ലണ്ടൻ: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബ്രിട്ടനിലെത്തി. ചാൾസ് രാജാവിന്റെ അതിഥിയായാണു സന്ദർശനം. ഭാര്യ മെലാനിയയോടൊപ്പം രാത്രിയാണ് ട്രംപ് എയർഫോഴ്സ് വൺ വിമാനത്തിൽ ലണ്ടൻ സ്റ്റാൻസ്റ്റഡ് വിമാനത്താവളത്തിൽ ഇറങ്ങിയത്. ട്രംപിന്റെ ബ്രിട്ടനിലെ രണ്ടാമത്തെ ഔദ്യോഗിക സന്ദർശനമാണിത്. 2019ലായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ഔദ്യോഗിക സന്ദർശനം.
നാളെ വിൻഡ്‌സർ കൊട്ടാരത്തിൽ വച്ച് ചാൾസ് മൂന്നാമൻ രാജാവുമായി ട്രംപ് കൂടിക്കാഴ്ച നടത്തും. തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറുമായും ട്രംപ് കൂടിക്കാഴ്ച നടത്തും. ‘നാളെ ഒരു വലിയ ദിവസമായിരിക്കും’ എന്നാണ് ബ്രിട്ടൻ സന്ദർശനത്തിന് എത്തിയ ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
രാജാവും ഭരണകൂടവും ചുവപ്പു പരവതാനി വിരിച്ച് സ്വീകരണം ഒരുക്കുമ്പോൾ ട്രംപിനെ എതിർക്കുന്നവർ പുറത്ത് തെരുവിൽ പ്രതിഷേധിക്കുന്നുണ്ട്. ശക്തമായ സുരക്ഷാ മുൻകരുതലുകൾ ഉണ്ടായിട്ടും എഴുപതോളം വരുന്ന പ്രതിഷേധക്കാർ ഇന്നലെ രാത്രി തന്നെ വിൻസർ കൊട്ടാരത്തിനു മുന്നിൽ ട്രംപിനെതിരെ പ്ലക്കാർഡുകളും പ്രതിഷേധ മുദ്രാവാക്യങ്ങളുമായെത്തി. ലണ്ടൻ മേയർ സാദിഖ് ഖാൻ ഉൾപ്പെടെയുള്ള ട്രംപിന്റെ വിമർശകരും വിട്ടുവീഴ്ചയില്ലാത്ത നിലപാടിലാണ്.