Image

സതീശനെ തള്ളി രാഹുല്‍ നിയമസഭയില്‍; പാര്‍ട്ടിക്ക് തലവേദനയായി ഡിജിറ്റല്‍ മീഡിയ സെല്‍ (എ.എസ് ശ്രീകുമാര്‍)

Published on 15 September, 2025
സതീശനെ തള്ളി രാഹുല്‍ നിയമസഭയില്‍; പാര്‍ട്ടിക്ക് തലവേദനയായി ഡിജിറ്റല്‍ മീഡിയ സെല്‍ (എ.എസ് ശ്രീകുമാര്‍)

ലൈംഗികാരോപണത്തിന്റെ പേരില്‍ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍, സസ്‌പെന്‍സിനൊടുവില്‍ നിയമസഭയിലെത്തിയത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് തിരിച്ചടിയായി. എന്നാല്‍ പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാമതു സമ്മേളനത്തിനെത്തിയ രാഹുല്‍ അധിക സമയം സഭയില്‍ ഇരുന്നില്ല. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫില്‍ നിന്ന് ലഭിച്ച ഒരു കുറിപ്പിന് മറുപടി കൊടുത്ത ശേഷം രാഹുല്‍ സഭ വിട്ടു. ഈ കുറിപ്പ് ഇപ്പോള്‍ ചര്‍ച്ചയായിട്ടുണ്ട്. പ്രതിപക്ഷ നിരയിലെ പ്രത്യേക ബ്ലോക്കില്‍, നേരത്തെ സ്വതന്ത്ര എം.എല്‍.എ പി.വി അന്‍വറിന് അനുവദിച്ച സീറ്റിലായിരുന്നു രാഹുല്‍ ഇരുന്നത്.

വി.ഡി സതീശന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ചാണ് രാഹുല്‍ സഭയിലെത്തിയത്. ഒരു വിഭാഗം കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണ രാഹുലിനുണ്ട്. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷെജീറിനൊപ്പമാണ് രാഹുല്‍ നിയമസഭയിലെത്തിയത്. പാര്‍ട്ടി നേതൃത്വം അറിയിപ്പ് നല്‍കിയിട്ടും രാഹുലിനെ അനുഗമിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ നടപടി നേതൃത്വത്തെ വെട്ടിലാക്കിയിട്ടുമുണ്ട്. പാര്‍ട്ടി സസ്‌പെന്റ് ചെയ്ത വ്യക്തിയെ ഈ നേതാവ് കൊണ്ടു നടക്കുന്നതിലാണ് എതിര്‍പ്പ് ശക്തമാകുന്നത്. രാഹുലിനെ സഹായിക്കാന്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കി യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് അട്ടിമറിച്ച കേസിലെ ഒന്നാം പ്രതി ഫെനി നൈനാനും രാഹുലിനൊപ്പം ഉണ്ടായിരുന്നു.

സംസ്ഥാന കോണ്‍ഗ്രസില്‍ വി.ഡി സതീശനെതിരായ ഒരു നീക്കം നടക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് രാഹുലിന്റെ ഇന്നത്തെ നിയമസഭാ പ്രവേശനം. രാഹുലിലെതിരായ ലൈംഗികാതിക്രമ ആരോപണം ഉയര്‍ന്നതു മുതല്‍ ശക്തമായ നിലപാടിലാണ് സതീശന്‍. മറ്റ് മുതിര്‍ന്ന നേതാക്കളൊന്നും രാഹുലിനെതിരെ പരസ്യമായി രംഗത്തു വന്നിരുന്നില്ല. യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ആവട്ടെ രാഹുലിനെ അനുകൂലിച്ച് പലവട്ടം സംസാരിക്കുകയും ചെയ്തു. കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ടെങ്കിലും രാഹുല്‍ സ്വയം തീരുമാനിച്ചായിരിക്കില്ല നിയമസഭയിലെത്തിയത്. ആ വരവിന് അടൂര്‍ പ്രകാശ്, എ.പി അനില്‍കുമാര്‍, പി.സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ തുടങ്ങിയവരുടെ ആശീര്‍വാദമുണ്ടെന്ന് സംശയിക്കുന്നതില്‍ തെറ്റില്ല.

അതേസമയം, രാഹുലില്‍ നിയമസഭയിലെത്തിയ നടപടി കോണ്‍ഗ്രസില്‍ വി.ഡി സതീശന്‍ വിഭാഗം, സതീശന്‍ വിരുദ്ധ വിഭാഗം എന്നിങ്ങനെ ഗ്രൂപ്പുകള്‍ ഇരുത്തിരിയാന്‍ ഇടയാക്കിയിട്ടുണ്ട്. രാഹുല്‍ സഭയില്‍ എത്തരുതെന്ന് വി.ഡി സതീശന്‍ നിര്‍ദേശം നല്‍കാന്‍ കാരണമുണ്ട്. പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ നിരവധി വിഷയങ്ങളുമായി കോണ്‍ഗ്രസ് പ്രതിപക്ഷ നിരയെ സജ്ജമാക്കിയിരിക്കെ ഗുരുതരമായ ആരോപണങ്ങള്‍ക്ക് വിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സാന്നിധ്യ പ്രതിപക്ഷ ആക്രമണങ്ങളുടെ മൂര്‍ച്ഛ കുറയ്ക്കുമെന്നാണ് സതീശന്‍ പക്ഷത്തിന്റെ നിലപാട്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആഗോള അയ്യപ്പ സംഗമം സര്‍ക്കാര്‍ പരിപാടിയാക്കാനുള്ള താത്പര്യം, ആരോഗ്യ വകുപ്പിനെതിരായ ആരോപണങ്ങള്‍ തുടങ്ങിയവ പ്രതിപക്ഷം ആയുധമാക്കുന്നുണ്ട്.  കഴിഞ്ഞ രണ്ട് മാസത്തിനിടെയുണ്ടായ അമീബിക് മസ്തിഷ്‌ക ജ്വരവും തന്‍മൂലമുണ്ടായ മരണങ്ങളും മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വൈകിയതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ തുടങ്ങിയവയും ചര്‍ച്ച ചെയ്യപ്പെടും. സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്ത് ചൂണ്ടിക്കാട്ടി പ്രതിപക്ഷം അതിനെ പ്രതിരോധിക്കാനും സാധ്യതയുണ്ട്. രാഹുലിന്റെ സാമീപ്യം ഇതിനെല്ലാം തടസമാകുമത്രേ. എന്നാല്‍ സമാനമായ കേസില്‍ പെട്ട ഭരണപക്ഷ എം.എല്‍.എ എം മുകേഷ് സഭയിലുണ്ടെന്നത് മറ്റൊരു കാര്യം.

പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ചല്ല സഭയിലെത്തിയതെന്നും താന്‍ ഇപ്പോഴും പാര്‍ട്ടിക്ക് വിധേയനാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരു നേതാവിനെയും കാണാന്‍ ശ്രമിച്ചിട്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗര്‍ഭഛിദ്രം സംബന്ധിച്ച ശബ്ദരേഖയെ കുറിച്ചുള്ള ചോദ്യത്തിന് രാഹുല്‍ പ്രതികരിച്ചില്ല. ആരോപണങ്ങളെ കുറിച്ച് കൂടുതല്‍ പറയാനില്ല. അന്വേഷണം നടക്കട്ടെയെന്നും മരിക്കും വരെ കോണ്‍ഗ്രസായിരിക്കുമെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം. കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്ത ശേഷം ആദ്യമായാണ് രാഹുല്‍ മാധ്യമങ്ങളുടെ മുന്നിലെത്തിയത്.

ഇതിനിടെ, എം.എല്‍.എ ഹോസ്റ്റലില്‍ നിന്ന് നിയമസഭാ മന്ദിരത്തിലേക്ക് തിരിച്ചുപോകുന്നതിനിടെ എം.എല്‍.എ ബോര്‍ഡ് വയ്ക്കാത്ത രാഹുലിന്റെ ഇന്നോവ കാര്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത് എം.എല്‍.എ ഹോസ്റ്റലില്‍ എത്തിയശേഷം വീണ്ടും തിരിച്ച് നിയമസഭ മന്ദിരത്തിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് വാഹനം തടഞ്ഞത്. ഏറെ നേരം പ്രതിഷേധം തുടര്‍ന്നു. പ്രതിഷേധിക്കുമ്പോഴും രാഹുല്‍ കാറില്‍ നിന്ന് പുറത്തിറങ്ങിയില്ല. തുടര്‍ന്ന് പൊലീസെത്തി എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

ഏതായാലും തന്റെ മണ്ഡലത്തില്‍ സജീവമാകാനാണ് രാഹുലിന്റെ തീരുമാനം. ശനിയാഴ്ച പാലക്കാട്ട് എത്തി  പൊതുപരിപാടികളില്‍ പങ്കെടുക്കുമെന്നാണ് വിവരം. തുടര്‍ന്ന് ഞായറാഴ്ച മടങ്ങും. മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, മുന്‍ സ്പീര്‍ പി.പി തങ്കച്ചന്‍, പീരുമേട് എം.എല്‍.എ വാഴൂര്‍ സോമന്‍ എന്നിവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷം നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞിരുന്നു. പക്ഷേ, വരും ദിവസങ്ങളിലും രാഹുല്‍ നിയമസഭയിലെത്തുമെന്നാണ് വിവരം. അത് സഭാ സമ്മേളന കാലത്ത് പ്രതിപക്ഷ നിരയെ കടുത്ത പ്രതിരോധത്തിലാക്കുകയും ചെയ്യും. വി.ഡി സതീശന്‍ ഇതിനെ എങ്ങനെ സമീപിക്കുമെന്നത് സസ്‌പെന്‍സാണ്.

അതേസമയം, പാര്‍ട്ടിക്ക് തലവേദനയാവുകയാണ് ഡിജിറ്റല്‍ മീഡിയ സെല്‍. രാഹുലുനെ സസ്‌പെന്റ് ചെയ്തതു മുതല്‍ വി.ഡി സതീശനെതിരെ പാര്‍ട്ടി സൈബര്‍ ഹാന്‍ഡിലുകള്‍ കടുത്ത വിമര്‍ശനങ്ങളും ആക്ഷേപങ്ങളും പരിഹാസങ്ങളും അഴിച്ചുവിടുന്നുണ്ട്.  ഇതിനെതിരെ അദ്ദേഹം ഹൈക്കമാന്‍ഡിന് പരാതി നല്‍കി. ഇക്കാര്യത്തില്‍ കെ.പി.സി.സി സൈബര്‍ സെല്ലിലെ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് സതീശന്‍ വിഭാഗം ആരോപിക്കുന്നു. 4000 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങള്‍ പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി എന്നിവര്‍ക്ക് ഉള്‍പ്പെടെയാണ് പരാതി നല്‍കിയിട്ടുള്ളത്.

സതീശനെതിരായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്നവരാണെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. കാരണം, ലൈഗികാരോപണങ്ങള്‍ ഉയര്‍ന്ന സമയം മുതല്‍ രാഹുലിനെതിരെ നിലകൊണ്ട വ്യക്തിയാണ് സതീശന്‍. രാഹുല്‍ നിയമസഭയിലെത്തരുതെന്ന നിലപാടിലും ഉറച്ചു നില്‍ക്കുകയാണ് അദ്ദേഹം. രാഹുലിനെതിരെ സതീശന്‍ കര്‍ക്കശ നിലപാട് സ്വീകരിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിനെതിരെ സൈബര്‍ ആക്രമണം വ്യാപകമായത്.

നേതാക്കള്‍ക്ക് എതിരായ സൈബര്‍ ആക്രമണത്തില്‍ ശക്തമായ നടപടി വേണമെന്ന് ഇന്ന് ചേര്‍ന്ന കെ.പി.സി.സി ഭാരവാഹി യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ഡിജിറ്റല്‍ മീഡിയ സെല്ലിന് പങ്കുണ്ടോ എന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാമിന്റെ നേതൃത്വത്തില്‍ പരിശോധിക്കുമത്രേ. എന്നാല്‍ രാഹുല്‍ ഇന്ന് നിയമസഭയില്‍ എത്തിയത് സംബന്ധിച്ച് വി.ഡി സതീശന്‍ ഒന്നും പ്രതിരിച്ചില്ല. വരും ദിവസങ്ങളില്‍ ഇതേച്ചൊല്ലി വലിയ പുകിലുകള്‍ ഉണ്ടാവുമെന്നുറപ്പ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക