നേപ്പാളിൽ കലാപമാണ്. എന്താണ് നേപ്പാളിൽ ജനങ്ങളുടെ പ്രക്ഷോഭത്തിലേക്ക് നയിച്ചത്. പ്രക്ഷോഭത്തെ വെറുമൊരു സാമൂഹ്യമാധ്യമ നിരോധനത്തിനെതിരായ പ്രതിഷേധമായി വ്യാഖ്യാനിക്കുന്നത് സംഭവത്തെ തെറ്റായി വായിക്കലാണ്. റീൽസ് ചെയ്യാനോ പോസ്റ്റിടാനോ കഴിയാത്തത് കൊണ്ട് തെരുവിലിറങ്ങിയവരല്ല പ്രക്ഷോഭകർ. അഴിമതിയും അതിനെതിരായ പ്രതിഷേധം രേഖപ്പെടുത്താൻ കഴിയാത്ത വിധത്തിലുള്ള അടിച്ചമർത്തലുമാണ് പ്രശ്‌നം. ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുൾപ്പെടെ 26 സാമൂഹികമാധ്യമങ്ങൾ നിരോധിച്ച നടപടി അതിന്റെ അവസാനത്തെ ഉദാഹരണമാണെന്ന് മാത്രം. അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ സേഫ്റ്റി വാൽവാണ്. അത് ഇല്ലാതാക്കുന്നത് വലിയ പൊട്ടിത്തെറിയിലേക്ക് നയിക്കും. നേപ്പാൾ ലോകത്തെ ഏകാധിപതികൾക്കും ജനാധിപത്യത്തിന്റെ നാട്യത്തിൽ ഏകാധിപത്യം പുലർത്തുന്നവർക്കും മുന്നറിയിപ്പാണ്.
നേപ്പാളിലെ അഴിമതി, സർക്കാറിന്റെ ഏകാധിപത്യ നിലപാടുകൾ എന്നിവയ്‌ക്കെതിരായ അതൃപ്തി കുറച്ചുകാലമായി രാജ്യത്ത് ശക്തമാണ്. ഇന്തോനേഷ്യ, ഫിലിപ്പീൻസ്, മലേഷ്യ എന്നിവിടങ്ങളിൽ അഴിമതിക്കെതിരായ പ്രതിഷേധങ്ങൾ ആളിക്കത്തുമ്പോൾ അത് നേപ്പാളിലേക്ക് വ്യാപിക്കാൻ എളുപ്പമാണെന്ന് കണക്കാക്കാനും തിരുത്താനും സർക്കാർ തയ്യാറായില്ല. സോഷ്യൽ മീഡിയയിൽ ഉണ്ടായി വരുന്ന പ്രതിഷേധത്തിന്റെ വ്യാപ്തി മനസ്സിലാക്കുന്നതിലും സർക്കാർ പരാജയപ്പെട്ടു. സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർന്നതോടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് സർക്കാർ ആത്മഹത്യാപരമായ നിരോധനം ഏർപ്പെടുത്തി. ഇത് യുവാക്കളെ തെരുവിലിറക്കാൻ നിർബന്ധിതരാക്കി. അക്രമസംഭവങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി രമേശ് ലേഗഖ് രാജിവയ്ക്കുകയും അടിയന്തര മന്ത്രിസഭായോഗം വിളിച്ചുചേർത്ത് സർക്കാർ സാഷ്യൽമീഡിയ നിരോധനം പിൻവലിച്ചെങ്കിലും പ്രക്ഷോഭം അവസാനിച്ചില്ല.
പ്രതിഷേധങ്ങളുടെ ആദ്യദിവസം പ്രധാനമന്ത്രി ഒലിയുടെയും അദ്ദേഹത്തിന്റെ കൂട്ടാളികളുടെയും നേതൃത്വത്തിലുള്ള ഭരണകൂട ഭീകരതയുടെ കൊടുമുടിയായിരുന്നു. ഇത് 19 പേരുടെ ജീവൻ അപഹരിക്കുകയും 500 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇതോടെയാണ് പ്രതിഷേധം അക്രമമായി മാറിയത്. ഇതിനെ ജെൻ സി പ്രതിഷേധങ്ങൾ എന്ന് വിളിക്കുന്നതിന് കാരണം അതിൽ പങ്കെടുക്കുന്നവരിൽ പലരും 28 വയസ്സിന് താഴെയുള്ളവരാണെന്നതായിരുന്നു. തിങ്കളാഴ്ച, ആയിരക്കണക്കിന് ആളുകൾ പാർലമെന്റിന് പുറത്ത് തടിച്ചുകൂടിയപ്പോൾ അതിൽ പലരും സ്‌കൂൾ യൂണിഫോമിലായിരുന്നു. പ്രതിഷേധം പടരുകയും തിങ്കളാഴ്ച വൈകുന്നേരം പോലും യുവാക്കൾ പൊലിസ് വെടിവയ്പ്പിൽ കൊല്ലപ്പെടുകയും ചെയ്യുമ്പോഴും എല്ലാത്തിനും പിന്നിൽ നുഴഞ്ഞുകയറ്റക്കാരാണെന്ന് കുറ്റപ്പെടുത്തുകയായിരുന്നു സർക്കാർ. മന്ത്രിമാരുടെയും എം.പിമാരുടെയും രാഷ്ട്രീയക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും ആഡംബര ജീവിതവും അഴിമതിയുമായിരുന്നു കുറച്ചുകാലമായി നേപ്പാളിലെ സമൂഹ മാധ്യമങ്ങളിലെ പുതുതലമുറയിലെ പ്രധാന ചർച്ച.
മന്ത്രിമാരും ബന്ധുക്കളും ആഡംബര ജീവിതം നയിക്കുമ്പോൾ രാജ്യത്തെ ഭൂരിഭാഗവും ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും വലയുകയും അടിസ്ഥാന സൗകര്യങ്ങളോ മതിയായ ആശുപത്രികളോ പോലുമില്ലാതെ ജനം വലയുകയാണ്. ഇതേ സമയം തന്നെ, അഴിമതിക്കേസിൽ ഉൾപ്പെട്ടവരായ നേതാക്കൾ ഒരു ശിക്ഷാ നടപടിയും നേരിടാതെ സുരക്ഷിതമായിരിക്കുന്നു. പുതുതലമുറ കുറച്ചകാലമായി ഒരേ ആളുകൾ തങ്ങളെ തുടർച്ചയായി ഭരിക്കുന്നത് കണ്ടുകൊണ്ടിരിക്കുന്നു. മുതിർന്ന രാഷ്ട്രീയക്കാർ പാർട്ടി ഭേദമില്ലാതെ സൗഹൃദങ്ങളുടെ ശൃംഖലകൾ കെട്ടിപ്പടുക്കുകയും അവരുടെ രാഷ്ട്രീയ ഭാവി ശാശ്വതമായി സുരക്ഷിതമാക്കാൻ ജനാധിപത്യത്തിൽ അനിവാര്യമായ മത്സരം ഇല്ലാതാക്കുകയും ചെയ്തു. ഉദാഹരണത്തിന്, ഒലിയുടെ നേതൃത്വത്തിലുള്ള നിലവിലെ സർക്കാർ നേപ്പാളിലെ രണ്ട് വലിയ പാർലമെന്ററി പാർട്ടികളായ നേപ്പാളി കോൺഗ്രസും സി.പി.എൻ-യു.എം.എല്ലും തമ്മിലുള്ള അസാധാരണമായ സഖ്യമാണ്. ഇത് ഇരു പാർട്ടികളിലെയും ഉന്നത നേതാക്കളുടെ വ്യക്തിപരമായ താൽപ്പര്യങ്ങൾ നിറവേറ്റാനുള്ള ശ്രമമായി ജനം കണക്കാക്കി.
ഒലി എപ്പോഴും തന്റെ ക്രൂരമായ പെരുമാറ്റത്തിനും പൊതുജനാഭിപ്രായത്തെ പൂർണ്ണമായും അവഗണിക്കുന്നതിനും പേരുകേട്ടവനാണ്. കെ.പി ശർമ ഒലി ശർമയുടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ പ്രസ്താവനകളിൽ നിന്ന്, നേപ്പാളിലെ യുവ പ്രക്ഷോഭകരർ കേൾക്കാൻ യോഗ്യരായ ആളുകളായി പോലും അദ്ദേഹം പരിഗണിച്ചിട്ടില്ലെന്ന് വ്യക്തമാണ്. ഒലി നേപ്പാൾ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന കഴിഞ്ഞ ദശകത്തിൽ അദ്ദേഹത്തിന്റെ ജനാധിപത്യവിരുദ്ധ നിലപാടുകളെക്കുറിച്ച് കാര്യമായ ചർച്ചയുണ്ടായില്ല. തന്റെ റബ്ബർ സ്റ്റാമ്പ് പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരിയുമായി ഒത്തുചേർന്ന് 2020 ഡിസംബറിലും 2021 മെയിലും അദ്ദേഹം നടത്തിയ അട്ടിമറി ശ്രമങ്ങളിൽ ജനാധിപത്യത്തോടുള്ള അദ്ദേഹത്തിന്റെ അവഗണന പ്രകടമായിരുന്നു. കൊവിഡ് കാലത്ത് വേണ്ടത്ര സൗകര്യങ്ങളില്ലാത്ത ആശുപത്രികളിലെ പൗരന്മാർ ഓക്‌സിജനുവേണ്ടി ശ്വാസം മുട്ടിക്കിടക്കുന്ന കാലത്താണ് രണ്ടാമത്തെ അട്ടിമറിശ്രമമുണ്ടാകുന്നത്. നേപ്പാൾ ജനത അക്കാര്യമൊന്നും മറന്നിരുന്നില്ല.
നേപ്പാളിൽ പഴയ രാജഭരണം തിരികെക്കൊണ്ടുവരണമെന്ന ആശയത്തോടെ പ്രവർത്തിക്കുന്ന, ഹിന്ദുത്വശക്തികളുടെ പിന്തുണയുള്ളൊരു വിഭാഗം രാജ്യത്തുണ്ട്. മാസങ്ങൾക്ക് മുമ്പ്, രാജവാഴ്ച പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കാഠ്മണ്ഡുവിൽ നിരവധി പ്രകടനങ്ങളും അക്രമങ്ങളും നടന്നു. അക്രമത്തിന് പ്രേരിപ്പിച്ച ചില നേതാക്കളെ സർക്കാർ അറസ്റ്റ് ചെയ്തതോടെ അത് ഇല്ലാതായി. എങ്കിലും ചില നേതാക്കളും രാഷ്ട്രീയക്കാരും നിലവിലെ അസംതൃപ്തിയെ രാജവാഴ്ചയുടെ ആവശ്യകതയായി ചിത്രീകരിക്കുന്നു. വ്യവസ്ഥാപരമായ മാറ്റത്തിനായുള്ള പൊതുജനങ്ങളുടെ ആവശ്യത്തെ ചൂഷണം ചെയ്യാൻ രാജ്യം തൂത്തുകളഞ്ഞ രാജവാഴ്ചയെ അനുകൂലിക്കുന്ന പിന്തിരിപ്പൻ ശക്തികളും ശ്രമിച്ചതോടെ നേപ്പാൾ പൂർണമായും അരക്ഷിതാവസ്ഥയിലേക്ക് വീണു. എന്നാൽ, ഇപ്പോൾ പ്രതിഷേധം നടത്തുന്ന നേപ്പാളി യുവാക്കൾ രാജഭരണത്തെ അനുകൂലിക്കുന്നവരല്ല.
അവർ ജനിച്ചു വളർന്നത് ഒരു ജനാധിപത്യ രാജ്യത്താണ്. അവരുടെ ജനാധിപത്യ സ്വാതന്ത്ര്യം വെട്ടിക്കുറയ്ക്കാനുള്ള ശ്രമത്തിനെതിരായാണ് അവർ പോരാടുന്നത്. പൗരന്മാർക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ നേരിടാൻ ഗാന്ധിയൻ അഹിംസയുടെ ആദർശങ്ങൾ പര്യാപ്തമല്ലെന്ന് തോന്നുമ്പോൾ ജനം തെരുവിൽ അക്രമങ്ങളിലേർപ്പെടും. നീതി തേടുന്ന ആളുകളുടെ ഹൃദയങ്ങൾ പോലെ ശക്തമായി ലോകത്ത് ഒരു സുരക്ഷാകവചവും നിർമിക്കപ്പെട്ടിട്ടില്ല.