Image

വംശീയ കലാപത്തിന്റെ തീയില്‍ അമര്‍ന്ന മണിപ്പൂരിന്റെ മുറിവുണക്കാന്‍ മോദി എത്തി, പക്ഷേ... : എ.എസ് ശ്രീകുമാര്‍

Published on 14 September, 2025
വംശീയ കലാപത്തിന്റെ തീയില്‍ അമര്‍ന്ന മണിപ്പൂരിന്റെ മുറിവുണക്കാന്‍ മോദി എത്തി, പക്ഷേ... : എ.എസ് ശ്രീകുമാര്‍

 

വംശീയപ്പകയുടെ കനലണയാത്ത മണിപ്പൂരിലേയ്ക്ക് രണ്ടു വര്‍ഷത്തിന് ശേഷം പ്രധാനമന്ത്രി എത്തിയപ്പോള്‍ ഉയര്‍ന്ന ചോദ്യം മോദിക്ക് ആ സംസ്ഥാനത്തിന്റെ മുറിവുണക്കാന്‍ കഴിയുമോയെന്നതാണ്. എന്നാല്‍ മണിപ്പുര്‍ കലാപം ശാശ്വതമായി അവസാനിപ്പിക്കുന്നതിനുള്ള പ്രഖ്യാപനങ്ങളൊന്നും പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് കുക്കി-മെയ്ത്തി സംഘടനകളും കലാപത്തിന്റെ ഇരകളും കോണ്‍ഗ്രസും വിമര്‍ശിക്കുന്നു. മണിപ്പൂരിലെ ആദിവാസികള്‍ക്ക് പ്രത്യേക ഭരണസംവിധാനമോ കേന്ദ്രഭരണ പ്രദേശമോ പരിഗണിക്കണമെന്ന് കുക്കി-സോ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള പത്ത് എം.എല്‍.എമാര്‍ ആവശ്യപ്പെടുന്നു.

ഭൂരിപക്ഷ സമുദായം ന്യൂനപക്ഷ സമൂഹത്തിന് മേല്‍ ഭരണകൂടത്തിന്റെ പങ്കാളിത്തത്തോടെ വംശീയ ആക്രമണം നടത്തിയ സംഭവമാണ് മണിപ്പൂരില്‍ അരങ്ങേറിയത്. ഇത്തരം ഒരു സാഹചര്യത്തില്‍ ഈ വിഭാഗങ്ങള്‍ക്കൊപ്പം ഒന്നിച്ച് കഴിയുക എന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. നല്ല അയര്‍ക്കാരായാല്‍ സമാധാനത്തോടെ കഴിയാമെന്നും പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ കുക്കി വിഭാഗത്തില്‍ നിന്നുള്ള ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. വിവിധ വികസന പരിപാടികള്‍ ഉദ്ഘാടനം ചെയ്യുന്നതിനായി ചുരാചന്ദ്പൂരില്‍ എത്തിയപ്പോഴായിരുന്നു ജനപ്രതിനിധികള്‍ മോദിയെ കണ്ടത്.

മണിപ്പൂരിലെ എല്ലാ സംഘടനകളും സമാധാനത്തിന്റെ പാതയിലേക്ക് മടങ്ങണമെന്ന ആഹ്വാനം നല്കിയും ഒപ്പമുണ്ടെന്ന ഉറപ്പു നല്കിയും പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥനം വിട്ടത്. കുട്ടികളുടെ ഭാവിയോര്‍ത്ത് എല്ലാവരും അക്രമം വെടിയണമെന്നാവശ്യപ്പെട്ട മോദി പലായനം ചെയ്തവരെ സഹായിക്കാന്‍ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. കലാപത്തിന്റെ ഇരകളുമായി മോദി സംസാരിച്ചു. ചുരാചന്ദ്പൂരിലും ഇംഫാലിലും നടന്ന റാലികളില്‍ പങ്കെടുത്ത മോദി നാലര മണിക്കൂറാണ് സംസ്ഥാനത്ത് ചെലവഴിച്ചത്. കലാപം തുടങ്ങി 27 മാസങ്ങള്‍ക്കു ശേഷമാണ് മോദി മണിപ്പൂരിലെത്തിയത്.

2023 മെയ് 2-ന് പൊട്ടിപ്പുറപ്പെട്ട മണിപ്പൂര്‍ വംശീയ കലാപത്തില്‍ മുന്നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും 60,000 പേര്‍ അഭയാര്‍ഥികളാവുകയും ചെയ്തു. 4,786 വീടുകളും 356 ദേവാലയങ്ങളും തകര്‍ക്കപ്പെട്ടതായുമാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ അനൗദ്യോഗിക കണക്കുകള്‍ പരിശോധിച്ചാല്‍ എണ്ണം അതിനൊക്കെ എത്രയോ മുകളിലാണ്. സമാധാനപരമായ ജീവിതം സാധ്യമല്ലാത്ത വിധം മണിപ്പൂര്‍ മാറിയിട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്തിയിരുന്നില്ല.

ജിരിബാം ജില്ലിയില്‍ മൂന്ന് കുട്ടികളെയും മൂന്ന് സ്ത്രീകളെയും ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. നവംബര്‍ ഏഴിന് ജിരിബാമിലെ മാര്‍ ഗോത്രത്തിന്റെ ഗ്രാമത്തിന് നേരെ മെയ്ത്തി സായുധ സംഘങ്ങള്‍ ആക്രമണം നടത്തിയിരുന്നു. 2023 മേയ് മൂന്നിനു ശേഷം മെയ്ത്തി, കുക്കി ഗോത്ര വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ചുള്ള കലാപത്തിലേയ്ക്ക് വഴിമാറിയത്.

മണിപ്പുരിലെ പ്രബല ഗോത്രവര്‍ഗ വിഭാഗമാണ് മെയ്ത്തി. ഇംഫാലിലെ മലനിരകളില്‍ താമസിക്കുന്ന ഇവരില്‍ ഭൂരിഭാഗവും ഹിന്ദുമത വിശ്വാസികളാണ്. ഇതര ഗോത്രവിഭാഗങ്ങളെ അപേക്ഷിച്ച് മെയ്ത്തികള്‍ മികച്ച രീതിയില്‍ വിദ്യാഭ്യാസം നേടിയവരും ബിസിനസിലും രാഷ്ട്രീയത്തിലും പ്രവര്‍ത്തിക്കുന്നവരുമാണ്. മണിപ്പൂരിലെ ചുരാചന്ദ്പുരിലെ മലയോര മേഖലയാണ് കുക്കി വിഭാഗം കൂടുതലായുള്ളത്. എന്നിരുന്നാലും മണിപ്പൂരിലെ ചന്ദേല്‍, കാങ്‌പോക്പി, തെങ്‌നൗപാല്‍, സേനാപതി ജില്ലകളിലും ഇവരുടെ ശക്തമായ സാന്നിധ്യമുണ്ട്.

മെയ്ത്തികളും കുക്കികളും തമ്മിലുള്ള തര്‍ക്കം വളരെ നാളുകളായി നിലനില്‍ക്കുന്നതാണ്. എന്നാല്‍ ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ ഓഫ് മണിപ്പൂര്‍ (എ.ടി.എസ്.യു.എം) 2023 മേയ് മൂന്നിന് സംഘടിപ്പിച്ച ഗോത്ര ഐക്യദാര്‍ഢ്യ മാര്‍ച്ച് ആണ് മെയ്ത്തി-കുക്കി വംശീയ കലാപത്തിന് തുടക്കമിടുന്നത്. മെയ്ത്തികളെ പട്ടികവര്‍ഗ വിഭാഗത്തില്‍ (ഷെഡ്യൂള്‍ഡ് ട്രൈബ്-എസ്.ടി) ഉള്‍പ്പെടുത്താനുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു മാര്‍ച്ച്. ആംഗ്ലോ-കുക്കി യുദ്ധ സ്മാരകത്തിന്റെ ഗേറ്റ് തകര്‍പ്പെടുന്നതോടെ മാര്‍ച്ച് ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് തിരിയുകയായിരുന്നു. സംസ്ഥാനത്തെ ജനസംഖ്യയുടെ 40 ശതമാനത്തോളം വരുന്ന നാഗാ, സോമീ, കുകി എന്നീ ഗോത്രവിഭാഗങ്ങള്‍ ചേര്‍ന്നാണ് ഈ മാര്‍ച്ച് സംഘടിപ്പിച്ചത്.

മാര്‍ച്ചിനിടെ സായുധരായ പോലീസ് മെയ്ത്തി വിഭാഗത്തില്‍പ്പെട്ട ആളുകളെ ആക്രമിച്ചു, ഇത് താഴ് വരയിലെ ജില്ലകളില്‍ പ്രതികാര മനോഭാവത്തോടെയുള്ള ആക്രമണങ്ങളിലേക്ക് നയിക്കുകയും കലാപം സംസ്ഥാനത്തുടനീളം വ്യാപിക്കുകയുമായിരുന്നു. മെയ്ത്തികള്‍ ഹിന്ദുമത വിശ്വാസികളും കുകികളില്‍ ഭൂരിഭാഗവും ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെടുന്നവരാണെങ്കിലും ഇപ്പോഴത്തെ സംഘര്‍ഷത്തിന്റെ കാതല്‍ സംവരണം, ഭൂമി അവകാശം എന്നിവയാണ്.

അതേസമയം, മെയ്ത്തികള്‍ സംസ്ഥാനത്തെ ജനസംഖ്യയുടെ 53 ശതമാനം വരും. സംസ്ഥാനത്തിന്റെ പത്ത് ശതമാനം ഭാഗത്ത് മാത്രമാണ് ഇവര്‍ ഉള്ളത്. എന്നാല്‍, ഇവരേക്കാള്‍ കുറഞ്ഞ ജനസംഖ്യയുള്ള മറ്റ് ഗോത്ര വിഭാഗങ്ങളാണ് സംസ്ഥാനത്തിന്റെ ശേഷിക്കുന്ന 90 ശതമാനം ഭാഗത്തുമുള്ളത്. പട്ടിക വര്‍ഗ പദവി തങ്ങള്‍ക്ക് ലഭിക്കണമെന്നും മ്യാന്‍മറില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള നിയമവിരുദ്ധമായ വലിയതോതിലുള്ള അഭയാര്‍ഥികളുടെ കടന്നുകയറ്റം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായും അവര്‍ ചൂണ്ടിക്കാട്ടുന്നു.

മെയ്ത്തികളെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനെ കുക്കികള്‍ ശക്തമായി എതിര്‍ക്കുന്നു. അവര്‍ക്ക് ലഭിക്കുന്ന തൊഴില്‍ അവസരങ്ങളും സര്‍ക്കാര്‍ ആനുകൂല്യങ്ങളും നഷ്ടപ്പെടുമോയെന്നാണ് കുക്കികളുടെ ഭയം. കൂടാതെ, മെത്തികള്‍ പട്ടികജാതി വിഭാഗത്തില്‍ (ഷെഡ്യൂള്‍ഡ് കാസ്റ്റ്-എസ്.സി) അല്ലെങ്കില്‍ ഒ.ബി.സി വിഭാഗത്തിലുള്‍പ്പെട്ടിട്ടുണ്ടെന്നും കുക്കികള്‍ ചൂണ്ടിക്കാട്ടുന്നു.

മണിപ്പൂര്‍ സംസ്ഥാനം ഇതിനോടകം മെയ്ത്തി-കുക്കി മേഖലകളായി വിഭജിക്കപ്പെട്ടു കഴിഞ്ഞു. സംശയവും ശത്രുതയും പകയും അവര്‍ക്കിടയിലുള്ള അതിര്‍ത്തികളെ നിശ്ചയിച്ചു കഴിഞ്ഞു. ഒരു സംസ്ഥാനെത്ത വിഭജനത്തിന്റെ പാതയിലേക്ക് എത്തിക്കുന്ന ഈ കലാപത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നോക്കുകുത്തികളാവുന്നുവെന്നതാണ് പ്രശ്‌നം ഗുരുതരമാക്കിയത്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പ്രശ്‌നം ശാശ്വതമായി പരിഹരിക്കാന്‍ മോദിയുടെ സന്ദര്‍ശനത്തിന് കഴിയുമോയെന്ന് കാത്തിരുന്നു കാണാം.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക