മാറ്റത്തിന്റെ മാറ്റൊലികളുയര്‍ത്തി ബറാക് ഹുസൈന്‍ ഒബാമ എന്ന ബറാക് ഒബാമ
അമേരിക്കയുടെ നാല്‍പത്തി നാലാമത്തെ പ്രസിഡന്റായി രണ്ടാം പ്രാവശ്യം വീണ്ടും
തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കന്‍ ചരിത്രത്തിലെ ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരന്‍
പ്രസിഡന്റ് എന്ന പദവിയും അദ്ദേഹം നേടിയെടുത്തു.
വര്‍ണ്ണവെറിയന്മാരായ
വെള്ളക്കാര്‍ കറുത്ത വര്‍ഗ്ഗക്കാരെ അടിമകളാക്കി വാണിരുന്ന ചരിത്രം 1963-ല്‍ ഡോ.
മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് മാറ്റിയെഴുതിയപ്പോള്‍ അദ്ദേഹം പറഞ്ഞു.... `ഐ ഹാവ് എ
ഡ്രീം' എന്ന്. ആ ഡ്രീം അല്ലെങ്കില്‍ സ്വപ്‌നം `മാറ്റം' എന്ന മാജിക്കിലൂടെ ബറാക്
ഒബാമ പൂര്‍ത്തീകരിച്ചത് വെളുത്ത വര്‍ഗ്ഗക്കാരില്‍പോലും അത്ഭുതവും അമ്പരപ്പും
ഉളവാക്കിയെങ്കില്‍ ഈ നൂറ്റാണ്ടിലെ മറ്റൊരു മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജന്മമെടുത്തു
എന്നും വിശേഷിപ്പിക്കാം. ഡെമോക്രാറ്റും റിപ്പബ്ലിക്കനും ഇവിടെ ഒരു വിഷയമേ
ആകുന്നില്ല. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനു ശേഷം അമേരിക്ക കണ്ട ശക്തനായ ആഫ്രിക്കന്‍
അമേരിക്കനാണ് ബറാക് ഒബാമ. കിംഗിന്റെ `സ്വപ്‌നം' സാക്ഷാത്‌ക്കരിച്ച കരുത്തനായ
നേതാവ്.
തന്റെ സ്വതസിദ്ധമായ വാക്‌ചാതുരിയിലൂടെ എതിരാളികളെപ്പോലും ഉത്തരം
മുട്ടിക്കുന്ന ചോദ്യശരങ്ങളുമായി ഒബാമ രണ്ടാമൂഴത്തിനു കോപ്പുകൂട്ടിയപ്പോള്‍, അതൊരു
തീക്കളിയാണെന്ന് പറഞ്ഞവരെ നിഷ്‌പ്രഭമാക്കി പൂര്‍വ്വാധികം ശക്തിയോടെയാണ് ഒബാമ
തിരിച്ചു വന്നിരിക്കുന്നത്. യുവാക്കളോടും ദരിദ്രരോടും കഷ്ടപ്പെടുന്നവരോടും മമത
കാണിക്കുന്ന ഒബാമയുടേയും, സ്വന്തം വിമാനത്തില്‍ മാത്രം സഞ്ചരിക്കുന്ന, സമ്പന്നരുടെ
താത്‌പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്ന കോടീശ്വരനായ എതിരാളി മിറ്റ് റോംനിയുടേയും
ജയപരാജയങ്ങള്‍ക്ക് ഭിന്നാഭിപ്രായങ്ങളുണ്ടാവുകയെന്നത്
സ്വാഭാവികമാണ്.
അമേരിക്കന്‍ പ്രസിഡന്റായി ഒബാമ വീണ്ടും
തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വിവിധ കോണുകളില്‍ നിന്നുള്ള ഇന്ത്യന്‍
സമൂഹത്തിന്റെ അഭിപ്രായപ്രകടനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരു കൂട്ടര്‍
ഇന്ത്യക്ക് ഗുണമാണെന്നും മറ്റൊരു കൂട്ടര്‍ ഇന്ത്യക്ക് ദോഷമാണെന്നും
അഭിപ്രായപ്പെടുന്നുണ്ടായിരുന്നു. ഏതായാലും തന്റെ സ്വന്തം രാജ്യത്തോടും
ജനങ്ങളോടുമുള്ള താല്‌പര്യത്തിനും പ്രതിബദ്ധതയ്‌ക്കുമാണ് ഒബാമ മുന്‍തൂക്കം
കൊടുക്കുക.
വൈറ്റ് ഹൗസിലേക്കുള്ള പടി ചവിട്ടാന്‍ കന്നിയങ്കത്തിനിറങ്ങിയ
താന്‍ ഏറെ പ്രതീക്ഷയോടെയാണ് ആ അര്‍ഹത നേടിയെടുത്തതെങ്കിലും ആദ്യത്തെ നാലു
വര്‍ഷങ്ങള്‍ താന്‍ വളരെയേറെ പഠിച്ചു എന്ന് അദ്ദേഹം പറഞ്ഞതിന്റെ ധ്വനി ഇനിയും അനേകം
നല്ല കാര്യങ്ങള്‍ ചെയ്യാന്‍ തനിക്കും കഴിയും എന്നു തന്നെയായിരുന്നു എന്ന് നമുക്ക
വിശ്വസിക്കാം. ഒബാമയുടെ വിജയത്തില്‍, അതിനേക്കാളുപരി റോംനിയുടെ പരാജയത്തില്‍
ആശ്വസിക്കുന്നവര്‍ ധാരാളമുണ്ടാകാം. സംഭവിച്ചതിനു വിപരീതമായി കാര്യങ്ങള്‍
നടക്കേണ്ടിയിരുന്നുവെന്ന് ആഗ്രഹിക്കുന്നവരും ഉണ്ടാകാം.
ഇറാഖിലെ
അധിനിവേശത്തിനുശേഷം അമേരിക്കയുടെ പ്രതിച്ഛായക്ക് മങ്ങലേറ്റിരുന്നു. എന്നാല്‍
യുദ്ധത്തിലൂടെയല്ല താന്‍ തങ്ങള്‍ക്ക് പൊയ്‌പ്പോയ സല്‍പേര് തിരിച്ചുപിടിക്കുക,
മറിച്ച് സന്ധിസംഭാഷണത്തിലൂടെയും സൗഹൃദസമീപനത്തിലൂടെയുമായിരിക്കുമെന്ന്
പ്രസ്‌താവിച്ചത് മറ്റൊരു മാറ്റത്തിന്റെ സന്ദേശമാണ് നല്‍കുന്നത്. അതോടൊപ്പം
സൈനികശക്തി ഉപയോഗിച്ച് അഫ്‌ഗാനിസ്ഥാന്‍, ഇറാഖ്, ലിബിയ തുടങ്ങിയ രാഷ്ട്രങ്ങളിലെ
വ്യവസ്ഥകള്‍ മാറ്റിയ യുദ്ധങ്ങളെക്കുറിച്ചും അദ്ദേഹം സൂചന നല്‍കുകയും
ചെയ്‌തു.
സൗദി അറേബ്യയടക്കം മിക്ക അറബ് രാജ്യങ്ങളും മുന്‍ പ്രസിഡന്റ്
ജോര്‍ജ്ജ് ബുഷിന്റെ മറ്റൊരു പതിപ്പായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മിറ്റ്
റോംനിയുടെ വിജയമായിരുന്നു ആഗ്രഹിച്ചിരുന്നതെന്ന് വിവിധ വാര്‍ത്താ മാധ്യമങ്ങള്‍
റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. കാരണം, ഇറാഖ് അധിനിവേശത്തിലൂടെ സദ്ദാം ഹുസൈനിന്റെ
ഭരണത്തെ തുടച്ചു നീക്കുകയും തീവ്രവാദത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചതും ജോര്‍ജ്ജ്
ബുഷ് ആയിരുന്നു. സെനറ്റര്‍ റോംനിയാവട്ടേ ഇറാനെതിരെ യുദ്ധം പ്രഖ്യാപിച്ചു
തുടങ്ങിയിരുന്നുതാനും. മാത്രമല്ല, സിറിയയിലെ ബശ്ശാറുല്‍ അസദിനെ തുടച്ചു നീക്കാന്‍
സൈനികമായി ഇടപെട്ടില്ല എന്ന കാരണം പറഞ്ഞ് ഒബാമയെ ശക്തമായി വിമര്‍ശിക്കുക കൂടി
ചെയ്‌തു അദ്ദേഹം. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ പരാജയം ഈ രാഷ്ട്രങ്ങളുടെ
സ്വപ്‌നങ്ങളെയാണ് തകര്‍ത്തത്.
ഒബാമയുടെ രണ്ടാമൂഴം അത്ര നിസ്സാരമായി
കാണാന്‍ കഴിയില്ല എന്ന് അദ്ദേഹത്തിന്റെ പ്രഭാഷണത്തില്‍ നിന്ന് മനസ്സിലാക്കാം.
സിറിയയില്‍ അദ്ദേഹം സൈനികമായി ഇടപെടുമോ അതോ പിന്നില്‍ നിന്ന് നിയന്ത്രിക്കുന്ന
ശൈലി അവലംബിക്കുമോ എന്നാണ് അറിയേണ്ടത്. ലിബിയയില്‍ ചെയ്‌തതുപോലെ തുര്‍ക്കി,
ജോര്‍ദ്ദാന്‍ തുടങ്ങിയ രാഷ്ട്രങ്ങളെ സൈനിക നടപടികള്‍ക്ക് നിയോഗിച്ചുകൊണ്ട്
പിന്നില്‍ നിന്ന് ചരടു വലിക്കുന്ന തന്ത്രം. സിറിയന്‍ പോരാളികള്‍ക്ക് നേരിട്ടോ
മറ്റു ഗള്‍ഫു രാജ്യങ്ങള്‍ വഴിയോ ആയുധങ്ങള്‍ നല്‍കി സഹായിച്ചേക്കുമെന്ന്
വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.
അമേരിക്കയ്‌ക്ക് തലവേദന
സൃഷ്ടിച്ചുകൊണ്ടിരിര്‌രുന്ന ഇറാന്‍ പ്രശ്‌നം സൈനിക ഇടപെടല്‍ ഒഴിവാക്കി സാമ്പത്തിക
ഉപരോധത്തിനായിരിക്കും മുന്‍ഗണന കൊടുക്കുക എന്നും പറയുന്നു. സൈനികാക്രമണം
അനിവാര്യമായി വന്നാല്‍ മാത്രമേ ആ വഴില്‍ ചിന്തിക്കൂ എന്നും പറയുന്നവരുണ്ട്.
അദ്ദേഹം കാപട്യം കാണിക്കാത്തപക്ഷം മരണാസന്നമായി ജീവിക്കുന്ന രണ്ടു
പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങള്‍ക്കിടയില്‍ സമാധാനമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ തന്റെ
ബാധ്യതയായി അദ്ദേഹം കാണേണ്ടതാണ്. പക്ഷേ, ഇക്കാര്യം പരിഗണിക്കാന്‍ ഫലസ്‌തീനിന്റേയോ
അറബ് രാഷ്ട്രങ്ങളില്‍ നിന്നോ യാതൊരു സമ്മര്‍ദ്ദവും അദ്ദേഹത്തിന്റെ മേലില്ല
എന്നതാണ് വസ്‌തുത. ഫലസ്‌തീന്‍ ഭരണകൂടം സാമ്പത്തികവും രാഷ്ട്രീയവുമായി ശുഷ്‌ക്കിച്ച
അവസ്ഥയിലാണ്. അവരുടെ പ്രസിഡന്റാവട്ടേ ആര്‍ജ്ജവമില്ലാത്ത, തന്റെ നിലപാടുകളില്‍
നിന്ന് പിന്നോക്കം പോവുന്ന, അനുയായികള്‍ക്കുപോലും വിശ്വാസമില്ലാത്ത ഒരു
ദുര്‍ബലനുമാണ്.
ടുണീഷ്യയിലും ഈജിപ്‌തിലും ബാലറ്റിലൂടെ അധികാരത്തിലേറിയ
മിതവാദികളായ ഇസ്ലാമിക പ്രസ്ഥാനങ്ങളോടും, ലിബിയ, സിറിയ, യമന്‍, ആഫ്രിക്ക, മാലി
എന്നിവയുടെ തീരപ്രദേശങ്ങള്‍ തുടങ്ങിയ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കന്ന അല്‍ക്വയ്‌ദ
പോലുള്ള തീവ്ര നിലപാടു പുലര്‍ത്തുന്ന സംഘടനകളോടും സ്വീകരിക്കേണ്ട നിലപാട്
അദ്ദേഹത്തിന്റെ മുന്നില്‍ വെല്ലുവിളി തന്നെയാണ്.