കേരളാ പോലീസിലെ ക്രിമിനല്‍ വിഭാഗത്തിന്റെ ഗുണ്ടായിസവും ക്രിമിനല്‍ ആക്ടിവിസവും വെളിപ്പെടുത്തുന്ന രണ്ട് കസ്റ്റഡി മര്‍ദനങ്ങളുടെ ഭീകര ദൃശ്യങ്ങള്‍ വലിയ പ്രക്ഷോഭങ്ങള്‍ക്കാണ് ഇടയാക്കിയത്. ഇതേ തുടര്‍ന്ന് നിരവധി പരാതികളാണ് പോലീസിനെതിരെ ഓരോ നിമിഷവുമെന്നോണം ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ ആഭ്യന്തര വകുപ്പുകൂടി തലയിലൊരലങ്കാരമെന്നോണം ചൂടുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കുറ്റകരമായ മൗനം തുടരുകയും ചെയ്യുന്നു. ഇതിനിടെ കെ.എസ്.യു നേതാക്കളെ മുഖംമൂടി ധരിപ്പിച്ചും കൈവിലങ്ങണിയിച്ചും കോടതിയില്‍ ഹാജരാക്കിയ തൃശൂര്‍ വടക്കാഞ്ചേരി പോലീസിന്റെ നടപടിയും കടുത്ത പ്രതിഷേധങ്ങള്‍ക്കിടയാക്കി.
അന്തര്‍ദേശീയ കുറ്റവാളികളെയും കൊടും ഭീകരരെയും കൊലക്കേസ് പ്രതികളെയുമൊക്കെയാണ് കറുത്ത മുഖംമൂടിയും കൈവിലങ്ങണിയിച്ചും കോടതിയില്‍ ഹാജരാക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം എസ്.എഫ്.ഐ-കെ.എസ്.യു സംഘട്ടനത്തില്‍ അറസ്റ്റിലായ കെ.എസ്.യു വിദ്യാര്‍ഥികളെയാണ് ഇത്തരത്തില്‍ കൈകാര്യം ചെയ്തത്. കെ.എസ്.യു തൃശ്ശൂര്‍ വൈസ് പ്രസിഡന്റ് ഗണേഷ് ആറ്റൂര്‍, അല്‍ അമീന്‍, ചേലക്കര നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിയും ഒറ്റപ്പാലം എന്‍.എസ്.എസ് കോളേജ് വിദ്യാര്‍ത്ഥിയുമായ അസ്‌ലം കിള്ളിമംഗലം എന്നിവരെയാണ് മുഖംമൂടി ധരിപ്പിച്ച് വടക്കാഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്.
അതേസമയം, പോലീസിന്റെ നടപടിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ വടക്കാഞ്ചേരി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ ഷാജഹാന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ വടക്കാഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. എന്നാല്‍, ഇതിനുശേഷം മെഡിക്കല്‍ പരിശോധനയ്ക്ക് ഹാജരാക്കിയപ്പോഴും വിദ്യാര്‍ത്ഥി നേതാക്കളെ മുഖംമൂടിയിട്ട്, വിലങ്ങുവെച്ചാണെത്തിച്ചത്. ഇത് പോലീസിന്റെ ധാര്‍ഷ്ട്യത്തിനുദാഹരണമാണ്. വിദ്യാര്‍ത്ഥികളെ റിമാന്‍ഡ് ചെയ്ത മജിസ്‌ട്രേറ്റ് നസീബ് എ അബ്ദുള്‍റസാക്ക്, എന്തിനാണിവരെ മുഖം മറച്ച് വിലങ്ങണിയിച്ച് ഹാജരാക്കിയതെന്ന് ചോദിച്ചെങ്കിലും ഷാജഹാന്‍ ഏമാന് കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല.
എസ്.എഫ്.ഐ ഏരിയാ സെക്രട്ടേറിയറ്റ് അംഗം ദേശമംഗലം ആദിത്യന്‍, കിള്ളിമംഗലം കോളേജ് യൂണിറ്റ് പ്രസിഡന്റ് എല്‍ദോസ് എന്നിവരെ ഓഗസ്റ്റ് 18-നു മുള്ളൂര്‍ക്കര റെയില്‍വെ ഗേറ്റ് പരിസരത്ത് ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിച്ചുവെന്ന കേസിലാണ് കെ.എസ്.യു നേതാക്കള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തത്. 8,000 രൂപയും മൊബൈല്‍ ഫോണും കൈവശപ്പെടുത്തിയെന്ന കുറ്റവും ചുമത്തിയിരുന്നു. എന്നാല്‍ ഇവരെ മുഖം മറച്ച്, വിലങ്ങണിയിച്ച് കോടതിയില്‍ കൊണ്ടുവന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ രോഷത്തിന് വഴിയൊരുക്കി. സംഭവത്തില്‍ പ്രതിഷേധവുമായി കെ.എസ്.യു വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.
തിരിച്ചറിയല്‍ പരേഡ് ഉള്ളതിനാലാണ് മുഖംമൂടി ധരിപ്പിച്ചതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. ഒരുമാസം മുന്‍പ് നടന്ന എസ്.എഫ്.ഐ-കെ.എസ്.യു സംഘര്‍ഷത്തെ തുടര്‍ന്ന് ഒളിവിലായിരുന്നു മൂന്നു പ്രതികളെന്നും കോടതിയില്‍ പോലീസ് പറഞ്ഞു. എന്നാല്‍ മുഖംമൂടി ധരിപ്പിച്ച സംഭവം എസ്.എച്ച്.ഒ ആയ ഷാജഹാന്റെ അജ്ഞതയാണോ അതോ രാഷ്ട്രീയ വൈരാഗ്യമാണോയെന്ന് കണ്ടെത്തേണ്ടതുണ്ട്. ഒരു കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട സ്ഥലവാസികളല്ലാത്ത, അവിടെയാര്‍ക്കും പരിചിതരല്ലാത്തവരെയാണ് സാധാരണ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കുന്നത്.
ഈ കേസില്‍ ഉള്‍പ്പെട്ടവരെയെല്ലാം ആ നാട്ടുകാര്‍ക്ക് അറിയാം. എഫ്.ഐ.ആറില്‍ അവരുടെ പേരും മേല്‍വിലാസവുമൊക്കെയുണ്ട്. പിന്നെയെന്തിനാണ് ഇവരെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കുന്നത് എന്ന ചോദ്യത്തിന് ഷാജഹാന് മറുപടിയില്ല. ഇതിനാണ് കോടതി ഈ മഹാന് കാരണം കാണിക്കല്‍ നോട്ടീസ് കൊടുത്തിരിക്കുന്നത്. എത്ര കൊടിയ കുറ്റവാളിയാണെങ്കിലും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമ്പോള്‍ കൈവിലങ്ങും മാസ്‌കും പാടില്ലെന്ന നിയമവും എസ്.എച്ച്.ഒ ഷാജഹാന്‍ ഇവിടെ ലംഘിച്ചു. അതുകൊണ്ട് പോലീസിന്റെ സാധാരണ നടപടിക്രമങ്ങള്‍ പോലും പാലിക്കാത്ത ഇയാളെ ഡീപ്രൊമോട്ട് ചെയ്ത് ട്രെയിനിങ്ങിന് വിടണമെന്നാണ് പൊതുവെ ഉയരുന്ന ആവശ്യം.
ഇപ്പോള്‍ റിമാന്‍ഡിലായിരിക്കുന്ന കെ.എസ്.യു നേതാക്കള്‍ കുറ്റവാളികളാണോയെന്ന് കോടതിയാണ് തീരുമാനിക്കേണ്ടത്. ആ നിലയ്ക്ക് കൊടും കുറ്റവാളികള്‍ എന്ന നിലയില്‍ അവരെ കോടതിയില്‍ ഹാജരാക്കിയത് തികച്ചും അവഹേളനമാണ്. എസ്.എച്ച്.ഒ ഷാജഹാന്‍ വിദ്യാര്‍ത്ഥി നേതാക്കളെ ശരീരികമായി ഉപദവിച്ചോ എന്ന് വ്യക്തമല്ല. പക്ഷേ അയാളുടെ നടപടി അവര്‍ക്ക് അപമാനകരമായി. വിവാദമായ കുന്നുംകുളം പോലീസ് സ്റ്റേഷനില്‍ നിന്ന് വടക്കാഞ്ചേരിയിലേയ്ക്ക് സ്ഥലംമാറിപ്പോയ വ്യക്തിയാണത്രേ ഈ ഷാജഹാന്‍. അപ്പോള്‍ ഇയാളില്‍നിന്ന് ഇതിലും അപ്പുറവും പ്രതീക്ഷിക്കാം. കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ് സുജിത്തിനെ പഞ്ഞിക്കിട്ട സ്ഥലമാണ് ഈ പോസീസ് സ്റ്റേഷന്‍.
കേരളാ പോലീസിന്റെ ഭാഗത്തുനിന്ന് തുടര്‍ച്ചയായി ഉണ്ടാവുന്ന ഗുരുതരമായ കൃത്യവിലോപവും മര്‍ദനമുറകളും ആ സേനയുടെ യശസിന് കളങ്കം ചാര്‍ത്തിയിരിക്കുന്നുന്ന് പറഞ്ഞ് പറഞ്ഞ് എല്ലാവരും മടുത്തിരിക്കുകയാണ്. ഏതാനും സംഭവങ്ങള്‍ പുറത്തെടുത്ത് പോലീസിനെ അടച്ചാക്ഷേപിക്കുന്നത് അപകടകരമാണെന്നാണ് പോലീസ് അസോസിയേഷന്‍ പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ പോലീസിന്റെ അതിക്രമങ്ങള്‍ ജനങ്ങള്‍ക്ക് വെല്ലുവിളിയാവുന്ന അത്യന്തം അപരടകരമായ അവസ്ഥയാണ് നിലവിലുള്ളത്. സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ പോലീസിനെ ഭയപ്പെടുന്നു. അതിലേറെ അവരെ വെറുക്കുകയും ശപിക്കുകയും ചെയ്യുന്നു.
ഒരു വ്യക്തിയുടെ മേല്‍ കൈവയ്ക്കാന്‍ ഇവര്‍ക്ക് ഒരു നിയമവും അനുവാദം കൊടുക്കുന്നില്ല. ഒരാള്‍ കുറ്റവാളിയോ നിരപരാധിയോ എന്ന് കോടതി തീരുമാനിക്കും. വ്യക്തിയെ അറസ്റ്റ് ചെയ്ത് 24 മണിക്കുറിനകം കോടതിയില്‍ ഹാജരാക്കുകയെന്നതാണ് പോലീസിന്റെ പണി. എന്നാല്‍ അറസ്റ്റ് ചെയ്യുന്നവരെ പോലീസ് സ്റ്റേഷനുകളിലെ ഇരുണ്ട കൊലമുറികളിലിട്ട് കൊല്ലാക്കൊല ചെയ്യുന്ന കാക്കി കാട്ടാളന്‍മാരെ നിയന്ത്രിക്കാന്‍ കേരളത്തിന്റെ മുഖ്യമന്ത്രിക്കുപോലും കഴിയുന്നില്ല എന്നത് വലിയ കഷ്ടം തന്നെയാണ്.
കഴിഞ്ഞ 9 വര്‍ഷത്തെ പിണറായി ഭരണത്തില്‍ 16 കസ്റ്റഡി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മൂന്നാം മുറയ്ക്ക് വിധേയരായവരുടെ എണ്ണം എത്രയോ അധികമാണ്. നിരപരാധികളായ മനുഷ്യരുടെ ദേഹം വേദനിപ്പിച്ച് ആസ്വദിക്കുന്ന ഇത്തരം ഭരണകൂട ഭീകരത അമര്‍ച്ച ചെയ്യുവാന്‍ ഒരു നോപ്പാള്‍ മോഡല്‍ 'ജെന്‍ സി' പ്രക്ഷോഭം കേരളത്തിലും നടക്കേണ്ടിയിരിക്കുന്നു.