Image

കന്യാലയത്തില്‍ നിന്നൊരു വെള്ളരിപ്രാവ്‌ (കവിത: ജോര്‍ജ്‌ നടവയല്‍)

Published on 13 October, 2012
കന്യാലയത്തില്‍ നിന്നൊരു വെള്ളരിപ്രാവ്‌ (കവിത: ജോര്‍ജ്‌ നടവയല്‍)
പുലര്‍കാലമായിരുന്നു
പ്രാലേയ കമ്പളം അരുണിമ പുണര്‍ന്നു.
തൃണമുകുളങ്ങള്‍ തുഷാര മിഴി തുറന്നു.
പച്ചിലകള്‍ ജലമര്‍മ്മരം പൊഴിഞ്ഞു.

വനസ്ഥലികള്‍ പരാഗാവേശത്തിരയടക്കി.
പുഴയോരം വെള്ളിച്ചിലങ്കയണിഞ്ഞു.
വയല്‍ പരപ്പില്‍ വര്‍ണ്ണത്തത്ത ചിലച്ചു.
തൊടിക്കോണില്‍ ഇലഞ്ഞിമണം സ്രവിച്ചു.

മാഞ്ചോട്ടില്‍ മധുരക്കനികള്‍ കാത്തിരുന്നു.
താമരക്കുളം ചെമ്മുദ്ര വിരിച്ചു.
പൂവാടി തേടി വണ്ടുണര്‍ന്നു.
ചെം പാത നാഗപ്പാടു വരഞ്ഞു കിടന്നു.

അകലെകുന്നിന്മേലേ ദേവാലയം
കൈകൂപ്പിയമ്മയായ്‌ കാത്തിരുന്നു.
മണിയണികള്‍ നാദബ്രഹ്മമുതിര്‍ത്തു.
വെങ്കിടേശകീര്‍ത്തനം നിര്‍ഗളിച്ചു.

പ്രഭാതശുദ്ധിസിരകളിലേറി
വെളുത്തുള്ളതുടുത്തൊരുങ്ങി
താരുണ്യഹൃദയം മുകുളപാണിയായി
കുമാര പാദം പാതരേണുപുല്‍കി.

മനമാകെ സ്വപ്‌നം മെനഞ്ഞു
മുഖമാകെ ജ്യോതി നിറഞ്ഞു
മിഴിയാകെ ധ്യാനം മുനിഞ്ഞു
പദചലനം ദ്രുതതാളമറിഞ്ഞു.

ദേവാലയവീഥിയ്‌ക്കരികിലായ്‌
ദേവതാരുമരങ്ങള്‍ക്കിടയിലായ്‌
മാലാഖാമര്‍ ശുഭ്രകാമനകളെ
നക്ഷത്രമുത്തമിട്ടുറക്കുന്ന കന്യാലയം.
കുളിരലകളില്‍ കസൃതിചേര്‍ത്ത്‌
കന്യാലയം പിന്നിട്ട്‌ പിന്നിട്ട്‌
കുമാരപാദം പള്ളിമണി നോക്കി
മുന്നോട്ടേക്ക്‌ മുന്നോട്ടേക്ക്‌.

പെട്ടന്നൊരു വെള്ളരിപ്രാവ്‌
കന്യാലയ ജാലകപ്പാളി മാറ്റി
ചിറകിട്ടടിച്ചവനിലെത്തി
തോളിരുന്നു കാതിലുരസ്സി.

മഞ്ഞലകള്‍ നാണം കുണുങ്ങി
കണ്‍കുളിര്‍ക്കുമാക്കാഴ്‌ച മറച്ചു.
രൂപം മാറിയാ വെണ്‍പിറാവൊരു
ശിരോവസ്‌ത്രധാരിണിയായ്‌ പകര്‍ന്നു നിന്നു.

മൂടല്‍ മഞ്ഞിലൊളിച്ചിരുന്ന്‌
കുമാരകരം ഗ്രഹിച്ച്‌ മുത്തമിട്ട്‌
വെണ്‍ പിറാമാനസ്സ കന്യ ദേവാലയ-
രക്ഷക സവിധേ നമ്രശീര്‍ഷയായ്‌.
കന്യാലയത്തില്‍ നിന്നൊരു വെള്ളരിപ്രാവ്‌ (കവിത: ജോര്‍ജ്‌ നടവയല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക