അരീക്കര എന്ന ഒരു കുഗ്രാമത്തില്‍ ജാതി വ്യവസ്ഥയുടെ ചില അവശിഷ്ടങ്ങള്‍
നിലനിന്നിരുന്ന ഒരു കാലത്താണ് എന്റെ കുട്ടിക്കാലം കടന്നു പോയത് .
കൃഷിപ്പണിക്ക് ആണും പെണ്ണുമായി ധാരാളം തൊഴിലാളികള്‍ വെട്ടം
വീഴുമ്പോഴേക്കും പണിക്കെത്തുക പതിവായിരുന്നു. എത്ര പ്രായം ചെന്ന
തൊഴിലാളിയെയും അവരുടെ ജാതിപ്പേര് ചേര്‍ത്ത് വിളിക്കാന്‍ ഞങ്ങള്‍
കുട്ടികള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അവരെ അച്ഛന്‍
പ്രായക്കൂടുതല്‍ കൊണ്ടും ജാതിയുടെ മേല്‍ക്കോയ്മ കൊണ്ടും " എടാ, പോടാ , "
എന്നൊക്കെ വിളിക്കുമായിരുന്നു . എന്നാല്‍ ഞങ്ങള്‍ കുട്ടികള്‍ അവരുടെ
ജാതിപ്പേര് ചേര്‍ത്ത് വിളിച്ചാല്‍ ബഹുമാനം ആയി എന്ന് ആ പാവങ്ങളും
ധരിച്ചു വെച്ചിരുന്നു. ഇന്ന് അവരെ അങ്ങനെ വിളിച്ചാല്‍ അത് ജയിലില്‍
പോകുന്ന കുറ്റം ആണ് എന്ന് കൂടി ഓര്‍ക്കണം.
അങ്ങിനെ
വീട്ടില്‍ ഏറെക്കുറെ എല്ലാ ദിവസവും പണിക്കു വരുന്ന ഒരു തൊഴിലാളി
കുടുംബം ആയിരുന്നു അയ്യപ്പന്‍ ചേട്ടന്റെ, അയ്യപ്പന്‍ ചേട്ടനും
അദ്ദേഹത്തിന്റെ ജ്യേഷ്ടന്‍ ശങ്കരന്‍ ചേട്ടനും കൂടി ഭാര്യ ഒന്നേയുള്ളൂ
, പാപ്പി ചേട്ടത്തി. അന്ന് അത്തരം കാര്യങ്ങളില്‍ അസാധാരണമായി
ഒന്നുമില്ല . ഏഴു മക്കള്‍ ഉള്ള വലിയ ഒരു കുടുംബം ആയിരുന്നു അത്. ആ
വീട്ടിലെ ഏറെക്കുറെ എല്ലാ അംഗങ്ങളും എന്റെ വീട്ടില്‍ കൃഷിപ്പണികളിലോ
മറ്റു പണികളിലോ സഹായമായി വന്നിട്ടുണ്ട് . എന്റെ കുട്ടികാലത്ത് അവര്‍
വരിവരിയായി പാടത്തിന്റെ വരമ്പത്ത് കൂടി പണിക്കു വരുന്ന കാഴ്ചയാണ്
മിക്കദിവസവും അടുക്കള മുറ്റത്ത് പല്ല് തേച്ചു നില്‍ക്കുമ്പോള്‍
കാണുന്നത് .
അന്ന് പറമ്പ് മുഴുവന്‍ കൃഷിയാണ് , മരച്ചീനി ,വാഴ ,
ചേന , കാച്ചില്‍, ചേമ്പ്, പയര്‍ , പാവല്‍ , പടവലം , എള്ള്, പിന്നെ
ചെറുതും വലുതുമായ തെങ്ങുകളും . എന്നും എന്തെങ്കിലും പണി കാണും .
