Image

മതാടിസ്ഥാനത്തില്‍ വോട്ടുറപ്പിക്കാന്‍ കോട്ടയത്ത് ക്രിസ്ത്യന്‍ ഔട്ട് റീച്ച് യോഗം നടത്തി ബി.ജെ.പി (എ.എസ് ശ്രീകുമാര്‍)

Published on 11 September, 2025
മതാടിസ്ഥാനത്തില്‍ വോട്ടുറപ്പിക്കാന്‍ കോട്ടയത്ത് ക്രിസ്ത്യന്‍ ഔട്ട് റീച്ച് യോഗം നടത്തി ബി.ജെ.പി (എ.എസ് ശ്രീകുമാര്‍)

തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലേയ്ക്കും നിയമസഭയിലേയ്ക്കുമുള്ള തിരഞ്ഞടുപ്പുകള്‍ നടക്കാനിരിക്കെ പരമാവധി വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ബി.ജെ.പി. ഇതിന്റെ ഭാഗമായി പാര്‍ട്ടിയിലെ ക്രൈസ്തവ വിശ്വാസികളായ നേതാക്കളുടെ യോഗം ഇന്നലെ കോട്ടയത്ത് ചേര്‍ന്നു. ബി.ജെ.പിയുടെ സംഘടനാ ജില്ലകളില്‍ നിന്ന് അഞ്ച് വീതം ക്രൈസ്തവ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ക്രൈസ്തവ സഭകളെ അടുപ്പിച്ചു നിര്‍ത്താന്‍ സഭാ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് ചുമതലയും നല്‍കിയിട്ടുണ്ട്. ക്‌നാനായ കത്തോലിക്കാ സഭാ അധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ മാത്യു മൂലക്കാടുമായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തിയതും കേവലം സൗഹൃ സംഭാഷണത്തിനുമപ്പുറമുള്ള രാഷ്ട്രീയമാണ്.

സംഘടനാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളത്തിലെ 14 റവന്യു ജില്ലകളെ 30 സംഘടനാ ജില്ലകളായും ഓരോ നിയമസഭാ മണ്ഡലങ്ങളെ രണ്ട് സംഘടനാ മണ്ഡലങ്ങളായും കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബി.ജെ.പി  വിഭജിച്ചിരുന്നു. അതേസമയം, പാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യമായാണ് കേരളത്തിലെ ബി.ജെ.പി മതാടിസ്ഥാനത്തില്‍ ഒരു യോഗം ചേരുന്നത്. ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താതെ പാര്‍ട്ടിക്ക് മുന്നേറ്റം ഉണ്ടാക്കാന്‍ ആകില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് 'ബി.ജെ.പി ക്രിസ്ത്യന്‍ ഔട്ട്ച്ചി'ന്റെ ആഭിമുഖ്യത്തില്‍ യോഗം ചേര്‍ന്നത്.

ക്രിസ്ത്യന്‍ ഔട്ട് റീച്ച് എന്ന പേര് വിവാദമാകാതിരിക്കാന്‍ 'സോഷ്യല്‍ ഔട്ട് റീച്ച് സംസ്ഥാന ശില്പശാല' എന്ന ബോനറിലേക്ക് പിന്നീട് കളം മാറ്റിയെങ്കിലും ശില്പശാലയില്‍ നടന്ന പവര്‍ പോയിന്റ് പ്രസന്റേഷനുകളില്‍ ബി.ജെ.പി ക്രിസ്ത്യന്‍ ഔട്ട്‌റീച്ച് എന്നത് വ്യക്തമായിരുന്നു. എട്ട് മാസത്തിനുള്ളില്‍ നടക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളോടനുബന്ധിച്ച് പാര്‍ട്ടിയുടെ താഴെത്തട്ടിലേക്ക് വരെ ക്രിസ്ത്യന്‍ ഔട്ട് റീച്ച് വ്യാപിപ്പിക്കനാണ് നീക്കം. പി.സി ജോര്‍ജിന്റെ മകനും പാര്‍ട്ടി നേതാവുമായ അഡ്വ. ഷോണ്‍ ജോര്‍ജ് ആണ് ക്രിസ്ത്യന്‍ ഔട്ട് റീച്ച് സംസ്ഥാന കണ്‍വീനര്‍.

കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ബി.ജെ.പിക്ക് അവകാശപ്പെടാന്‍ വലിയ നോട്ടങ്ങളൊന്നുമില്ല. ഒരുവട്ടം നിയമസഭയില്‍ ബി.ജെ.പി അക്കൗണ്ട് തുറന്നിട്ടുണ്ട്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ സി.പി.എമ്മിന്റെ ഇപ്പോഴത്തെ പൊതു വിദ്യാഭ്യാസ മന്ത്രിയായ വി ശിവന്‍കുട്ടിയെ പരാജയപ്പെടുത്തിക്കൊണ്ടാണ് രാജഗോപാല്‍ ചരിത്രം കുറിച്ചത്. എന്നാല്‍ ബി.ജെ.പിയുടെ മികവുകൊണ്ടല്ല, മറിച്ച് ഒ രാജഗോപാലിനോടുള്ള വ്യക്തിപരമായ താത്പര്യങ്ങളാണ് അദ്ദേഹത്തെ നിയമസഭയിലെത്തിച്ചതെന്നാണ് അന്ന് പൊതുവേ ഉയര്‍ന്ന അഭിപ്രായങ്ങള്‍. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് താമര ചിഹ്നത്തില്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി. ഇപ്പോള്‍ കേന്ദ്രമന്ത്രി പദവും വഹിക്കുന്നു.

 കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 19.14 ശതമാനം വോട്ട് വിഹിതവും ബി.ജെ.പി നേടുകയുണ്ടായി.  ഇതുവരെയുള്ള തിരഞ്ഞെടുപ്പിലെ ഏറ്റവും ഉയര്‍ന്ന വോട്ട് ഷെയറാണിത്. കേരളത്തിലെ തിരഞ്ഞെടുപ്പ് ഗോദയില്‍ നിന്ന് നേരിട്ട് ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലെങ്കിലും മലയാളികളായ ബി.ജെ.പി നേതാക്കള്‍ പാര്‍ലമെന്റംഗങ്ങളും മന്ത്രിമാരും ആയിട്ടുണ്ട്. 1992 മുതല്‍ 2004 വരെ മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്ന ഒ രാജഗോപാല്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രി സ്ഥാനം സ്ത്യുത്യര്‍ഹമാംവിധം വഹിച്ചിട്ടുണ്ട്. രണ്ടാം മോദി സര്‍ക്കാരില്‍ വിദേശകാര്യ സഹമന്ത്രിയായ വി മുരളീധരന്‍ 2018 മുതല്‍ 2024 വരെ മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു.

കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ബി.ജെ.പി.ക്ക് അവകാശപ്പെടാന്‍ ഇത്രയൊക്കെയേ ഉള്ളുവെങ്കിലും ആഗ്രഹങ്ങള്‍ ആകാശം മുട്ടെയാണ്. അത് സഫലീകരിക്കാന്‍ അവര്‍ കഠിന പ്രയത്‌നം നടത്തുന്നുമുണ്ട്. 2024 ലോക്സഭാ തിരഞെടുപ്പ് ഫലം പരിശോധച്ചപ്പോള്‍ തങ്ങളടെ വോട്ടുകള്‍ ബി.ജെ.പിയിലേക്ക് മറിഞ്ഞെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്ന് വ്യക്തമാക്കിയിരുന്നു. വിശ്വാസികളുടെ പിന്തുണ ആര്‍ജിക്കാനായി ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് ബി.ജെ.പി നടത്തിയ നീക്കം ഗൗരവത്തോടെ കണ്ടില്ലെന്ന സ്വയം വിമര്‍ശനവും പാര്‍ട്ടി നടത്തി.

ഈഴവരുടെയും ക്രിസ്ത്യാനികളുടെയും പിന്തുണയില്ലാതെ ബി.ജെ.പിക്ക് കേരളത്തില്‍ സീറ്റുകള്‍ നേടുക അസാധ്യമാണ്. ആ വോട്ടുബാങ്ക് ഉറപ്പിക്കാനാണ് ബി.ജെ.പിയുടെ ആശീര്‍വാദത്തോടെ, വെള്ളാപ്പള്ളി നടേശന്റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ ഭാരത് ധര്‍മ്മ ജന സേന (ബി.ഡി.ജെ.എസ്) എന്ന രാഷ്ട്രീയ സംഘടന രൂപീകരിക്കപ്പെട്ടത്.  ബി.ജെ.പി-ബി.ഡി.ജെ.എസ് കൂട്ടുകെട്ട് സി.പി.എമ്മിന്റെ പരമ്പരാഗത ഈഴവ വോട്ടുകളെ എന്‍.ഡി.എയിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ വോട്ടര്‍മാരെ പാട്ടിലാക്കുന്നതിനായി അല്‍ഫോണ്‍സ് കണ്ണന്താനം, ജേക്കബ് തോമസ്, എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണി തുടങ്ങിയ പ്രമുഖ ക്രിസ്ത്യന്‍ മുഖങ്ങളെ പാര്‍ട്ടി കൊണ്ടുവന്നു. ക്രിസ്മസ്, ഈസ്റ്റര്‍ ആഘോഷങ്ങളില്‍ ക്രിസ്ത്യന്‍ ഭവനങ്ങള്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിച്ച് പാര്‍ട്ടി 'സ്‌നേഹ യാത്ര' സംഘടിപ്പിക്കുകയും ചെയ്തു.

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച 15.64 ശതമാനത്തില്‍ നിന്ന് 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലേയ്ക്കെത്തുമ്പോള്‍ 19.14 ശതമാനമായി ബി.ജെ.പിയുടെ വോട്ട് ഷെയര്‍ വര്‍ധിച്ചു. കേരളത്തിലുടനീളം ബി.ജെ.പി വോട്ടുകളില്‍ അഭൂതപൂര്‍വമായ വര്‍ധനവ് രേഖപ്പെടുത്തി. തിരുവനന്തപുരം, ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലങ്ങളില്‍ 16,000-ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മാത്രമാണ് പാര്‍ട്ടി പരാജയപ്പെട്ടത്. പാര്‍ലമെന്റ് മണ്ഡലങ്ങളായ ആലപ്പുഴയിലും ആലത്തൂരിലും അവര്‍ ഒരു ലക്ഷം വോട്ട് വര്‍ധിപ്പിച്ചു. 11 നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പി ഒന്നാമതും 8 മണ്ഡലങ്ങളില്‍ രണ്ടാമതുമെത്തി.

കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം, ആറ്റിങ്ങല്‍, കാട്ടാക്കട, മണലൂര്‍, ഒല്ലൂര്‍, തൃശൂര്‍, നാട്ടിക, പുതുക്കാട്, ഇരിങ്ങാലക്കുട എന്നീ മണ്ഡലങ്ങളിലാണ് ബി.ജെ.പി ഒന്നാമത്തെത്തിയത്. ഇതെല്ലാം എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റുകളാണ്. ഇതില്‍ മന്ത്രിമാരായ കെ രാജന്റെ ഒല്ലൂര്‍, വി ശിവന്‍കുട്ടിയുടെ നേമം, ആര്‍ ബിന്ദുവിന്റെ ഇരിങ്ങാലക്കുടയും ഉള്‍പ്പെടുന്നുവെന്നത് ഇടതുപക്ഷത്തിനെ ഞെട്ടിക്കുന്നു. തിരുവനന്തപുരം, കോവളം, നെയ്യാറ്റിന്‍കര, വര്‍ക്കല, ഹരിപ്പാട്, കായംകുളം, പാലക്കാട്, മഞ്ചേശ്വരം, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ അവര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, കാട്ടാക്കട, തിരുവനന്തപുരം, കോവളം, നെയ്യാറ്റിന്‍കര, കായംകുളം, ഹരിപ്പാട്, ഇരിങ്ങാലക്കുട, തൃശൂര്‍, മഞ്ചേശ്വരം, കാസര്‍ഗോഡ് എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ ഇടതു മുന്നണി മൂന്നാം സ്ഥാനത്തേയ്ക്ക് കൂപ്പുകുത്തി.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 99 സീറ്റ് എല്‍.ഡി.എഫും 41 സീറ്റ് യു.ഡി.എഫുമാണ് നേടിയിരുന്നത്. എന്‍.ഡി.എയ്ക്ക് ഒരു സീറ്റിലും ജയിക്കാനായിരുന്നില്ല. ഒന്നാമതെത്തുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന നേമത്തെ കൂടാതെ വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, ആറ്റിങ്ങല്‍, ചാത്തന്നൂര്‍, പാലക്കാട്, മലമ്പുഴ, മഞ്ചേശ്വരം, കാസര്‍ഗോഡ് മണ്ഡലങ്ങളിലാണ് ബി.ജെ.പി 2021-ല്‍ രണ്ടാമതെത്തിയത്. പിണറായി വിജയന്‍ മൂന്നാമൂഴത്തിനിറഞ്ഞുന്ന തിരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. നിലവിലെ പോലീസ്  സേനയുടെ കാടത്തം ഉള്‍പ്പെടെ ഭരണവിരുദ്ധ വികാരം അതിന്റെ മൂര്‍ധന്യതയിലെത്തിനില്‍ക്കുകയാണ്. ഇതിനെ ഫലപ്രദമായി  പ്രതിരോധിക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കുന്നുമില്ല. ഈ അനുകൂല സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തനാണ് ബി.ജെ.പിയുടെ പുതിയ നീക്കങ്ങള്‍.
 


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക