Image

കാഷ് പട്ടേൽ യുഎസ് സെനറ്റിൽ ഡെമോക്രാറ്റുകളെ കടന്നാക്രമിച്ചു (പിപിഎം)

Published on 17 September, 2025
കാഷ് പട്ടേൽ യുഎസ് സെനറ്റിൽ ഡെമോക്രാറ്റുകളെ കടന്നാക്രമിച്ചു (പിപിഎം)

എഫ് ബി ഐ ഡയറക്റ്റർ കാഷ് പട്ടേൽ യുഎസ് സെനറ്റിൽ ചൊവാഴ്ച്ച ഡെമോക്രറ്റുകളുമായി ഏറ്റു മുട്ടി. ജുഡീഷ്യറി കമ്മിറ്റിയുടെ വിചാരണയിൽ കടന്നാക്രമണം നേരിട്ട പട്ടേൽ ശക്തമായി തന്നെ തിരിച്ചടിക്കയാണ് ചെയ്തത്.

ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനെ സംബന്ധിച്ച ഫയലുകൾ പട്ടേൽ കൈകാര്യം ചെയ്ത രീതിയെ സെനറ്റർ ആഡം ഷിഫ് (ഡെമോക്രാറ്റ്-കലിഫോർണിയ) ചോദ്യം ചെയ്തപ്പോഴാണ് ഏറ്റുമുട്ടൽ ഉണ്ടായത്. "നിങ്ങളെ പോലുള്ളവർ ഇന്റലിജൻസ് രാഷ്ട്രീയ ആയുധമാക്കുന്നത് തടയുക എന്നതാണ് എന്റെ ജോലി," പട്ടേൽ പറഞ്ഞു. പ്രസിഡന്റ് ട്രംപിന്റെ കടുത്ത വിമർശകനായ ഷിഫ് യുഎസ് സെനറ്റിന്റെ ചരിത്രത്തിൽ കണ്ട ഏറ്റവും വലിയ തട്ടിപ്പുകാരൻ ആണെന്നു പറയാനും ട്രംപിന്റെ വിശ്വസ്തൻ മടിച്ചില്ല. "നിങ്ങൾ ഒരു നാണക്കേടാണ്, തികഞ്ഞ ഭീരുവാണ്‌. രാഷ്ട്രീയ കോമാളിയാണ്."

ഷിഫിനേക്കാൾ ശബ്ദം ഉയർത്തിയാണ് പട്ടേൽ സംസാരിച്ചത്. ഡെമോക്രാറ്റ് ഡിക്ക് ഡർബിൻ (ഇല്ലിനോയ്) പ്രതിഷേധിച്ചപ്പോൾ കമ്മിറ്റി ചെയർ ചക് ഗ്രാസ്‌ലി (റിപ്പബ്ലിക്കൻ-അയോവ) പട്ടേലിനോടും ഷിഫിനോടും മിണ്ടാതിരിക്കാൻ പറഞ്ഞു.

പട്ടേൽ തന്റെ കസേര രക്ഷിക്കാൻ പാടുപെടുകയാണെന്നു ഷിഫ് ചൂണ്ടിക്കാട്ടി. എഫ് ബി ഐയിലെ കഠിനാധ്വാനികളായ ജീവനക്കാർക്ക് മെച്ചപ്പെട്ട ഡയറക്റ്ററെ വേണം."

എപ്‌സ്റ്റീന്റെ കൂട്ടുപ്രതി ഗിസ്‌ലെയ്‌ൻ മാക്സ്വെല്ലിനെ സുരക്ഷ കുറഞ്ഞ ജയിലിലേക്കു മാറ്റിയതിന്റെ കാരണം ഷിഫ് ആരാഞ്ഞപ്പോഴാണ് പട്ടേൽ പൊട്ടിത്തെറിച്ചത്.

ബ്യുറോ ഓഫ് പ്രിസൺസ് ആരോടും ചോദിക്കാതെ പെട്ടെന്നങ്ങിനെ ഒരു ദിവസം ഒരു ലൈംഗിക കുറ്റവാളിയെ സുരക്ഷ കുറഞ്ഞ ജയിലിലേക്കു മാറ്റാൻ തീരുമാനിച്ചെന്ന വാദം അമേരിക്കൻ ജനത വിശ്വസിക്കണമെന്നാണോ പട്ടേൽ പറയുന്നതെന്ന് ഷിഫ് ചോദിച്ചു. "അവർ അത്ര വിഡ്ഢികളോ?"  

പട്ടേലിന് എഫ് ബി ഐ ഡയറക്റ്റർ സ്ഥാനം നഷ്ടപ്പെടുമെന്ന ഭീതിയുണ്ടെന്നു സെനറ്റർ കോറി ബുക്കർ (ഡെമോക്രാറ്റ്-ന്യൂ ജേഴ്‌സി) പറഞ്ഞു. "നിങ്ങളുടെ നേതൃത്വ പരാജയം കാരണം നിങ്ങൾ ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല എന്നാണ് എന്റെ വിശ്വാസം. കേൾക്കൂ പട്ടേൽ, നിങ്ങൾക്കു അവിടെ അധികകാലമില്ല. ഇത് നിങ്ങളുടെ അവസാന സെനറ്റ് വിചാരണയാവാം. കാരണം നിങ്ങൾ യുഎസ് ഭരണഘടനയോടല്ല കൂറ് കാണിക്കുന്നത്, ഡൊണാൾഡ് ട്രംപിനോടാണ്. അയാൾക്ക്‌ പക്ഷെ നിങ്ങളോടു കൂറൊന്നുമില്ല. നിങ്ങളെ പുറത്തു കളയും."  

Kash Patel lashes out at Adam Schiff

Join WhatsApp News
Observer 2025-09-17 14:06:33
ഇവൻ ആള് പുലിയാണ് കേട്ടോ! സെനറ്റ് വിസ്താരം കണ്ട എല്ലാവർക്കും ഒരു കാര്യം മനസ്സിലായി. നാണം കുണുങ്ങിയായ ശൂക്കാമാണ്ടി ഇന്ത്യക്കാരൻ ചെറുക്കനല്ല, അവൻ സെനറ്റർമാരെ ഇട്ടു പൊരിച്ചിട്ടാണ് ഇറങ്ങിപ്പോയത്.
M.Mathai 2025-09-17 15:29:19
നമ്മുടെ ജനപ്രതിനിധികൾ (legislative branch ) ഒരു കാര്യം മറന്നു പോകുന്നു . അവർക്കു അധികാരം നൽകിയ അതെ ജനങ്ങൾ തന്നെ ആണ് എക്സിക്യൂട്ട് ബ്രാഞ്ചിലുള്ളവക്കും അധികാരം നൽകിയത്. അമേരിക്കൻ ഭരണഘടനാ മൂന്ന് പേർക്കും (executive /judiciary /legislative ) തുല്യ അധികാരം നൽകുന്നു . ഇങ്ങോട്ട് ബഹുമാനം കാണിച്ചില്ലെങ്കിൽ അങ്ങോട്ടും കാണിക്കണോ ? അതെല്ലേ ജനാധിപത്യം . M . Mathai
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക