ദശലക്ഷം കൊള്ളപ്പണവും തോക്കുകള്‍ ഉള്‍പ്പെടെ നിരവധി ആയുധങ്ങളും പിടികൂടി. കാഠ്മണ്ഡുവില്‍ നിന്ന് 23 തോക്കുകളും പൊഖാറയില്‍ നിന്ന് എട്ട് തോക്കുകളും സൈന്യം പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. ജെന്‍ സി വിപ്ലവത്തിനിടെ 1500-ലേറെ തടവുകാര്‍ ജയില്‍ചാടിയെന്നാണ് റിപ്പോര്‍ട്ട്. പലയിടങ്ങളിലും വ്യാപകമായി വ്യാപാരസ്ഥാപനങ്ങളും ബാങ്കും ചിലര്‍ കൊള്ളയടിച്ചെന്നാണ് വിവരം. അതേസമയം, ജെന്‍ സികള്‍ നിരവധി ആവശ്യങ്ഹളാണ് മുന്നോട്ട് വയ്ക്കുന്നത്. പൊതുജനവിശ്വാസം നഷ്ടപ്പെട്ടുവെന്ന് പ്രതിഷേധക്കാര്‍ പറയുന്ന നിലവിലെ പ്രതിനിധി സഭ ഉടന്‍ പിരിച്ചുവിടണമെന്നാണ് അവരുടെ പ്രധാന ആവശ്യം.

പൗരന്മാര്‍, വിദഗ്ദ്ധര്‍, യുവാക്കള്‍ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെ ഭരണഘടന ഭേദഗതി ചെയ്യുകയോ പൂര്‍ണ്ണമായി മാറ്റിയെഴുതുകയോ ചെയ്യുക, ഇടക്കാല കാലയളവിനുശേഷം പുതിയ തിരഞ്ഞെടുപ്പുകള്‍ നടത്തുക, അവ സ്വതന്ത്രവും നീതിയുക്തവും നേരിട്ടുള്ള പൊതുജന പങ്കാളിത്തത്തെ അടിസ്ഥാനമാക്കിയുള്ളതുമാണെന്ന് ഉറപ്പാക്കുക, നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട ഒരു എക്‌സിക്യൂട്ടീവ് നേതൃത്വത്തിന്റെ സ്ഥാപനം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി കൊള്ളയടിക്കപ്പെട്ട സ്വത്തുക്കളെക്കുറിച്ചുള്ള അന്വേഷണം, അനധികൃത സ്വത്തുക്കള്‍ ദേശസാല്‍ക്കരിക്കുക, വിദ്യാഭ്യാസം, ആരോഗ്യം, നീതി, സുരക്ഷ, ആശയവിനിമയം എന്നീ അഞ്ച് അടിസ്ഥാന സ്ഥാപനങ്ങളുടെ ഘടനാപരമായ പരിഷ്‌കരണവും പുനസംഘടനയും എന്നിവയും അവരുടെ ഡിമാന്റില്‍ ഉള്‍പ്പെടുന്നു.  

ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിലായി കരകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന നേപ്പാള്‍ ലോകത്തിലെ ഏറ്റവും പുതിയ റിപ്പബ്ലിക്കാണ്. കാരണം 2008-മെയ് 28-നാണ് നേപ്പാള്‍ റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടത്. അതോടെ നേപ്പാള്‍ മതേതര, ജനാധിപത്യ ഫെഡറല്‍ റിപ്പബ്ലിക്കാവുകയും 240 വര്‍ഷം പഴക്കമുള്ള രാജവംശവും രാജപ്രതാപവും ചരിത്രമായി മാറുകയും ചെയ്തു. രാജവാഴ്ച അവസാനിച്ചതിനു ശേഷം, 17 വര്‍ഷത്തിനിടെ 13 സര്‍ക്കാരുകളാണ് നേപ്പാളില്‍ മാറിമാറി വന്നത്. രാജാക്കന്മാര്‍ക്കും പാര്‍ട്ടികള്‍ക്കും ഭരണകര്‍ത്താക്കള്‍ക്കുമെതിരെ രാജ്യത്ത് പലവട്ടം പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായാണ് യുവജനങ്ങളുടെ നേതൃത്വത്തിലുള്ള ഒരു വലിയ പ്രക്ഷോഭത്തിന് നേപ്പാള്‍ വേദിയാവുന്നത്.

എന്നാല്‍ ജെന്‍ സികളെന്നറിയപ്പെടുന്ന ഈ പ്രക്ഷോഭകര്‍ക്ക് പാര്‍ട്ടിയുടെ കൊടിയടയാളമോ പ്രത്യയശാസ്ത്രത്തിന്റെ അകമ്പടിയോ രാഷ്ട്രീയ നിറമോ ഒന്നും തന്നെയില്ല. അവര്‍ ആര്‍ക്കും വേണ്ടി മുദ്രാവാക്യം വിളിക്കുന്നവരല്ല. പക്ഷേ ജെന്‍ സിയുടെ നിലപാടുകള്‍ ഉറച്ചതാണ്. അവരുടെ ശബ്ദത്തിന് ഇടിമുഴക്കമുണ്ട്, രാഷ്ട്രീയ സമീപനത്തിന് മൂര്‍ച്ഛയുണ്ട്. ആരാണ് ഈ ജെന്‍ സികള്‍..? 1997-നും 2012-നും ഇടയില്‍ ജനിച്ച തലമുറയാണിവര്‍. ഐ.റ്റി വിപ്ലവത്തിന്റെ ലോകത്ത് പിറന്ന യഥാര്‍ത്ഥ ഡിജിറ്റല്‍ ജനറേഷനാണ് ജെന്‍ സി. ഇവര്‍ ജനിച്ച കാലം മുതല്‍ ഇന്റര്‍നെറ്റ്, സ്മാര്‍ട്ട് ഫോണുകള്‍, സോഷ്യല്‍ മീഡിയ എന്നിവ അവരുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. പഠനത്തിനും വിനോദത്തിനും ആശയവിനിമയത്തിനുമെല്ലാം അവര്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നു. സാങ്കേതികവിദ്യയില്‍ വിദഗ്ധരായ ഇവര്‍ മള്‍ട്ടി-ടാസ്‌ക്കിംഗ് സ്വഭാവം കാണിക്കുന്നവരാണ്.

''ലോകത്ത് നടക്കുന്നതൊന്നും കാണുകയും കേള്‍ക്കുകയും ചെയ്യതെ ഏതുനേരവും ഫോണില്‍ കുത്തിക്കൊണ്ടിരിക്കുന്നവര്‍...'' എന്ന് പരിഹസിപ്പെട്ട തലമുറയാണ് ജെന്‍ സി. എന്നാല്‍ തങ്ങളെ അപമാനിച്ചവരെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ ജെന്‍ സികള്‍ക്ക് അധികം സമയം വേണ്ടി വന്നില്ല. ഒരു പാര്‍ട്ടിയുടെയും പിന്‍ബലമില്ലാതെ ഒരു നേതാവിന്റെയും ആഹ്വാനമില്ലാതെ അണിനിരക്കാന്‍ ഒരു പതാകയുടെ തണലില്ലാതെ അവര്‍ ഒരു രാജ്യത്തിന്റെ തിരുത്തല്‍ ശക്തികളായി വളര്‍ന്ന് അഴിമതിയും കെടുകാര്യസ്ഥതയും കൊള്ളയും കൊലവിളിയും സ്വജനപക്ഷപാതവും മുഖമുദ്രയാക്കിയ ഭരണസംവിധാനത്തെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നു. അങ്ങനെ നിര്‍ഗുണരെന്ന് എഴുതിത്തള്ളപ്പെട്ട ജെന്‍ സി രാജ്യത്തിന്റെ പ്രതീക്ഷയാവുന്നു...ലോകത്തില്‍, അനിവാര്യമായ മാറ്റത്തിന്റെ വേറിട്ട ശബ്ദവും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക