Image

കമ്മ്യുണിസ്റ്റുകാര്‍ കൊന്ന രാജകുമാരിയും ഒലീവ്‌ മലയും (ഇസ്രയേല്‍ യാത്ര: 7)

ടോം ജോസ്‌ തടിയംമ്പാട്‌ Published on 04 November, 2012
കമ്മ്യുണിസ്റ്റുകാര്‍ കൊന്ന രാജകുമാരിയും ഒലീവ്‌ മലയും (ഇസ്രയേല്‍ യാത്ര: 7)
2000 വര്‍ഷം മുന്‍പ്‌ തങ്ങളുടെ ജന്മ ദേശത്ത്‌ നിന്നും പാലായനം ചെയ്യേണ്ടി വരികയും ഇന്ത്യയും അമേരിക്കയും ഒഴിച്ച്‌ ചെന്ന ദേശത്തെല്ലാം ക്രൂരമായ പീഢനങ്ങള്‍ ഏല്‍ക്കേണ്ടി വരികയും സര്‍ ആല്‍ബര്‍ട്ട്‌ ഐസ്റ്റീന്റെ ഭാഷയില്‌ഡ പറഞ്ഞാല്‍ ഇന്ത്യയിലെ ഹീന ജാതിക്കാരെക്കാള്‍ മോശമായി ജീവിക്കേണ്ടി വന്ന ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനതയ്‌ക്ക്‌ എന്തു കൊണ്ടാണ്‌ ഈ ദുര്‍ഗതി വന്നത്‌ എന്ന്‌്‌ അന്വേഷിച്ചാല്‍ അതിന്‌ ഒട്ടേറെ കാരണങ്ങള്‍ കണ്ടെത്താന്‍ കഴിയും.

ക്രിസ്‌തുവിനും വളരെ നൂറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌ ഇറാക്കിലെ യൂഫ്രട്ടീസ്‌ ടൈഗ്രിസ്‌ നദിക്കരയിലാണ്‌ ഹീബ്രു ഭാഷ രൂപപ്പെടുന്നത്‌. മാതൃഭാഷയും സംസ്‌കാരവും ഉള്ള ജനത എന്ന നിലയില്‍ വ്യത്യസ്ഥത പുലര്‍ത്തിയ അവര്‍ക്കെതിരെ ഉണ്ടായ അസ്സറിയന്‍സ്‌ ആക്രമണത്തില്‍ ഇറാക്കില്‍ നിന്നും രക്ഷപെട്ട്‌ പലസ്‌തീനില്‍ എത്തി. അവിടെ ഒരു സമൂഹവും, സംസ്‌കാരവും സ്വന്തമായി ദൈവസങ്കല്‍പവും രൂപീകരിച്ച യഹൂദരെ ബാബിലോണിയന്‍സും അസ്സറിയന്‍സും ആക്രമിച്ചു. പിന്നീട്‌ ഏക ദൈവത്തില്‍ വിശ്വസിച്ചിരുന്ന അവരെ റോമിലെ ബഹു ദൈവ വിശ്വാസികള്‍ ആക്രമിച്ച്‌ കീഴ്‌പ്പെടുത്തി. റോമന്‍ ദൈവങ്ങള്‍ ഇസ്രയേല്‍ ദൈവങ്ങളെ ആക്രമിച്ചു കീഴ്‌പെടുത്തി എന്നും അത്‌ കൊണ്ട്‌ ഇസ്രയേല്‍ ദൈവങ്ങള്‍ റോമന്‍ ദൈവങ്ങള്‍ക്ക്‌ ടാക്‌സ്‌ കൊടുക്കണമെന്നും ആവശ്യപ്പെട്ടു.

ക്രിസ്റ്റ്യാനിറ്റി പിറന്ന്‌ വീണപ്പോള്‍ ക്രിസ്‌തുവിനെ ക്രൂശിച്ച്‌ കൊന്നവര്‍ എന്നായി ആരോപണം. ഈ ആരോപണം ബെനിഡിക്‌റ്റ്‌ 16മന്‍ മാര്‍പ്പാപ്പ ഈ അടുത്ത കാലത്ത്‌ യഹൂദരുടെ തലയില്‍ നിന്നും ഒഴിവാക്കി റോമന്‍സ്‌ ആണ്‌ ക്രിസ്‌തുവിനെ കൊന്നത്‌ എന്ന്‌ അദ്ദേഹം എഴുതിയ പുസ്‌തകത്തിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്‌.