അയ്യപ്പന്‍ ചേട്ടനും പാപ്പി ചേട്ടത്തിയും ചിലപ്പോള്‍ മൂത്ത മക്കളായ
നാരായണന്‍ ചേട്ടനും ചെല്ല ചേച്ചിയും അമ്മിണിയും എന്റെ പ്രായക്കാരന്‍
പാക്കരനും( ഭാസ്കരന്‍ ) ഒക്കെ സ്കൂള്‍ സമയം അനുസരിച്ച് വരും . ചെല്ല
ചേച്ചിയോ അമ്മിണിയോ വന്നാല്‍ വീട്ടില്‍ മുറ്റത്തു തന്നെ അടുപ്പ് കൂട്ടി
അതില്‍ അമ്മ കൊടുക്കുന്ന അരിയിട്ട് കഞ്ഞിയും പറമ്പില്‍ നിന്ന്
പറിച്ചെടുക്കുന്ന മരച്ചീനി പുഴുങ്ങുകയോ ചക്ക ഉള്ള സമയം ആണെങ്കില്‍ ചക്ക
വേവിക്കുകകയോ ഒക്കെ ചെയ്യും . അമ്മ അടുക്കളയില്‍ നിന്നും സാമ്പാറോ
ചമ്മന്തിയോ ഒക്കെ ഊണിനു കൊടുത്താല്‍ അവരെല്ലാം കൂടി മരത്തിന്റെ
തണലിലോ തൊഴുത്തിന്റെ തിണ്ണയിലോ വട്ടത്തില്‍ ഇരുന്നു അത് കഴിക്കും .ആവി
പറക്കുന്ന കഞ്ഞിയും മരച്ചീനി മുളകുടച്ചതും കൂട്ടി പ്ലാവില കൊണ്ട്
കോരി ക്കുടിക്കുനത് അത് നിത്യ കാഴ്ച ആയിരുന്നു . " അനിയന്‍ മോന് ഇച്ചിരി
കഞ്ഞി തരട്ടെ ? " എന്ന് പാപ്പി ചേട്ടത്തി ചോദിക്കുമ്പോള്‍ വാങ്ങിച്ചു
കുടിക്കാന്‍ കൊതി ഒക്കെ ഉണ്ടായിരുന്നു എങ്കിലും ഒക്കെ അമ്മയെങ്ങാനം
കണ്ടാല്‍ എന്റെ കഥ കഴിഞ്ഞത് തന്നെ എന്നോര്‍ത്ത് അഭിമാനം നടിച്ചു
വേണ്ടാ എന്ന് പറഞ്ഞു വീട്ടിലേക്കു ഓടും .
പാപ്പി ചേട്ടത്തി
ഒരു അരുവ ( അരിവാള്‍ ) ഇപ്പോഴും പിറകില്‍ തിരുകി കൈതയോ കടച്ചക്കയോ
മറ്റു ചവറുകള്‍ ഒക്കെ കൊതി വൃത്തിയാകി ഇപ്പോഴും പറമ്പില്‍ തന്നെ
കാണും . അയ്യപ്പന്‍ ചേട്ടന്‍ തെങ്ങിന് തടമെടുക്കലോ വാഴയ്ക്ക് ഇട
കിളക്കലും ഒക്കെ ആയി ദിവസം മുഴുവന്‍ പറമ്പില്‍ കാണും . ഇടയ്ക്കിടെ
വെറ്റില മുറുക്കല്‍ പാപ്പി ചെട്ടത്തിക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഒരു
ശീലം ആണ് . ചിലപ്പോള്‍ കൈതയുടെ ഇളം തളിര്‍ ഇല തിന്നാന്‍ തരും .
പാക്കരനും ഞാനും സമപ്രായം ആയതിനാല്‍ എപ്പോഴും എന്തെങ്കിലും കളിക്കും ,
പിന്നെ വഴക്കാവും , ചിലപ്പോള്‍ തല്ലു വരെ ആകും , ഒടുവില്‍ ഞാന്‍
പാപ്പി ചേട്ടത്തിയോട് പരാതി പറഞ്ഞാല്‍ അടി പാക്കരന് ഉറപ്പാണ് ,
അച്ഛന്‍ ഞങ്ങള്‍ എന്തെങ്കിലും നാശം കാണിച്ചത് അറിഞ്ഞാല്‍ എന്നെ
മാത്രമേ തല്ലുകയുള്ളൂ , പാക്കരന്‍ പാവം ആണെന്നും ഈ ചെറുക്കന്‍
അവനെക്കൂടി ചീത്ത ആക്കുകയാണ് എന്ന് പറഞ്ഞായിരിക്കും അടി മുഴുവന്‍ .
അന്ന് കൃഷിയിടങ്ങളില്‍ ധാരാളം എലി ശല്യം ഉണ്ടായിരുന്ന കാലം ആണ് , വലിയ
പന്നി എലികളെ കൊല്ലാന്‍ അച്ഛന്‍ പലവിധ വിദ്യകളും പ്രയോഗിക്കും ,
മുളയും നൂല്‍ കമ്പിയും കൊണ്ടുള്ള ഒരു തരം കെണി , അടിവില്ല് , എലി
പത്തായം , എലി വിഷം അങ്ങിനെ പല വിധം വിദ്യകള്‍ . അതില്‍ പുതുതായി
കണ്ടു പിടിച്ച ഒരു വിദ്യയാണ് ചാണകത്തില്‍ വളരുന്ന കുണ്ടളപ്പുഴു എന്നാ
ഒരു തരം തടിച്ച പുഴുക്കളില്‍ പരാമര്‍ പോലെയുള്ള മരുന്ന് സിറിഞ്ച്
ഉപയോഗിച്ച് കുത്തി വെക്കുക . എന്നിട്ട് ഇവയെ പാടത്തും വാഴത്തോപ്പിലും
ഒക്കെ നിക്ഷേപിക്കുക . അത് വളരെ ഫലപ്രദവും ആയിരുന്നു .
കുട്ടിയായ എനിക്ക് അച്ഛന്‍ വാങ്ങി കൊണ്ട് വന്ന സിറിഞ്ച് അങ്ങേയറ്റം
ഇഷ്ടപ്പെട്ടു . അച്ഛന്‍ പുറത്ത് പോകുന്ന തക്കം നോക്കി ഈ സിറിഞ്ച്
എടുത്തു അതില്‍ വെള്ളം നിറച്ചു കുലച്ചു നില്‍ക്കുന്ന വാഴകള്‍ക്കു
കുത്തിവെപ്പ് നടത്തുക എന്നൊരു പരിപാടി ഞാന്‍ തന്നെ ആവിഷ്കരിച്ചു .
ആദ്യം ഒക്കെ വെള്ളം കുത്തി വെച്ച് രസിച്ച എനിക്ക് ഈ പരീക്ഷണം
അല്‍പ്പം പരമാര്‍ കുത്തി വെച്ചാലോ എന്ന് എന്റെ അന്നത്തെ തല തിരിഞ്ഞ
ബുദ്ധി എന്നെ ഉപദേശിച്ചു . എന്തിനു പറയുന്നു ഭംഗിയായി കുലച്ചു
നിന്നിരുന്ന നാല് വാഴകള്‍ ഈ പരാമര്‍ പ്രയോഗം കൊണ്ട് ഉണങ്ങാന്‍ തുടങ്ങി .
അച്ഛനും അയ്യപ്പനും ഒന്നും ഈ അസുഖം എന്താണ് എന്ന് ഒരു പിടിയും
കിട്ടിയില്ല .
അന്നൊക്കെ വീട്ടില്‍ എന്ത് പ്രശ്നം ഉണ്ടായാലും
അത് അവസാനം ഞാന്‍ ചെയ്താണ് എന്ന് കണ്ടു പിടിക്കാന്‍ അച്ഛന് അധിക സമയം
ഒന്നും വേണ്ട . അതായിരുന്നു വീട്ടില്‍ എന്റെ റെപ്പ്യൂട്ടെശന്‍ !
എന്തിനു പറയുന്നു പരാമര്‍ അളവ് കുറഞ്ഞതും സിറിഞ്ച് എടുത്തതും ഒക്കെ
അച്ഛന്‍ സീ ഐ ഡീ പണി പോലെ കണ്ടു പിടിച്ചു . അച്ഛന് കോപം വന്നാല്‍
പിന്നെ എന്താണ് ചെയ്യുക എന്ന് പറയാന്‍ പ്രയാസം ! ആദ്യം തന്നെ ഒരു വലിയ
വടി( പുല്ലാഞ്ഞി ) വെട്ടി ക്കൊണ്ട് വന്നു , എന്നെ ഒരു തെങ്ങില്‍
കൈകള്‍ ചേര്‍ത്ത് കെട്ടി തുട പൊട്ടി ചോര വരുന്നത് വരെ അടിച്ചു .
എന്റെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് അയ്യപ്പനും പാപ്പി ചേട്ടത്തിയും
ഒക്കെ ഓടി വന്നെങ്കിലും അച്ഛന്റെ ഉഗ്ര ശാസന കാരണം ആര്‍ക്കും ഒന്നും
ചെയ്യാന്‍ കഴിഞ്ഞില്ല . ചോര രണ്ടു കാലുകളില്‍ കൂടി ഒഴുകി കൈകള്‍
ഒന്ന് അനക്കാന്‍ പോലും ആവാതെ നില്‍ക്കുകയാണ് . പാപ്പി ചേട്ടത്തി ഓടി
വന്നു അച്ഛന്റെ കാലില്‍ വീണു " തല്ലല്ലേ , എന്റെ കുഞ്ഞിനെ ഇനി തല്ലല്ലേ
എന്ന് വലിയ വായില്‍ കരഞ്ഞത് ഇന്നും എന്റെ ഓര്‍മയില്‍ ഉണ്ട് . അച്ഛന്‍
പോയ പുറകെ പാപ്പി ചേട്ടത്തി ഓടിവന്നു കമ്മ്യൂണിസ്റ്റ് പച്ച പറിച്ചു
കൊണ്ട് വന്നു എന്റെ മുറിവുകളില്‍ പിഴിഞ്ഞ് ഒഴിച്ചു . അതിന്റെ അതി
കഠിനമായ നീറ്റല്‍ സഹിക്കവയ്യാതെ ഞാന്‍ വലിയ വായില്‍ കരഞ്ഞു പോയി .
" അനിയന്‍ മോനെ , ഡാക്കിട്ടര്‍ ആവാന്‍ പോയതാണോ , സാരമില്ല , അനിയന്‍
മോന്‍ വലുതാവുമ്പോ ഡാക്കിട്ടര്‍ ആകും , അല്ലെങ്കില്‍ ഒരു ഡാക്കിട്ടര്‍
നെ പെണ്ണ് കെട്ടും "
പാപ്പി ചേട്ടത്തി ഒരിക്കല്‍ അല്ല
അച്ഛന്റെ ഭീകര മര്‍ദനം കണ്ടു എനിക്ക് വേണ്ടി അച്ഛന്റെ കാലു
പിടിച്ചിട്ടുള്ളത് . അത് അന്ന് നിത്യ സംഭവം ആയിരുന്നു . അച്ഛന്റെ ടൈം
പീസ് അഴിച്ചു പെറുക്കിയപ്പോള്‍, അച്ഛന്റെ പ്രീയപ്പെട്ട ട്രാന്‍സ്
സിസ്റ്റര്‍ റേഡിയോ അഴിച്ചു പെറുക്കിയപ്പോള്‍ കിട്ടിയ അടിയും ഒഴുകിയ
ചോരയും പാപ്പി ചേട്ടത്തിക്കല്ലാതെ വേറെ ആര്‍ക്കാണ് അറിയുക ! അന്ന്
അവര്‍ എന്നെ ആശ്വസിപ്പിച്ചത് എനിക്ക് എങ്ങിനെയാണ് മറക്കാന്‍ കഴിയുക .
" അനിയന്‍ മോനെ , ഈ കുത്രാണ്ടം നന്നാക്കാന്‍ മോനെന്തിനാ പോയെ , സാറ്
നോക്കിക്കോ അനിയന്‍ മോന്‍ വളര്‍ന്നു വരുമ്പോ എന്തെല്ലാം നന്നാക്കുമെന്ന്
?"
പാപ്പി ചേട്ടത്തി എനിക്ക് തന്ന ആശ്വ്വാസം, അവരുടെ
സ്നേഹം, വാത്സല്യം , പ്രാര്‍ത്ഥന ഒക്കെ എന്റെ ജീവിതത്തില്‍
സത്യമായത്.
മുംബയില്‍ ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ് നു
പഠിക്കാന്‍ ചേരുമ്പോള്‍ , വൈദ്യ ശാസ്ത്രവും എലെക്ട്രോക്സ് ഉം കൂടി
ഒരുമിക്കുന്ന പ്രത്യേകത ഉള്ള ഒരു വിഷയം ആണെന്ന് എന്റെ അന്നത്തെ
പ്രിന്‍സിപ്പല്‍ മേജര്‍ ജനറല്‍ സുഖ്ബീര്‍ സിങ്ങ് പറഞ്ഞപ്പോള്‍ എന്റെ
മനസ്സില്‍ വാഴകള്‍ക്കു പാരാമാര്‍ ഇഞ്ചക്ഷന്‍ നല്‍ക്കുകയും അച്ഛന്റെ
റേഡിയോ അഴിച്ചു പണിഞ്ഞു തല്ലു വാങ്ങി ചോര ഒലിപ്പിച്ചു നില്ല്ക്കുന്ന
ഒരു തല തിരിഞ്ഞ പയ്യനെ കമ്മ്യൂണിസ്റ്റ് പച്ച പിഴിഞ്ഞ്
സുഖപ്പെടുത്തുന്ന പാപ്പി ചേട്ടത്തിയുടെ മുഖം തെളിഞ്ഞു . അവരുടെ
പ്രാര്‍ത്ഥനയുടെ വില ഞാന്‍ അറിഞ്ഞു .
സീ ടീ സ്കാനറും എം ആര്‍ ഐ
യും ഒക്കെ നന്നാക്കി ഡോക്ടര്‍മാരെ ചിലപ്പോള്‍ അവ ഉപയോഗിക്കാന്‍
പഠിപ്പിക്കുമ്പോള്‍ ഞാന്‍ പാപ്പി ചേട്ടത്തി പറഞ്ഞത് ഓര്‍ക്കും .
വാഴയ്ക്ക് കൊടുത്ത ഇഞ്ചക്ഷന്‍ ഓര്‍ക്കും .
കാലചക്രം
തിരിഞ്ഞപ്പോള്‍ അയ്യപ്പന്‍ ചേട്ടന്റെ മക്കള്‍ എല്ലാവരും പഠിച്ചു
മിടുക്കരായി , നാരായണന്‍ ചേട്ടനും ചെല്ല ചേച്ചിയും സര്‍ക്കാര്‍
ഉദ്യോഗം, അമ്മിണി ഹൈ സ്കൂള്‍ അധ്യാപിക , പാക്കരന്‍ പോലീസ് സബ്
ഇന്‍സ്പെക്ടര്‍ , അതിന്റെ ഇളയ കുട്ടി എഞ്ചിനീയര്‍ , അവര്‍ക്ക്
സന്തോഷിക്കാന്‍ പിന്നെന്തു വേണം .
പാവം പാപ്പി ചേട്ടത്തി
മാത്രം മാനസിക അസ്വാസ്ഥ്യം മൂലം പല വിധ ബുദ്ധിമുട്ടുകള്‍ സഹിച്ചു
ചിലപ്പോള്‍ അലഞ്ഞു തിരിഞ്ഞു നടന്നു , ചികിത്സകള്‍ ഒക്കെ മക്കള്‍ നടത്തി
നോക്കി , വലിയ മാറ്റം ഒന്നും ഇല്ല .
ഒരിക്കല്‍ ഞാന്‍
ഗള്‍ഫില്‍ നിന്ന് വന്ന സമയം , പാപ്പി ചേട്ടത്തി വലിയ വായില്‍
എന്തെക്കൊയോ പറഞ്ഞു കൊണ്ട് റോഡിലൂടെ നടന്നു വരുന്നു , ആകെ മുഷിഞ്ഞ വേഷം
,
" പാപ്പി ചേട്ടത്തി എന്നെ അറിയില്ലേ , ഞാന്‍ അനിയനാ "
" മോനെ ആരാ അറിയാത്തെ , മോന്‍ പോലീസല്ലേ , കാര്നോരല്ലേ ....."
എന്തെക്കൊയോ പറയുന്നുണ്ട് , ഒന്നിനും പരസ്പര ബന്ധം ഇല്ല .
ഞാന്‍ കുറച്ചു പണവും കുറച്ചു വസ്ത്രങ്ങളും കൊണ്ടുചെന്നു ആ കൈയ്യില്‍
പിടിപ്പിക്കാന്‍ ശ്രമിച്ചു , അവര്‍ അത് തട്ടിമാറ്റി എന്തെക്കെയോ
ഒറക്കെ വിളിച്ചു പറഞ്ഞു വീണ്ടും പടി കടന്നു പോയി .
താഴെ വീണു പോയ നോട്ടുകളും തുണികളും പെരുക്കിയെടുക്കന്നത്നിടെ വീണുപോയ എന്റെ കണ്ണുനീര്‍ മാത്രം അവര്‍ കണ്ടില്ല .