ന്യൂയോർക്ക്: യുവജന നേതാവായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗഗീകാരോപണങ്ങളും സ്ത്രീകളുടെ പരാതികളും ഉയർന്ന സാഹചര്യത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി സ്വീകരിച്ച സസ്‌പെൻഷൻ നടപടി അനിവാര്യമായ തീരുമാനമാണെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എസ്.എയുടെ വൈസ് ചെയർമാൻ ജോർജ് എബ്രഹാം വ്യക്തമാക്കി.
“രാഷ്ട്രീയ നേതാക്കൾ ജനങ്ങളോട് ഉയർന്ന നൈതിക നിലവാരം പാലിക്കേണ്ടവരാണ്. പലപ്പോഴും കണ്ടുവരുന്ന തരത്തിൽ തെറ്റായ പ്രവൃത്തികളെ അവഗണിക്കാതെ ശക്തമായ സന്ദേശം നൽകാൻ കോൺഗ്രസ് പാർട്ടിക്ക് കഴിഞ്ഞു. തെറ്റുകൾ വെച്ചുപൊറുപ്പിക്കില്ലെന്നാണ് ഇതിലൂടെ പാർട്ടി വ്യക്തമാക്കിയിരിക്കുന്നത്,” ജോർജ് എബ്രഹാം അഭിപ്രായപ്പെട്ടു.
ഈ തീരുമാനം പാർട്ടിക്ക് വലിയ പിന്തുണയുള്ള യുവജന നേതാവിനെ നഷ്ടപ്പെടുത്താൻ ഇടയാക്കുമെന്ന് എഐസിസി ഹൈക്കമാൻഡിന് അറിയാമായിരുന്നു. യഥാർത്ഥ നേതൃപാടവം സ്വന്തം ആളുകളെ രക്ഷപ്പെടുത്തുന്നതിലല്ല, മറിച്ച് പ്രത്യയശാസ്ത്രത്തോട് പ്രതിബദ്ധത പാലിക്കുന്നതിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഎം, ബിജെപി തുടങ്ങിയ പാർട്ടികൾ പലപ്പോഴും സ്വന്തം നേതാക്കളുടെ പിഴവുകൾ മറച്ചുവെക്കുന്ന സാഹചര്യത്തിൽ കോൺഗ്രസ് പ്രശ്നത്തെ സധൈര്യം നേരിടാൻ തയ്യാറായതായി അദ്ദേഹം വിലയിരുത്തി.
ഈ വിവാദം രാഹുൽ അമേരിക്കയിലേക്ക് യാത്രയ്ക്കായി തയ്യാറെടുക്കുന്ന സമയത്താണ് പൊട്ടിപ്പുറപ്പെട്ടത്. കുറ്റം തെളിയുന്നതുവരെ അയാൾ നിരപരാധിയാണെന്ന അമേരിക്കൻ നിയമസിദ്ധാന്തം നിലനിൽക്കുന്നുണ്ടെങ്കിലും, പൊതുജനരോക്ഷം അവഗണിക്കാനാകാത്ത വിധം ഉയർന്നതിനാൽ യാത്ര റദ്ദാക്കേണ്ടി വന്നു. ഇത്തരത്തിലുള്ള ഗുരുതരമായ ആരോപണങ്ങൾ നിലനിൽക്കുമ്പോൾ അദ്ദേഹത്തിന് ജനപ്രതിനിധിയായി കാര്യക്ഷമമായി പ്രവർത്തിക്കാനാകുമോ എന്ന ചോദ്യവും ജോർജ് എബ്രഹാം ചൂണ്ടിക്കാട്ടി.അതിലും ആശങ്കാജനകമായത്, വി.ഡി. സതീശനെതിരെ രാഹുലിന്റെ അനുയായികൾ നടത്തിയ സൈബർ ആക്രമണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ മൂല്യങ്ങളെ തകർക്കുന്ന പ്രവൃത്തികളാണ് ഇത്തരം ആക്രമണങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെറ്റിനെ പിന്തുണയ്ക്കുന്നതിന് പകരം പാർട്ടിയുടെ മൂല്യങ്ങളെ പിന്തുണയ്ക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ.പി.സി.സി വനിതാ നേതൃത്വം ഹൈക്കമാൻഡിന്റെ തീരുമാനത്തെ ശക്തമായി പിന്തുണച്ചത് സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്ന കോൺഗ്രസിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു.
“ഇപ്പോൾ കോൺഗ്രസിന് മുന്നിലുള്ള വെല്ലുവിളി ഈ പ്രതിസന്ധിയെ പുതിയൊരു അവസരമാക്കി മാറ്റുകയെന്നതാണ്. പാർട്ടി തന്റെ നൈതിക, രാഷ്ട്രീയ നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് തെളിയിക്കുമ്പോൾ ഐക്യവും സൗഹൃദവും പുനഃസ്ഥാപിച്ച് വരാനിരിക്കുന്ന മുനിസിപ്പൽ,പഞ്ചായാത്ത്, അസംബ്ലി തിരഞ്ഞെടുപ്പുകളിൽ കരുത്തും വിശ്വാസ്യതയും സമ്പാദിക്കാൻ കഴിയും,” ജോർജ് എബ്രഹാം അഭിപ്രായപ്പെട്ടു.