Image

വിശുദ്ധ നാട്ടിലെ അവസാനദിനം- യാത്ര അവസാനിക്കുന്നു (ടോം ജോസ്‌ തടിയംമ്പാട്‌)

ടോം ജോസ്‌ തടിയംമ്പാട്‌ Published on 10 November, 2012
വിശുദ്ധ നാട്ടിലെ അവസാനദിനം- യാത്ര അവസാനിക്കുന്നു (ടോം ജോസ്‌ തടിയംമ്പാട്‌)
ഞങ്ങള്‍ താമസിച്ച ബത്‌ലഹേമിലെ തെരുവിലൂടെ ഞങ്ങള്‍ ഇറങ്ങി നടന്നപ്പോള്‍ കണ്ടു മുട്ടിയ പലസ്റ്റീന്‍കാര്‍ എല്ലാം ഹെ ഇന്ത്യ എന്നു വിളിച്ച്‌ വളരെ സ്‌നേഹത്തോടെയാണ്‌ പെരുമാറിയത്‌. ഇന്ത്യ ജന്മമെടുത്ത കാലം മുതല്‍ പലസ്റ്റിയന്‍സിന്‌ അനുകൂലമായി യുഎന്നില്‍ എടുത്ത നിലപാടുകള്‍ ആയിരിക്കും ഒരു പക്ഷെ അവരുടെ സ്‌നേഹത്തിന്റെ കാരണം.

പലസ്റ്റീന്‍ അതോറിറ്റി മാത്രമാണ്‌ ഇവരെ നിയന്ത്രിക്കുന്ന അധികാര ഘടന. സ്വന്തമായി രാജ്യമോ നാണയമോ ഇവര്‍ക്കില്ല. ഇസ്രയേലിന്റെ നാണയമായ ഷക്കാലും യുഎസ്‌ ഡോളറുമാണ്‌ ഇവരുടെ നാണയം. പലസ്റ്റിയന്‍ അതോറിറ്റിയുടെ കീഴില്‍ ഉള്ള വെസ്റ്റ്‌ ബാങ്ക്‌ പ്രദേശം പൊതുവേ സമാധാന പ്രിയരുടെ നാടായിട്ടാണ്‌ അറിയപ്പെടുന്നത്‌. മറ്റൊരു പലസ്റ്റിയന്‍ പ്രദേശമായ ഗാസ മുനമ്പ്‌ ഭരിക്കുന്നത്‌ ഹമാസ്‌ എന്ന തീവ്രവാദി സംഘടനയാണ്‌. അവിടെ നിന്നും നിരന്തരം ഇസ്രയേലിലേക്ക്‌ റോക്കറ്റ്‌ ആക്രമണം നടത്തി കൊണ്ടിരിക്കുന്നു. ഈ യാത്ര വിവരണം എഴുതാന്‍ തുടങ്ങിയതിന്‌ ശേഷം ഇസ്രയേല്‍ നടത്തിയ രണ്ട്‌ എയര്‍ അറ്റാക്കിലൂടെ ആറു പലസ്റ്റീന്‍കാര്‍ മരിച്ചു. ഹമാസ്‌ നടത്തിയ ആക്രമണത്തില്‍ ഒരു ഇസ്രയേല്‍ പട്ടാളക്കാരന്‍ അത്യാസന്ന നിലയിലാണ്‌. അത്‌ പോലെ അനേകം റോക്കറ്റുകള്‍ ഇസ്രയേലില്‍ പതിക്കുകയും ചെയ്‌തു.

ഇവിടുത്തെ പ്രധാന പ്രശ്‌നം രാഷ്‌ട്രീയത്തിനപ്പുറത്ത്‌ മതപരമാണ്‌. അത്‌ കൊണ്ടു തന്നെ പരിഹാരം വളരെ അകലെയാണ്‌. ഡാനിയല്‍ പാള്‍ എന്ന അമേരിക്കന്‍ പത്ര പ്രവര്‍ത്തകനെ ഗാസയില്‍ നിന്നും പിടിച്ച്‌ കൊണ്ടു പോയി അല്ലാഹു അക്‌ബര്‍ വിളിച്ച്‌ കഴുത്തറുക്കുന്നത്‌ യൂട്യൂബില്‍ കാണാം. ഇതിന്‌ കാരണം ഒന്നു മാത്രം- അദ്ദേഹത്തിന്റെ അമ്മ ജൂത ആയിരുന്നു. ഹമാസ്‌ അധികാരം പിടിച്ചപ്പോള്‍ നടത്തിയ പ്രഖ്യാപനത്തില്‍ അവിടെ മുസ്ലിം അല്ലാത്തവരോട്‌ കണ്‍വര്‍ട്ട്‌ ചെയ്യുക അല്ലെങ്കില്‍ നാട്‌ വിടുക എന്നാണ്‌ ആവശ്യപ്പെട്ടത്‌. പലസ്റ്റീന്‍ അതോറിറ്റിയും ആയി വേറിട്ടാണ്‌ അവര്‍ പ്രവര്‍ത്തിക്കുന്നത്‌. ഹമാസ്‌ ഇസ്രയേലിനെ ഒരു രാഷ്‌ട്രമായി ഇതുവരെ അംഗീകരിച്ചിട്ടില്ല അത്‌ കൊണ്ടു തന്നെ പലസ്റ്റയിന്‍ ഒരു രാഷ്‌ട്രമാകാന്‍ ഇസ്രയേല്‍ അനുവദിക്കുകയും ഇല്ല.

ഇസ്രയേല്‍ രൂപം കൊള്ളുന്ന സമയത്ത്‌ യഹൂദരുടെ ഭീകരഘടന ആയിരുന്ന ഇര്‍ഗന്‍ ഒട്ടേറെ ഭീകര ആക്രമണം നടത്തിയിട്ടുണ്ട്‌. എന്നാല്‍ രാഷ്‌ട്രം രൂപം കൊണ്ടപ്പോള്‍ ആദ്യത്തെ പ്രധാന മന്ത്രി ഡേവിഡ്‌ ബെന്‍ ഗുറിയന്‍ അവരോട്‌ ആയുധം താഴെ വയ്‌ക്കാന്‍ ആവശ്യപ്പെട്ടു അവര്‍ തയ്യാറായില്ല. ഇര്‍ഗന്‍ ആയുധങ്ങളും ആയി വന്ന കപ്പല്‍ മുക്കി കളയാന്‍ ഇസ്രയേല്‍ ഡിഫറന്‍സ്‌ ഫോര്‍സിനോട്‌ പ്രധാന മന്ത്രി ഉത്തരവിട്ടു. അവരുടെ കപ്പല്‍ മുക്കിക്കളയുകയും ചെയ്‌തു. അതിന്‌ ശേഷം ബെന്‍ ഗുറിയന്‍ പറഞ്ഞു ഇനി മുതല്‍ സ്റ്റേറ്റ്‌ ആണ്‌ ജനങ്ങളെ രക്ഷിക്കുന്നത്‌ അത്‌ കൊണ്ടു തന്നെ എല്ലാം സ്റ്റേറ്റിന്റെ നിയന്ത്രണത്തില്‍ ആയിരിക്കണം. ഇത്തരത്തില്‍ പലസ്റ്റീന്‍ അതോറിറ്റിയ്‌ക്ക്‌ ഹമാസിനെ കീഴ്‌പ്പെടുത്തി നിയന്ത്രണത്തില്‍ കൊണ്ടു വരാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ ഒരു രാഷ്‌ട്രീയ പ്രക്രിയ അവിടെ ആരംഭിക്കുകയുള്ളൂ. അതില്‍ നിന്നും മാത്രമേ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉള്ള ചര്‍ച്ച ആരംഭിക്കാന്‍ ശരിയായ അര്‍ത്ഥത്തില്‍ കഴിയുകയുള്ളൂ.

യുഎന്നിന്റെ മദ്ധ്യ പൂര്‍വ്വ ദേശത്തെ പ്രതിനിധി ആയി പ്രവര്‍ത്തിക്കുന്ന മുന്‍ ബ്രിട്ടീഷ്‌ പ്രധാന മന്ത്രിയും മികച്ച രാഷ്‌ട്രഞ്‌ജനും ആയ ടോണി ബ്ലയര്‍ ഈ അടുത്ത കാലത്ത്‌ നല്‍കിയ ഇന്റര്‍വ്യൂവില്‍ പറയുന്നത്‌ ഹമാസ്‌ ആദ്യമായി ആയുധം താഴെ വച്ച്‌ പലസ്റ്റീന്‍ അതോറിറ്റിയുമായി ആയി സഹകരിക്കുകയും ചര്‍ച്ചകളിലൂടെ ഇസ്രയേലും ആയി പ്രശ്‌ന പരിഹാരത്തിന്‌ തയ്യാറാകുകയും അതോടൊപ്പം പലസ്‌തീന്റെ ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തി കൊണ്ട്‌ ഒരു സ്റ്റേറ്റിന്റെ ഉത്തരവാദിത്വം നിറവേറ്റാന്‍ ഞങ്ങള്‍ കഴിവുറ്റവര്‍ ആണ്‌ എന്ന്‌.്‌ പലസ്റ്റീന്‍ അതോറിറ്റി തെളിയിക്കുകയും വേണം അതോടൊപ്പം പലസ്റ്റീനിലെ ആളുകള്‍ക്ക്‌ കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ സൃഷ്‌ടിക്കാന്‍ ഇസ്രയേല്‍ സഹായിക്കുകയും അതിലൂടെ ഇസ്രയേല്‍ അറബ്‌ ബന്ധം ശക്തിപ്പെടുത്തി കൊണ്ട്‌ പരസ്‌പര വിശ്വാസം വാദിച്ചുകൊണ്ടും മാത്രമേ പ്രശ്‌ന പരിഹാരത്തിന്‌ തുടക്കം കുറിക്കാന്‍ കഴിയുകയുള്ളൂ എന്നാണ്‌. മറ്റൊരു പ്രധാന പ്രശ്‌നം ജറുശലേമിനെ സംബന്ധിച്ചാണ്‌. ഇസ്രേല്‍ ജറുശലേം വിട്ടു കൊടുത്ത്‌ കൊണ്ട്‌ ഒരു ചര്‍ച്ചക്കും ഇസ്രയേല്‍ തയ്യാറല്ല. മറ്റ്‌ മതസ്ഥരും അവരുടേതാണ്‌ ജറുശലേം എന്ന നിലപാടില്‍ അയവ്‌ വരുത്താന്‍ തയ്യാറല്ല അത്‌ കൊണ്ട്‌ തന്നെ പ്രശ്‌ന പരിഹാരം വളരെ അകലെയാണ്‌.

ഞങ്ങളുടെ അവസാന ദിവസത്തെ വിശുദ്ധ നാട്ടിലെ യാത്ര രാവിലെ ആരംഭിക്കുകയാണ്‌. രാവിലെ 8 മണിക്ക്‌ തന്നെ റെഡിയായി. കഴിഞ്ഞ നാല്‌ ദിവസം നല്ല ഭക്ഷണവും താമസ സൗകര്യവും നല്‍കിയതിന്‌ ഏയ്‌ഞ്ചല്‍ ഹോട്ടലിലെ സ്റ്റാഫിനോട്‌ നന്ദി പറഞ്ഞ്‌ ഞങ്ങള്‍ ബസ്സില്‍ കയറി ഇന്‍ കരീം എന്ന ഗ്രാമത്തിലേക്ക്‌ പുറപ്പെട്ടു. ഈ സ്ഥലം മൗണ്ട്‌ ഹെര്‍സലിന്റെ ഭാഗമാണ്‌. ഇവിടെയാണ്‌ മദര്‍ മേരി ഗര്‍ഭിണി ആയിരുന്ന തന്റെ കസിന്‍ എലിസബത്തിനെ പരിചരിക്കാന്‍ ദൈവ നിശ്ചയ പ്രകാരം 150 കിലോമീറ്റര്‍ അകലെയുള്ള നസ്രത്തില്‍ നിന്നും എത്തിയത്‌. വരുന്ന വഴിയില്‍ മാതാവ്‌ വെള്ളം കുടിച്ച ഒരു അരുവി കണ്ടു. ഗര്‍ഭിണി ആയിരുന്ന സമയത്ത്‌ എലിസബത്ത്‌ താമസിച്ചിരുന്നത്‌ അവരുടെ വേനല്‍ക്കാല വസതിയില്‍ ആയിരുന്നു. കാരണം എലിസബത്ത്‌ വളരെ പ്രായം ചെന്ന സമയത്ത്‌ ആണ്‌ ഗര്‍ഭിണി ആയത്‌. അതുമല്ല അവിടുത്തെ സിനഗോഗിലെ ചീഫ്‌ പ്രീസ്റ്റ്‌ കൂടിയായിരുന്ന എലിസബത്തിന്റെ ഭര്‍ത്താവ്‌ സക്കറിയ്‌ക്ക്‌ ഇത്‌ വളരെ നാണക്കേടാകും എന്നുള്ളത്‌ കൊണ്ടാണ്‌ വേനല്‍ക്കാല വസതിയില്‍ താമസിച്ചത്‌. അവിടുത്തെ പള്ളി വിസിറ്റേഷന്‍ ചര്‍ച്ച്‌ എന്നാണ്‌ അറിയപ്പെടുന്നത്‌. പള്ളിയുടെ അകത്ത്‌ കാണുന്ന ഗുഹയിലാണ്‌ അവര്‍ താമസിച്ചിരുന്നത്‌ എന്നാണ്‌ വിശ്വസിക്കുന്നത്‌. അവിടെ മാതാവിന്റെയും എലിസബത്തിന്റെയും പ്രതിമകള്‍ വച്ചിട്ടുണ്ട്‌്‌. അത്‌ പോലെ ലോകത്തിലെ എല്ലാ പ്രധാന ഭാഷകളിലും മാതാവിന്റെ സ്‌തോത്ര ഗീതം അവിടെ എഴുതി വച്ചിട്ടുണ്ട്‌. മലയാളത്തില്‍ എഴുതി വച്ചിരുന്ന പ്രാര്‍ത്ഥനയും പള്ളിയും ഒക്കെ കണ്ട്‌ തിരിച്ച വരുന്ന വഴിയില്‍ വളരെ വിനീതനായ ഒരു ഫ്രാന്‍സിക്കന്‍ സഭയിലെ അച്ചനെ കണ്ട്‌ സംസാരിക്കാനും കഴിഞ്ഞു.

പിന്നീട്‌ ഞങ്ങള്‍ പോയത്‌ സക്കറിയയുടെയും എലിസബത്തിന്റെയും യഥാര്‍ത്ഥ വീട്‌ കാണാന്‍ ആയിരുന്നു. അവിടെയാണ്‌ യോഹന്നാന്‍ ജനിച്ചത്‌ എന്നാണ്‌ വിശ്വസിക്കുന്നത്‌. അവിടുത്തെ പള്ളിയില്‍ ആയിരുന്നു ഞങ്ങളുടെ അന്നത്തെ വിശുദ്ധ ബലി.

ഫാ. അബ്രഹാം ആണ്‌ കുര്‍ബാന അര്‍പ്പിച്ചത്‌. കുര്‍ബാന കഴിഞ്ഞ്‌ പള്ളിയും ഒക്കെ ചുറ്റി കണ്ടതിന്‌ ശേഷം യാദ്‌ വാഷേം ഹോളോകോസ്റ്റ്‌ മ്യൂസിയം കാണാന്‍ പോയി. ഇസ്രയേല്‍ വരുന്ന ലോക രാഷ്‌ട്ര നേതാക്കന്‍മാരെ എല്ലാം ഈ മ്യൂസിയം കാണിക്കാറുണ്ട്‌. കാരണം രണ്ടാം ലോക മഹായുദ്ധത്തില്‍ മരിച്ച യഹൂദരുടെ ദയനീയ ജീവിതത്തെപ്പറ്റി ലോകത്തെ അറിയിക്കുന്നതിന്‌ വേണ്ടി.

മ്യൂസിയത്തിന്റെ പ്രവേശന കവാടത്തില്‍ കോണ്‍സന്‍ട്രേഷന്‍ കാമ്പുകളില്‍ മരിച്ച 15 ലക്ഷം കുട്ടികളുടെ മനസ്സിലിയിക്കുന്ന കഥയാണ്‌ വിവരിക്കുന്നത്‌. കുട്ടികളുടെ മ്യൂസിയത്തിന്‌ പുറത്ത്‌ കരഞ്ഞ്‌ കൊണ്ട്‌്‌ കുട്ടികളെ കെട്ടിപ്പിടിച്ച്‌ കൊണ്ട്‌ നില്‍ക്കുന്ന ഒരു പിതാവിന്റെ പ്രതിമയാണ്‌. അത്‌ വളരെ ഹൃദയ ഭേദകമാണ്‌. ഇവിടെ വളരെ നിശബ്‌ദം ആയി വേണം കടന്നു പോകാന്‍. ഫോട്ടോ എടുക്കാന്‍ അനുവദിക്കുകയും ഇല്ലായിരുന്നു. മനസാക്ഷിയുള്ള ഏത്‌ മനുഷ്യനും കുട്ടികളുടെ മ്യൂസിയത്തിലൂടെ കടന്നു്‌ പോകുമ്പോള്‍ കരയാതിരിക്കാന്‍ കഴിയിസ്സ. മരിച്ച കുട്ടികളുടെ ഫോട്ടോകളും അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌്‌. 60 ലക്ഷം യഹൂദരാണ്‌ രണ്ടാം ലോക യുദ്ധത്തില്‍ മരിച്ചത്‌. കോണ്‍സട്രേഷന്‍ കാമ്പുകളില്‍ പട്ടിണി കിടന്ന്‌ മാത്രം മരിച്ചവര്‍ 43500 പേരാണ്‌. 22 കോണ്‍സട്രേഷന്‍ കാമ്പുകളെ പ്രതിനിധീകരിച്ച 22 തിരികള്‍ അവിടെ സ്ഥാപിച്ചിട്ടുണ്ട്‌. അവിടെ വച്ച്‌ ജര്‍മ്മനിയിലെ കോണ്‍സട്രേഷന്‍ ക്യാമ്പില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ അമേരിക്കയില്‍ ചെന്ന്‌ ജീവിക്കുന്ന ഒരു പ്രായം ചെന്ന യഹൂദനെ പരിചയപ്പെടാനും കഴിഞ്ഞു.

അവിടെ കണ്ട മറ്റൊരു ഹൃദയ സ്‌പര്‍ശിയ ആയ സംഭവം 1944 കോണ്‍സട്രേഷന്‍ ക്യാമ്പില്‍ വച്ച്‌ കൊല്ലപ്പെട്ട ബെഞ്ചമിന്‍ ഫോണ്ടാന എഴുതിയ വാക്കുകള്‍ ആയിരുന്നു.

Remember only that I was innocent and just like you,
mortal on that day, I, too,
had had a face marked by rage,
by pity and joy, quite simply, a human face!


അത്‌ പോലെ കോണ്‍സട്രേഷന്‍ ക്യാമ്പുകളില്‍ ജീവിച്ചിരുന്ന മനുഷ്യര്‍ ഉപയോഗിച്ചിരുന്ന സാധനങ്ങള്‍ ഒക്കെ അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌.

മ്യൂസിയം കാണാന്‍ ഒട്ടേറെ എന്‍സിസി കേഡറ്റുകള്‍ വരുന്നത്‌ കാണാമായിരുന്നു. അതില്‍ ഒരു ഗ്രൂപ്പ്‌ എന്‍സിസികാര്‍ കറുത്ത വര്‍ഗ്ഗക്കാരായിരുന്നു. അവര്‍ എത്യോപ്യയില്‍ നിന്നും ഇസ്രയേലില്‍ കുടിയേറി താമസിക്കുന്ന യഹൂദന്‍മാരാണ്‌ എന്നാണ്‌ ഗൈഡ്‌ പറഞ്ഞത്‌.

മ്യൂസിയത്തില്‍ നിന്നും ഞങ്ങള്‍ നേരെ ടെല്‍ അവിവിലെ എയര്‍ പോര്‍ട്ടിലേക്ക്‌ യാത്ര തിരിച്ചു. ജറുശലേമില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയാണ്‌ ടെല്‍ അവിവ്‌ 2 മണിയോട്‌ കൂടി എയര്‍ പോര്‍ട്ടില്‍ എത്തി. ഞങ്ങളുടെ കോച്ചിന്റെ ഡ്രെവറോടും ഞങ്ങളുടെ ഗൈഡിനോടും എല്ലാം നന്ദി പറഞ്ഞ്‌ ഞങ്ങള്‍ ഇംഗ്ലണ്ടിലേക്ക്‌ ഉള്ള വിമാനത്തില്‍ കയറി എയര്‍ പോര്‍ട്ടിലെ എന്തോ പ്രശ്‌നം കൊണ്ട്‌്‌ 2 മണിക്കൂര്‍ വൈകിയാണ്‌ വിമാനം പുറപ്പെട്ടത്‌. രാത്രി 2 മണിക്ക്‌ ഞങ്ങള്‍ മാഞ്ചസ്റ്റര്‍ എയര്‍ പോര്‍ട്ടില്‍ എത്തി. ഞങ്ങളെ ഒരാഴ്‌ച ആത്മീയമായി നയിച്ച ഫാ. അബ്രഹാമിനും ഈ യാത്ര തരപ്പെടുത്തിയ അനുവിനും ജെറിനും ഒക്കെ നന്ദി പറഞ്ഞ്‌ പിരിയുമ്പോള്‍ ആ ആഴ്‌ചയില്‍ തന്നെ ഓസ്‌ട്രേലിയയിലേക്ക്‌ കുടിയേറുന്ന ജഗന്‍ തോമസിന്റെ മകള്‍ ക്രിസ്റ്റിയുടെ കരച്ചില്‍ ഹൃദയ സ്‌പര്‍ശി ആയിരുന്നു. ഇവിടുത്തെ കൂട്ടുകാരികളെ പിരിയുന്നതിലുള്ള വേദനയാണ്‌ നീണ്ട രോദനം ആയി പുറത്ത്‌ വന്നത്‌.

തിരിഞ്ഞ്‌ നോക്കുമ്പോള്‍ 2000 വര്‍ഷം മുന്‍പ്‌ നില നിന്നിരുന്ന വര്‍ണ്ണ വെറിയന്‍ സംസ്‌കാരത്തിനും ജന്മിത്തത്തിനും വൈദിക മേധാവിത്തത്തിനും എതിരെ പുത്തന്‍ മൂല്യങ്ങള്‍ ഉയര്‍ത്തി കൊണ്ട്‌്‌ തന്റെ ജീവന്‌ പോലും വില കല്‍പ്പിക്കാതെ വെറും സാധാരണക്കാരായ മത്സ്യ തൊഴിലാളികളെ കൂട്ട്‌ പിടിച്ച്‌ കൊണ്ട്‌്‌ ജനാധിപത്യത്തിലും അക്രമരാഹിത്യത്തിലും ഉറച്ച്‌ നിന്നു കൊണ്ട്‌ മനുഷ്യരാശിയുടെ നന്മയ്‌ക്ക്‌ വേണ്ടി ജീവന്‍ ത്യജിച്ച, വിശ്വസികള്‍ക്ക്‌ ദൈവ പുത്രനും അല്ലാത്തവര്‍ക്ക്‌ മനുഷ്യ പുത്രനും നടന്ന വഴിയിലൂടെ നടക്കാന്‍ കഴിഞ്ഞതില്‍ ഉള്ള ചാരിതാര്‍ത്ഥ്യം.

'ശക്തനായ സീസര്‍, സമര്‍ത്ഥനായ ഹോമസ്‌, ധീരനായ സോളമന്‍ തുടങ്ങിയുള്ള വിഞ്‌ജരും എരിഞ്ഞടങ്ങിയ കാല ചക്രവിഭ്രമത്തില്‍ എന്തിനി ശങ്ക വേണം. മൃത്യുവിനെ വരിക്കുവാന്‍' എന്ന വരികള്‍ പഠിക്കുന്ന കാലത്ത്‌ സോളമന്‍ പണിത ജറുശലേം പള്ളിയുടെ സ്ഥലം കാണാന്‍ കഴിയും എന്ന്‌ വിചാരിച്ചിരുന്നില്ല. പക്ഷെ കാലം ഈ പാവം എന്നെയും അവിടെ എത്തിച്ചു.

ഞാന്‍ എഴുതിയ ഈ യാത്രാവിവരണം വായിക്കുകയും അഭിപ്രായങ്ങള്‍ എഴുതുകയും ചെയ്‌തവര്‍ക്കും പ്രസിദ്ധീകരിച്ച ഇ മലയാളിക്കും എന്റെ ഹൃദയംഗമമായ നന്ദി. ഒട്ടേറെ പേര്‍ എന്നെ ഫോണില്‍ വിളിച്ചും അഭിനന്ദിച്ചിരുന്നു അവര്‍ക്കും പ്രത്യേക നന്ദി അറിയിക്കുന്നു.

അവസാനിച്ചു
വിശുദ്ധ നാട്ടിലെ അവസാനദിനം- യാത്ര അവസാനിക്കുന്നു (ടോം ജോസ്‌ തടിയംമ്പാട്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക