Image

ഇസ്രയേല്‍ സൈന്യത്തിന്റെ കരയുദ്ധം: മരണ മുനമ്പായി ഗാസ; എ.എസ് ശ്രീകുമാര്‍

Published on 17 September, 2025
ഇസ്രയേല്‍ സൈന്യത്തിന്റെ കരയുദ്ധം: മരണ മുനമ്പായി ഗാസ;  എ.എസ് ശ്രീകുമാര്‍


സ്രയേല്‍ സൈന്യം ഗാസയില്‍ കരയുദ്ധം ആരംഭിച്ചതോടെ സ്ഥിതി അതീവ ഗുരുതരമായി. ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായി കരയാക്രമണവും ശക്തമായ ബോംബാക്രമണവും തുടരുമ്പോള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ച പലസ്തീനികളുടെ എണ്ണം 90 കവിഞ്ഞു. പലസ്തീന്‍ പ്രദേശത്തെ പൂര്‍ണ്ണമായി കീഴടക്കുകയെന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഇസ്രായേല്‍ സേന കരയാക്രമണം ആരംഭിച്ചിരിക്കുന്നത്. പതിനായിരക്കണക്കിന് ആളുകള്‍ ഇതിനോടകം തന്നെ പ്രദേശത്ത് നിന്നും പലായനം ചെയ്ത് കഴിഞ്ഞു. അതേസമയം, അന്താരാഷ്ട്ര സമൂഹത്തിന്റെ വിമര്‍ശനങ്ങളെയും യു.എന്‍. റിപ്പോര്‍ട്ടുകളെയും അവഗണിച്ച് ഇസ്രായേല്‍ തുടരുന്ന ആക്രമണത്തിന് യു.എസിന്റെ പിന്തുണ തീവ്രത കൂട്ടുന്നുവെന്ന ആരോപണവുമുയര്‍ന്നിട്ടുണ്ട്..

പലസ്തീനികളെ വംശഹത്യ ചെയ്യുകയാണ് ഇസ്രായേലെന്ന് ഐക്യരാഷ്ട്രസഭയുടെ അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് കരയാക്രമണം ശക്തമാക്കിയത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് തെറ്റാണെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിക്കുകയുണ്ടായി. സമാധാനപരമായ പരിഹാരത്തില്‍ ഇസ്രയേലിന് താല്‍പ്പര്യമില്ലെന്നാന്നും  വെടിനിര്‍ത്തലിനായുള്ള ഗൗരവമായ ചര്‍ച്ചകള്‍ക്ക് ഇസ്രയേല്‍ തയ്യാറല്ലെന്നുമാണ് യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞത്. ഗാസ സിറ്റിയിലെ ഏകദേശം 10 ലക്ഷം ജനസംഖ്യയില്‍ 40 ശതമാനം പേരും ഇസ്രയേലിന്റെ ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ക്ക് ശേഷം പലായനം ചെയ്തിട്ടുണ്ട്.

കരയാക്രമണം ശക്തമായതോടെ ഗാസയിലെ ജനങ്ങള്‍ ജീവനുമായി പലായനം ചെയ്യുകയാണ്. സ്വന്തമായുള്ളതെല്ലാം ഇട്ടെറിഞ്ഞ് ഗാസയില്‍ നിന്ന് ആളുകള്‍ പലായനം ചെയ്യുന്നത് സങ്കടകരമായ കാഴ്ചയാണ്. ഇസ്രയേലിന്റെ ആക്രമണവും ഉപരോധവും മൂലമുണ്ടായ കടുത്ത പട്ടിണിയില്‍ നൂറുകണക്കിന് കുഞ്ഞുങ്ങളടക്കം മരിക്കുന്ന വാര്‍ത്തകളാണ് ഓരോ നിമിഷവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് കരയുദ്ധം കൂടി ആരംഭിച്ചത്. ജനങ്ങളുടെ സ്വസ്ഥതയും സമാധാനവും കെടുത്തുന്ന ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ 64, 871 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 1983 ഇസ്രേലികളും ഉള്‍പ്പെടുന്നു. 18,500 കുരുന്നുകലാണ് ബലികഴിക്കപ്പെട്ടത്. 717 മാധ്യമ പ്രവര്‍ത്തകര്‍ക്കും ജീവഹാനി സംഭവിച്ചു.

ഇസ്രയേല്‍ പാലസ്തീന്‍ സംഘര്‍ഷത്തിന്റെ തട്ടകം 23 ലക്ഷത്തോളം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗാസ മുനമ്പാണ്. 1967-ലാണ് ഇസ്രയേല്‍ ഈജിപ്തില്‍ നിന്ന് ഗാസ മുനമ്പ് പിടിച്ചെടുത്തത്. അന്ന് മുതല്‍ പുകഞ്ഞുകൊണ്ടിരുന്ന അസ്വസ്ഥതകള്‍ക്ക് വിരാമമിട്ട് 2005-ലാണ് തന്ത്രപ്രധാനമായ ഈ നഗരത്തില്‍ നിന്ന് ഇസ്രയേല്‍ പിന്മാറുന്നത്. ഗാസയുടെ നിയന്ത്രണം പാലസ്തീന് വിട്ടുകൊടുത്തുകൊണ്ടായിരുന്നു പിന്മാറ്റം. എന്നാല്‍ 2007-ല്‍ പാലസ്തീനിയന്‍ ഫത്താ സൈന്യത്തെ തുരത്തി ഹമാസ് ഗാസയുടെ നിയന്ത്രണം കൈക്കലാക്കി. ഹമാസ് ഗാസയുടെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെയാണ് ഇസ്രയേലുമായുള്ള നിരന്തര സംഘര്‍ഷങ്ങള്‍ക്ക് തുടക്കമാകുന്നത്.

മൊസാദിനെ ഞെട്ടിച്ചുകൊണ്ട് 2023 ഒക്ടാബര്‍ 7-ന് ഹമാസ് ഇസ്രയേലില്‍ കടന്ന് കനത്ത ആക്രമണം അഴിച്ചുവിട്ടതോടെ സംഘര്‍ഷം പുതിയ തലത്തിലേക്കെത്തി. 1,200 ഇസ്രയേലികളെ ഹമാസ് കൊല്ലുകയും 250 പേരെ ബന്ദികളാക്കുകയും ചെയ്തു. ആ ആക്രമണത്തിന് ഹമാസ് വലിയ വില നല്‍കേണ്ടി വന്നു. ഇസ്രായേല്‍ കണ്ണടച്ച് തിരിച്ചടി തുടങ്ങി. യുദ്ധത്തിന് വരുന്ന ഒക്‌ടോബര്‍ 7-ന് രണ്ട് വര്‍ഷം തികയാനിരിക്കെ ഗാസ ഇപ്പോള്‍ തകര്‍ന്ന കെട്ടിടങ്ങളുടെ ശവപ്പറമ്പായി മാറിയിരിക്കുന്നു. ഗാസയില്‍ ജനജീവിതം നിശ്ചലമായിരിക്കുന്നു. സാധാരണ ജനങ്ങള്‍ക്ക് അഭയം തേടാന്‍ സുരക്ഷിത ഇടങ്ങളൊന്നും അവശേഷിക്കുന്നില്ല. നിലനില്‍പ്പിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. ആരോഗ്യ-ശുചിത്വ സൗകര്യങ്ങളും ഗാസയില്‍ ഇപ്പോള്‍ ഇല്ല.

എന്നാല്‍ ഇസ്രയേലില്‍ നിന്ന് പാലസ്തീന്റെ മണ്ണ് വീണ്ടെടുത്ത് സ്വതന്ത്ര രാജ്യമാക്കുക എന്ന സുപ്രധാന ലക്ഷത്തോടെ ഹമാസ് പോരാട്ടം തുടരുകയാണ്. ഇസ്രയേലിന്റെ സര്‍വനാശം സ്വപ്നം കാണുന്ന ഹമാസിന്റെ പക്കല്‍ അവരുടെ ബന്ദികള്‍ ഉണ്ട്. വെസ്റ്റ് ബാങ്കിലെയും ഗാസ മുനമ്പിലെയും ഇസ്രയേല്‍ ഇടപെടലിനെതിരെയുള്ള പാലസ്തീന്‍ പ്രക്ഷോഭമായ ഇന്‍തിഫാദയുടെ ഭാഗമായാണ് ഹമാസ് എന്നറിയപ്പെടുന്ന ഹരാകഹ് അല്‍-മുഖാവമ അല്‍-ഇസ്മാമിയ (ഇസ്ലാമിക് റെസിസ്റ്റന്‍സ് മൂവ്‌മെന്റ്) പിറവിയെടുക്കുന്നത്. 1987-ല്‍ ആദ്യ ഇന്‍തിഫാദ ആരംഭിച്ചതിന് ശേഷമാണ് അഹ്‌മദ് യാസീന്‍ എന്ന മതപണ്ഡിതന്‍ ഹമാസിന് രൂപം കൊടുക്കുന്നത്. 1973 മുതല്‍ അതുവരെയും പ്രവര്‍ത്തിച്ചുവന്ന മുജാമഅ അല്‍ ഇസ്ലാമിയ്യ എന്ന സന്നദ്ധ സംഘടനയാണ് ഹമാസായി രൂപാന്തരപ്പെട്ടത്.

ഗാസയില്‍ ഭരണം നടത്തുന്ന രാഷ്ട്രീയ-സൈനിക കക്ഷിയായ ഹമാസ്  പലസ്തീന്‍ പ്രദേശങ്ങള്‍ക്കുള്ളിലെ പ്രബലമായ രാഷ്ട്രീയ ശക്തിയാണ്. സാമൂഹിക സേവനങ്ങള്‍, മതപരിശീലനം, സായുധസേന എന്നിങ്ങനെ ത്രിതല ഘടനയാണ് ഹമാസിന്റേത്. ഇസ്രയേലിനെതിരെ സായുധ പോരാട്ടം നടത്തുന്നത് ഇവരുടെ സൈനിക വിഭാഗമായ ഇസ് അദ് ദിന്‍ അല്‍-ഖാസം ബ്രിഗേഡ് ആണ്. സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ നയിക്കുന്ന വിഭാഗം ദഅഹ് എന്നറിയപ്പെടുന്നു. 2005-ല്‍ ഗാസയില്‍ നിന്ന് ഇസ്രയേല്‍ പിന്‍വാങ്ങിയതിനു പിന്നാലെ നടന്ന പാലസ്തീനിയന്‍ ലെജിസ്ലേറ്റീവ് തിരഞ്ഞെടുപ്പില്‍ ഹമാസ് ഭൂരിപക്ഷം നേടി. മതനിരപേക്ഷ നിലപാടുകളുള്ള പാലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ രാഷ്ട്രീയ മുഖമായ ഫത്താഹ് പാര്‍ട്ടിയെ അട്ടിമറിച്ചാണ് ഹമാസ് ഭൂരിപക്ഷം നേടിയത്.

പാലസ്തീനില്‍ ഭരണമുണ്ടെങ്കിലും ഏറ്റവും വലിയ പാലസ്തീനിയന്‍ തീവ്രവാദ ഇസ്ലാമിസ്റ്റ് സംഘടനയെന്നാണ് ഹമാസ് അറിയപ്പെടുന്നത്. ഇസ്രയേലിനെ ഉന്മൂലനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്ത ഹമാസ് ഇസ്രയേല്‍ പൗരന്മാരുടെയും സൈനികരുടെയും നേരെ നടന്ന നിരവധി ചാവേര്‍ ആക്രമണങ്ങള്‍ക്കടക്കം ഉത്തരവാദികളാണ്. 1997-ല്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചു. യൂറോപ്യന്‍ യൂണിയനും യു.കെ അടക്കമുള്ള മറ്റ് പാശ്ചാത്യ രാജ്യങ്ങളും ഹമാസിനെ ഒരു ഭീകര സംഘടനയായി തന്നെയാണ് കണക്കാക്കുന്നത്. അതേസമയം, ഇസ്രയേലുമായും പലസ്തീന്‍ നേതാക്കളുമായും നല്ല ബന്ധം കാത്തു സൂക്ഷിക്കുന്ന ഇന്ത്യ നിര്‍ണായക നിലപാടാണ് കൈക്കൊള്ളുന്നത്. മുഴുവന്‍ പശ്ചിമേഷ്യയുടെയും കാര്യത്തില്‍ ഇന്ത്യയ്ക്ക് നല്ല താത്പര്യമുണ്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക