"ആറു മണിക്ക് തന്നെ കൃത്യമായി ഉണർന്നു ഇങ്ങനെ മുകളിലോട്ടും നോക്കി കിടക്കണത് എന്തിനാ.? എണീറ്റു പോയ് കൂടെ?"
"എന്നിട്ടെന്തിനാ തല കുത്തി നിൽക്കാനാ?"
"വേണേൽ ആയിക്കോ ഇഷ്ടം പോലെ നേരം ണ്ടല്ലോ പിടലി ഒടിയാതെ നോക്കിയാ മതി.. പ്രായം മറക്കണ്ട "
"ഓ നീ നിന്റെ പണി നോക്കിക്കോ. വല കെട്ടി ഇരയെയും പിടിച്ചു തിന്നിട്ട് നിനക്ക് ഇങ്ങനെ കിടന്നു ആടിയാൽ പോരേ.. വേറെ പണി ഒന്നും ഇല്ലല്ലോ."
"എനിക്ക് വിശക്കുമ്പോ പിന്നെ നീ തിന്നാൻ തരുമോ?ചിലന്തിന്നു കേട്ടാ അപ്പോ മാറാല വടി എടുക്കും മനുഷ്യന്മാര്...എന്നിട്ടവരും വല കെട്ടും. ഒരു വിവരവും ഇല്ലാത്ത പെണ്ണും ആണും ഒക്കെ ആ വലയിൽ വീഴും. പിന്നെ കാര്യം തഥൈവ.. ഒടുക്കം തേപ്പും വാർക്കലും കരച്ചിലും ഒക്കെ ആകും. അബദ്ധം പറ്റിയാൽ നന്നായി ഒന്ന് സോപ്പിട്ടു കുളിച്ചാൽ പോരേ... പോയി ചാകണോ.,."
"നീ മലയാളം പണ്ഡിറ്റ് ആണോ.. നല്ല ഭാഷ...ചിന്താ ശേഷി."
" ഞാൻ ഇവിടെ ചുമ്മാ കിടക്കുവല്ല.. നീ ഇരുന്നു മുഖപുസ്തകം കുത്തുന്നതും ഇൻസ്റ്റയിൽ പോണതും ത്രെഡിൽ തൂങ്ങിയതും അവിടുന്ന് പോന്നതും ഒക്കെ കാണുന്നുണ്ട്.. ആദ്യം ആ പ്രൊഫൈൽ പോട്ടം മാറ്റുക... പ്രായത്തിനനുസരിച്ചു മുടി കെട്ടാനും തുണി ഉടുക്കാനും പഠിക്ക്.. അഴിച്ചു പടർത്തി ഇടാതെ മുടി കെട്ടി വെച്ചു ഒരു മുണ്ടും വേഷ്ടിയും ഉടുത്തു ഒരു പോട്ടം ഇട്.."
"അത് ശരിയാ... എന്നാൽ പിന്നെ താടി ഫ്രീക്കൻ ചെക്കന്മാർ ഒന്നും റിക്വസ്റ്റ് അയക്കില്ലല്ലോ ഈ വയസ്സിത്ത ള്ളയ്ക്കു...അതൊക്കെ കാണുമ്പോ നിനക്ക് ഭയങ്കര കുശുമ്പാ ല്ലേ..."
"കുശുമ്പായിട്ടല്ല... ഏതു നേരത്താ വല വരുന്നത് എന്ന് പറയാൻ പറ്റൂല്ല. നിനക്ക് പിന്നെ പെട്ടെന്നൊന്നും ആരോടും പ്രണയം തോന്നില്ലല്ലോ. പോയി ആരുടെയും ഇര ആകല്ലേന്ന് പറഞ്ഞതാ..പിന്നെ മോങ്ങീട്ടു കാര്യം ഇല്ലല്ലോ... അല്ല ഞാൻ പറഞ്ഞു എന്നേ ഉള്ളു... ദേഹത്ത് ഒന്ന് തോണ്ടാതെ ഒരു ആൺ സുഹൃത്തുക്കളും ഒരു സിൽമായ്‌ക്കോ യാത്രക്കോ വിളിക്കൂല്ല എന്ന് തിരിച്ചറിയുക.. അതാണ് കാലം.. "ഇല വന്നു മുള്ളിൽ വീണാലും മുള്ളു വന്നു ഇലേൽ വീണാലും " ആർക്കാ കേട് എന്ന് ചിന്തിച്ചാ മതി. നിന്നോടു പുരാണം പറഞ്ഞു നിന്നു ഒരു ഇര വഴി മാറിപ്പോയി. പുള്ളിച്ചിറകുള്ള തുമ്പി ആയിരുന്നു. തിന്നിരുന്നേൽ വയറു നിറഞ്ഞേനെ."
"അങ്ങനിപ്പോ തിന്നണ്ട അത് ഇവിടുത്തെ ആള് തുമ്പിയായി എന്നെ കാണാൻ വന്നതാ.. ഞങ്ങളുടെ കല്യാണവാർഷികം ആയിരുന്നേ.. സെപ്റ്റംബർ 11 നു.."
"അതെയോ... അറിഞ്ഞില്ലല്ലോ"
"രണ്ട് നീർ നായ്ക്കൾ ഒന്നിച്ചു കടിച്ചിട്ടും അവരെ ചവിട്ടിയും കൈ കൊണ്ടു തട്ടി മാറ്റിയും തോർത്ത് പോലും പറിഞ്ഞു പോകാതെ മൂവാറ്റുപുഴയാറ് നീന്തി കയറിയ ആളാ... പിന്നെയാ നിന്റെ ഈ പൊട്ട വലയിൽ കുടുങ്ങുന്നത്.. ആ വെള്ളം അങ്ങ് വാങ്ങി വെച്ചേക്കു ട്ടൊ."
"ഓ.. നീ എണീറ്റു പോയി വല്ലതും ഒക്കെ ഉണ്ടാക്കി തിന്നു... വണ്ണം വെക്കട്ടെ.. ഒരു ഗും ഒക്കെ വേണ്ടേ പെണ്ണായാൽ"
"ഓ ഈ പ്രായത്തിൽ ഇനി ആ ഗും ന്റെ ഒരു കുറവേ ഉള്ളു... വിരല് പോലിരുന്നിട്ടും പ്രശ്നമാ... പെണ്ണ് തനിച്ചായാൽ ചന്തം ഒക്കെ കുറഞ്ഞിരിക്കുന്നതാ ഏറ്റവും നല്ലത്.."
"കണ്ടു കണ്ടു എനിക്കിപ്പോ നീ ഒന്ന് വണ്ണം വെച്ചു കാണാൻ പൂതി.."
"നിനക്കെന്താ ഒരു പന്തികേട് പോലെ.. എന്നോട് വല്ല പ്രണയവും തോന്നിയോ..? കൂടുതൽ വിളഞ്ഞാൽ ഞാൻ ഇപ്പൊ പോയി മാറാല വടി എടുത്തോണ്ട് വന്നു തോണ്ടി ഞെരിച്ചു നിന്റെ പണി തീർക്കും. പറഞ്ഞില്ലെന്നു വേണ്ട"
"വേണ്ടായേ ചുമ്മാ പറഞ്ഞതാ.. ഈ ഉള്ള ഗും ഒക്കെ മതീട്ടോ.50 കിലോ മതി എന്നല്ലേ ഡോക്ടറും പറഞ്ഞത് "
"എന്നാപ്പിന്നെ ഞാൻ എണീക്കട്ടെ... ഗം ഗണ പതയെ നമോ നമഃ"
"അതെന്താ ആ ഒടുക്കം പറഞ്ഞത്?"
"അത് വേണേൽ നീയും പറഞ്ഞോ.. ഇര വന്നുവീഴാൻ തടസ്സം ഉണ്ടാകില്ല... സകല തടസ്സവും മാറും.. ആനയുടെ മുഖം ഉള്ള ഒരു ദൈവം ഞങ്ങൾക്ക് ഉണ്ട്...ഗണപതി... അദ്ദേഹമാ തടസ്സംമാറ്റുന്നത്."
"ഓ എന്നാൽ ഞാനും ജപിച്ചേക്കാം ഗും ഗുണപതയെ ഹര ഹരേ എന്നല്ലേ."
" നീ ഒന്നും ഒരിക്കലും നന്നാകാൻ പോണില്ല... എന്ത് പറഞ്ഞാലും നിനക്ക് ആകപ്പാടെ ഗും അല്ലെ വരൂ..പൊട്ടൻ ചിലന്തി "