പിന്നീട്‌ യഹൂദര്‍ക്കെതിരെ ഉണ്ടായ പ്രധാന ആരോപണം അവര്‍ ക്രിസ്റ്റ്യന്‍ കുട്ടികളെ കൊണ്ട്‌്‌ രക്തം എടുത്ത്‌ അവരുടെ ആരാധനയ്‌ക്ക്‌ ഉപയോഗിക്കുന്നു എന്നായിരുന്നു. ഇത്‌ ശരിയല്ല എന്ന്‌ പിന്നീട്‌ തെളിയിച്ചിട്ടുണ്ട്‌.

പിന്നീട്‌ ഇസ്ലാം കാലഘട്ടത്തില്‍ അള്ളാഹുവിന്റെ പ്രവാചകന്‍മാരെ അംഗീകരിക്കാത്ത ദൈവ നിഷേധികള്‍ എന്നായി ആരോപണം. പിന്നീട്‌ കഴുത്തറുപ്പന്‍ പലിശക്കാരായി ചിത്രീകരിച്ച വില്യം ഷേക്‌സ്‌പിയറുടെ മര്‍ച്ചന്റ്‌ ഓഫ്‌ വെനിസിലെ ഷൈലോക്ക്‌ ആയി യഹൂദര്‍ ചിത്രീകരിക്കപ്പെട്ടു.

പണം കടംവാങ്ങി തിരിച്ചുകൊടുക്കാനുണ്ടായിരുന്ന കുരിശുയുദ്ധക്കാര്‍ പതിനൊന്നാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലെ യോര്‍ക്കില്‍ താമസിച്ചിരുന്ന യഹൂദരെ ഓടിച്ച്‌ സ്റ്റഫോര്‍ഡ്‌ ടവര്‍ കൊണ്ട്‌ പോയി. അവിടെ വച്ച്‌ ചുട്ട്‌ കൊന്ന കഥ പറഞ്ഞ്‌ കൊണ്ട്‌ യോര്‍ക്കില്‍ ഇന്നും സ്റ്റഫോര്‍ഡ്‌ ടവര്‍ തല ഉയര്‍ത്തി നില്‍ക്കുന്നു. പിന്നീട്‌ ഉണ്ടായ ആരോപണം ഒന്നാം ലോക യുദ്ധത്തില്‍ ജര്‍മ്മനിയെ ചതിച്ചവര്‍ എന്നായി അങ്ങനെ പോകുന്നു.. ലോകം അവരുടെ മേല്‍ ചുമത്തിയ കുറ്റങ്ങള്‍.

എന്തു കൊണ്ടാണ്‌ യഹൂദര്‍ ഇത്തരത്തില്‍ ലോകം മുഴുവന്‍ ആക്രമിക്കപ്പെടാന്‍ കാരണം എന്ന്‌ ലിവര്‍പൂളിലെ റബ്ബി മര്‍ധച്ചായി വൂളന്‍ ബര്‍ഗും ആയി ഈ ലേഖകന്‍ നടത്തിയ ഇന്റര്‍വ്യൂവില്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി ഇതാണ്‌.

`യഹൂദര്‍ എവിടെ ചെന്നാലും ശക്തമായ കുടുംബ ഘടനയും സാമൂഹിക ഐക്യവും കാത്തു സൂക്ഷിക്കുന്നവരാണ്‌ അത്‌ കൊണ്ട്‌്‌ തന്നെ അവര്‍ പെട്ടെന്ന്‌ അദ്ധ്വാനിച്ച്‌ വളരും പരസ്‌പര സഹകരണത്തിലൂടെ ഉള്ള വളര്‍ച്ചയില്‍ മറ്റു സമൂഹങ്ങള്‍ക്കുണ്ടാകുന്ന അസ്സൂയ ആണ്‌ ഇതിന്‌ കാരണം.' എന്നാണ്‌.

യഹൂദര്‍ യഹൂദരെ മാത്രമെ സഹായിക്കൂ എന്നും അത്‌ പോലെ മറ്റു സമൂഹവും ആയി ലയിച്ച്‌ പോകാന്‍ കാണിക്കുന്ന അസഹിഷ്‌ണുതയാണ്‌ ഇതിന്‌ കാരണം എന്ന്‌ ഒരാരോപണം ചരിത്രത്തില്‍ കാണുന്നില്ലെ എന്ന ചോദ്യത്തിന്‌ അത്‌ ശരിയല്ല എന്നാണ്‌ അദ്ദേഹം പറഞ്ഞ മറുപടി.

യഹൂദര്‍ പൊതുവെ അവര്‍ ആണ്‌ ഏറ്റവും ഉയര്‍ന്ന ആളുകള്‍ എന്ന അഹം ബോധം കൊണ്ടു നടക്കുന്നവരും ഞങ്ങളുടെ സംസ്‌കാരവും ഭാഷയും ഏറ്റവും ശ്രേഷ്‌ഠമായത്‌ എന്നു കരുതുന്നവരും തന്നെയാണ്‌. അത്‌ കൊണ്ടാണല്ലോ ജറുശലേം ദേവാലയത്തില്‍ യഹൂദന്‍ അല്ലാത്തവന്‍ കയറിയാല്‍ പിടിച്ച്‌ കൊന്ന്‌ കളഞ്ഞിരുന്നത്‌.

എന്താണെങ്കിലും ഒരു കാര്യം ശരിയാണ്‌ പൊതു സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട്‌ നിന്ന യഹൂദരോട്‌ സമാധാനം പ്രസംഗിക്കുന്ന മതങ്ങള്‍ ചെയ്‌ത ക്രൂരതയ്‌ക്ക്‌ സമാനതകളില്ല. ഒരു കാര്യം വസ്‌തുതയാണ്‌ യഹൂദ സമൂഹം കാലാകാലങ്ങളില്‍ ആരെയൊക്കെ സഹായിച്ചിട്ടുല്ലോ അവര്‍ ലോകത്തിന്റെ മേല്‍ കൈ നേടിയതായി അമേരിക്കയുടെയും ബ്രിട്ടന്റെയും ടര്‍ക്കിയുടെയും ഒക്കെ ചരിത്രം പരിശോധിച്ചാല്‍ കാണാന്‍ കഴിയും.

ഇന്നത്തെ ഞങ്ങളുടെ സന്ദര്‍ശനം ഒലിവ്‌ മലയിലാണ്‌ തുടങ്ങുന്നത്‌. ജറുശലേമിലെ ഒലിവ്‌ മല ഇന്ന്‌്‌ അറിയപ്പെടുന്നത്‌ മൗണ്ട്‌ ഓഫ്‌ എജ്യുക്കേഷന്‍ എന്നാണ്‌ കാരണം ലോകത്തെ അറിയപ്പെടുന്ന യൂണിവേഴ്‌സിറ്റികളില്‍ ഒന്നായ ഹീബ്രു യൂണിവേഴ്‌സിറ്റി ഈ മലയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. ആത്മീയ തലത്തിലും ഈ മലയുടെ പ്രസ്‌ക്തി വളരെ വലുതാണ്‌ ക്രിസ്‌തു ഇടയ്‌ക്കിടയ്‌ക്ക്‌ ജറുശലേമില്‍ വരുമ്പോള്‍ ധ്യാനിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും ഇവിടെ ആയിരുന്നു. അദ്ദേഹം രാത്രിയില്‍ പലപ്പോഴും ഉറങ്ങിയിരുന്നതും ഇവിടുത്തെ മരങ്ങളുടെ ചുവട്ടിലോ അല്ലെങ്കില്‍ ഗുഹകളിലോ ആയിരുന്നു. കാരണം ജറുശലേം അദ്ദേഹത്തിന്‌ സുരക്ഷിതമായിരുന്നില്ല.

രാവിലെ എട്ട്‌ മണിയ്‌ക്ക്‌ തന്നെ ഞങ്ങള്‍ റെഡിയായി ബസ്സില്‍ കയറി നേരെ ഒലിവ്‌ മലയിലെ ക്രിസ്‌തു സ്വര്‍ഗ്ഗാരോഹണം ചെയ്‌തു എന്നു വിശ്വസിക്കുന്ന ദി ചാപ്പല്‍ ഓഫ്‌ ദി അസ്സന്‍ഷന്‍ എന്ന പള്ളിയില്‍ എത്തി. പള്ളിയുടെ അകത്ത്‌ ഒരു പാറ കാണാം. അവിടെ നിന്നും ആണ്‌ ക്രിസ്‌തു സ്വര്‍ഗ്ഗത്തിലേയ്‌ക്ക്‌ പോയത്‌ എന്നാണ്‌ വിശ്വസിക്കുന്നത്‌. ഈ പാറയില്‍ കാണുന്ന കാല്‍ പാട്‌ ക്രിസ്‌തുവിന്റെതാണ്‌ എന്നാണ്‌ ഗൈഡ്‌ പറഞ്ഞത്‌. എല്ലാവരും ആ പാറയില്‍ തൊട്ട്‌ പ്രാര്‍ത്ഥിക്കകയും പള്ളി ചുറ്റി നടന്ന്‌ കാണുകയും ചെയ്‌തതിന്‌ ശേഷം പുറത്തിറങ്ങി. ഈ പള്ളിയും കോണ്‍സ്റ്റയിന്‍ ചക്രവര്‍ത്തിയുടെ അമ്മ ഹെലന പണിതതാണ്‌. എന്നാല്‍ പേര്‍ഷ്യന്‍ കാലഘട്ടത്തിലും മുസ്ലിം കാലഘട്ടത്തിലും ഈ പള്ളിയും തകര്‍ക്കപ്പെട്ടിരുന്നു.

ഇപ്പോള്‍ കാണുന്ന പള്ളി കുരിശ്‌ യുദ്ധക്കാര്‍ പണിതതാണ്‌. ഇത്‌ പിന്നീട്‌ മോസ്‌ക്‌ ആക്കി മാറ്റി. ഇപ്പോഴും ഈ പള്ളി മുസ്ലിം നിയന്ത്രണിത്തിലാണ്‌ അത്‌ കൊണ്ട്‌ തന്നെ ഇതിനെ ഡോം ഓഫ്‌ അസ്സന്‍ഷന്‍ എന്നു കൂടി അറിയപ്പെടുന്നു. ഒലിവ്‌ മലയില്‍ നിന്നും പഴയ ജറുശലേമിന്റെ കാഴ്‌ച എന്നു പറയുന്നത്‌ വളരെ മനോഹരമാണ്‌. ഞങ്ങള്‍ എല്ലാവരും അവിടെ നിന്നും ഫോട്ടോയൊക്കെ ഒക്കെ എടുത്തു. അതിന്‌ ശേഷം ഞങ്ങള്‍ ഒലിവ്‌ മലയില്‍ വച്ച കര്‍ത്താവ്‌ ശിഷ്യന്‍മാരെ സ്വര്‍ഗ്ഗസ്ഥനായ പിതാവെ എന്ന പ്രാര്‍ത്ഥന പഠിപ്പിച്ച സ്ഥലം കാണുന്നതിനു വേണ്ടി പോയി. അവിടെ ലോകത്തിലെ 62 ഭാഷകളില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവെ എന്ന പ്രാര്‍ത്ഥന എഴുതി വച്ചിട്ടുണ്ട്‌. ഇപ്പോള്‍ ഈ സ്ഥലം ഫ്രാന്‍സിന്റെ കൈവശത്തിലാണ്‌. ഇവിടെ ഉണ്ടായിരുന്ന പള്ളിയും പേര്‍ഷ്യന്‍ കാലഘട്ടത്തിലും മുസ്ലിം കാലഘട്ടത്തലും തകര്‍പ്പെട്ടിട്ടുള്ളതാണ്‌. ഇവിടുത്തെ പള്ളിയെ അറിയപ്പെടുന്നത്‌ ദി ചര്‍ച്ച്‌ ഓഫ്‌ ദി പാറ്റര്‍ നോസ്റ്റര്‍ എന്നാണ്‌. ഇവിടെ വച്ചായിരുന്നു ക്രിസ്‌തു ജറുശലേമിന്റെ ഭയാനകമായ ദുരന്തത്തെ പറ്റി പ്രവചിച്ചിരുന്നത്‌. ഇവിടെ ക്രിസ്‌തുവിനെ ധരിപ്പിക്കാന്‍ മുള്‍ കിരീടം ഉണ്ടാക്കാന്‍ ഉപയോഗിച്ച പീന ക്രിസ്റ്റി എന്ന മരവും കണ്ടു.

അടുത്തതായി ഞങ്ങള്‍ പോയത്‌ ഓശാന ഞായറാഴ്‌ച ജറുശലേമിലേയ്‌ക്കുള്ള യാത്രാ മദ്ധ്യേ ഒലിവ്‌ മലയില്‍ വച്ച്‌ അദ്ദേഹം ജറുശലേമിന്റെ ദുരന്തം ഓര്‍ത്ത്‌ കരയുകയും വിയര്‍ക്കുകയും ചെയ്‌ത സ്ഥലത്തേക്കയിരുന്നു. അവിടെ കുരിശു യുദ്ധക്കാരുടെ കാലഘട്ടത്തില്‍ പണിത പള്ളി തകര്‍ക്കപ്പെട്ടിരുന്നു. പിന്നീട്‌ 1591 -ല്‍ പണിത ചര്‍ച്ചാണ്‌ ഇപ്പോള്‍ കാണുന്നത്‌. ഇവിടെ നിന്നും ജറുശലേം കാണാന്‍ വളരെ മനോഹരമാണ്‌.

ഇന്നത്തെ ഞങ്ങളുടെ കുര്‍ബാന ഡൊമിനസ്‌ ഫ്‌ളെവിറ്റ്‌ അല്ലെങ്കില്‍ ദി ലോര്‍ഡ്‌ വെപ്‌റ്റ്‌ എന്നറിയപ്പെടുന്ന ഈ പള്ളിയില്‍ വച്ചായിരുന്നു. ഈ പള്ളിയോട്‌ ചേര്‍ന്നാണ്‌ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ശവക്കല്ലറകള്‍ സ്ഥിതി ചെയ്യുന്നത്‌. കാരണം മിശിഹ അന്ത്യദിനത്തില്‍ വരുമ്പോള്‍ ആദ്യം ഉയര്‍ത്തെഴുന്നേല്‍ക്കുന്നത്‌ ഇവിടെ അടക്കം ചെയ്‌തിരിക്കുന്നവരെയാണ്‌ എന്നാണ്‌ വിശ്വാസം. മൂന്ന്‌ മതങ്ങളുടെയും വിശ്വസികളെയും ഇവിടെ അടക്കം ചെയ്‌തിട്ടുണ്ട്‌. യഹൂദന്‍മാരുടെയും ക്രിസ്‌ത്യാനികളുടെയും മുസ്ലിങ്ങളുടെയും കല്ലറകള്‍ വ്യത്യാസ്‌തമാണ്‌. യഹൂദന്‍മാരുടെ കല്ലറകള്‍ അവരുടെ ബന്ധുക്കള്‍ സന്ദര്‍ശിക്കുമ്പോള്‍ ഓരോ ചെറിയ കല്ലുകള്‍ എടുത്ത്‌ വച്ചിട്ട്‌ പോകും. ആ കല്ലുകളുടെ എണ്ണം നോക്കിയാല്‍ എത്ര പ്രാവശ്യം ബന്ധുക്കള്‍ കല്ലറ സന്ദര്‍ശിച്ചിട്ടുണ്ട്‌്‌ എന്ന്‌ അറിയാന്‍ കഴിയും. ഇത്‌ യഹൂദ പാരമ്പര്യത്തിന്റെ ഭാഗമാണ്‌ എന്നാണ്‌ ഗൈഡ്‌ പറഞ്ഞത്‌. അത്തരത്തില്‍ ഒട്ടേറെ ചെറിയ കല്ലുകള്‍ വച്ചിരുന്ന കല്ലറകള്‍ അവിടെ കാണാമായിരുന്നു.

ഇവിടെ നിന്നും നോക്കിയാല്‍ വളരെ മനോഹരമായ റഷ്യന്‍ ചര്‍ച്ച്‌ കാണാമായിരുന്നു. ഇത്‌ നിര്‍മ്മിച്ചിരിക്കുന്നത്‌ ഉള്ളിയുടെ മാതൃകയില്‍ ആയതുകൊണ്ട്‌ ഇതിനെ ഒണിയന്‍ ചര്‍ച്ച്‌ എന്നുകൂടി അറിയപ്പെടുന്നുണ്ട്‌്‌. റഷ്യ ഭരിച്ചിരുന്ന സാര്‍ ചക്രവര്‍ത്തിയുടെ അമ്മയുടേ പേരിലാണ്‌ ഇത്‌ പണിതിരിക്കുന്നത്‌. 1918 -ല്‍ കമ്മ്യുണിസ്റ്റ്‌ വിപ്ലവകാരികള്‍ കൊന്നോടുക്കിയ ചക്രവര്‍ത്തിയുടെ സഹോദരി അലക്‌സാണ്ട്രിയയെ അവരുടെ ആഗ്രഹപ്രകാരം ഇവിടെയാണ്‌ അടക്കിയത്‌.

പിന്നീട്‌ ഞങ്ങള്‍ പോയ്‌ത്‌ ഗത്സമന്‍ തോട്ടത്തിലേയ്‌ക്കാണ്‌ ഇവിടെ വച്ചാണ്‌ ക്രിസ്‌തു വളരെ അധികം മാനസിക യാതന അനുഭവിക്കുകയും കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നും ഒഴിവാക്കണമെന്ന്‌ പ്രാര്‍ത്ഥിക്കുകയും ചെയ്‌തത്‌. ഇവിടെ വച്ചാണ്‌ യൂദാസ്‌ അദ്ദേഹത്തെ ഒറ്റു കൊടുക്കകയും അറസ്റ്റ്‌ ചെയ്‌ത്‌ കൈപാസിന്റെ മുന്‍പില്‍ കൊണ്ടു പോകുകയും നുണ വിചാരണ നടത്തകുയും കല്‍തുറങ്കില്‍ അടയ്‌ക്കുകയും ചെയ്‌തത്‌ ഇവിടെ ക്രിസ്‌തു പ്രാര്‍ത്ഥിച്ച കാലത്തെ ഒലിവ്‌ മരങ്ങള്‍ ഇപ്പോഴും ഉണ്ട്‌ എന്നാണ്‌ വിശ്വാസം. 3000 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കം ചെന്ന എട്ടോളം ഓളം ഒലിവ്‌ മരങ്ങള്‍ ഇവിടെ കാണാം. ഒലിവ്‌ മരത്തിന്റെ പ്രത്യേകത എന്ന്‌ പറയുന്നത്‌ ഇത്‌ ഒരിക്കലും നശിച്ച്‌ പോകുന്നില്ല. ഒന്നു പ്രയമായി നശിക്കുമ്പോള്‍ അവിടെ നിന്നും പുതിയത്‌ മുള പൊട്ടി വളരുന്നു. അത്‌ കൊണ്ടാണ്‌ ക്രിസ്‌തു പ്രാര്‍ത്ഥിച്ച മരങ്ങള്‍ ഇവിടെ ഉണ്ട്‌ എന്നു വിശ്വസിക്കുന്നത്‌. ഒലിവ്‌ മരത്തെ സംബന്ധിച്ച മറ്റൊരു വിവക്ഷ കൂടിയാണ്‌ ഒലിവ്‌ പഴയ നിയമവും പുതിയ നിയമവും കൂടിയാണ്‌ കാരണം പഴയ മരത്തില്‍ പുതിയ മരം പൊട്ടി മുളയ്‌ക്കുന്നത്‌ പോലെയാണ്‌ പഴയ നിയമത്തില്‍ നിന്നും പുതിയ നിയമവും രൂപപ്പെട്ടിരിക്കുന്നത്‌ എന്നാണ്‌ ക്രിസ്റ്റ്യന്‍ വിശ്വാസം. ഇവിടുത്തെ പള്ളിയുടെ പേര്‌ ദി ചര്‍ച്ച്‌ ഓഫ്‌ ഗത്സമന്‍ എന്നാണ്‌ ഈ പള്ളിയുടെ അള്‍ത്താരയുടെ കീഴില്‍ കാണാവുന്ന പാറയിലാണ്‌ ക്രിസ്‌തു ഗത്സമന്‍ തോട്ടത്തില്‍ പ്രാര്‍ത്ഥിച്ചത്‌ എന്നാണ്‌ വിശ്വസിക്കുന്നത്‌. ഈ പള്ളി അറിയപ്പെടുന്നത്‌ ചര്‍ച്ച്‌ ഓഫ്‌ ഓള്‍ നേഷന്‍ എന്നാണ്‌. കാരണം ലോകത്തിലെ 16 രാഷ്‌ട്രങ്ങളില്‍ നിന്നും ഉള്ള സംഭാവന കൊണ്ടാണ്‌ ഈ പള്ളി പണിതിരിക്കുന്നത്‌. പള്ളിയുടെ മുന്‍പില്‍ നിന്നും നോക്കിയാല്‍ ജറുശലേം മതിലിന്റെ ഏറ്റവും വിശുദ്ധമായ ഗോള്‍ഡന്‍ ഗേറ്റ്‌ കാണാന്‍ കഴിയും. ക്രിസ്‌തു എപ്പോഴും ജറുശലേമില്‍ പ്രവേശിക്കുന്നത്‌ ഈ ഗേറ്റിലൂടെയായിരുന്നു. ഗേറ്റിന്റെ പ്രാധാന്യത്തെപറ്റി കഴിഞ്ഞ ലക്കത്തില്‍ പ്രതിപാദിച്ചിരുന്നുു.

പിന്നീട്‌ ഞങ്ങള്‍ പോയത്‌ പരിശുദ്ധ മാതാവിനെ അടക്കം ചെയ്‌തിരിക്കുന്ന സ്ഥലത്തേയ്‌ക്കാണ്‌. മാതാവ്‌ ശാശ്വതമായ ഉറക്കത്തിലേയ്‌ക്ക്‌ പ്രവേശിച്ചപ്പോള്‍ ശിഷ്യന്‍മാര്‍ മാതാവിനെ ഒലിവ്‌ മലയില്‍ കൊണ്ടു്‌ വന്നുു എന്നും ഇവിടെ നിന്നും സ്വര്‍ഗ്ഗാരോഹണം ചെയ്‌തു എന്നും കത്തോലിക്കര്‍ വിശ്വസിക്കുന്നു. എന്നാല്‍ മറ്റ്‌ ക്രിസ്‌ത്യന്‍സ്‌ വിശ്വസിക്കുന്നത്‌ മാതാവിനെ ഇവിടെ അടക്കം ചെയ്‌തു എന്നാണ്‌. മാതാവിന്റെ ശവകുടീരം കാണാന്‍ കുറച്ച്‌ സമയം ക്യൂ നില്‍ക്കേണ്ടി വന്നു. മാതാവിന്റെ ശവകുടീരത്തിനടുത്തു തന്നെ മാതാവിന്റെ അപ്പനെയും അമ്മയെയും അടക്കിയിരിക്കുന്ന ശവ കുടീരം കാണാം. ഈ പള്ളിയുടെ നിയന്ത്രണം ഗ്രീക്ക്‌ അര്‍മേനിയന്‍ സഭകള്‍ക്കാണ്‌ ഇവിടെ മുസ്ലിംങ്ങള്‍ക്ക്‌ പ്രാര്‍ത്ഥിക്കാന്‍ അവകാശമുണ്ട്‌.്‌ ഇവിടെ മുസ്ലിം സന്ദര്‍ശകരെയും കാണാമായിരുന്നു.

ഒലിവ്‌ മലയിലെ ഞങ്ങളുടെ സന്ദര്‍ശനം പൂര്‍ത്തീകരിച്ച 2 മൈല്‍ അകലെയുള്ള ബെഥനിയിലെ ലാസറിനെ ക്രിസ്‌തു ഉയര്‍പ്പിച്ച ദി ചര്‍ച്ച ഓഫ്‌ ലാസറസ്‌ കാണാന്‍ പോയി. പള്ളിയുടെ അകത്ത്‌ നിന്നും 22 സ്റ്റെപ്പുകള്‍ നടന്ന്‌ താഴെയിറങ്ങി വേണം ലാസറിന്റെ ശവക്കല്ലറയില്‍ എത്താന്‍ ഈ ശവക്കല്ലറയിലേയ്‌ക്കുള്ള ഒര്‍ജിനല്‍ വഴി മുസ്ലിം കാലഘട്ടത്തില്‍ അടച്ചിരുന്നു. സ്ഥലം കൈവശപ്പെടുത്തി വീടുകള്‍ നിര്‍മ്മിച്ചിരുന്നു പിന്നീട്‌ ഫ്രാന്‍സിസ്‌ക്കന്‍ സഭ ഈ സ്ഥലവും കെട്ടിടങ്ങളും വിലയ്‌ക്ക്‌ വാങ്ങി പള്ളി പണിയുകയും 1949 -ല്‍ ശവക്കല്ലറ എക്‌സ്‌കവേറ്റ്‌ ചെയ്‌ത്‌ കണ്ടെത്തുകയുമാണ്‌ ചെയ്‌തത്‌. ഇവിടെ വച്ചാണ്‌ ക്രിസ്‌തുവിന്റെ കാലില്‍ വില കൂടിയ സുഗന്ധ ദ്രവ്യം ലാസറിന്റെ സഹോദരി മേരി പൂശിയത്‌. ഈ പള്ളിയില്‍ വച്ചിരിക്കുന്ന ഒരു ചിത്രത്തില്‍ ക്രിസ്‌തു ഒരു കസേരയില്‍ ഇരിക്കുന്നു. മാര്‍ത്ത തൊട്ടടുത്ത്‌ അല്‍പ്പം ഉയര്‍ന്ന്‌ ഇരിക്കുന്നു. മേരി നില്‍ക്കുന്നു സാധാരണ യഹൂദ പാരമ്പര്യം അനുസരിച്ച്‌ റബ്ബി കസേരയില്‍ ഇരിക്കുകയും അദ്ദേഹം പഠിപ്പിക്കുമ്പോള്‍ ശിഷ്യ ഗണങ്ങള്‍ നിലത്ത്‌ ചമ്രം പടഞ്ഞ്‌ ഇരിക്കുകയും ആണ്‌ ചെയ്യുന്നത്‌. ഇവിടെ മാര്‍ത്ത ഉയര്‍ന്നിരുന്നാണ്‌ ക്രിസ്‌തുവിനെ ശ്രവിക്കുന്നത്‌ ഇതിന്‌ കാരണം ക്രിസ്‌തു യഹൂദന്‍മാരില്‍ നിന്നും വ്യത്യസ്‌തമായി സ്‌ത്രീകളെ പുരുഷന്‌ സമാനമായി ആണ്‌ പരിഗണിച്ചിരിക്കുന്നത്‌ എന്നാണ്‌ ഗൈഡ്‌ പറഞ്ഞത്‌.

ലാസറിന്റെ ശവകുടീരം ചര്‍ച്ച്‌ ഓഫ്‌ ലാസറസും ഒക്കെ കണ്ടതിന്‌ ശേഷം ഞങ്ങള്‍ മില്‍ക്ക്‌ ഗ്രൂട്ടോ കാണാന്‍ പോയി. ഇവിടെ മാതാവും ഔസേപ്പ്‌ പിതാവും ഉണ്ണിയേശുവിനെയും കൊണ്ട്‌ ഈജിപ്‌റ്റിലേയ്‌ക്ക്‌ രക്ഷപ്പെടുന്നതിനിടയില്‍ ഹെറോദ്‌ രാജാവിന്റെ പട്ടാളക്കാരില്‍ നിന്നും രക്ഷപ്പെടുന്നതിന്‌ വേണ്ടി ഒളിച്ചിരുന്ന ഗുഹയും ഇവിടെ അവര്‍ മറഞ്ഞിരുന്ന ഒരു കന്നും കാണാം. ഇവിടെ വച്ച്‌ മാതാവ്‌ ഉണ്ണിയെ പാലൂട്ടിയപ്പോള്‍ ഒരു തുള്ളി തെറിച്ച്‌ വീഴുകയും ആ ഗുഹ മുഴുവന്‍ വെളുപ്പ്‌ ആയി മാറി എന്നാണ്‌ വിശ്വാസം. ആ ഗുഹയില്‍ നിന്നും എടുത്ത പൊടി കഴിച്ചാല്‍ കുട്ടികള്‍ ഉണ്ടാകാത്തവര്‍ക്ക്‌ കുട്ടികള്‍ ഉണ്ടാകുമെന്നും മാറാരോഗങ്ങള്‍ മാറും എന്നാണ്‌ വിശ്വാസം. ഒരു ഡോളര്‍ കൊടുത്താല്‍ ഇവിടുത്തെ ഫ്രാന്‍സിക്കന്‍ ഫാദര്‍ പൊടി തരും. ഈ പൊടി വാങ്ങി കഴിച്ച അസുഖങ്ങള്‍ മാറിയവരും കുട്ടികള്‍ ഉണ്ടായവരുടെയും ചിത്രങ്ങള്‍ അവിടെ സൂക്ഷിച്ചിട്ടുണ്ട്‌. ഇവിടുത്തെ ഗുഹയും പള്ളിയും ഒക്കെ കണ്ട്‌ തിരിച്ച്‌ പോരുന്ന വഴിയില്‍ ആദ്യത്തെ ക്രിസ്റ്റ്യന്‍ രക്ത സാക്ഷി സെന്റ്‌ സ്റ്റീഫന്റെ പേരില്‍ ജറുശലേം മതിലില്‍ ഉള്ള സെന്റ്‌ സ്റ്റീഫന്‍ ഗേറ്റ്‌ കണ്ടതിന്‌ ശേഷം പോരുന്ന വഴിയില്‍ യൂദാസ്‌ തൂങ്ങിചത്ത അക്കല്‍ദാമയും കണ്ട്‌ തിരിച്ച്‌ ഞങ്ങള്‍ ഹോട്ടലില്‍ എത്തി. ഇന്നത്തെ രാത്രിയോട്‌ കൂടി പരിശുദ്ധ നാട്ടിലെ ഞങ്ങളുടെ രാത്രി അവസാനിക്കുകയാണ്‌. അത്‌ കൊണ്ട്‌ ഞങ്ങള്‍ക്ക്‌ വേണ്ടി ഒരുക്കിയിരുന്ന ഫെയര്‍ വെല്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത്‌ ഭക്ഷണവും ഒക്കെ കഴിച്ച്‌ പരിശുദ്ധ നാട്ടിലെ അവസാനത്തെ രാത്രി ആസ്വദിക്കാന്‍ ഞങ്ങള്‍ റൂമിലേയ്‌ക്ക്‌ പോയി.

തുടരും..
കമ്മ്യുണിസ്റ്റുകാര്‍ കൊന്ന രാജകുമാരിയും ഒലീവ്‌ മലയും (ഇസ്രയേല്‍ യാത്ര: 7)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക