കുറഞ്ഞ ബജറ്റില്‍ കലാമൂല്യമുള്ള മികച്ച സിനിമാ അനുഭവം നല്‍കി നല്‍കി മലയാള സിനിമ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുമ്പോള്‍ അതേച്ചൊല്ലിയുള്ള സാമ്പത്തിക പ്രശ്‌നങ്ങളും വിവാദമുണ്ടാക്കുന്നു. ഇത്തരത്തില്‍ 200 കോടി ക്ലബില്‍ കയറിയ 'മഞ്ഞുമ്മല്‍ ബോയ്‌സു'മായി ബന്ധപ്പെട്ട കേസ് കൂടുതല്‍ കുരുക്കിലേയ്ക്ക്. നടന്‍ സൗബിന്‍ ഷാഹിര്‍ പ്രതിയായ മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തം രൂപീകരിച്ചിരിക്കുകയാണിപ്പോള്‍. എറണാകുളം ഡി.സി.പി വിനോദ് പിള്ളയ്ക്കാണ് മേല്‍നോട്ട ചുമതല. എറണാകുളം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ലത്തീഫ് അന്വേഷിക്കും. നിലവില്‍ കേസ് അന്വേഷിക്കുന്ന സൗത്ത് എ.സി.പി രാജ്കുമാറും അന്വേഷണ സംഘത്തിലുണ്ട്. പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന്‍ ഡി.ജി.പിയെ സമീപിച്ചിരുന്നു.
2024 ഫെബ്രുവരി 22-നാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് തിയേറ്ററുകളിലെത്തിയത്. പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദീപക് പറമ്പോള്‍, ജീന്‍ പോള്‍ ലാല്‍, ഗണപതി, ബാലു വര്‍ഗീസ്, ജോര്‍ജ് മരിയന്‍, അഭിരാം രാധാകൃഷ്ണന്‍, ഖാലിദ് റഹ്‌മാന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമ മലയാളത്തിന് പുറമേ തമിഴ്‌നാട് ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലും വന്‍ വിജയമായിരുന്നു. 200 കോടിക്ക് മുകളിലാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്.
സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് മരട് പൊലീസ് സൗബിന്‍ ഷാഹിറിനെ അറസ്റ്റ് ചെയ്തത്. സിനിമയുടെ ലാഭവിഹിതം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്നായിരുന്നു പരാതി. കേസില്‍ സൗബിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. സിനിമാ നിര്‍മാണത്തിനായി ഏഴ് കോടി രൂപ നിക്ഷേപിച്ചതിനുശേഷം പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭവിഹിതവും പണവും നല്‍കാതെ വഞ്ചിച്ചുവെന്ന് ആരോപിച്ച് അരൂര്‍ സ്വദേശി സിറാജ് വലിയതുറ നല്‍കിയ പരാതിയിലാണ് കൊച്ചി മരട് പൊലീസ് അന്വേഷണം ആരംഭിച്ചത്.
ചിത്രത്തിന്റെ നിര്‍മാണച്ചെലവ് 22 കോടി രൂപയാണെന്ന് കാണിച്ചാണ് പണം വാങ്ങിയത്. നാല്‍പത് ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്താണ് നിര്‍മാതാക്കള്‍ പണം കൈപ്പറ്റിയത്. ഏഴ് കോടി രൂപ മുടക്കിയിട്ടും ചിത്രം വന്‍ വിജയമായിട്ടും മുടക്ക് മുതലോ ലാഭവിഹിതമോ നല്‍കിയില്ലെന്നുമായിരുന്നു ആരോപണം. സൗബിന്‍ ഷാഹിര്‍ ഉള്‍പ്പെടെയുള്ള നിര്‍മാതാക്കള്‍ 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത ശേഷം കോടികള്‍ കൈപ്പറ്റിയെന്നും, മുതല്‍ മുടക്കോ ലാഭവിഹിതമോ നല്‍കാതെ കബളിപ്പിച്ചെന്നുള്ള പരാതിയിലാണ് കേസ്. പൊലീസിന്റെ റിപ്പോര്‍ട്ടും പ്രതികള്‍ക്ക് എതിരായിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ കുറ്റങ്ങള്‍ ചുമത്തിയാണ് മരട് പൊലീസ് കേസെടുത്തത്.
പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ബാങ്ക് രേഖകളും ശേഖരിച്ചിരുന്നു. തുടര്‍ന്നാണ് അന്വേഷണത്തില്‍ നിര്‍മാതാക്കള്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് വ്യക്തമായത്. കേസ് അട്ടിമറിക്കാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടത്. തട്ടിപ്പ് കേസില്‍ സൗബിന്‍ ഷാഹിര്‍, ജാമ്യ വ്യവസ്ഥയില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ദുബായില്‍ നടന്ന ഒരു അവാര്‍ഡ് ഷോയില്‍ പങ്കെടുക്കാന്‍ അനുമതി തേടി എറണാകുളം മജിസ്‌ട്രേറ്റ് കോടതിയെ സൗബിന്‍ സമീപിച്ചിരുന്നെങ്കിലും ആ ഹര്‍ജിയും തള്ളുകയുണ്ടായി.
വിചാരണ കോടതിയുടെ ഈ നടപടി ചോദ്യം ചെയ്തുകൊണ്ടാണ് സൗബിന്‍ ഹൈക്കോടതിയെ സമീപിച്ചത്. പാസ്‌പോര്‍ട്ട് തിരികെ നല്‍കണമെന്ന ആവശ്യവും ഹൈക്കോടതി നിഷേധിച്ചു. സൗബിന്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്ക് കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതിനെതിരെ പരാതിക്കാരന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്ത പണം കൃത്യസമയത്ത് നല്‍കിയില്ലെന്നാണ് സൗബിന്റെ വാദം. ഇതു കാരണം ഷൂട്ടിങ് ഷെഡ്യൂളുകള്‍ മുടങ്ങിയെന്നും അത് വലിയ നഷ്ടത്തിന് കാരണമായെന്നും നിര്‍മാതാക്കള്‍ ആരോപിക്കുന്നു. അതുകൊണ്ടാണ് പണം നല്‍കാത്തതെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.
ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള കഥയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് പറയുന്നത്. ഒരു കൂട്ടം സുഹൃത്തുക്കളെ ചുറ്റിപ്പറ്റിയുള്ള കഥയില്‍ ഒരാള്‍ ഗുണ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയപ്പോള്‍ അവരുടെ അവധിക്കാലം അപ്രതീക്ഷിത വഴിത്തിരിവിലേക്ക് മാറുന്ന കഥയാണിത്. 2023 ജനുവരിയില്‍ കൊടൈക്കനാലില്‍ നടന്ന ഷൂട്ടിംഗ് ഒന്നിലധികം ഷെഡ്യൂളുകളിലായി 101 ദിവസങ്ങള്‍ നീണ്ടുനിന്നു. മഞ്ഞുമ്മല്‍ ബോയ്‌സിന് പുറമെ തുടരും, ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിച്ച് ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര ഇതിനകം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു കഴിഞ്ഞു.
എമ്പുരാന് ശേഷം അതിവേഗം 200 കോടി നേടുന്ന ചിത്രം കൂടിയാണ് ലോക. ഹിന്ദി, തമിഴ്, തെലുങ്ക് ചിത്രങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചെലവില്‍ മികച്ച സിനിമകള്‍ നിര്‍മിക്കാന്‍ കഴിയുന്നുവെന്നതാണ് മലയാള സിനിമയുടെ പ്രത്യേകതയായി ചര്‍ച്ച ചെയ്യപ്പെടുന്നത്. 50 കോടിയില്‍ നിര്‍മിച്ച ലോക 200 കോടി നേടി ഇപ്പോഴും മുന്നേറ്റം തുടരുകയാണ്. ബോളിവുഡിലും കോളിവുഡിലും തെലുങ്കിലുമെല്ലാം പ്രധാന നടന്റെ പ്രതിഫലം തന്നെ നൂറ് കോടിയോളം വരും. ബജറ്റല്ല, കലാമൂല്യമാണ് സിനിമയുടെ കാതല്‍ എന്നാണ് മലയാളം സിനിമ ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കുന്ന പാഠം എന്നാണ് സോഷ്യല്‍ മീഡിയയിലെ അഭിപ്രായം.