ഇല്ലിനോയി : അമേരിക്കൻ രാഷ്ട്രീയ വേദിയിൽ ഉയർന്നുവരുന്ന പുതിയ മുഖങ്ങളിലൊന്നാണ് ചങ്ങനാശ്ശേരി സ്വദേശിയായ റയാൻ വെട്ടിക്കാട്. വെറും ഇരുപത്തിനാലാം വയസ്സിൽ, അദ്ദേഹം 2026-ലെ യുഎസ് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ഇല്ലിനോയി സംസ്ഥാനത്തെ 8-ാം കോൺഗ്രഷണൽ ഡിസ്ട്രിക്ടിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായി എത്തുന്നു. പ്രസ്തുത ഡിസ്ട്രിക്ടിൽ നിന്ന് മത്സരത്തിൽ ചുവട് വെക്കുന്ന ആദ്യ മലയാളിയെന്ന നിലയിൽ അദ്ദേഹത്തിന്റെ പേര് ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്. നിലവിലെ കോൺഗ്രസംഗം രാജാ കൃഷ്‍ണമൂർത്തി യു.എസ്. സെനറ്റിലേക്ക് മല്സരിക്കുന്നതിനാൽ ഇത് ഒരു ഓപ്പൺ സീറ്റാണ്.
റയൻ ഒരു സാധാരണ സ്ഥാനാർത്ഥി മാത്രമല്ല; അമേരിക്കൻ രാഷ്ട്രീയത്തിൽ മാറ്റം ആഗ്രഹിക്കുന്ന പുതുതലമുറയുടെ പ്രതിനിധിയാണ്. ജീവിതാനുഭവങ്ങളിൽ നിന്നു നേടിയ ആത്മവിശ്വാസം, പൊതുസേവനത്തിൽ നിന്നുള്ള പശ്ചാത്തലം, യുവത്വത്തിന്റെ ആവേശം, ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടാനുള്ള കഴിവ്—ഇവയെല്ലാം ഇല്ലിനോയിയിലെ രാഷ്ട്രീയ ഭൂമികയിൽ അദ്ദേഹത്തെ മുന്നിലെത്തിച്ചിരിക്കുന്നു.
“എന്റെ കുടുംബത്തിന് സാധ്യമായ അമേരിക്കൻ സ്വപ്നം ഇന്ന് പലർക്കും നഷ്ടപ്പെടുകയാണ്. അത് തിരികെ കൊണ്ടുവരാനാണ് എന്റെ ശ്രമം” – എന്നാണ് റയൻ പറയുന്നത്. കുടുംബത്തിന്റെ അനുഭവങ്ങളാണ് അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ പ്രേരിപ്പിച്ചത്.
വോട്ടർമാരുടെ മുൻപിൽ റയൻ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ കാലാനുസൃതവും പ്രായോഗികവുമാണ്: എല്ലാവർക്കും സാമ്പത്തികമായി പ്രാപ്യമായ ആരോഗ്യ സംവിധാനങ്ങൾ; യുവാക്കൾക്ക് തൊഴിൽ വിപണിയിലേക്ക് പുതിയ അവസരങ്ങൾ; ന്യൂനപക്ഷങ്ങളും കുടിയേറ്റക്കാരും ഉൾപ്പെടെ എല്ലാവർക്കും സുരക്ഷയും അവകാശങ്ങസംരക്ഷണവും; പൊതുവിദ്യാഭ്യാസത്തിന് ശക്തമായ പിന്തുണയും, സ്റ്റുഡന്റ് ലോൺ ഭാരത്തിൽ ആശ്വാസവും; പ്രോപ്പർട്ടി ടാക്സ് കുറയ്ക്കൽ; ഗ്രോസറി വില ചുരുക്കൽ തുടങ്ങിയവ ഏറെ ശ്രദ്ധിക്കപ്പെടുന്നു.
കോമൺസെൻസ് ഗൺ സേഫ്റ്റി നിയമങ്ങളും ലക്ഷ്യമിടുന്നു.
പഴയ രീതികളിൽ ഒതുങ്ങാതെ, റയാൻ തന്റെ പ്രചാരണത്തിന് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ശക്തമായി പ്രയോജനപ്പെടുത്തുന്നു. യുവജനങ്ങളുമായുള്ള സംവാദം, സാമൂഹിക മാധ്യമങ്ങളിലെ സജീവ സാന്നിധ്യം, തത്സമയ ചര്‍ച്ചകൾ—എല്ലാം അദ്ദേഹത്തിലേക്ക് യുവാക്കളെ ആകർഷിക്കുന്നു.
ഇല്ലിനോയിയിലെ രാഷ്ട്രീയരംഗത്ത് കടുത്ത മത്സരം നിലനിൽക്കുന്ന സാഹചര്യത്തിൽ, റയന് അമേരിക്കയിലെ മലയാളി സമൂഹവും ശക്തമായ പിന്തുണയാണ് നൽകുന്നത്. സെപ്റ്റംബർ 19-ന് വൈകിട്ട് 7 മണിക്ക് സെന്റ് മേരീസ് ചർച്ചിൽ നടക്കുന്ന ഫണ്ട്റെയ്സർ കിക്കോഫിനു പീറ്റർ കുളങ്ങര, ജോൺ പാട്ടപതി, സ്കറിയക്കുട്ടി തോമസ്, സണ്ണി വള്ളിക്കളം, ജോബ് വർഗീസ് എന്നിവർ നേതൃത്വം നൽകുന്നു.
1000 ഡോളർ സ്പോൺസർ ചെയ്യുന്നവർക്ക് സ്റ്റേജിൽ പ്രത്യേക അംഗീകാരവും നൽകും. അദ്ദേഹത്തെ പിന്തുണയ്ക്കാൻ ryanforillinois.com എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സംഭാവന നൽകാനുമാകും.
“മാറ്റം സാധ്യമാക്കുന്നത് വോട്ടിലൂടെ മാത്രമാണ്. വോട്ടില്ലെങ്കിൽ മാറ്റമില്ല, മാറ്റമില്ലെങ്കിൽ പ്രതീക്ഷയുമില്ല” – എന്നാണ് റയാന്റെ ഉറച്ച നിലപാട്.
ഈ ഇരുപത്തിനാലുകാരന്റെ അമേരിക്കൻ രാഷ്ട്രീയയാത്ര, ഒരു വ്യക്തിയുടെ സ്വപ്നത്തിന് അപ്പുറം, രാജ്യത്തെ യുവതലമുറയുടെ മുഴുവൻ പ്രതീക്ഷയായി മാറുകയാണ്.
ഷാംബർഗ്, ഹോഫ്മാൻ എസ്റ്റേറ്റ്സ്, ബ്ലൂമിംഗ്ഡെയ്ൽ, ഹാനോവർ പാർക്ക്, എൽക്ക് ഗ്രോവ് വൈലേജ്, ഇറ്റാസ്ക, സ്ട്രീംവുഡ്, എൽജിൻ, ഡെസ് പ്ലെയിൻസ്, സൗത്ത് ബാരിംഗ്ടൺ എന്നിവ അടങ്ങിയതാണ് ഡിസ്ട്രിക്ട്.
ടോം - സുനി വെട്ടിക്കാട് ദമ്പതികളുടെ രണ്ടാമത്തെ പുത്രനാണ് റയൻ. ഷോൺ, കെവിൻ എന്നിവർ സഹോദരർ.
ഇല്ലിനോയിസ് യൂണിവേഴ്സിറ്റി ഉർബാന-ഷാമ്പെയ്‌നിൽ നിന്ന് രണ്ട് വർഷം കൊണ്ട് സമ്മ കം ലൗഡേ ബഹുമതിയോടെ ബിരുദം നേടിയ റയാൻ എയർഫോഴ്സ് ROTC കേഡറ്റായും സേവനമനുഷ്ഠിച്ചു. സ്റ്റുഡന്റ് റെസിഡന്റ് അഡ്വൈസറായും ഇല്ലിനോയി ജേണൽ ഓഫ് ഇന്റർനാഷണൽ സെക്യൂരിറ്റിയുടെ എഡിറ്റർ-ഇൻ-ചീഫ് ആയും പ്രവർത്തിച്ചു .
ബിരുദം നേടിയ ശേഷം ഒരു വർഷം ഓസ്ട്രിയയിൽ ഫുൾബ്രൈറ്റ് സ്കോളറായി അധ്യാപകനായി. പുരോഗമന നയങ്ങൾ പൊതു നന്മയെ എങ്ങനെ മെച്ചപ്പെടുത്തുമെന്ന് അവിടെ നിന്ന് പഠിക്കാൻ അവസരം കിട്ടി. ആരോഗ്യ സംരക്ഷണം, പൊതുവിദ്യാഭ്യാസം, ഗതാഗത സംവിധാനങ്ങൾ എന്നിവയുടെ മികവും നേരിട്ടറിഞ്ഞു.
ചിക്കാഗോയിൽ തിരിച്ചെത്തിയ ശേഷം യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ (ഹൈഡ് പാർക്ക്) നിന്ന് മാസ്റ്റേഴ്സ് ബിരുദം നേടി. അവിടെ ആന്റി ടെററിസം കോഴ്‌സ് പഠിപ്പിച്ചു. റൂൾ ഓഫ് ലോ എന്ന വിഷയത്തിൽ ആയിരുന്നു മാസ്റ്റേഴ്‌സ് തീസിസ്.
പിന്നീട് യു.എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റീസിൽ പ്രസിഡൻഷ്യൽ മാനേജ്‌മെന്റ് ഫെലോ ആയി ചേർന്നു.
യു.എസ്. ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസിലെ സേവനപരിചയവുമാണ് അദ്ദേഹത്തിന്റെ പോരാട്ടത്തിന് കരുത്തേകുന്നത്. നിയമം, സുരക്ഷ, പൊതുസേവനം എന്നീ മേഖലകളിൽ ഉണ്ടായ അടിത്തറ പ്രചാരണത്തിന് വിശ്വാസ്യത നൽകുന്നു.