Image

ഇന്ത്യ-അമേരിക്ക വ്യാപാര ചര്‍ച്ചയ്ക്ക് മുമ്പ് കല്ലുകടിയായി പീറ്റര്‍ നവാറോയുടെ വാക്കുകള്‍ (എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 16 September, 2025
 ഇന്ത്യ-അമേരിക്ക വ്യാപാര ചര്‍ച്ചയ്ക്ക് മുമ്പ് കല്ലുകടിയായി പീറ്റര്‍ നവാറോയുടെ വാക്കുകള്‍  (എ.എസ് ശ്രീകുമാര്‍)

ഇന്ത്യ-അമേരിക്ക വ്യാപാര ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുമ്പ് പ്രസിഡന്റ് ട്രംപിന്റെ ഉപദേഷ്ടാവ് പീറ്റര്‍ നവാറോ രംഗത്തെത്തിയത് കല്ലുകടിയായി. അമേരിക്കയിലേക്ക് കയറ്റുമതി വഴി കിട്ടുന്ന പണം ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങാന്‍ ഉപയോഗിക്കുകയാണെന്നും ഈ പണം എടുത്ത് റഷ്യ ആയുധം വാങ്ങുകയാണെന്നുമാണ് നവാറോയുടെ  കുറ്റപ്പെടുത്തല്‍. ''ഇന്ത്യന്‍ റിഫൈനറികള്‍ റഷ്യന്‍ റിഫൈനറികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു. അന്യായമായ വ്യാപാരത്തിലൂടെ തങ്ങളില്‍നിന്ന് ഇന്ത്യ പണം സമ്പാദിക്കുന്നു. നിരവധി തൊഴിലാളികള്‍ വഞ്ചിക്കപ്പെടുന്നു. ആ പണം ഉപയോഗിച്ച് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നു. റഷ്യക്കാര്‍ അത് ആയുധങ്ങള്‍ വാങ്ങാനായി ഉപയോഗിക്കുന്നു. ഇത് വിചിത്രമായ കാര്യമാണ്...'' എന്നാണ് സി.എന്‍.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ നവാറോ പറഞ്ഞത്.

എന്നാല്‍, യു.എസുമായി ഒറ്റ ദിവസത്തെ ചര്‍ച്ചയാണ് നിശ്ചയിച്ചിരിക്കുന്നതെന്നും എങ്ങനെ തുടര്‍ നീക്കം വേണമെന്ന് ഇന്ന് നിശ്ചയിക്കുമെന്നും ചര്‍ച്ചകളില്‍ ഇന്ത്യയെ പ്രതിനിധികരിക്കുന്ന വാണിജ്യ അഡീഷണല്‍ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ വ്യക്തമാക്കി. ട്രംപിന്റെ തീരുവ യുദ്ധത്തെ തുടര്‍ന്നാണ് ഇന്ത്യ-യു.എസ് വ്യാപാര ചര്‍ച്ചകള്‍ സ്തംഭിച്ചത്. തീരുവ പ്രശ്നം പരിഹരിക്കും വരെ ഇന്ത്യയുമായി വ്യാപാര ചര്‍ച്ചയ്ക്കില്ലെന്ന് ട്രംപ് വ്യക്തമാക്കുകയും ചെയ്തു.  അഞ്ച് റൗണ്ട് ചര്‍ച്ചകളാണ് ഇതിനോടകം പൂര്‍ത്തിയായത്. അതേസമയം, ചര്‍ച്ചകള്‍ക്കായി യു.എസ് വ്യാപാര രംഗത്തെ പ്രധാന ഇടനിലക്കാരനായ ബ്രെന്‍ഡന്‍ ലിഞ്ചും സംഘവും ഡല്‍ഹിയിലെത്തിയ സമയത്താണ് പീറ്റര്‍ നവാറോയുടെ ഇന്ത്യാ വിരുദ്ധ വാക്കുകള്‍ വീണ്ടുമുയര്‍ന്നത്. പക്ഷേ, വിപുലമായ ആറാംഘട്ട വ്യാപാര കരാര്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കാന്‍ ഇന്നത്തെ കൂടിക്കാഴ്ചയ്ക്ക് സാധിക്കുമെന്നാണ് കരുതുന്നത്.

നേരത്തെ, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി ഓഗസ്റ്റ് ആദ്യവാരം 25 ശതമാനം തീരുവ ചുമത്തിയ ട്രംപ്, പിന്നീട് ഇത് 50 ശതമാനമായി ഉയര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായിരിക്കെയാണ് വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നത്. വാസ്തവത്തില്‍ ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതല്ല ട്രംപിന്റെ വിഷയം. ഇന്ത്യന്‍ കാര്‍ഷിക, ക്ഷീര മേഖലകള്‍ പൂര്‍ണമായും യു.എസിന് തുറന്നുനല്‍കണമെന്ന ട്രംപിന്റെ നിര്‍ബന്ധമാണ് അധിക തീരുവയ്ക്ക് ആധാരം. രാജ്യത്തെ വലിയൊരു ശതമാനം ജനങ്ങളുടെ ഉപജീവനമാര്‍ഗമായ കാര്‍ഷിക മേഖല പൂര്‍ണമായും തുറന്നുനല്‍കാന്‍ ഇന്ത്യ തയ്യാറായില്ല. മാത്രമല്ല, ജനിതകമാറ്റം വരുത്തിയ അന്തക വിത്തുകള്‍ ഇറക്കുമതി ചെയ്യണമെന്ന യു.എസ് ആവശ്യം ഇന്ത്യ നിരസിച്ചതും ബന്ധം വഷളാവാന്‍ കാരണമായി.

ട്രംപ് കടുത്ത തീരുവ ഏര്‍പ്പെടുത്തുംമുമ്പ്, 2025 സാമ്പത്തിക വര്‍ഷത്തില്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി തുടര്‍ന്നുവെന്നതായിരുന്നു യാഥാര്‍ത്ഥ്യം. ഇരു രാജ്യങ്ങളും തമ്മിലുള്ള മൊത്തം ഉഭയകക്ഷി വ്യാപാരം 131.84 ബില്യണ്‍ ഡോളറായിരുന്നു. ഇന്ത്യന്‍ കയറ്റുമതിയുടെ 18 ശതമാനവും ഇറക്കുമതിയുടെ 6.22 ശതമാനവും അമേരിക്കയില്‍ നിന്നാണ്. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ അമേരിക്കയുമായി 41.18 ബില്യണ്‍ ഡോളറിന്റെ ചരക്ക് വ്യാപാര മിച്ചം രേഖപ്പെടുത്തി. 2024-ല്‍ ഇത് 35.32 ബില്യണ്‍ ഡോളറായിരുന്നു. 2030 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം ഇരട്ടിയിലധികം വര്‍ദ്ധിപ്പിച്ച് 500 ബില്യണ്‍ ഡോളറായി ഉയര്‍ത്താന്‍ ലക്ഷമിട്ടപ്പോഴായിരുന്നു തീരുവ ഏര്‍പ്പെടുത്തല്‍ തടസമായത്.

തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍, തുകല്‍, പ്ലാസ്റ്റിക്, രാസവസ്തുക്കള്‍, ചെമ്മീന്‍, വാഴപ്പഴം, മുന്തിരി, എണ്ണക്കുരു തുടങ്ങിയ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയാണ് ഇന്ത്യ താരിഫ് ഇളവുകള്‍ തേടുന്ന പ്രധാന ഇനങ്ങള്‍. വ്യാവസായിക വസ്തുക്കള്‍, ഇലക്ട്രിക് വാഹനങ്ങള്‍, വൈന്‍, പാല്‍, പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍, ആപ്പിള്‍, മരഉരുപ്പടികള്‍, ജനിതകമാറ്റം വരുത്തിയ വിളകള്‍ തുടങ്ങിയ ഇനങ്ങളിലാണ് തീരുവ കുറയ്ക്കാന്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുന്നത്. ചില ആശങ്കകള്‍ കാരണം ഇന്ത്യ ജനിതകമാറ്റം വരുത്തിയ വിളകളുടെ ഇറക്കുമതിയില്‍ ജാഗ്രത പാലിക്കുന്നുണ്ടെങ്കിലും, കന്നുകാലി തീറ്റയായ അല്‍ഫാല്‍ഫ വൈക്കോല്‍ പോലുള്ള ജനിതകമാറ്റം വരുത്തിയ വിളകള്‍ അല്ലാത്ത കാര്‍ഷിക ഇനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ തയ്യാറാണ്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ തുടരുന്നുണ്ടെങ്കിലും ഇടക്കാല വ്യാപാരക്കരാറിലെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, തീരുവ പ്രശ്നം നിലനില്‍ക്കെ ഈയിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്റെ അടുത്ത സുഹൃത്തായി ട്രംപ് വിശേഷിപ്പിക്കുകയും ചര്‍ച്ചകള്‍ തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് വീണ്ടും ചര്‍ച്ചകള്‍ക്ക് സാധ്യത തെളിഞ്ഞത്. എത്രയും വേഗം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദിയും പ്രതികരിച്ചിരുന്നു. ഇന്ത്യയും യു.എസും ഏറെ അടുത്ത സുഹൃത്തുക്കളും സ്വാഭാവിക പങ്കാളികളുമാണെന്നും മോദി പറഞ്ഞിരുന്നു. ചര്‍ച്ചകളില്‍ ഉണ്ടാകുന്ന പുരോഗതി അനുസരിച്ചായിരിക്കും വ്യാപാര കരാറിന്റെ ഭാവി. ചര്‍ച്ചകളുടെ വിജയം മോദിയുടെ യു.എസ് സന്ദര്‍ശനത്തിനും വഴിതുറക്കുമെന്നാണ് സൂചന.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക